അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ ബ്രിട്ടീഷ് അഭിനയ ഇതിഹാസം ജൂലി ആന്‍ഡ്രൂസിന്റെ ജീവിതം. പി ആര്‍ വന്ദന എഴുതുന്നു
1965-ലെ സൗണ്ട് ഓഫ് മ്യൂസിക്കിലെ ഏഴംഗകുട്ടിസംഘത്തിലെ അഞ്ച് പേര്‍ ജൂലിയ്ക്ക് ആശംസകളുമായെത്തി. അവര്‍ക്കൊപ്പം ആ വേദി മുഴുവന്‍ DO RA ME പാടി.

സൗണ്ട് ഓഫ് മ്യൂസിക് സിനിമയിലെ കുട്ടിപ്പട
ജൂലി ആന്‍ഡ്രൂസ് എന്ന അനുഗ്രഹീത കലാകാരിക്ക് പുരസ്‌കാരലബ്ധി പുതുമയല്ല. ആറ് ഗോള്‍ഡന്‍ ഗ്ലോബ് , മൂന്ന് ഗ്രാമി, രണ്ട് എമ്മി, രണ്ട് ബാഫ്ത, ഓസ്‌കര്‍. തീര്‍ന്നില്ല. ഹോളിവഡ് വാക്ക് ഓഫ് ഫേയ്മില്‍ സ്വന്തം പേരില്‍ ഒരു നക്ഷത്രം, ഡിസ്‌നി ലെജന്‍ഡ്, സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് വക ലൈഫ്‌ടൈം അച്ചീവ്‌മെന്റ്, അഭിനേത്രിയായും ഗായികയായും അരങ്ങിലും തിരശ്ശീലയിലും പതിറ്റാണ്ടുകള്‍ മിന്നിയ കലാജീവിതതത്തില്‍ പിന്നെയുമുണ്ട് നിരവധിയായ പുരസ്‌കാരങ്ങള്‍.
അവര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് എലിസബത്ത് രാജ്ഞി DAME ബഹുമതി നല്‍കിയത്. ബ്രിട്ടീഷുകാരുടെ കണക്കില്‍ അന്നാട് ലോകത്തിന് നല്‍കിയ ഏറ്റവും വലിയ, മഹാന്‍മാരായ വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ആളാണ് ജൂലി ആന്‍ഡ്രൂസ്.
പോയവാരം തലപ്പൊക്കമുള്ള മറ്റൊരു അംഗീകാരം കൂടി അവര്‍ക്ക് സമ്മാനിക്കപ്പെട്ടു. ലോസ് ഏയ്ഞ്ചല്‍സില്‍ താരനിബിഡമായ, പ്രൗഢഗംഭീരമായ സദസ്സില്‍ വെച്ച് അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (AFI) സമഗ്രസംഭാവനകള്‍ക്കുള്ള പുരസ്‌കാരം. ബഹുമാനിക്കപ്പെട്ട ആ ചടങ്ങില്‍ തലമുറകളുടെ പ്രിയങ്കരിയായ ജൂലിയെ തേടിയെത്തിയത് മറ്റൊരു അവിസ്മരണീയ അനുഭവം കൂടിയായിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം അതേ കുട്ടിപ്പടയിലെ അഞ്ച് പേര്‍ ഒത്തുചേര്‍ന്നപ്പോള്‍
1965-ലെ സൗണ്ട് ഓഫ് മ്യൂസിക്കിലെ ഏഴംഗകുട്ടിസംഘത്തിലെ അഞ്ച് പേര്‍ ജൂലിയ്ക്ക് ആശംസകളുമായെത്തി. അവര്‍ക്കൊപ്പം ആ വേദി മുഴുവന്‍ DO RA ME പാടി. ആറ് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഹോളിവുഡില്‍ അലയടിച്ചു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ക്കൊപ്പമെത്തിയ സ്‌നേഹത്തിന്റെ കഥ. പരുക്കനായ ക്യാപ്റ്റന്‍ വോണ്‍ട്രാപ്പിന്റെ കുടുംബത്തില്‍ സംഗീതത്തിന്റെയും സ്‌നേഹത്തിന്റെയും കാറ്റായി എത്തി വികൃതികളായ കുട്ടികളെ കയ്യിലെടുത്ത മരിയക്ക് ഇതില്‍ പരം ഒരു ട്രിബ്യൂട്ട് കിട്ടാനുണ്ടോ? റോജര്‍ ഹാമെര്‍സ്റ്റെയ്ന്‍ ദ്വന്ദത്തിന്റെ പാട്ടുകള്‍, റോബര്‍ട്ട് വൈസിന്റെ സംവിധാനമികവ്. ഓസ്ട്രിയയുടെ ഭംഗി. യുദ്ധവിരുദ്ധസന്ദേശം.
AFIയുടെ കണക്കില്‍ ഏറ്റവും മികച്ച 100 അമേരിക്കന്‍ സിനിമകളില്‍ ഒന്നിലെ നായികക്ക് മറ്റൊരു തിലകക്കുറി സമ്മാനിക്കുന്ന വേള അങ്ങനെ അവിസ്മരണീയമായി. ലീസലായെത്തിയ Charmian Carr, ലൂയിസയായി അഭിനയിച്ച Heather Menzies, ക്യാപ്റ്റന്റെ നായകവേഷത്തിലെത്തിയ ക്രിസ്റ്റഫര്‍ പ്ലമ്മര്‍ എന്നിവരൊഴികെയുള്ള വോണ്‍ട്രോപ്പ് കുടുംബം വീണ്ടും ഒത്തുകൂടി. കുട്ടിക്കൂട്ടത്തിലെ ആണ്‍കുട്ടികളായ ഫ്രെഡറിക്ക് ആയ Nicholas Hammond, കര്‍ട്ട് ആയ Duane Chase, ബ്രിജിറ്റ ആയ Angela Cartwright, മാര്‍ത്ത ആയ Debbie Turner കുഞ്ഞാവ ഗ്രെറ്റലായ Kym Karath. എല്ലാവരും കറുപ്പും വെളുപ്പും വസ്ത്രങ്ങള്‍ അണിഞ്ഞെത്തി DO RA MI പാടിയപ്പോള്‍ ഹാളില്‍ പെയ്തിറങ്ങിയത് സിനിമാപ്രേമികളുടെയും താരങ്ങളുടെയെല്ലാം മനസ്സില്‍ എക്കാലത്തും സമ്പന്നമായി നിലനില്‍ക്കുന്ന NOSTALGIA.
(സിനിമയുടെ കഥ വര്‍ഷങ്ങള്‍ക്കിപ്പുറവും രാജ്യാതിര്‍ത്തികള്‍ക്കപ്പുറവും പ്രിയങ്കരമായി നില്‍ക്കുന്നതുകൊണ്ടാണ് പല ഭാഷകളില്‍ പല കാലങ്ങളില്‍ അതിന്റെ ചുവടുപിടിച്ച് സിനിമകളുണ്ടായത്. കുട്ടികളെ മെരുക്കാനെത്തുന്ന ഏത് ആയക്കും ടീച്ചര്‍ക്കും മരിയയുടെ ഛായ വന്നത്. കുഞ്ഞാറ്റക്കിളികള്‍, പരിചയ് സിനിമകള്‍ ഒക്കെ ചില ഉദാഹരണങ്ങള്‍)

സൗണ്ട് ഓഫ് മ്യൂസിക്
പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കാന്‍ ജൂലിക്കൊപ്പം പിന്നെയും എത്തി താരങ്ങള്‍. The Princess Diariesല്‍ (2001) പേരക്കുട്ടിയായി അഭിയനിച്ച ആന്‍ ഹാത്തവേ റെക്കോഡ് ചെയ്തു കൊടുത്തുവിട്ടു ആശംസാസന്ദേശം. സിനിമയില്‍ രാജകുമാരിയുടെ ചിട്ടകളും ചട്ടങ്ങളും പഠിപ്പിച്ച മുത്തശ്ശിയായ റാണിയുടെ ഗാംഭീര്യം എക്കാലത്തും സ്‌ക്രീനിനു പുറത്തും ജൂലിക്കുണ്ടെന്ന് പ്രശസ്ത നടിയുടെ വാക്കുകള്‍.
ജൂലിക്ക് മികച്ച നടിക്കുള്ള ഓസ്‌കര്‍ നേടിക്കൊടുത്ത, മറ്റൊരു ക്ലാസിക് സിനിമ ആയ മേരി പോപ്പിന്‍സിലെ സഹതാരം ജിക്ക് വാന്‍ ഡൈക് വകയുമുണ്ടായിരുന്നു സന്ദേശം. (1964ലെ ചിമ്മിനി ഡാന്‍സ് ഇപ്പോഴും തരംഗമാണ് എന്നു കൂടി ചേര്‍ത്ത് വായിക്കണം)
വേറെയും ഉണ്ടായിരുന്നു താരങ്ങള്‍ ജൂലിക്ക് ആശംസകള്‍ നേര്‍ന്നവര്‍. സ്റ്റീവ് കാരെല്‍,അരിയന്ന ഡെബോസ്, ഹ്യൂ ജാക്മാന്‍, ക്രിസ്റ്റിന്‍ ഷെനോവെത്ത്, കെല്ലി ക്ലാര്‍ക്ക്‌സണ്‍, ലിന്‍ മാനുവല്‍ മിരാന്‍ഡ തുടങ്ങി നിരവധി പേര്‍. പുരസ്‌കാരലബ്ധിയിലും പ്രേക്ഷകപ്രീതിയിലും അഭിനയമികവിലും സംഗീതസിദ്ധിയിലും ജൂലിക്ക് പിന്നാലെ നടന്നവര്‍, ജൂലിയെ ആരാധിച്ചവര്‍. സിന്‍ന്തിയ ഇരിവോ അഭിവാദ്യമര്‍പ്പിച്ചത് സംഗീതാര്‍ച്ചനയോടെ. Edelweiss പാടിയിട്ട്.

ജൂലിയുടെ സഹപ്രവര്‍ത്തകയും ഏറ്റവും അടുത്ത സുഹൃത്തുമായ നടി കാരല്‍ ബര്‍ണെറ്റില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അവിസ്മരണീയമായ ഒരു രാത്രി സമ്മാനിച്ചതിന് സംഘാടകര്‍ക്കും. സിനിമ എത്ര ശക്തമായ സ്വാധീനശക്തിയുള്ള രസിപ്പിക്കുന്ന കലാരൂപമാണെന്ന് ഓര്‍മിപ്പിച്ചു ജൂലി. വരവുചെലവുകളുടെ കണക്കില്‍ കെട്ടിയിട്ട വ്യവസായം എന്ന യാന്ത്രികമായ പദത്തില്‍ ഒതുക്കരുത് സിനിമയേയും കലയേയും എന്ന്. 86-ന്റെ നിറവിലും സാംസ്‌കാരികലോകത്ത് നിറഞ്ഞുനില്‍ക്കുന്ന പ്രൗഢഗംഭീരസാന്നിധ്യം വിനോദലോകത്തെ ഏറ്റവും വലിയ മാത്സര്യഭൂമിക്ക് നല്‍കിയ വെളിച്ചം പകരുന്ന വാക്കുകള്‍.
