Asianet News MalayalamAsianet News Malayalam

ഇനി വരുന്ന തലമുറക്ക് നമ്മളെന്ത് നല്‍കും?

കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഈ വിഷയത്തിൽ വളരെ പ്രസക്തമായ കാര്യങ്ങൾ നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിപ്പോരുന്നുന്നുണ്ട്. കേരളത്തിൽ നടത്തപ്പെടുന്ന പല പരിപാടികളിലും ഇന്ന് ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമാണ്. 

june 5 world environment day special story
Author
Thiruvananthapuram, First Published Jun 5, 2019, 12:05 PM IST

ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. ആദ്യമായി ആഘോഷിക്കപ്പെട്ട 1974, മുതൽ എല്ലാവർഷവും ജൂൺ 5 -ന്  നൂറിലധികം  രാജ്യങ്ങളിൽ ലോക പരിസ്ഥിതി ദിനാഘോഷങ്ങൾ നടക്കുന്നു. ഇത് ഒരു അവസരമാണ്. 'കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല' എന്ന് പറയും പോലെ, നമുക്ക് ചുറ്റും ജീവിതയോഗ്യമായ ഒരു പരിസ്ഥിതി നിലവിലുള്ളതുകൊണ്ട്, നമ്മൾ നശിപ്പിക്കുന്നതെന്തെന്ന് നമ്മൾ അറിയുന്നില്ല. ഒരുപക്ഷേ, പരിസ്ഥിതിയെപ്പറ്റി തെല്ലും ചിന്തിക്കാതെയുള്ള മനുഷ്യന്റെ പ്രവൃത്തികൾ ബാധിക്കുക നമ്മളെയോ, നമ്മുടെ മക്കളെയോ അല്ലെങ്കിൽ അവരുടെ മക്കളെയോ ഒന്നും ആയിരിക്കില്ല. അതിലും ഒന്നോ രണ്ടോ തലമുറ കഴിഞ്ഞ് ഉറപ്പായും ഇന്ന് നമ്മൾ പ്രവർത്തിക്കുന്ന പലതിന്റെയും പരിണിത ഫലങ്ങൾ പ്രകടമാകും.

june 5 world environment day special story

അന്ന് പക്ഷേ, ഒന്നും ചെയ്യാനുണ്ടാവില്ല. ചെയ്യേണ്ടത് ഇന്നാണ്, നാളെയാണ്. ചെയ്യേണ്ടത് നമ്മളാണ്. വ്യക്തി, സമൂഹം, രാഷ്ട്രം അങ്ങനെ പല തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്  നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷണത്തിന് അത്യാവശ്യമാണ്.  അതിലേക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് എല്ലാ വർഷവും ഈ ദിവസം നിർവഹിക്കുന്നത്. പരിസ്ഥിതി ദിനത്തിന് ആഗോള തലത്തിൽ ഒരു 'തീം' ഉണ്ടാവാറുണ്ട് എല്ലാ കൊല്ലവും. 

2019 -ലെ പരിസ്ഥിതി ദിനത്തിന്റെ 'തീം' 
'വായുമലിനീകരണത്തെ ചെറുത്തു തോൽപ്പിക്കുക' എന്നതാണ് 2019 -ലെ പരിസ്ഥിതി ദിനത്തിന്റെ തീം.  ഈ വർഷത്തെ ആഘോഷങ്ങളുടെ ആതിഥേയരായ ചൈനയാണ് ഈ വിഷയം തെരഞ്ഞെടുത്തത്. ഈ ഭൂതലത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യരും തങ്ങളുടെ ജീവിതശൈലികളിൽ മാറ്റം വരുത്തുക വഴി എങ്ങനെ നമുക്ക് വായുമലിനീകരണത്തിന്റെ തോത് നിയന്ത്രിച്ചു നിർത്താം എന്നതാണ് ചോദ്യം.

june 5 world environment day special story 

വായു മലിനീകരണത്തിന്റെ ഉറവിടങ്ങൾ 
വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറപ്പെടുന്ന കരിമ്പുക മാത്രമല്ല അന്തരീക്ഷ മലിനീകരണം. നമ്മൾ അറിയാത്ത, നമുക്ക് കാണാൻ കഴിയാത്ത പലതും അതിന് കാരണമാവുന്നു. ലോകാരോഗ്യസംഘടന പറയുന്ന വായുമലിനീകരണത്തിന്റെ പരിധികൾക്ക് മുകളിലാണ് പത്തിൽ ഒമ്പതുപേരും ഈ ലോകത്ത് ജീവിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

വിവിധതരം വായു മലിനീകരണങ്ങൾ 
വീടുകളിൽ നിന്നുള്ള വായു മലിനീകരണം: അടുപ്പുകളിൽ നിന്നുള്ള പുക കടുത്ത വായുമലിനീകരണത്തിന് കാരണമാവുന്നുണ്ട്. അവികസിത രാജ്യങ്ങളിൽ നിരവധി പേരുടെ മരണത്തിനും.
വ്യാവസായിക, ഗതാഗത സ്രോതസ്സുകളിൽ നിന്നുള്ള വായുമലിനീകരണം:  ഇവയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് മരണങ്ങളാണ് വർഷാവർഷം നടക്കുന്നത്.
പ്ലാസ്റ്റിക് വേസ്റ്റുകൾ കത്തിക്കുക വഴി: ഇങ്ങനെയുണ്ടാവുന്ന വിഷപ്പുകയിൽ ഡയോക്സിനുകൾ, മീഥേൻ, ബ്ലാക്ക് കാർബൺ തുടങ്ങി പലതുമുണ്ട്.
ഇവയ്ക്കുപുറമെ അഗ്നിപർവത വിസ്ഫോടനങ്ങൾ, പൊടിക്കാറ്റുകൾ തുടങ്ങിയ സ്വാഭാവിക പ്രവർത്തനങ്ങളും വായു മലിനപ്പെടുത്തുന്നുണ്ട്.

june 5 world environment day special story

ദില്ലിയിലെ വായുമലിനീകരണം തിരുവനന്തപുരത്തിന്റെ നാലിരട്ടിയാണ്. എന്നാൽ, അതുപോലെ തന്നെ മലിനമായ വായുവാണ് പട്ന, ധൻബാദ്, അമൃത്സർ, ജലന്ധർ തുടങ്ങിയ പല പട്ടണങ്ങളിലും.  പ്രധാന പ്രതി വ്യവസായങ്ങൾ തന്നെ. അവ പുറത്തേക്കു വിടുന്ന സൾഫർ, നൈട്രജൻ ഓക്സൈഡുകളും, ഹൈഡ്രജൻ സൾഫൈഡും, അമോണിയയും മറ്റും മനുഷ്യന്റെ ആരോഗ്യത്തിന് വളരെ ഹാനികരമാണ്.  

june 5 world environment day special story

പൊതുഗതാഗത സംവിധാനങ്ങളും വായു മലിനപ്പെടുത്തുന്നതിൽ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. പൊലൂഷൻ ടെസ്റ്റിംഗ് എന്ന സംവിധാനം വളരെ പരിഹാസ്യമായ രീതിയിലാണ് നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നത്. ഇന്നുവരെ ഒരു വാഹനത്തിനും പൊല്യൂഷൻ സർട്ടിഫിക്കറ്റ് കിട്ടാതിരുന്നതായി നമ്മൾ കേട്ടിട്ടില്ല. ക്രമാതീതമായ പുക പുറത്തുവിടുന്ന പഴക്കമേറിയ അല്ലെങ്കിൽ വേണ്ടത്ര പരിപാലനം കിട്ടാത്ത വാഹനങ്ങളെ നിരത്തുകളിൽ നിന്നും അകറ്റി നിർത്താൻ വേണ്ടി നടത്തുന്ന ആ പരിശോധനയെ ഒരു ഫോർമാലിറ്റി മാത്രമാക്കി ചുരുക്കുകയാണ് നമ്മൾ ചെയ്യുന്നത്. 

june 5 world environment day special story

കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഈ വിഷയത്തിൽ വളരെ പ്രസക്തമായ കാര്യങ്ങൾ നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിപ്പോരുന്നുന്നുണ്ട്. കേരളത്തിൽ നടത്തപ്പെടുന്ന പല പരിപാടികളിലും ഇന്ന് ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നമ്മുടെ കോർപ്പറേഷനുകളും, മുനിസിപ്പാലിറ്റികളും, പഞ്ചായത്തുകളും നേതൃത്വം നൽകുന്നുണ്ട്. 

june 5 world environment day special story

എങ്കിലും,  മലിനീകരണസംബന്ധിയായ വിഷയങ്ങൾ എല്ലാം ചെന്നവസാനിക്കുനത് ഇതിനൊക്കെ നമ്മൾ കൊടുക്കുന്ന പരിഗണന എന്നതിലാണ്. പരിസ്ഥിതി മലിനീകരണം നമ്മുടെ ഭൂമിയെ എത്രകണ്ട് ആവാസയോഗ്യമല്ലാതെയാക്കുന്നു എന്നത് സംബന്ധിച്ച്  വേണ്ടത്ര അവബോധം നമുക്കില്ല. പ്ലാസ്റ്റിക് പൊതുവഴിയിലിട്ട് കത്തിക്കരുത് എന്ന് പറഞ്ഞാൽ ഇന്നും പലരും കേൾക്കില്ല. 

നമുക്ക് കാൻസർ വരെ നൽകാൻ പരിസ്ഥിതി മലിനീകരണത്തിനാവും. അതുകൊണ്ട്, നമ്മൾ ഉള്ളിലേക്കെടുക്കുന്ന പ്രാണവായുവിന്റെ ഗുണനിലവാരം ഉയർത്താൻ വേണ്ട പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഈ പരിസ്ഥിതി ദിനത്തിൽ വ്യക്തിപരമായും, സമൂഹത്തെ ഏകോപിപ്പിച്ചുകൊണ്ടുമുള്ള പ്രവർത്തനങ്ങളിൽ നമുക്ക് മുഴുകാം.

ലോക പരിസ്ഥിതിദിനാശംസകൾ..! ഗോ ഗ്രീൻ..!
 

Follow Us:
Download App:
  • android
  • ios