Asianet News MalayalamAsianet News Malayalam

ബംഗളൂരുവിന് ഇനി 'ഉറക്കമില്ലാ രാവുകള്‍'; കടകള്‍ക്ക് 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

നഗരത്തിലെ ട്രേഡ് യൂണിയനുകള്‍ തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും ഇതുമൂലം ജീവനക്കാരില്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത് തടയാന്‍ നടപടികളുണ്ടാവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

Karnataka government allows shops that employ over 10 people to do business 24 hours
Author
Bangalore, First Published Nov 24, 2019, 2:47 PM IST

ബംഗളൂരു: ഐടി നഗരത്തില്‍ ഷോപ്പിങ്ങിനിറങ്ങുമ്പോള്‍ ഇനി വൈകിയാല്‍ കട അടയ്ക്കുമെന്ന ടെന്‍ഷന്‍ വേണ്ട. പച്ചക്കറിക്കടകളായാലും, ഷോപ്പിങ് മാളുകളായാലും 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. പക്ഷേ, കുറഞ്ഞത് 10 ജീവനക്കാരെങ്കിലും ഉള്ള കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അനുമതി ലഭിച്ചിരിക്കുത്. 

നൈറ്റ് ഷിഫ്റ്റിലും സെക്കന്‍ഡ് ഷിഫ്റ്റിലും ജോലിചെയ്യുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഐടി/ബിപിഒ രംഗത്തുമാത്രമല്ല മെഡിക്കല്‍, ഫാക്ടറി തൊഴില്‍ മേഖലകളില്‍ ലക്ഷകണക്കിനാളുകളാണ് രാത്രി ജോലിചെയ്യുന്നത്. ഇതിനു പുറമേ നഗരത്തിന്റെ മുക്കിലും മൂലയിലും കാവല്‍ നില്‍ക്കുന്ന പൊലീസുകാരും സെക്യൂരിറ്റി ജീവനക്കാരും വേറെ. ഇവര്‍ക്കെല്ലാം അനുഗ്രഹമാവുന്നതാണ് കടകളുടെ സമയദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം. നിലവില്‍ മൂന്നു വര്‍ഷത്തേക്കാണ് അനുമതി. അതിനുശേഷം പുനപരിശോധന നടത്തും.

നഗരത്തിലെ ട്രേഡ് യൂണിയനുകള്‍ തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും ഇതുമൂലം ജീവനക്കാരില്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത് തടയാന്‍ നടപടികളുണ്ടാവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചെറുകിട വ്യാപാരികള്‍ തീരുമാനത്തില്‍ തൃപ്തരല്ല. വന്‍കിട ബ്രാന്‍ഡുകള്‍ക്കു മാത്രമാണ് ഇതുകൊണ്ട് നേട്ടമെന്നും അവര്‍ക്ക് കൂടുതല്‍ ജീവനക്കാരെ നിയമിച്ച് ലാഭം വര്‍ദ്ധിപ്പിക്കാമെന്നുമാണ് പറയുന്നത്. 

അസോചം, ഫെഡറേഷന്‍ ഓഫ് കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ബാംഗ്ലൂര്‍ ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കൊമേഴ്‌സ് തുടങ്ങിയ സംഘടനകളും നഗരത്തിലെ മള്‍ട്ടിനാഷണല്‍ കമ്പനികളും ഈ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നതായി കര്‍ണാടക ലേബര്‍ ഡിപ്പാര്‍ട്ട്മെന്‍റെ സെക്രട്ടറി മണ്ണിവണ്ണന്‍ പറയുന്നു.

നഗരത്തിലെ 'നൈറ്റ്‌ലൈഫ്' ഏരിയകളായ ഇന്ദിരാനഗര്‍, എംജി റോഡ്, ബ്രിഗേഡ് റോഡ്, കോറമംഗല തുടങ്ങിയ സ്ഥലങ്ങളിലെ ഷോപ്പുകാര്‍ക്കാണ് ഈ തീരുമാനം കൊണ്ടുള്ള ഗുണങ്ങളധികവും. ഈ ഏരിയകളില്‍ പബ്ബുകളും ഹോട്ടലുകളും ധാരാളമുണ്ട്. സാധാരണക്കാര്‍ക്കും ആശ്വാസം നല്‍കുന്ന തീരുമാനമാണിത്. രാവിലെ വീട്ടിലേക്കു പോകുമ്പോള്‍ ഇനി പച്ചക്കറി വാങ്ങി പോകാമല്ലോ എന്നാണ് ഇന്ദിരാനഗറിലെ എച്ച് ഡി എഫ് സി ബാങ്ക് എടിഎം സുരക്ഷാ ജീവനക്കാരനായ സീതാറാം പറയുന്നത്.

നേരത്തെ തമിഴ്‌നാട് സര്‍ക്കാരും കടകളുടെ പ്രവര്‍ത്തന സമയം 24 മണിക്കൂര്‍ ആയി ദീര്‍ഘിപ്പിക്കുന്നതിന് അനുമതി നല്‍കിയിരുന്നു.


 

Follow Us:
Download App:
  • android
  • ios