കീഴടിയില്‍ നിന്നും ലഭിച്ച തലയോട്ടികൾ ഉപയോഗിച്ച് ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് ആദിമ തമിഴ് ജനതയുടെ മുഖം ഗവേഷകര്‍ പുനസൃഷ്ടിച്ചത്. 

ദിമ തമിഴ് ജനതയുടെ വേരുകൾ കണ്ടെത്തിയ കീഴടി ഖനനത്തിന്‍റെ കാലഗണനയുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയും തമിഴ്നാട് ആര്‍ക്കിയോളജി വകുപ്പും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ സുപ്രധാനമായ ഒരു കണ്ടെത്തലുമായി കീഴടി ഖനന സംഘം രംഗത്ത്. മധുരൈ കാമരാജ് സർവകലാശാലയിലെ ഗവേഷകർ യുകെയിലെ ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയുമായി സഹകരിച്ച് നടത്തിയ പഠനത്തില്‍ ശിവഗംഗ ജില്ലയിലെ കീഴടി പുരാവസ്തു സ്ഥലത്ത് നിന്ന് കുഴിച്ചെടുത്ത രണ്ട് പുരാതന തലയോട്ടികളുടെ മുഖങ്ങൾ പുനർനിർമ്മിച്ചു.

കമ്പ്യൂട്ടർ സഹായത്തോടെയുള്ള 3D ഫേഷ്യൽ പുനർനിർമ്മാണ സംവിധാനം ഉപയോഗിച്ചാണ് ആദിമ തമിഴ് ജനതയുടെ മുഖങ്ങൾ പുനർനിർമ്മിച്ചതെന്ന് ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിലെ ഫേസ് ലാബിന്‍റെ ഡയറക്ടർ പ്രൊഫസർ കരോലിൻ വിൽക്കിൻസൺ പറഞ്ഞു മുഖത്തെ പേശികളെ പുനർനിർമ്മിക്കുന്നതിനും ശരീരഘടന, ആന്ത്രോപോമെട്രിക് മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള സവിശേഷതകൾ കണക്കാക്കുന്നതിനും തലയോട്ടികളുടെ സിടി സ്കാനുകൾ ഉപയോഗിച്ചെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ പറഞ്ഞു. തലയോട്ടിയുടെ പ്രത്യേക സവിശേഷതകൾ ഉപയോഗിച്ച് മുഖങ്ങളുടെ മുകൾ ഭാഗങ്ങൾ കൃത്യതയോടെ പുനസൃഷ്ടിച്ചെന്നും വിൽക്കിൻസൺ അഭിപ്രായപ്പെട്ടു.

Scroll to load tweet…

പേശി, കൊഴുപ്പ്, ചർമ്മം എന്നിവയുടെ സ്ഥാനം അനുകരിക്കാൻ ഡിജിറ്റൽ ശിൽപ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു. ആധുനിക ദക്ഷിണേന്ത്യൻ ആന്ത്രോപോമെട്രിക് ഡാറ്റയെ പരാമർശിച്ച്, തലയോട്ടിയിലെ വിവിധ ഭാഗങ്ങളിൽ ടിഷ്യുവിന്‍റെ ആഴവും ഗവേഷകര്‍ കണക്കാക്കി. ഒരു ഫോട്ടോഗ്രാഫിക് ഡാറ്റാബേസ് ഉപയോഗിച്ചാണ് ചർമ്മത്തിന്‍റെ നിറം, മുടി, കണ്ണുകളുടെ നിറം എന്നിവ കണക്കാക്കിയത്തെന്ന്

മധുരൈ കാമരാജ് സർവകലാശാലയിലെ പ്രൊഫസർ ജി കുമരേശൻ വിശദീകരിച്ചു. 2,500 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന തമിഴ് ജനതയുടെ വംശപരമ്പരയെക്കുറിച്ചുള്ള സുപ്രധാനമായ കണ്ടെത്തലാണിതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Scroll to load tweet…

ആദിമ തമിഴ് ജനതയുടെ മുഖം പുനസൃഷ്ടിച്ചതിനെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ധനമന്ത്രി തങ്കം തേനരശുവും പ്രശംസിച്ചു. സംഘ സാഹിത്യത്തിലെ ജീവിത രീതി കീഴടിയിലെ കണ്ടെത്തലുകളിലൂടെ ശാസ്ത്രീയമായി സാധൂകരിക്കപ്പെടുന്നെന്ന് എം.കെ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. കീഴടി ഗവേഷണ റിപ്പോർട്ട് പുറത്തുവിടാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട തങ്കം തേനരശു, കേന്ദ്ര സര്‍ക്കാറിന്‍റെ വാദങ്ങളെ കീഴടിയിലെ കണ്ടെത്തല്‍ തള്ളിക്കളയുന്നെന്നും ചൂണ്ടിക്കാട്ടി.

Scroll to load tweet…

കീഴടി ഖനനത്തിന് നേതൃത്വം നല്‍കിയ കെ അമർനാഥ് രാമകൃഷ്ണൻ സമര്‍പ്പിച്ച കീഴടി ഖനന റിപ്പോര്‍ട്ട് ആധികാരികമല്ലെന്നും അതിന്‍റെ കാലഗണന തിരുത്തണമെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന അമർനാഥ്, കീഴടി ഖനനം ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടന്നതെന്നാണ് വീണ്ടും റിപ്പോര്‍ട്ട് നല്‍കിയത്. ബിസി എട്ടാം നൂറ്റാണ്ട് മുതൽ അഞ്ചാം നൂറ്റാണ്ട് വരെയുള്ള കാലഗണന മാറ്റി ബിസി 300 ന് മുമ്പ് എന്ന് തിരുത്തണമെന്നായിരുന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാല്‍, കാര്‍ബണ്‍ ഡേറ്റിംഗ് നടത്തി കണ്ടെത്തിയ കാലം തിരുത്താന്‍ പറ്റില്ലെന്നാണ് അമര്‍നാഥ് മറുപടി നല്‍കിയിരുന്നത്. ഇതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.