1945 ജനുവരി 5 

ലോകചരിത്രത്തിൽ ഇന്നത്തെ ദിവസത്തിന് വല്ലാത്തൊരു പ്രത്യേകതയുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത്, ജപ്പാൻ ലോകത്തിന് പുതിയൊരു വാക്ക് സംഭാവന ചെയ്ത ദിവസമാണ് ഇന്ന്. അതാണ് 'കാമികാസേ'. ജാപ്പനീസ് ഭാഷയിൽ ഈ വാക്കിന്റെ അർഥം 'പവിത്രമായ തെന്നൽ' എന്നാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്തിമഘട്ടത്തിൽ, തോൽവി സമ്മതിക്കാൻ  തയ്യാറില്ലാത്ത, ജീവൻ ത്യജിച്ചും ശത്രുവിനെ തറപറ്റിക്കാനുള്ള അഭിമാനികളായ ജപ്പാന്റെ ഒടുക്കത്തെ പരിശ്രമങ്ങൾക്കാണ് അന്ന് ലോകം സാക്ഷ്യം വഹിച്ചത്.

 

അപ്പോഴേക്കും ജപ്പാന്റെ ഏറ്റവും മികച്ച ഫൈറ്റർ പൈലറ്റുമാരൊക്കെയും  ശത്രുസൈന്യവുമായുള്ള ആകാശപ്പോരാട്ടത്തിനിടെ വിമാനങ്ങൾ തകർന്നു വീണ് കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു. അവശേഷിച്ചിരുന്ന ചെറുപ്പം പൈലറ്റുമാർക്ക്, വിമാനം കഷ്ടിച്ച് ആകാശത്തേക്ക് പറത്താൻ അറിയുമായിരുന്നുള്ളൂ എങ്കിലും, അവരെക്കൊണ്ട് സാധിച്ചിരുന്ന ഒരു കാര്യമുണ്ട്. വിമാനം നിറയെ സ്ഫോടകവസ്തുക്കളുമേന്തി, ശത്രുക്കളുടെ പടക്കപ്പലുകളിലേക്ക് ഇടിച്ചിറക്കുക. 75 വർഷം മുമ്പ്, ഇന്നേ ദിവസമാണ് ഇത്തരത്തിലുള്ള ചാവേർ സോർട്ടികൾക്ക് പുറപ്പെടാനല്ല ഉത്തരവ് ജപ്പാന്റെ ഫൈറ്റർ പൈലറ്റുകൾക്ക് കിട്ടുന്നത്.

 

 

ഒക്കിനാവയിൽ മാത്രം ഈ ചാവേർ പൈലറ്റുകൾ ഇങ്ങനെ മുക്കിയത് സഖ്യസേനയുടെ 30 ലധികം കപ്പലുകളാണ്. ആ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 5000 -ൽ പരം പൈലറ്റുമാരാണ്. നൂറുകണക്കിന് അമേരിക്കൻ ബ്രിട്ടീഷ് നാവികസേനാ പടക്കപ്പലുകളാണ് അന്ന് ഒക്കിനാവ ലക്ഷ്യമാക്കി പുറപ്പെട്ടു വന്നത്. ഒക്കിനാവ കീഴടക്കിയത് അവിടം ബേസ് ആക്കി ബാക്കി ജപ്പാൻ പിടിച്ചെടുക്കാം എന്നായിരുന്നു സഖ്യസേനയുടെ പ്ലാൻ. 

അക്കാലത്ത് ഒരു കാമികാസേ പൈലറ്റ് ആയിരുന്ന ഇതാത്സു സാനിലൂടെയാണ് പിന്നീട് ഈ പദ്ധതിയുടെ വിശദമായ അനുഭവസാക്ഷ്യങ്ങൾ ലോകമറിഞ്ഞത്. 1945 -ൽ പത്തൊമ്പതു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഇതാത്സു കാമിക്കാസേ ആകാൻ തയ്യാറായി മുന്നോട്ടു ചെല്ലുകയായിരുന്നു. എന്നാൽ, ലക്ഷ്യമിട്ടു പുറപ്പെട്ട യുദ്ധക്കപ്പലിന്റെ അടുത്തെത്തും മുമ്പ് അയാൾ പറത്തിയ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി. വിമാനത്തിൽ നിന്ന് ഇജക്റ്റ് ചെയ്ത് പുറത്തിറങ്ങേണ്ടി വന്നു അയാൾക്ക്. രണ്ടാമതൊരു വിമാനത്തിലേറി ഇതാത്സുവിന് വീണ്ടുമൊരു കാമിക്കാസേ ദൗത്യവുമായി പറന്നുപൊങ്ങാന് അവസരം കിട്ടും മുമ്പ് യുദ്ധത്തിൽ ജപ്പാൻ പരാജയം സമ്മതിച്ചു കഴിഞ്ഞിരുന്നു. 

 

 

ഏറെക്കാലം ഇതാത്സു തന്റെ ഈ കാമിക്കാസേ ചാവേർ പശ്ചാത്തലം ഒരു രഹസ്യമാക്കി വെച്ചു. ശത്രുവിന്റെ പടക്കപ്പൽ മുക്കി രക്തസാക്ഷിത്വം വരിക്കുക എന്ന തന്നിൽ അർപ്പിതമായിരുന്ന ദൗത്യത്തിൽ താൻ പരാജയപ്പെട്ടു എന്ന കുറ്റബോധം അയാളെ ഏറെനാൾ വേട്ടയാടിക്കൊണ്ടിരുന്നു. ഇടക്കെപ്പോഴോ അതിന്റെ പേരിൽ ആത്മാഹുതി ചെയ്തു കളയാൻ വരെ അയാൾ തീരുമാനമെടുത്തിരുന്നു. അതിനുള്ള ധൈര്യവും വരാഞ്ഞതിനാൽ അയാൾ ഈ കഥകളൊക്കെ പറയാൻ വേണ്ടി അവശേഷിച്ചു. 

എഴുപതുകളിൽ, അയാൾ തന്റെ കാമിക്കാസേ സഖാക്കളുടെ കുടുംബങ്ങളെ തേടിയിറങ്ങി. അവരുടെ പ്രിയപ്പെട്ടവരിൽ നിന്ന്, തങ്ങളുടെ ജീവിതത്തിലെ അവസാനയാത്രക്ക് പുറപ്പെടും മുമ്പ് ഈ യുവാക്കൾ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് എഴുതി വിട്ട കത്തുകളും അവരുടെ ഫോട്ടോകളും ഒക്കെ അയാൾ ശേഖരിച്ചു. ചരിത്രത്തിൽ ഇടം നേടിയ ആ ശേഖരം പിന്നീട് 'കാമിക്കാസേ കത്തുകൾ' എന്നപേരിൽ പ്രസിദ്ധമായി. 

 

"പ്രിയപ്പെട്ട അമ്മയ്ക്ക്, മരിച്ചു പോകും മുമ്പ് നിങ്ങൾക്കുവേണ്ടി ഇനിയും പലതും ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ, ചക്രവർത്തിയുടെ അഭിമാനം സംരക്ഷിക്കാൻ വേണ്ടി പ്രാണത്യാഗം ചെയ്യുക എന്നത് വിരലിൽ എണ്ണാവുന്നവർക്ക് മാത്രം കൈവരുന്ന ഒരു അസുലഭാവസരമാണ്. ഞാൻ പോകുന്നു, സങ്കടപ്പെടരുത്, എന്ന് സ്വന്തം മകൻ" ഈ സ്വഭാവത്തിലുള്ള കത്തുകളായിരുന്നു അവയിൽ പലതും. 

രണ്ടാം ലോക മഹായുദ്ധത്തിൽ ഏറെ അക്രമാസക്തമായ രീതിയിൽ പങ്കെടുത്ത ജപ്പാൻ, യുദ്ധകാലത്ത് പ്രവർത്തിച്ച ക്രൂരതകൾ ഒക്കെയും, യുദ്ധത്തിന്റെ അവസാന കാലത്ത് അവർക്കുനേരെ അമേരിക്ക നടത്തിയ അണ്വായുധ അക്രമണത്തോടെ അപ്രസക്തമായി. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വീണ ആ നിമിഷം ജപ്പാന്റെ അസ്തിത്വം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരയുടേത് മാത്രമായി. ലോകത്തിൽ അണ്വായുധത്തിന്റെ ഗുരുതരമായ യാതനകൾക്ക് വിധേയമായ ഒരേയൊരു രാജ്യം ജപ്പാൻ മാത്രമാണ്. രണ്ടു മഹായുദ്ധങ്ങളിൽ ജപ്പാന് നഷ്ടമായത് അവരുടെ ജനതയിലെ വലിയൊരു വിഭാഗം യുവജനങ്ങളെയാണ്. ആ കൂട്ടത്തിൽ ചരിത്രത്തിൽ ഏറെ പ്രസക്തമായി രേഖപ്പെടുത്തപ്പെട്ട ഒന്നാണ് കാമിക്കാസേ എന്ന ഈ ചാവേർ ചരിതവും. 

 

കടപ്പാട് : ബിബിസി