വിവാഹമോചനത്തിനുശേഷം, ഇൻഡിയാനയിലെ മൻസിയിലേക്ക് പോകുന്നതിനുമുമ്പ്, വെർക്കിംഗ് മാതാപിതാക്കളുടെ ഗ്രാൻഡ് ഹാവൻ വീട്ടിൽ 10 മാസം താമസിച്ചിരുന്നു. അവിടെ നിന്നും മാറിയതിന് ശേഷമാണ് തന്‍റെ സിനിമകളുടെയും മാസികകളുടെയും പെട്ടികൾ കാണുന്നില്ലെന്ന് വെര്‍ക്കിംഗ് മനസ്സിലാക്കിയത്. 

മകന്‍റെ കയ്യിലുണ്ടായിരുന്ന പോണ്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കളോട് മകന് 22 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ട് മിഷിഗണിലെ ഒരു ജഡ്ജി. 

43 -കാരനായ ഡേവിഡ് വെർക്കിംഗ് ആണ് തന്റെ മാതാപിതാക്കൾക്കെതിരായി കേസ് നല്‍കിയത്. കേസ് ജയിച്ച് എട്ട് മാസങ്ങൾക്ക് ശേഷമാണ് യുഎസ് ജില്ലാ ജഡ്ജി പോൾ മലോണിയുടെ തീരുമാനം വന്നത്. സിനിമകളും മാഗസിനുകളും മറ്റുമടങ്ങിയ തന്‍റെയാ ശേഖരം വലിച്ചെറിയാന്‍ മാതാപിതാക്കള്‍ക്ക് യാതൊരു അധികാരവുമില്ല എന്ന് വെര്‍ക്കിംഗ് പറയുന്നു. ഏകദേശം 21 ലക്ഷം രൂപയുടെ സാധനങ്ങളാണ് അച്ഛനും അമ്മയും ചേര്‍ന്ന് വലിച്ചെറിഞ്ഞത് എന്നും ഇയാള്‍ അവകാശപ്പെടുന്നു. 

ഒരു വിദഗ്ദ്ദന്‍റെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് ഇത്രയും രൂപ നല്‍കാന്‍ ജഡ്ജി ഉത്തരവിട്ടത് എന്ന് , MLive.com റിപ്പോർട്ട് ചെയ്തു. വെർക്കിങ്ങിന്റെ മാതാപിതാക്കൾ മകന്റെ അഭിഭാഷകന് 14,500 ഡോളർ (ഏകദേശം 10 ലക്ഷം രൂപ) നൽകാനും ജഡ്ജി ഉത്തരവിട്ടു. 

വിവാഹമോചനത്തിനുശേഷം, ഇൻഡിയാനയിലെ മൻസിയിലേക്ക് പോകുന്നതിനുമുമ്പ്, വെർക്കിംഗ് മാതാപിതാക്കളുടെ ഗ്രാൻഡ് ഹാവൻ വീട്ടിൽ 10 മാസം താമസിച്ചിരുന്നു. അവിടെ നിന്നും മാറിയതിന് ശേഷമാണ് തന്‍റെ സിനിമകളുടെയും മാസികകളുടെയും പെട്ടികൾ കാണുന്നില്ലെന്ന് വെര്‍ക്കിംഗ് മനസ്സിലാക്കിയത്. അതിനുശേഷം പിതാവ് വെര്‍ക്കിംഗിന് ഒരു ഈമെയില്‍ സന്ദേശവും അയച്ചു. 'തുറന്ന് പറയാമല്ലോ ഡേവിഡ്, ഇതെല്ലാം ഒഴിവാക്കുക എന്ന വലിയ ഉപകാരം ഞാന്‍ നിനക്ക് ചെയ്തിരിക്കുകയാണ്' എന്നാണ് സന്ദേശത്തില്‍ പറയുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ തന്റെ വിധിയിൽ, ജഡ്ജി മലോണി പറഞ്ഞത് ഇങ്ങനെ: 'നശിപ്പിക്കപ്പെട്ട സ്വത്ത് ഡേവിഡിന്റെ സ്വത്താണെന്നതിൽ സംശയമില്ല. സ്വത്ത് നശിപ്പിച്ചതായി പ്രതികൾ ആവർത്തിച്ച് സമ്മതിച്ചിട്ടുമുണ്ട്.' 

തങ്ങളുടെ മകന്റെ ഭൂവുടമകളായി പ്രവർത്തിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് വെർക്കിങ്ങിന്റെ മാതാപിതാക്കൾ പറഞ്ഞത്. മലോണി അതിനോട് പ്രതികരിച്ചത് ഇങ്ങനെ: "ഭൂവുടമകൾക്ക് അവർ ഇഷ്ടപ്പെടാത്ത സ്വത്ത് നശിപ്പിക്കാൻ കഴിയുമെന്നാണ് അവരുടെ വാദം. എന്നാല്‍, അവരുടെ വാദത്തെ പിന്തുണയ്ക്കാൻ പ്രതികൾ ഒരു നിയമവും കേസും പരാമർശിക്കുന്നില്ല. അവർക്ക് ഇഷ്ടപ്പെടാത്തവ നശിപ്പിക്കാൻ ഭൂവുടമകളെ നിയമം അനുവദിക്കുന്നില്ല." ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ വെര്‍ക്കിംഗിന്‍റെ മാതാപിതാക്കള്‍ക്ക് ഇത്രയും രൂപ നല്‍കാന്‍ വിധി വന്നിരിക്കുന്നത്.