കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഇന്ത്യൻ വ്യോമസേനയുടെ വജ്രായുധങ്ങളായി നിലകൊണ്ടിരുന്ന റഷ്യൻ നിർമിത മിഗ് 27 യുദ്ധവിമാനങ്ങൾ ഇനി ചരിത്രത്തിന്റെ ഭാഗമാകും. ഓപ്പറേഷൻ സഫേദ് സാഗർ എന്നപേരിൽ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ പോരാട്ടങ്ങളിൽ മിഗ് 27 യുദ്ധവിമാനങ്ങൾ നിർവഹിച്ച പങ്ക് ഏറെ നിർണായകമായിരുന്നു. കാർഗിൽ യുദ്ധാനന്തരം ഈ വിമാനങ്ങൾ അവയുടെ മികവുകൊണ്ട് സേനയിൽ 'ബഹാദൂർ' എന്നറിയപ്പെട്ടിരുന്ന. ഇന്ന് പരിഷ്കരിച്ച മിഗ് 27 വിമാനങ്ങളുമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക ഫ്ലയിങ് സ്ക്വാഡ്രൺ ആയ 29 സ്ക്വാഡ്രൺ അതിന്റെ അവസാനത്തെ മിഗ് 27 സോർട്ടിക്ക് ഇന്ന് പറന്നുയരും.

1958 മാർച്ച് 10 -നാണ് ഹൽവാരയിലെ എയർഫോഴ്സ് സ്റ്റേഷൻ ആസ്ഥാനമാക്കിക്കൊണ്ട് സ്ക്വാഡ്രൺ ലീഡർ സുഖ്ജീന്ദർ സിങിന്റെ നേതൃത്വത്തിലാണ് സ്കോർപ്പിയോസ് എന്നറിയപ്പെടുന്ന 29 സ്ക്വാഡ്രൺ പ്രവർത്തനമാരംഭിക്കുന്നത്. അന്ന് ഔറഗൺ(തൂഫാനി) വിമാനങ്ങളാണ് സേനയ്ക്കുണ്ടായിരുന്നത്. പിന്നീടങ്ങോട്ട് മിഗ് 21 ടൈപ്പ് 77, മിഗ് 21 ടൈപ്പ് 96, മിഗ് 27 ML, മിഗ്  27 അപ്ഗ്രേഡ് എന്നിങ്ങനെ പലതരം പോർവിമാനങ്ങൾ അവിടെ നിന്ന് പറന്നുപൊങ്ങി. 1971 -ലെ യുദ്ധത്തിൽ നിർണായകമായ പല ദൗത്യങ്ങളും ഈ സ്ക്വാഡ്രൺ വിജയകരമായി പൂർത്തിയാക്കി. പശ്ചിമ, ഉത്തര സെക്ടറുകളിൽ പല കോംബാറ്റ് എയർ പെട്രോൾ (CAP) ദൗത്യങ്ങൾക്കും ഈ സ്ക്വാഡ്രൺ നേതൃത്വം നൽകി. 1971 -ലെ യുദ്ധത്തിൽ പ്രകടിപ്പിച്ച വീര്യത്തിന് പ്രസിഡന്റിന്റെ എയർ ഒഫൻസീവ് ബാറ്റിൽ ഓണേഴ്‌സ് പുരസ്കാരവും, പിന്നീട് 1997 -ൽ പ്രസിഡന്റ്‌സ്‌ സ്റ്റാൻഡേർഡ് പുരസ്കാരവും സ്ക്വാഡ്രൺ 29 നേടിയിട്ടുണ്ട്. 'സദൈവ സചേത്' (Ever Alert) എന്നതാണ് ഈ സ്ക്വാഡ്രണിന്റെ മോട്ടോ. 1973 -ൽ ജോധ്‌പൂരിലേക്ക് നീങ്ങിയ ഈ സ്ക്വാഡ്രൺ പിന്നീട് 1975 -ൽ ജാംനഗറിലേക്കും ഒടുവിൽ 1997 -ൽ തിരികെ ജോധ്‌പൂരിലേക്കും മാറുകയുണ്ടായി. പല യുദ്ധങ്ങളിലായി, രാജ്യത്തിനുവേണ്ടി നിരന്തരം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുളള ഈ സ്ക്വാഡ്രൺ 31 മാർച്ച് 2020 -ൽ 'നമ്പർ പ്ലേറ്റ്' ചെയ്യപ്പെടും. ഒരു സ്ക്വാഡ്രനെ അതിന്റെ പ്രവർത്തനത്തിൽ നിന്ന് ഡീ-കമ്മീഷൻ ചെയ്യുനന്തിനാണ് എയർഫോഴ്സിൽ നമ്പർ പ്ലേറ്റിംഗ് എന്ന് പറയുക.

റഷ്യൻ നിർമ്മിതമാണ് ഈ മിഗ് വിമാനങ്ങൾ. മികോയാൻ ഗുരേവിച്ച് എന്ന വിമാനനിർമ്മാണ കമ്പനിയുടെ പേരിന്റെ ചുരുക്കപ്പേരാണ് മിഗ് എന്നത്. മിഗിന്റെ ലൈസൻസോടെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് ഇന്ത്യയിൽ ഇവ നിർമിച്ചിട്ടുള്ളത്. 1985 മുതൽ സേവനരംഗത്തുളള മിഗ് 27 വിമാനങ്ങളുടെ അവസാനത്തെ ടേക്ക് ഓഫ് ആണ് ഇന്ന് ജോധ്പൂർ എയർ ബേസിൽ നിന്ന് നടക്കുക. അവസാനത്തെ ഏഴു മിഗ് 27 വിമാനങ്ങളാണ് ഇന്ന് ടേക്ക് ഓഫ് ചെയ്യുക. പ്രകടനം മെച്ചപ്പെടുത്താൻ പ്രത്യേക അപ്‌ഗ്രേഡിങുകൾ ചെയ്തിട്ടുള്ള ഈ മിഗ് വിമാനങ്ങൾ 2006 -ലാണ് എയർ ഫോഴ്‌സിന്റെ ഭാഗമായത്.  മിഗ് 27 വിമാനങ്ങളുടെ വിടവാങ്ങലിന് ആഘോഷപൂർവമുള്ള ചടങ്ങുകളാണ് വ്യോമസേന നടത്താൻ പോകുന്നത്. മുൻ കാലങ്ങളിൽ സേനയുടെ ഭാഗമായ, ഇപ്പോൾ വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന പല ഫൈറ്റർ പൈലറ്റുമാരും, എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർമാരും, അനുബന്ധ ജീവനക്കാരും അടക്കം ഒരു വൻനിര തന്നെ പരിപാടികൾക്കായി ജോധ്‌പൂരിൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

2001 മുതൽ നിരവധി ക്രാഷുകൾക്കും IAF -ന്റെ ഈ വിമാനവ്യൂഹം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്നുവരെ പന്ത്രണ്ടു തവണയാണ് ഇവ തകർന്നു വീണിട്ടുള്ളത്. ഫെബ്രുവരി 2010 -ൽ നിരന്തരമുള്ള തകർന്നു വീഴൽ കാരണം 150 മിഗ് വിമാനങ്ങളുടെ ഒരു ഫ്‌ളീറ്റ് തന്നെ ഗ്രൗണ്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് മിഗ് കമ്പനി, വില്പനക്ക് ശേഷം HAL നടത്തിയ ഓവർ ഹോളിങ്ങിനെയാണ് പഴിചാരിയത്. ഇന്ത്യൻ മിഗുകൾ വിരമിക്കുന്നതോടെ, ഇനി മിഗ് 27 യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നതായി അവശേഷിക്കുന്ന ഒരേയൊരു വ്യോമസേന കസാഖിസ്ഥാന്റെതാകും.