ബംഗളൂരു: കേരളത്തിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ വെള്ളം കുടിക്കാത്തതുകൊണ്ടുളള ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍  ഈ വര്‍ഷം ആദ്യമാണ് വാട്ടര്‍ ബെല്‍ പദ്ധതി നടപ്പിലാക്കിയത്. അതിനു പിന്നാലെ കര്‍ണാടകയും സ്‌കൂളുകളില്‍ വാട്ടര്‍ബെല്‍ പദ്ധതിയ്ക്കു തുടക്കമിട്ടിരിക്കുകയാണ്. ഗദക് ജില്ലയിലെ നരേഗലിലുളള നാരായണ്‍പുര്‍  പ്രൈമറി സ്‌കൂളിലാണ് സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പിലാക്കിയത്. പിന്നീട് മൈസൂരിലെ ന്യൂ ടൈപ്പ് മോഡല്‍ സ്‌കൂളിലും പദ്ധതി നടപ്പിലാക്കി. വാട്ടര്‍ ബെല്‍ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളാണിത്. ഇതിന് മുമ്പ് ദക്ഷിണ കന്നട ജില്ലയിലെ സ്വകാര്യ സ്‌കൂള്‍ വാട്ടര്‍ ബെല്‍ പദ്ധതിയ്ക്ക് തുടക്കമിട്ടിരുന്നു.

വെളളം കുടിക്കാന്‍ കുട്ടികളെ ഓര്‍മ്മപ്പെടുത്താന്‍ ദിവസം മൂന്നു തവണ ബെല്‍ അടിക്കും. വേനല്‍ക്കാലത്താണെങ്കില്‍ നാലു പ്രാവശ്യം ബെല്‍ അടിക്കാനാണ് തീരുമാനമെന്നും നാരായണ്‍പുര്‍ സ്‌കൂളിലെ പ്രധാനധ്യാപിക മമത പറഞ്ഞു. കര്‍ഷകരുടെയും ദിവസക്കൂലിക്കാരുടെയും മക്കളാണ് വിദ്യാര്‍ത്ഥികളില്‍ കൂടുതലും. ദിവസത്തില്‍ കൂടുതല്‍ സമയവും അവര്‍ സ്‌കൂളിലാണ് ചെലവഴിക്കുന്നത്. കുട്ടികള്‍ക്ക് ആരോഗ്യ പരിപാലനത്തില്‍ അവബോധം നല്‍കുക എന്നതും അധ്യാപകരുടെ ഉത്തരവാദിത്തമാണെന്നാണ് സ്‌കൂളിലെ ഒരു അധ്യാപികയുടെ അഭിപ്രായം.

വാട്ടര്‍ ബെല്‍പദ്ധതിയോട് വിദ്യാര്‍ത്ഥികള്‍ സഹകരിക്കുന്നുണ്ടെന്നും ഒരാഴ്ച്ചയോളം പദ്ധതി പരീക്ഷിച്ചതിനു ശേഷമാണ് നടപ്പിലാക്കിയതെന്നുമാണ് മൈസൂരു ന്യു ടൈപ്പ് മോഡല്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ശ്രീനിവാസ് പറയുന്നത്. സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഉടന്‍ പദ്ധതി നടപ്പാവുമെന്നും ശ്രീനിവാസ് പറഞ്ഞു.

കേരളത്തിലെ സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍പദ്ധതി നടപ്പിലാക്കിയശേഷം മുഖ്യമന്ത്രി യെദ്യൂരപ്പയും വിദ്യാദ്യാസ മന്ത്രി എസ് സുരേഷ് കുമാറും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിക്കുകയും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നതിനു മുന്‍പാണ് ഈ സ്‌കൂളുകള്‍ വാട്ടര്‍ബെല്‍ പദ്ധതിയ്ക്കു തുടക്കമിട്ടത് .

കര്‍ണാടകയ്ക്കു പുറമേ കേരളത്തെ പിന്തുടര്‍ന്ന് തമിഴ്‌നാട്ടിലെയും ഒഡീഷയിലെയും സ്‌കൂളുകളിലും വാട്ടര്‍ബെല്‍ പദ്ധതിയ്ക്കു തുടക്കമിട്ടിരുന്നു.