Asianet News MalayalamAsianet News Malayalam

കമലേഷ് തിവാരി, ബാബ്‌റി മസ്ജിദ് തകർത്ത കർസേവകനിൽ നിന്ന് ഹിന്ദുമഹാസഭാ നേതാവിലേക്കുള്ള വളർച്ച

മുസ്ലിം വിരോധമായിരുന്നു കമലേഷ് തിവാരിയുടെ അടിസ്ഥാന അജണ്ട. ബാബ്‌റി മസ്ജിദ് തകർക്കുന്നതും, ഘർവാപ്പസിക്ക് മുൻകൈ എടുത്തതും, വിദ്വേഷപ്രഭാഷണങ്ങൾ നടത്തുന്നതും ഒക്കെ ഉള്ളിലുറഞ്ഞുകിടന്നിരുന്ന ആ വൈരത്തിന്റെ പുറത്താണ്. 

kamlesh tiwari, journey from the karsevak who demolished Babri Mazjid to the Hindu Maha Sabha leader
Author
Lucknow, First Published Oct 22, 2019, 11:03 AM IST

ഒക്ടോബർ പത്തൊമ്പതാം തീയതി ലഖ്‌നൗവിലെ പത്രങ്ങൾ പുറത്തിറങ്ങിയത് ഞെട്ടിക്കുന്ന ഒരു വാർത്തയുമായിട്ടാണ്. ഹിന്ദു സമാജ് പാർട്ടിയുടെ നേതാവായ കമലേഷ് തിവാരി കൊല ചെയ്യപ്പെട്ടിരിക്കുന്നു. കത്തികൊണ്ടുള്ള നിരവധി കുത്തുകൾ, കഴുത്തിലെ ഞരമ്പിനുകുറുകെ കത്തികൊണ്ടുണ്ടാക്കിയ മുറിവ്, കഴുത്തിൽ ചേർത്തുവെച്ച് പൊട്ടിച്ച വെടി. ഇത്രയുമാണ് മരണത്തിന് കാരണമായത്. കമലേഷ് തിവാരിയോട് കടുത്ത വെറുപ്പുള്ള ആരോ ആണ് ഇത് ചെയ്തതെന്ന് വ്യക്തമായിരുന്നു. കൊലപാതകത്തിന് പിന്നിൽ ആര് എന്ന കാര്യത്തിൽ പരസ്പരവിരുദ്ധമായ പല ഊഹാപോഹങ്ങളും ഉയർന്നുവന്നു.

കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് കമലേഷ് തിവാരി ഒരു ഫേസ്‌ബുക്ക് ലൈവിൽ വന്നുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള സംഘപരിവാർ നേതാക്കളെ നിശിതമായി വിമർശിച്ചിരുന്നു. നന്ദികെട്ടവർ എന്നാണ് അദ്ദേഹം ആ പ്രസ്താവനയിൽ ആർഎസ്എസ്സ് അടക്കമുള്ള മറ്റു മുഖ്യധാരാ ഹൈന്ദവ സംഘടനകളെ വിളിച്ചത്. ആർഎസ്എസ്സിനെ ആരെങ്കിലും എന്തെങ്കിലും ദുഷിച്ചു പറഞ്ഞാൽ, താനാണ് ആദ്യം പ്രതികരിക്കാറുള്ളത് എന്നും, എന്നാൽ അതിന്റെ നന്ദി അവർക്കില്ല എന്നും, തന്റെ സെക്യൂരിറ്റി എടുത്തുകളഞ്ഞ് അവർ തന്നെ കൊലക്ക് കൊടുക്കാൻ ആഗ്രഹിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

ഈ ആരോപണങ്ങൾക്ക് പിന്നാലെ കൊലപാതകം അരങ്ങേറിയപ്പോൾ, അദ്ദേഹത്തിന്റെ ഭാര്യയും ആദ്യം വിരൽ ചൂണ്ടിയത് സംഘപരിവാറിന് നേരെത്തന്നെയാണ്. ചില പ്രവാചകവിരുദ്ധ പ്രസ്താവനകളുമായി ബന്ധപ്പെട്ടുകൊണ്ട് കമലേഷ് തിവാരിയുടെ തലയ്ക്ക് മുസ്ലിം നേതാക്കളിൽ ചിലർ വിലയിടുന്ന സാഹചര്യം വരെ മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. അതുകൊണ്ട്, ഇത് മതനിന്ദയുമായി ബന്ധപ്പെട്ട ഒരു കൊലപാതകമാണ് എന്ന സംശയമാണ് തുടക്കം മുതലേ പൊലീസിനുണ്ടായിരുന്നത്. തിവാരിയുടെ വീടിനു ചുറ്റുമുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചതോടെ ആ സംശയം  ബലപ്പെട്ടു. കൊലനടന്ന തിവാരിയുടെ വീടിന്റെ പരിസരത്തുനിന്ന് ഗുജറാത്തിലെ ഒരു ബേക്കറിയുടെ സ്വീറ്റ് ബോക്സ് കൂടി കണ്ടെടുത്തതോടെ അന്വേഷണത്തിനായി യുപി പോലീസ് ഗുജറാത്ത് ATS -ന്റെ സഹായം തേടി.

ആരാണ് കമലേഷ് തിവാരി?

കമലേഷ് നന്നേ ചെറുപ്പം മുതൽക്കേ തന്നെ ഒരു മുസ്ലിം വിരോധിയായിരുന്നു. കടുത്ത മുസ്ലിം വിരോധം ഉള്ളിൽ സൂക്ഷിക്കുകയും, വാക്കിലും പ്രവൃത്തിയിലും പ്രകടിപ്പിക്കുകയും ചെയ്തു പോന്നിരുന്ന കമലേഷ് തിവാരി പന്ത്രണ്ടാം വയസ്സിലാണ് ആദ്യമായി ഒരു മുസ്ലിം വിരുദ്ധ പ്രവർത്തനം നടത്തുന്നത്. വഴിയരികിൽ ഒരു ഹിന്ദുസ്ത്രീയോട്‌ സംസാരിച്ചുനിൽക്കുന മുസ്ലിം യുവാവിനെ കണ്ടപ്പോൾ  കമലേഷിന് ഒട്ടും സഹിച്ചില്ല. ഉടൻ തന്നെ ഗ്രാമത്തിലേക്ക് ചെന്ന് ഹൈന്ദവസംഘടനകളിൽ പ്രവർത്തിക്കുന്ന യുവാക്കളെ വിളിച്ചുകൂട്ടി ആ യുവാവിനെ മർദ്ദിച്ച് അവശനാക്കി. ഹിന്ദു പെൺകുട്ടിയുടെ  വീട്ടിലും ചെന്ന് പ്രശ്നമുണ്ടാക്കി. ഇരുവരെയും ഒരു പാഠം പഠിപ്പിക്കുകയായിരുന്നു തിവാരിയുടെ ലക്ഷ്യം. 

 

kamlesh tiwari, journey from the karsevak who demolished Babri Mazjid to the Hindu Maha Sabha leader


അത് ഒരു തുടക്കം മാത്രമായിരുന്നു. പിന്നീടങ്ങോട്ട് ഹിന്ദുത്വത്തിൽ അടിയുറച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയപ്രയാണമായിരുന്നു കമലേഷ് തിവാരിയുടേത്. ലഖ്‌നൗവിൽ 'കമലേഷ് ടൈഗർ' എന്നും അറിയപ്പെട്ടിരുന്ന തിവാരി പ്രശസ്തിയുടെ പടവുകൾ കയറുന്നത്, 1992-ൽ ബാബരി മസ്‍ജിദ് തകർക്കപ്പെട്ട സംഭവത്തിൽ പങ്കെടുത്തുകൊണ്ടും, അതോടനുബന്ധിച്ച് നിരവധി വിദ്വേഷപ്രഭാഷണങ്ങൾ നടത്തിക്കൊണ്ടുമാണ്. റാം ജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അശോക് സിംഗളിനെയും, പള്ളിപൊളിക്കാൻ ആഹ്വാനം നൽകിയ സാധ്വി ഋതംഭരയെയും, മഹാത്മാ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെയും ഒക്കെയായിരുന്നു കമലേഷ് തിവാരി ആരാധനയോടെ കണ്ടിരുന്നത്. സ്വന്തമായി ഒരു പാർട്ടി രൂപീകരിക്കും മുമ്പ്, തിവാരി ബജ്‌റംഗ്ദൾ, അഖിലഭാരതീയ ഹിന്ദുമഹാസഭ  തുടങ്ങിയ സംഘപരിവാർ സംഘടനകളിലൊക്കെ ചേർന്നു പ്രവർത്തിക്കുകയുണ്ടായി.
 
പതിനാറാം വയസ്സിലെ ഹിന്ദു ടൈഗർ ഫോഴ്സ്

തന്റെ പതിനാറാം വയസ്സിൽ തന്നെ കമലേഷ് തിവാരി, ലഖ്‌നൗവിനടുത്തുള്ള സീതാപൂർ എന്ന തന്റെ ഗ്രാമത്തിൽ പത്തുപന്ത്രണ്ടു ഹിന്ദുയുവാക്കളെ ഒന്നിച്ചുകൂടി ഹിന്ദു ടൈഗർ ഫോഴ്സ് എന്ന പേരിൽ ഒരു സംഘടനയുണ്ടാക്കി. അംഗങ്ങൾ അവരവർ കമാഡർമാർ എന്നാണ് വിളിച്ചിരുന്നത്. പ്രദേശത്തെ മുസ്ലീങ്ങളെ നിരീക്ഷിക്കുക എന്നതായിരുന്നു കമാൻഡർമാരിൽ നിക്ഷിപ്തമായിരുന്ന കർത്തവ്യം. ഇന്ത്യയെ എങ്ങനെ ഇസ്ലാം മുക്തമാക്കും എന്ന വിഷയത്തിൽ അവർ നയരൂപീകരണങ്ങൾ നടത്തി. ധർണകൾ സംഘടിപ്പിച്ചു, ഹിന്ദുരാഷ്ട്രമെന്ന സങ്കല്പത്തിന് പ്രചാരം നൽകി, മുസ്ലിം യുവാക്കളുടെ 'വലയിൽ' വീഴുന്ന ഹിന്ദു യുവതികളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിത്തുടങ്ങി.

ഹൈന്ദവസമുദായങ്ങളിൽ പെട്ട യുവതികളെ ലവ് ജിഹാദിലൂടെ മതം മാറ്റാനിറങ്ങുന്നു എന്ന് തിവാരിക്ക് തോന്നിയവരൊക്കെ ഈ ഹിന്ദു ടൈഗർ ഫോഴ്‌സിന്റെ ആക്രമണത്തിന് ഇരയായി. ഘർവാപ്പസികൾക്ക് നേതൃത്വം നൽകി. അങ്ങനെ ഹിന്ദു ടൈഗർ ഫോഴ്സിന് ജനപ്രീതി കിട്ടിത്തുടങ്ങി. നിരവധി യുവാക്കൾ സംഘടനയിൽ അംഗങ്ങളായി.

kamlesh tiwari, journey from the karsevak who demolished Babri Mazjid to the Hindu Maha Sabha leader 
 

അങ്ങനെയിരിക്കെയാണ് റാം ജന്മഭൂമി പ്രക്ഷോഭമുണ്ടാകുന്നത്. 1990 -ൽ കൽക്കത്തയിൽ നിന്നുള്ള കോത്താരി സഹോദരന്മാർ അടക്കമുള്ള 14 കർസേവകർ അയോധ്യയിൽ നടന്ന പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് കമലേഷിനെ തന്റെ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. 1992-ൽ നടന്ന ബാബരി മസ്‍ജിദ് തകർക്കലിൽ കമലേഷ് തിവാരി തന്റെ ടൈഗർ ഫോഴ്‌സുമായി ചെന്ന് നേരിട്ടു പങ്കെടുത്തു. ബാബ്‌റി മസ്‌ജിദിന്‌ ശേഷം ബനാറസിലെ ഗ്യാൻവാപി മുക്തി മോസ്‌ക് എന്ന പള്ളി പൊളിക്കാൻ വേണ്ടിയും തിവാരി ശ്രമങ്ങൾ നടത്തിയിരുന്നു. പ്രസ്തുത പള്ളി കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മണ്ണിലാണ് നിൽക്കുന്നത് എന്നായിരുന്നു തിവാരിയുടെ വാദം. അങ്ങനെ ഇന്ത്യയിൽ പലയിടങ്ങളിലായി അമ്പലങ്ങൾ പൊളിച്ചുണ്ടാക്കിയ പന്ത്രണ്ടോളം പള്ളികളുടെ ലിസ്റ്റ് തിവാരി ഗവേഷണം നടത്തി പുറത്തുകൊണ്ടുവന്നു. അതിൽ കേരളത്തിലെ കൊടുങ്ങല്ലൂരിലുള്ള ചേരമാൻ പള്ളി വരെ ഉണ്ടായിരുന്നു. 2010 -ലെ അയോധ്യാതർക്കത്തെ സംബന്ധിച്ചുണ്ടായ ചരിത്രപ്രധാനമായ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌തുകൊണ്ട് സുപ്രീം കോടതിയിൽ കമലേഷ് തിവാരി ഒരു സിവിൽ അന്യായവും ഫയൽ ചെയ്യുകയുണ്ടായി. 

ഹിന്ദുമഹാസഭയിലേക്കുള്ള എൻട്രി 

ഇങ്ങനെ, ഹിന്ദു ടൈഗർ ഫോഴ്‌സിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് തിവാരി ഹിന്ദു മഹാസഭയുടെ പ്രസിഡന്റായ ദിനേശ് ത്യാഗിയുടെ ശ്രദ്ധയിൽ പെടുന്നത്. അദ്ദേഹം കമലേഷ് തിവാരിയെ തന്റെ അനുയായിയായി സഭയിൽ അംഗമാക്കി. അതോടെ പ്രവർത്തനമണ്ഡലം ദില്ലിയിലേക്ക് മാറ്റിയ തിവാരി, ഹിന്ദു മഹാസഭയുടെ നാഷണൽ എക്സിക്യൂട്ടീവ്‌ പ്രസിഡണ്ടുവരെ ആയി. തുടർന്നുളള വർഷങ്ങളിൽ തിവാരി ഹിന്ദു മഹാസഭയുടെ മുൻനിരയിൽ നിന്ന് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചു. യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കാൻ വേണ്ടിയും തിവാരി ഏറെ ചരടുവലികൾ നടത്തിയിട്ടുണ്ട്. കൃത്യമായ ലക്ഷ്യബോധമോ, സംഘടനാക്രമമോ ഇല്ലാതിരുന്ന ഹിന്ദുമഹാസഭയെ വളരെ ആസൂത്രിതമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു കൊണ്ടുപോയത് തിവാരിയാണ്. 

kamlesh tiwari, journey from the karsevak who demolished Babri Mazjid to the Hindu Maha Sabha leader


എന്നാൽ, കമലേഷ് തിവാരി ഹിന്ദുമഹാസഭയിൽ നിന്ന് പുറത്താകുന്ന ഒരു സാഹചര്യവും അധികം വൈകാതെ തന്നെ സംജാതമായി. 2015 -ൽ, ആർഎസ്എസുകാരിൽ പലരും സ്വവർഗ്ഗരതിക്കാരായതുകൊണ്ടാണ് അവർ വിവാഹം കഴിക്കാതെ ബ്രഹ്മചാരികളെന്നമട്ടിൽ തുടരുന്നത് എന്ന ആരോപണവുമായി ആസം ഖാൻ മുന്നോട്ടുവന്നപ്പോൾ, അതിനുള്ള മറുപടിയെന്നോണം പ്രവാചകനെതിരെയും അതേ നാണയത്തിൽ  ‍ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് കമലേഷ് തിവാരി നടത്തിയ പ്രത്യാക്രമണം, അന്ന് നിരവധി മുസ്ലിങ്ങളെ ചൊടിപ്പിക്കുന്നതിന് ഇടയാക്കി. പ്രകടനവുമായി പതിനായിരങ്ങൾ തെരുവിലിറങ്ങിയിരുന്നു. 
 

kamlesh tiwari, journey from the karsevak who demolished Babri Mazjid to the Hindu Maha Sabha leader


ആ പ്രകടനങ്ങളിലൊന്നിൽ ഈ രണ്ടു ഇമാമുമാരും കമലേഷിന്റെ തല കൊയ്യുന്നവർക്ക് കോടികളുടെ സമ്മാനവും  പ്രഖ്യാപിച്ചിരുന്നു. എന്തായാലും അഖിലേഷ് സർക്കാർ ഈ പ്രസ്താവനയുടെ പേരിൽ കമലേഷ് തിവാരിക്കുമേൽ ദേശീയ സുരക്ഷാ നിയമം ചുമത്തി, അദ്ദേഹത്തെ ജയിലിലടച്ചു. അതോടെ അത്രനാളും തിവാരി കൂടെനിന്നു പ്രവർത്തിച്ച സംഘടന അദ്ദേഹത്തെ കയ്യൊഴിഞ്ഞു. 'കമലേഷ് തിവാരി ഹിന്ദുമഹാസഭയിലെ അംഗമല്ല' എന്ന ഔദ്യോഗിക വിശദീകരണം സംഘടനയുടെ ഭാഗത്തുനിന്ന് വന്നപ്പോൾ അത് തിവാരിയെ ഏറെ തളർത്തി. മാസങ്ങൾക്കുശേഷം ജാമ്യത്തിൽ ജയിലിൽ നിന്നിറങ്ങിയ ശേഷം വീണ്ടും ഗോഡ്‌സെയുടെ പേരിൽ അമ്പലമുണ്ടാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അത് വീണ്ടും പ്രക്ഷോഭങ്ങളിലേക്കും, കമലേഷ് തിവാരിയുടെ അറസ്റ്റിലേക്കും നയിച്ചു. തിവാരി വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. 

 

kamlesh tiwari, journey from the karsevak who demolished Babri Mazjid to the Hindu Maha Sabha leader


ഒടുവിൽ കേസെല്ലാം തീർന്ന് ജയിലിൽ നിന്നിറങ്ങിയശേഷം തിവാരി സ്വന്തമായി 'ഹിന്ദു സ്വരാജ് പാർട്ടി' എന്നൊരു സംഘടന രൂപീകരിച്ചു. അയോധ്യയിൽ ശ്രീരാമക്ഷേത്രം നിർമിക്കണം എന്ന  നിരന്തരപ്രചാരണത്തിൽ മുഴുകി. അതിനിടെ ലഖ്‌നൗവിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുകയും ചെയ്തിരുന്നു തിവാരി. കഴിഞ്ഞ വർഷം തിവാരി തുടങ്ങി വെച്ച ഏറ്റവും പുതിയ പ്രക്ഷോഭമായിരുന്നു, "മുസൽമാന്മാർ ഇന്ത്യ വിടുക..'' എന്നത്.  ഈ ആവശ്യവും ഉന്നയിച്ചുകൊണ്ട് ഉത്തരേന്ത്യയിൽ അങ്ങോളമിങ്ങോളം തിവാരിയും ഭടന്മാരും റാലികൾ നടത്തി. പതിനെട്ടു സംസ്ഥാനങ്ങളിൽ ചുറ്റിനടന്ന് പ്രചാരണം നടത്തിയ തിവാരിയും സംഘവും മോശമല്ലാത്ത ഒരു ബേസ് ഉണ്ടാക്കിയെടുത്തു. അന്യര്യാജ്യങ്ങളിൽ പാർക്കുന്ന ഹിന്ദുക്കൾ തിരിച്ചുവരണം എന്നും തിവാരി ആഹ്വാനം ചെയ്തു. മ്യാന്മാറിന് മുസ്ലീങ്ങളെ നാടുകടത്താമെങ്കിൽ, എന്തുകൊണ്ട് ഇന്ത്യക്ക് ആയിക്കൂടാ എന്നതായിരുന്നു തിവാരിയുടെ ചോദ്യം.

കൊലപാതകവും അന്വേഷണവും 

ഇത്രയും ആയപ്പോഴേക്കും തിവാരിക്ക് വധഭീഷണികൾ വന്നുതുടങ്ങി. ഇതേപ്പറ്റി അദ്ദേഹം ഉത്തർപ്രദേശ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് എഴുതുകയും ചെയ്തു. ഹിന്ദുക്കൾ സായുധരായിരിക്കണം എന്ന് സദാ ആവശ്യപ്പെട്ടുകൊണ്ടിരുന്ന തിവാരി പക്ഷേ സ്വന്തം സുരക്ഷയ്ക്ക് വേണ്ട ആയുധം കരുതിയിരുന്നില്ല. തന്റെ സംഘടനയ്ക്ക്  രാജ്യത്തെങ്ങും ശാഖകളുണ്ടാകണമെന്നും അതിൽ ലക്ഷോപലക്ഷം ഹിന്ദുയുവജനങ്ങൾ അംഗങ്ങളാകണം എന്നും തിവാരി ആഗ്രഹിച്ചിരുന്നു. തിവാരിയുടെ ഈ ദൗർബല്യത്തിൽ പിടിച്ചുകയറിയാണ് അദ്ദേഹത്തിന്റെ ഘാതകരെ കൊല്ലാൻ പറ്റുന്നത്ര അടുത്ത് എത്തിപ്പെട്ടതും, ആരുമറിയാതെ ആ കൃത്യം നിർവഹിച്ചതും. ഹിന്ദു പേരിൽ ഫേസ്‌ബുക്കിൽ ഐഡി ഉണ്ടാക്കി, അതിലൂടെ ചാറ്റ് ചെയ്ത്, ഒടുവിൽ കണ്ടു സംസാരിക്കാൻ അപ്പോയിന്റ്മെന്റ് വരെ ഫിക്സ് ചെയ്തിട്ടാണ് കൊലയാളികൾ ഹിന്ദുത്വപ്രവർത്തകരുടെ വേഷവും ധരിച്ച് തിവാരിയെ വധിക്കാനായി വന്നെത്തിയത്. ദീപാവലിക്കുള്ള മധുരം എന്നമട്ടിൽ ഒരു സ്വീറ്റ് ബോക്സ്, അതിനുള്ളിൽ ഒരു കത്തിയും, തോക്കും. ഇങ്ങനെ ആർക്കും യാതൊരു വിധത്തിലുള്ള സംശയവും തോന്നിക്കാതെ തിവാരി ഒറ്റയ്ക്കുള്ള അവസരം നോക്കി വീട്ടിലെത്തിയ മൂന്നുപേർ ചേർന്നാണ് കൊലപാതകം നടത്തിയത്. ഗുജറാത്തിലും, ദുബായിലും ഒക്കെയായാണ് ഇതിന്റെ ഗൂഢാലോചനകൾ നടന്നതെന്ന് പറയപ്പെടുന്നു. അൽ ഹിന്ദ് എന്നൊരു സംഘടന ഇതിന്റെ ഉത്തരവാദിത്തവും ഏറ്റെടുത്തു കഴിഞ്ഞു.

പൊലീസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. ഉത്തർപ്രദേശ് പൊലീസ്, ഗുജറാത്ത് എടിഎസുമായി ചേർന്ന് എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റകൃത്യം നടത്തിയവരെപ്പറ്റി വിവരം നൽകുന്നവർക്ക് 2.5 ലക്ഷം രൂപയാണ് ഉത്തർപ്രദേശ് ഡിജിപി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുവരെ നാലുപേർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങൾക്കുള്ളിൽ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പിടിയിലായവരിൽ നിന്ന് വധവുമായി ബന്ധപെട്ടു നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തവരെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. വരുംദിവസങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം. 

 

Follow Us:
Download App:
  • android
  • ios