കഴിഞ്ഞദിവസം അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡോ. ഐ.വി ബാബുവിനെ മാധ്യമ പ്രവര്‍ത്തകനും സുഹൃത്തുമായ കെ.എ ഷാജി അനുസ്‍മരിക്കുന്നു. 

വയനാട്ടിൽ ചീങ്ങേരിയിൽ പഴയ മിച്ചഭൂമി സമരം നടന്ന സ്ഥലം സന്ദർശിക്കാൻ പോയതായിരുന്നു ഞങ്ങൾ. ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാനായി സർക്കാർ അവിടം ഒരു വലിയ കാപ്പിത്തോട്ടമാക്കി മാറ്റിയിരുന്നുവെങ്കിലും നടത്തിപ്പിലെ അപാകതകൾ കാരണം മൊത്തത്തിൽ ഒരു നിബിഡവനം പോലെ  തോന്നിപ്പിച്ചു.  തുടർച്ചയായ നടത്തത്തിനിടയിൽ പരിസരത്തെവിടെയെങ്കിലും ആനയുണ്ടാകുമോ എന്ന സംശയം കൂട്ടത്തിൽ ആരോ പ്രകടിപ്പിച്ചു. കാട്ടാനകളിൽ നിന്നും സ്വയം രക്ഷപ്പെടാനും മറ്റുള്ളവരെ രക്ഷിക്കാനും തനിക്ക് കഴിവുണ്ട് എന്ന് വിശ്വസിച്ചിരുന്ന ഒരു സുഹൃത്ത് സന്ദർഭം മുതലെടുത്ത് വീരവാദം തുടങ്ങി. കൂർത്ത കൊമ്പുകളുള്ള ഒറ്റയാനെ താൻ ശാന്തനാക്കി തിരിച്ചോടിച്ചത് വരെയുള്ള നിരവധിയായ ആനക്കഥകൾ. എല്ലാവരും കഥകളിൽ ലയിച്ചു നടക്കുകയാണ്. ഏറ്റവും മുന്നിൽ നടക്കുകയായിരുന്ന ബാബുവേട്ടൻ പെട്ടെന്നാണ് അലറിക്കൊണ്ട് പിന്നോട്ട് തിരിഞ്ഞത്. 'ആന വരുന്നേ ഓടിക്കോ' എന്ന് കേട്ടതും ഞങ്ങൾ പറപറന്നു. അതുവരെ ചൂണ്ടുമർമം കൊണ്ട് ആനയെ നേരിടുമെന്ന് വരെ പറഞ്ഞിരുന്ന ധീരനായ സുഹൃത്താണ് ഏറ്റവും മുന്നിൽ ഓടിയത്. ദുഷ്കരമായ വഴിയിൽ തിരിഞ്ഞോടുന്നതിനിടയിലാണ് പിന്നിൽ അപ്രതീക്ഷിതമായി ഒരട്ടഹസിച്ചുള്ള ചിരി കേട്ടത്. പതിയെ തിരിഞ്ഞു നോക്കുമ്പോൾ ബാബുവേട്ടനിൽ നിന്നാണ് ആ ചിരി ഉയരുന്നത്. ബാബുവേട്ടൻ മാത്രം ഓടുന്നില്ല. എല്ലാവരെയും അദ്ദേഹം കൈകാട്ടി മടക്കി വിളിച്ചു. ധീരനായ ആനവാരിയുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. 'കുറേ നേരമായി നിന്റെ കുളൂസ് കേൾക്കുന്നു. സത്യത്തിൽ നിനക്ക് വല്ല ധൈര്യവും ഉണ്ടോ എന്ന് ചെക്ക് ചെയ്തതാ... ഇനി മര്യാദയ്ക്ക് മുന്നോട്ട് നടക്ക്. തള്ളുമ്പോൾ ഒരു മയത്തിലൊക്കെ വേണ്ടേ തള്ളാൻ...' 

ബാബുവേട്ടനെ പരിചയപ്പെട്ടിട്ട് അപ്പോഴേക്കും കഷ്ടി രണ്ടുമണിക്കൂറുകൾ മാത്രമേ ആയിരുന്നുള്ളു. ദേശാഭിമാനിയുടെ കൽപ്പറ്റ ഓഫീസിൽ ഒരു സൗഹൃദ സന്ദർശനത്തിന് ചെന്നതാണ്. അന്നത്തെ ജില്ലാ ലേഖകൻ എൻ ശശിയാണ് പരിചയപ്പെടുത്തിയത്. ഇത് ഐ വി ബാബു. ഗ്രന്ഥശാലാ സംഘത്തിന്റെ ജീവാത്മാവും പരമാത്മാവും മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവുമായ ഐ വി ദാസ് മാഷുടെ മകൻ. ദേശാഭിമാനി വാരികയിലാണ്. വയനാട്ടിലെ ഭൂസമരങ്ങളെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കാൻ വന്നതാണ്. അധികം വൈകാതെ ചീങ്ങേരിയിൽ പോകാനുള്ള ജീപ്പ് വന്നു. 'നീയും കൂടെ കേറടാ...' എന്ന് ബാബുവേട്ടൻ പറഞ്ഞപ്പോൾ കൂടെ കയറി. പത്തൊൻപത് വർഷങ്ങൾ നീണ്ട കൂട്ടായ ഒരു യാത്രയുടെ തുടക്കമായിരുന്നു അത്. പോയ വർഷത്തിന്റെ അവസാന നാളുകളിൽ ഒന്നിൽ ഹൊസൂർ റെയിൽവെ സ്റ്റേഷനിൽ ബാബുവേട്ടനെ കോഴിക്കോടിന് ട്രെയിൻ കയറാൻ വിട്ട് ഹൊഗ്ഗനക്കലിലേക്ക് ഡ്രൈവ് ചെയ്ത് പോകുമ്പോൾ ഒരിക്കലും കരുതിയില്ല. ഇനി ഒരുമിച്ചൊരു യാത്ര ഇല്ലെന്ന്. ജനുവരി പതിനേഴിന് അദ്ദേഹം എന്നെന്നേയ്ക്കുമായി യാത്ര പറഞ്ഞു പോയപ്പോഴാണ് ജീവിതത്തിലെ ഏറ്റവും വലിയ അനാഥത്വം അനുഭവപ്പെട്ട് തുടങ്ങിയത്. പെരുവിരലിന് അറ്റത്തു നിന്ന് മേലോട്ട് വളരുന്ന മരവിപ്പിൽ ഒരുപാട് നേരം തളർന്നിരുന്നു. അടർന്നു വീഴുന്ന കണ്ണുനീർ കണങ്ങളിൽ അപാരമായ സ്നേഹത്തിന്റെയും നന്മയുടെയും പാരസ്പര്യത്തിന്റെയും കൂട്ടായ്മയുടെയും ഉപ്പുരസമുണ്ടായിരുന്നു. ബാബുവേട്ടൻ ഞങ്ങൾക്ക് എല്ലാവർക്കും ഏട്ടനായിരുന്നു. കരുതലായിരുന്നു. തിരുത്താനും വഴിനടത്താനും ഉള്ള ധാർമ്മികതയായിരുന്നു. 

 

നെല്ലിയാമ്പതിയിലെ സീതാർകുണ്ട്‌ വ്യൂ പോയിന്റിൽ ഞങ്ങൾ അഞ്ചുപേർ. ഡൽഹിയിൽ നിന്ന് വന്ന പ്രമോദ് പുഴങ്കരയും എം എൻ ശശിധരനും തൃശൂരിൽ നിന്ന് ദിനിൽ കൂർക്കഞ്ചേരിയും ബാബുവേട്ടനും ഞാനും. ചെന്ന് രണ്ടു നിമിഷം കഴിഞ്ഞപ്പോൾ ബാബുവേട്ടൻ വന്ന് ചെവിയിൽ പറഞ്ഞു. 'ഇവിടെ അധികനേരം നിൽക്കണ്ട. നമുക്ക് താമസസ്ഥലത്തേയ്ക്ക് പോകാം. എനിക്കിങ്ങനെ ചെങ്കുത്തായ സ്ഥലങ്ങളിലേക്ക് നോക്കി നിന്നാൽ തലകറങ്ങും. ഉയരം പേടിയാണ്. അവന്മാരോട് പറഞ്ഞാൽ എന്നെ കളിയാക്കി കൊല്ലും. നീയൊന്നു മാനേജ് ചെയ്താൽ മതി'. ഈ ധീരതയും വച്ചാണോ ബാബുവേട്ടാ നിങ്ങൾ ഇന്ത്യൻ വിപ്ലവം നയിക്കാൻ പോകുന്നത് എന്ന് ചോദിച്ചത് ഉറക്കെ ആയിരുന്നു. ബാബുവേട്ടനും ചിരിച്ചു.

ബാബുവേട്ടനും മുൻപ് പരിചയപ്പെട്ടത് ദാസൻ മാഷിനെ ആയിരുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആറിലെ പൊതുതെരഞ്ഞെടുപ്പ്. വടകരയിൽ അതികായനായ കെ പി ഉണ്ണികൃഷ്ണനെതിരെ  സി പി ഐ ( എം ) നേതാവ് ഒ  ഭരതൻ ലോക്‌സഭയിലേക്ക് വൻഭൂരിപക്ഷത്തിൽ വിജയം ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ടെലിവിഷൻ രംഗത്ത് അന്ന് കേരളത്തിൽ ഏഷ്യാനെറ്റും ദൂരദർശനും മാത്രം. ജേർണലിസം വിദ്യാർത്ഥികളെ കാഷ്വൽ റിപ്പോർട്ടർമാരായി വച്ച് ദൂരദർശൻ താരതമ്യേന നല്ല കവറേജ് ഉറപ്പാക്കുകയാണ്. കോഴിക്കോട്, വടകര മണ്ഡലങ്ങളുടെ ചുമതല എനിക്കായിരുന്നു. വയനാട്ടിലെ വോട്ട് എണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ച് ഒടുവിൽ വടകരയിലേക്ക് തിരിക്കുകയാണ്. ഭരതന്റെ അഭിമുഖം എടുക്കണം. പക്രംതളം ചുരത്തിൽ കാർ നിയന്ത്രണം വിട്ടു. ചെറിയ പരിക്കിൽ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. താഴെ ചെങ്കുത്തായ പാറക്കെട്ടുകളിൽ ചെന്നിടിക്കാതെ കാർ എവിടെയോ തങ്ങിനിന്നതിനാൽ... പകരം വണ്ടി സംഘടിപ്പിച്ചു. മുറിവുകളും ചതവുകളും കാര്യമാക്കാതെ ഞങ്ങൾ വടകരയിലെ സി പി ഐ (എം) ഏരിയാ കമ്മറ്റി ഓഫീസിലെത്തി. 

പുറത്ത് പ്രവർത്തകരുടെ വലിയ ആരവങ്ങളുണ്ട്. എന്നാൽ അകത്ത് യാതൊരു ആകാംഷയോ ആവേശമോ ഇല്ലാതെ രണ്ടു വൃദ്ധന്മാർ ചിരിച്ചും തമാശ പറഞ്ഞും ഇരിക്കുന്നു. ഒന്ന് ഭരതൻ. രണ്ട് ദാസൻ മാഷ്. രണ്ടുപേരും ക്യാമറയുടെ മുന്നിൽ സംസാരിച്ചു. അതിനിടയിലാണ് ദാസൻ മാഷ് ക്യാമറാമാന്റെ നെറ്റിയിലെ ബാൻഡ് എയ്‌ഡ്‌ ഒട്ടിച്ച മുറിവ് ശ്രദ്ധിക്കുന്നത്. എന്താണ് സംഭവിച്ചത് എന്ന് തിരക്കി. ചികിത്സ തേടാതെ ആവേശം കാട്ടിയതിന് ഞങ്ങളെ നന്നായി ശാസിച്ചു. പിന്നെ ഭരതൻ സഖാവിനോട് ഇപ്പോൾ വരാമെന്നു പറഞ്ഞു ഞങ്ങൾക്കൊപ്പമിറങ്ങി. എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോൾ ഞങ്ങളെ അടുത്തുള്ള ആശുപത്രിയിൽ കാണിക്കാൻ എന്ന മറുപടി കിട്ടി. അപാരമായ ആ മനുഷ്യത്വം ഞങ്ങളുടെ കണ്ണുകൾ നനയിച്ചു. പിന്നീട് ദാസൻ മാഷെ എവിടെ കണ്ടാലും അങ്ങോട്ട് ചെന്ന് സംസാരിക്കും. ബാബുവേട്ടനിലും അച്ഛനിലെ മനുഷ്യപ്പറ്റ് അപാരമായി നിലനിന്നിരുന്നു. മനുഷ്യൻ എന്ന പദത്തെ അവരിരുവരും ഒരുപാട് സുന്ദരമാക്കി.

കോഴിക്കോട് ഇന്ത്യൻ എക്സ്പ്രസ്സിൽ ജോലി ചെയ്യുമ്പോൾ ബാബുവേട്ടൻ ഒരു ദിവസം വിളിച്ചു. ദേശാഭിമാനി വാരികയിലേക്ക് രണ്ട് ലേഖനങ്ങൾ തര്‍ജ്ജമ ചെയ്തുകൊടുക്കണം. അതേവരെ കൈവയ്ക്കാത്ത മേഖലയാണ്. പക്ഷേ, ആ നിർബന്ധത്തിൽ ചെയ്തു. പിന്നീട് അതൊരു പതിവായി. പ്രതിഫല തുക വാങ്ങാൻ ചെല്ലുമ്പോൾ ദേശാഭിമാനി കാന്റീനിൽ നിന്നും ഭക്ഷണം വാങ്ങിത്തരും. ഒരുദിവസം അങ്ങനെ ചെന്നപ്പോൾ പൊടുന്നനെ ആയിരുന്നു ആ ചോദ്യം. വീട്ടിൽ ഒരു കമ്പ്യൂട്ടർ വാങ്ങിക്കൂടെ? കാശ് വേണ്ടേ എന്ന മറുചോദ്യത്തിന് മുൻപ് ഉത്തരവും ബാബുവേട്ടൻ തന്നെ പറഞ്ഞു. കെ എസ് എഫ് ഇ യിൽ നിനക്കൊരു കമ്പ്യൂട്ടർ ലോൺ പറഞ്ഞു വച്ചിട്ടുണ്ട്. അത് പറഞ്ഞുവയ്ക്കുക മാത്രമല്ല അധ്യാപികയായ ഭാര്യ ലതയുടെ ഗ്യാരണ്ടിയും ബാബുവേട്ടൻ ഉറപ്പാക്കിയിരുന്നു. ചെന്നൈയിൽ പോകാൻ ട്രെയിൻ കാത്തുനിൽക്കുമ്പോൾ ഒരു ദിവസം ബാബുവേട്ടൻ മുന്നിൽ പ്രത്യക്ഷപ്പെട്ടു. നീയവിടെ ചെന്നാൽ റൂമൊന്നും എടുക്കണ്ട. അജയന്റെ വീട്ടിലേക്കു ചെന്നാൽ മതി. അത് പറഞ്ഞ് ഒരു കടലാസ്സിൽ പോകേണ്ട വഴിയും ഫോൺ നമ്പറും എഴുതിത്തന്നു. മദ്രാസ് കേരള സമാജം സ്‍കൂൾ അധ്യാപകൻ കെ ജെ അജയകുമാർ. ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത മിണ്ടിയിട്ടില്ലാത്ത ഒരാളുടെ വീട്ടിൽ സുഹൃത്തിന്റെ സുഹൃത്തെന്ന നിലയിൽ പോവുക. അത് വേണ്ടെന്നു പറഞ്ഞപ്പോൾ അല്പം ക്ഷുഭിതനായി. ട്രെയിനിൽ കയറിയ ഉടൻ അജയേട്ടന്റെ ഫോൺ. ബാബു ഇപ്പൊ വിളിച്ചു. സ്റ്റേഷനിൽ നിന്നും നേരെ ഇങ്ങോട്ടു പോരൂ... അജയേട്ടനും സുഹാസിനി ചേച്ചിയും ആതിരയും അന്ന് മുതൽ ജീവിതത്തിന്റെ ഭാഗമായി. 

നീണ്ട നാളുകൾ ഞങ്ങളുടെ രണ്ടുപേരുടെയും അഭയം മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായിരുന്ന ഡോക്ടർ ടി കെ രാമചന്ദ്രന്റെ ഫ്ലാറ്റായിരുന്നു. മാഷുമായുള്ള മണിക്കൂറുകൾ നീളുന്ന ചർച്ചകൾ. ആശയങ്ങളുടെയും അറിവുകളുടെയും വിനിമയങ്ങൾ. അതിനിടയിൽ ഒരുദിവസം വടകരയിൽ നിന്നും ലതച്ചേച്ചിയെയും മക്കളെയും മീശ മാധവൻ സിനിമ കാണിക്കാൻ കോഴിക്കോട് കൊണ്ടുവന്നു. മാഷുടെ ഫ്ലാറ്റിൽ സിനിമയുടെ കാര്യം വിട്ട് ഏതോ രാഷ്ട്രീയ ചർച്ചകളിൽ മുഴുകിയപ്പോൾ മാഷ് ഇടപെട്ടു. ബാബൂ, ഇന്ത്യൻ വിപ്ലവത്തോട് വെയിറ്റ് ചെയ്യാൻ പറയാം. പക്ഷേ, മീശ മാധവൻ വെയിറ്റ് ചെയ്യില്ല. അങ്ങനെ ആ സിനിമ കാണാൻ ഞങ്ങളും കൂടെയിറങ്ങി.

പാചകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിരക്ഷരനായിരുന്ന ബാബുവേട്ടനോട് കുറച്ചു ചായവയ്ക്കാൻ മാഷ് ഒരു ദിവസം പറഞ്ഞു. ഒരുപാട് സമയം കഴിഞ്ഞിട്ടും വെള്ളം തിളയ്ക്കുന്നില്ല എന്ന മറുപടിയാണ് കിട്ടിയത്. ഒടുവിൽ ചെന്ന് നോക്കുമ്പോൾ ഒരു വലിയ കലം നിറയെ വെള്ളം വച്ചിരിക്കുന്നു. കുളിക്കാൻ വെള്ളം ചൂടാക്കുന്ന പാത്രത്തിൽ. 

വയനാട്ടിലെ കർഷക ആത്മഹത്യകൾ സംബന്ധിച്ച് എഴുതാൻ പി സായ്‌നാഥ് വന്നപ്പോഴെല്ലാം ബാബുവേട്ടനും ഞങ്ങൾക്കൊപ്പം യാത്ര ചെയ്തു. പ്രഫുൽ ബിദ്വായി, അചിൻ വനായക്‌, ടീസ്റ്റ സെതൽവാദ്, ശബ്‌നം ഹാഷ്മി തുടങ്ങി വിപുലമായ സാമൂഹിക-രാഷ്ട്രീയ സൗഹൃദ വലയം ബാബുവേട്ടന് ഉണ്ടായിരുന്നു. ബാബുവേട്ടൻ പാർട്ടിയിൽ നിന്നും ദേശാഭിമാനിയിൽ നിന്നും പുറത്താകുകയും മാഷ് അപ്രതീക്ഷിതമായി മരിക്കുകയും ചെയ്യുമ്പോഴേക്കും ഞാൻ കോഴിക്കോട് വിട്ടിരുന്നു. മലയാളം വാരികയിലേക്ക് മാറിയതോടെ ബാബുവേട്ടന്റെ പ്രവർത്തന സ്ഥലം കൊച്ചിയായി. തുടർച്ചയായി മലയാളം വാരികയിൽ എഴുതിച്ചു. എഴുതിക്കൊടുക്കാൻ വിസമ്മതിച്ചാൽ ജയചന്ദ്രൻ സാറിനെ കൊണ്ട് വിളിപ്പിക്കും. സാറിനോട് പറ്റില്ലെന്ന് പറയാൻ ആവില്ലെന്ന് ബാബുവേട്ടന് അറിയാം.

മംഗളത്തിലെത്തി കോട്ടയത്തായിരിക്കുമ്പോൾ അവിടെനിന്നും പതിവായി വിളി വരും. എന്തെങ്കിലും എഴുതിത്താ. ഇടമലക്കുടിയിൽ പോകാൻ സായ്‌നാഥ് വന്നപ്പോൾ ബാബുവേട്ടനും കാട്ടിലൂടെ ഞങ്ങൾക്കൊപ്പം കിലോമീറ്ററുകൾ നടന്നു. പ്രമോദ് ഡൽഹിയിൽ നിന്നും നാട്ടിൽ വരുമ്പോൾ എവിടെയെങ്കിലും ഒരുമിച്ചു ചേരുന്നത് കുറച്ചു വർഷങ്ങളായി ഞങ്ങൾ ശീലമാക്കിയിരുന്നു. ഒടുവിൽ ഡിസംബറിൽ പറമ്പികുളത്തിനു സമീപം പകുതിപ്പാലത്തു ഒത്തുകൂടാൻ തീരുമാനിച്ചപ്പോൾ നാട്ടിൽ ഒരു വിവാഹവും ഒരു ജനകീയ സമരവും കാരണം പറഞ്ഞു ബാബുവേട്ടൻ വന്നില്ല. ഞങ്ങൾ മാത്രമായി പോയി.

ഹൊസൂരിൽ കെ ജെ ശ്രീകുമാറും ജാവേദ് പർവേശും ഒത്ത് ബാബുവേട്ടനോട് ഒപ്പം ചെലവിട്ട ദിവസങ്ങളിൽ അദ്ദേഹത്തിന് പറയാൻ ഉണ്ടായിരുന്നത് മാധ്യമ രംഗത്ത് വേണ്ട ബദലുകളെകുറിച്ചായിരുന്നു. ഒടുവിൽ ജോലിയെടുത്ത സ്ഥാപനത്തിൽ സഹപ്രവർത്തകരെ ഒരു മര്യാദയും ഇല്ലാതെ പിരിച്ചു വിടുന്നതിരെ അദ്ദേഹം നടത്തിയിരുന്ന ചെറുത്തുനിൽപ്പുകൾക്കിടയിൽ ആയിരുന്നു ആ കൂടിക്കാഴ്ച. ടി കെ മാഷുടെ മരണത്തിനുശേഷം ബാബുവേട്ടനെ ഏറ്റവും ഉലച്ചത്‌ ടി പി ചന്ദ്രശേഖരന്റെ വധമായിരുന്നു. പ്രത്യയശാസ്ത്രപരമായ നിരാശകളും സങ്കടങ്ങളും ആ മനുഷ്യനെ ആഴത്തിൽ മൂടിക്കിടന്നു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഒരിക്കലും ആ മനുഷ്യന് വൈയക്തികമായിരുന്നില്ല. 

 

അടിമുടി കമ്മ്യൂണിസ്റ്റ് ആയിരുന്നു ബാബുവേട്ടൻ. ജീവിതം തന്നെ രാഷ്ട്രീയവും നിലപാടുകളുമായിരുന്നു. ഇടതുപക്ഷ മാധ്യമ പ്രവർത്തനം എന്നാൽ വ്യക്തിപൂജയും അതിശയോക്തികളും ഗീർവാണങ്ങളും അല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. മണ്ണ്, മനുഷ്യർ, ആവാസവ്യവസ്ഥ, സാമൂഹിക നീതി, വിഭവങ്ങളുടെ നീതിയുകതമായ വിതരണം എന്നിവയെല്ലാം ആ മനുഷ്യന്റെ ശരികളുടെ ഉൾകാമ്പുകൾ ആയിരുന്നു. സമാദരണീയനായ ഒരു വലിയ മനുഷ്യന്റെ ഏക മകൻ. അതും ഉന്നതനായ ഇടതുപക്ഷ നേതാവിന്റെ മകൻ. ഉയർന്ന വിദ്യാഭ്യാസം. അറിവ്. കഴിവ്. നന്നായി പെരുമാറാനുള്ള അപാര സിദ്ധി. നേതൃത്വ ഗുണം. പാർട്ടി ഭരണത്തിലിരിക്കുമ്പോൾ ആ അച്ഛനോ മകനോ എത്തിപ്പിടിക്കാവുന്ന വലിയ പദവികൾ നിരവധിയായിരുന്നു. എന്നാൽ, അവർ അവയിലൊന്നിന് പുറകെ പോലും പോയില്ല. പാർട്ടിയ്ക്ക് പുറത്തു പോകേണ്ടി വന്നപ്പോഴും അച്ഛന്റെ നിലപാടുകളോട് എതിർപ്പുള്ള ചേരിയിൽ നിലയുറപ്പിച്ചപ്പോഴും ബാബുവേട്ടൻ അച്ഛന്റെ ആദർശങ്ങൾ വിട്ടു ജീവിച്ചില്ല. ആരുടേയും കാലുപിടിച്ചില്ല. ആരുടേയും ഔദാര്യങ്ങൾ തേടിപ്പോയില്ല. പാര വച്ചവരോടും പിന്നിൽ നിന്ന് കുത്തിയവരോടും പോലും സ്നേഹത്തോടും മര്യാദയോടും പെരുമാറി. വിയോജിക്കുമ്പോൾ അന്തസ്സായി വിയോജിച്ചു. 

'ഒരു നല്ല മനുഷ്യനെ നല്ല മാധ്യമ പ്രവർത്തകൻ ആകാൻ കഴിയൂ' എന്നതിന് ബാബുവേട്ടനെപോലെ ഒരു ഉദാഹരണം ഇല്ല. നിരവധിയായ മനുഷ്യരുടെ ജീവിതങ്ങളിൽ വലിപ്പ ചെറുപ്പങ്ങൾ ഇല്ലാതെ സ്നേഹമായും നന്മയായും കാരുണ്യമായും സാന്ത്വനമായും അയാളുണ്ടായിരുന്നു. ഭാഗ്യാന്വേഷികളുടെ പട്ടികയിൽ നിന്നും അയാൾ എന്നും തന്നെ തന്നെ പുറത്ത് നിർത്തി. അധികാരത്തിന്റെ ഇടനാഴികളിൽ നിശബ്ദമായ ഒരു കാൽപ്പെരുമാറ്റം പോലുമാകാതെ എന്നും മാറി നടന്നു. 

കടന്നുപോയത് ഒരു വലിയ തണലായിരുന്നു. ആ തണൽ ഇല്ലാതാകുമ്പോഴാണ് പുറത്ത് ചൂട് എത്ര തീവ്രമാണ് എന്ന് നാം അറിയുന്നത്.