Asianet News MalayalamAsianet News Malayalam

കേസന്വേഷണത്തിനിടെ അഴിഞ്ഞുവീണത് ബാങ്ക് എംഡിയുടെ ഇരട്ടജീവിതത്തിന്റെ മുഖം മൂടി

മുംബൈയിൽ ഭാര്യയുമൊത്ത് സമാധാനപൂർണമായ ദാമ്പത്യജീവിതം നയിക്കുന്നതിനിടെയാണ് ജോയ് തോമസ്  ഓഫീസിലെ തന്റെ പേഴ്‌സണൽ അസിസ്റ്റന്റുമൊത്ത്‌ അവിഹിതബന്ധത്തിലേക്ക് വഴുതിവീഴുന്നത്. 

Joy thomas alias Junaid Khan, ex -MD of PMC Bank converted to islam and gifted 9 flats to second wife
Author
Pune, First Published Oct 14, 2019, 3:33 PM IST
  • Facebook
  • Twitter
  • Whatsapp

ഇത് ജോയ് തോമസ്. ആൾ ഒരു മലയാളിയാണ്. മുംബൈയിൽ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റിവ് ബാങ്ക് എന്ന PMC ബാങ്കിന്റെ എംഡി ആയിരുന്നു. വിവാഹിതനും മുംബൈയിൽ സ്ഥിരതാമസക്കാരനുമായിരുന്നു ഇദ്ദേഹം. PMC ബാങ്ക് ഈയിടെ ഒരു വിവാദത്തിൽ അകപ്പെട്ടു. തകർന്നു തരിപ്പണമായി പാപ്പർസ്യൂട്ടടിച്ചു നിൽക്കുന്ന ഹൗസിങ്ങ് ഡെവലപ്പ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (HDIL) എന്ന ധനകാര്യസ്ഥാപനത്തിന് കടത്തിന്മേൽ കടം അനുവദിച്ച് 6500 കോടിയിലധികം രൂപയുടെ കിട്ടാക്കടം (NPA) ഉണ്ടാക്കി. ഈ വിഷയത്തിൽ നടത്തപ്പെട്ട നിയമവിരുദ്ധമായ പ്രവർത്തനങ്ങളുടെ പേരിൽ എക്കണോമിക് ഒഫെൻസസ് വിങ്ങ് ഒക്ടോബർ 9 -ന് ജോയ് തോമസ്, HDIL തലവന്മാരായ രാജേഷ് വാധ്വാൻ, മകൻ സാരംഗ്, ബാങ്ക് മുൻ ചെയർമാൻ വാര്യം സിങ്ങ് എന്നിവരെ അറസ്റ്റ് ചെയ്തു. HDIL കമ്പനിക്ക് നിയമവിരുദ്ധമായി അനുവദിച്ച വായ്പകളിലെ NPA മറച്ചുവെക്കാൻ വേണ്ടി അവയെ 21,000 വ്യാജ ലോണുകളാക്കി മാറ്റി എന്നതാണ് ബാങ്കിന്റെ എംഡിക്കും ചെയർമാനും ഒക്കെ എതിരെ വന്നിട്ടുള്ള പ്രധാന ആരോപണം. PMC ബാങ്കിന്റെ മൊത്തം ആസ്തിയുടെ 73 ശതമാനത്തോളം വരും HDIL -ന്റെ പേരിൽ വന്നിട്ടുള്ള ഈ കിട്ടാക്കടം. 

Joy thomas alias Junaid Khan, ex -MD of PMC Bank converted to islam and gifted 9 flats to second wife

അതേപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ബാങ്കിനുമേൽ RBI കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ കൊണ്ടുവന്നു. നിക്ഷേപകർക്ക് പിൻവലിക്കലിന് പരിധി ഏർപ്പെടുത്തിയതോടെ ആകെ പരിഭ്രാന്തി പരന്നു. കസ്റ്റമേഴ്‌സ് എല്ലാവരും കൂടി നിക്ഷേപങ്ങൾ പിൻവലിക്കാനായി ബാങ്കിലെത്തി. ഒരു 'ബാങ്ക് റൺ' സാഹചര്യം തന്നെ സൃഷ്ടിക്കപ്പെട്ടു. അത്യാവശ്യങ്ങൾക്കായി പണം ബാങ്കിലിട്ട പലരും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. പെൻഷൻ ആനുകൂല്യങ്ങൾ മുതൽ സ്വത്തുവിറ്റുകിട്ടിയ പണം വരെ, മക്കളുടെ വിവാഹത്തിനുള്ള വക മുതൽ, കാൻസർ ചികിത്സയ്ക്കുള്ള പണം വരെ ബാങ്കിലിട്ടിരുന്ന പലരും ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുകയാണ്. 

എന്നാൽ, ഇക്കൂട്ടത്തിൽ നിനച്ചിരിക്കാതെ ഒരു പണി ബാങ്കിന്റെ എംഡി ജോയ് തോമസിനും കിട്ടി. ആരുമറിയാതെ ഒരു ഇരട്ട ജീവിതം നയിക്കുകയായിരുന്നു ജോയ്.  മുംബൈയിൽ ഭാര്യയുമൊത്ത് സമാധാനപൂർണമായ ദാമ്പത്യജീവിതം നയിക്കുന്നതിനിടെയാണ് ജോയ് തോമസ് ഓഫീസിലെ തന്റെ പേഴ്‌സണൽ അസിസ്റ്റന്റുമൊത്ത്‌ അവിഹിതബന്ധത്തിലേക്ക് വഴുതിവീഴുന്നത്. ആ ബന്ധത്തിന്റെ കുരുക്ക്  മുറുകി ഒടുവിൽ 2005 -ൽ അവരെ വിവാഹം കഴിക്കേണ്ടി വന്നു ജോയിക്ക്. വിവാഹം അങ്ങനെ എളുപ്പം കഴിക്കാൻ, നിലവിലുള്ള ഹിന്ദു വിവാഹ നിയമം അനുവദിക്കാത്തതുകൊണ്ട് ജോയ് ഒരു മുഴം നീട്ടിയെറിഞ്ഞു. ആദ്യം പിഎ ആയ കാമുകിയെക്കൊണ്ട് തന്റെ ജോലി രാജിവെപ്പിച്ചു. അടുത്ത പടിയായി തന്റെ കാമുകിയെ പുണെയിലേക്ക് പറിച്ചു നട്ടു. ബിസിനസ് ട്രിപ്പിനെന്ന ഭാവേന പുണെയിലേക്ക് ചെന്ന ജോയ്, അവിടെ വെച്ച് ജുനൈദ് ഖാൻ എന്ന പേരിൽ ഇസ്‌ലാം മതം സ്വീകരിച്ചു. എന്നിട്ട് തന്റെ സെക്രട്ടറിയെ വിവാഹം ചെയ്തു. ബിസിനസ്സ് ട്രിപ്പുകളുടെ പേരും പറഞ്ഞ് തന്റെ ജീവിതത്തെ മുംബൈക്കും പുണെയ്ക്കും ഇടയിൽ പകുത്തു. ആരും ഒന്നും അറിഞ്ഞില്ല. ഒരു പെൺകുട്ടിയെ ദത്തെടുത്ത ശേഷം, അവർക്ക് മറ്റൊരു ആൺകുട്ടി കൂടി ജനിച്ചു. തന്റെ രണ്ടാം ഭാര്യയുടെ പേരിൽ ജുനൈദ് ഖാൻ എന്ന ജോയ് തോമസ് 9 ഫ്ലാറ്റുകൾ പുണെ നഗരത്തിൽ വാങ്ങിക്കൂട്ടി. ഭാര്യയ്ക്ക് ഒരു ചോക്കലേറ്റ് നിർമാണ ബിസിനസ് ഇട്ടുകൊടുത്തു. ഒരു ബൂട്ടീകും തുടങ്ങി. ഈ രണ്ടു സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനത്തോടൊപ്പം, താമസിക്കുന്ന ഫ്ലാറ്റൊഴിച്ചുള്ള മറ്റ് 8 ഫ്ലാറ്റുകളും വാടകയ്ക്ക് നൽകി അതിൽ നിന്നുള്ള വരുമാനവും പുണെയിൽ ചെലവിട്ടുതുടങ്ങി.

Joy thomas alias Junaid Khan, ex -MD of PMC Bank converted to islam and gifted 9 flats to second wife 

PMC-HDIL വിവാദം തുടങ്ങിയ ശേഷം പലർക്കും, ഏറിയും കുറഞ്ഞും ഉള്ള സാമ്പത്തിക നഷ്ടങ്ങളും മാനസിക വിഷമങ്ങളും ഉണ്ടായെങ്കിലും, ഏറ്റവും വലിയ നഷ്ടം, ഒരുപക്ഷേ ഉണ്ടായിട്ടുണ്ടാവുക ജോയ് തോമസ് എന്ന ജുനൈദ് ഖാനായിരിക്കും. കാരണം, അന്വേഷണം നീണ്ടു നീണ്ടു ചെന്നെത്തിയത് പുണെയിലെ അനധികൃതമായ സ്വത്തുസമ്പാദനത്തിലേക്കും, അവിടെ മതം മാറി, രണ്ടാം ഭാര്യയുമൊത്തുള്ള രഹസ്യ ജീവിതത്തിലുമാണ്. അതേപ്പറ്റിയുള്ള സകല കഥകളും മുംബൈയിലെ പത്രങ്ങൾ ഒന്നാം പേജിൽ തന്നെ ആഘോഷമാക്കി മാറ്റി. അതോടെ മുംബൈയിലെ ആദ്യ ഭാര്യ ജോയ് തോമസുമായി പിണങ്ങി. അവർ ഈ രഹസ്യബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ട് ജോയിയിൽ നിന്ന് വിവാഹമോചനത്തിന് വേണ്ടി കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനും പുറമെയാണ് ഇപ്പോൾ ജോയ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും തടവിലാക്കിയിരിക്കുന്നതും. ജോയ് തോമസ് ഏലിയാസ് ജുനൈദ് ഖാൻ എന്ന മലയാളി ബാങ്കിങ് പ്രൊഫഷണലിന്റെ അനധികൃതമായ സ്വത്തുവകകൾ ഈ കേസുമായി ബന്ധപ്പെട്ട് ജപ്തി ചെയ്യണം എന്നുള്ള ആവശ്യവും ശക്തമായിരിക്കുകയാണ്.  

Follow Us:
Download App:
  • android
  • ios