കോടതി ഇക്കാര്യം അനുവദിച്ചെങ്കിലും, അധികമായി താമസിക്കുന്ന ദിവസങ്ങള്‍ക്ക് ഇയാള്‍ സര്‍ക്കാറിന് ഫീസ് നല്‍കേണ്ടി വരുമെന്ന് കൂടി കോടതി കൂട്ടിച്ചേര്‍ത്തു.
ജയിലില്‍ കഴിയാന്‍ ആരാണ് ഇഷ്ടപ്പെടുക? ആരുമുണ്ടാവില്ല. എങ്ങനെയെങ്കിലും ജയിലില്‍ അകപ്പെട്ടാല്‍ ഉടന്‍ അതില്‍നിന്ന് രക്ഷപ്പെടാനായിരിക്കും എല്ലാവരുടെയും ശ്രമം. എന്നാല്‍, ഇവിടെ, തന്നെ ജയിലില്‍നിന്ന് മോചിപ്പിക്കരുത് എന്നാണ് ഒരാള്‍ ആവശ്യപ്പെടുന്നത്. ഉടന്‍ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും തന്നെ ജയിലില്‍ തന്നെ പാര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ് ഈ മനുഷ്യന്‍. കോടതി ഇക്കാര്യം അനുവദിച്ചെങ്കിലും, അധികമായി താമസിക്കുന്ന ദിവസങ്ങള്‍ക്ക് ഇയാള്‍ സര്‍ക്കാറിന് ഫീസ് നല്‍കേണ്ടി വരുമെന്ന് കൂടി കോടതി കൂട്ടിച്ചേര്‍ത്തു.
കെനിയയിലാണ് സംഭവം. സോമാലിയയിലെ കുപ്രസിദ്ധമായ അല്‍ ശബാബ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കെനിയന്‍ സര്‍ക്കാര്‍ ജയിലിലടച്ച ശൈഖ് ബുരു എന്നറിയപ്പെടുന്ന ശൈഖ് ഗുയോ ബാര്‍സ ബുരു എന്ന മതപണ്ഡിതനാണ് കോടതിയോട് തന്നെ ജയിലില്‍നിന്ന് പുറത്തിറക്കരുതെന്ന് അപേക്ഷിച്ചത്.
കെനിയയിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇയാളെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത് എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാറിനെ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്ന ആരെയും ഭീകരവാദ കേസില്‍ കുടുക്കലാണ് അവിടത്തെ രീതിയെന്ന് ആംനസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു. വെറുതെ ജയിലിലിടുക മാത്രമല്ല, കോടതി എങ്ങാന്‍ ഇടപെട്ട് ഇവരെ ജയിലില്‍നിന്ന് മോചിപ്പിച്ചാല്‍ തട്ടിക്കൊണ്ടുപോയി കൊന്നുകളയുന്നതാണ് അവിടത്തെ പൊലീസുകാരുടെ പതിവ്. മുമ്പൊരിക്കല്‍, കെനിയന്‍ പൊലീസുകാര്‍ തന്നെ ബിബിസിയുടെ ക്യാമറയ്ക്ക് മുന്നില്‍ തങ്ങളുടെ ഉന്‍മൂലനത്തിന്റെ കഥ പറഞ്ഞിരുന്നു.

ഇത് തന്നെയാണ് ശൈഖ് ബുരുവിനെ കൊണ്ട് തന്നെ ജയിലില്‍ നിന്നിറക്കരുത് എന്ന് പറയിപ്പിക്കുന്നത് എന്ന് ബിബിസി റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാറിന് താല്‍പ്പര്യമില്ലാത്തതിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെടുകയും പിന്നീട് കോടതി ഇടപെട്ട് മോചിപ്പിച്ച ശേഷം, തട്ടിക്കൊണ്ടു പോവപ്പെട്ട് അജ്ഞാതരാല്‍ കൊല ചെയ്യപ്പെടുകയും ചെയ്ത നിരവധി പേരുടെ ഉദാഹരണങ്ങള്‍ അവിടെയുണ്ട്. ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് ശൈഖ് ബുരു കോടതിയെ സമീപിച്ചത്.
2018 -ല്‍ ഭീകരവാദ കേസിലാണ് ശൈഖ് ബുരുവും അറസ്റ്റ് ചെയ്യപ്പെട്ടത്. അല്‍ഖാഇദയുമായി ബന്ധമുള്ള അല്‍ ശബാബ് ഭീകരസംഘടനയെ പിന്തുണയ്ക്കുന്ന മാസികകള്‍ കണ്ടെടുത്തു എന്ന് പറഞ്ഞാണ് ഈ പുരോഹിതനെ അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍, ഭീകരവാദത്തെ സദാ എതിര്‍ക്കുകയും അതിന് എതിരായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളാണ് ഇയാളെന്നാണ് ഇവിടത്തെ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ഇയാളുടെ മോചനത്തിനായി വന്‍ ജനകീയ പ്രതിഷേധം തന്നെ ഈ മേഖലയില്‍ നടന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍ പ്രതിഭാഗം അഭിഭാഷകനും വാദിച്ചത് അതു തന്നെയാണ്.
ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെങ്കിലും കോടതിക്കു മുന്നില്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇയാളെ അടിയന്തിരമായി മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍, തനിക്ക് ജയിലില്‍നിന്നു പോവണ്ട എന്നാണ് ഇയാള്‍ കോടതിയോട് കെഞ്ചിപ്പറയുന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പൊലീസുകാര്‍ തന്നെ തട്ടിക്കൊണ്ടു പോയി കൊന്നു കളയുമെന്ന് അദ്ദേഹം കോടതിക്കു മുമ്പാകെ ബോധിപ്പിച്ചു.
കോടതി മുന്‍പ് വിട്ടയച്ച ഭീകരവാദികളായി ആരോപിക്കപ്പെട്ട നിരവധി പേര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ തട്ടിക്കൊണ്ടുപോകുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. അവരുടെ ഗതി തനിക്ക് വരുമോ എന്ന ഭയമാണ് അദ്ദേഹത്തെ ജയിലില്‍ തന്നെ തുടരാന്‍ പ്രേരിപ്പിച്ചത്.
ഇതു കേള്‍ക്കുമ്പോള്‍ ഇയാള്‍ താമസിക്കുന്ന കാമിറ്റി മാക്‌സിമം ജയില്‍ അത്ര നല്ല സ്ഥലമാണെന്നൊന്നും കരുതേണ്ടതില്ല. കൊടും ്രകൂരതകള്‍ക്ക് പേരു കേട്ട തടവറയാണിത്. നിരവധി പേര്‍ ജയിലറക്കുള്ളില്‍ തന്നെ കൊല്ലപ്പെട്ടിരുന്നു.
നാല് വര്‍ഷം ഈ ജയിലില്‍ കിടന്നശേഷമാണ്, മതിയായ തെളിവുകളില്ലാത്തതിന്റെ പേരില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. തുടര്‍ന്നാണ് ജീവന്‍ ഭയന്ന് അദ്ദേഹം ജയില്‍ നിന്ന് പുറത്ത് കടക്കാന്‍ വിസമ്മതിച്ചത്. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം 30 ദിവസം കൂടി തടങ്കലില്‍ കഴിയാനാണ് ഇപ്പോള്‍ കോടതി അനുവാദം നല്‍കിയത്. തടങ്കലില്‍ താമസിക്കുന്ന സമയത്തെ ചിലവ് മുഴുവന്‍ അദ്ദേഹം സ്വയം വഹിക്കണം എന്ന വ്യവസ്ഥയും കോടതി മുന്നോട്ടുവെച്ചു. താമസത്തിനും, ഭക്ഷണത്തിനും ചിലവാകുന്ന തുക അദ്ദേഹം സര്‍ക്കാരിന് നല്‍കണം. അതുപോലെ, ഒരു മാസത്തിന് ശേഷം അദ്ദേഹത്തെ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
തുടര്‍ന്ന്, ജയില്‍ മോചിതനായാലും സംസ്ഥാന സര്‍ക്കാര്‍ തനിക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശൈഖ് ബുരു ഹൈക്കോടതിയില്‍ മറ്റൊരു കേസും ഫയല്‍ ചെയ്തിട്ടുണ്ട്.
2014 ഏപ്രിലില്‍, മകാബുരി എന്നറിയപ്പെടുന്ന അബൂബക്കര്‍ ഷെരീഫ് അഹമ്മദ് മൊംബാസയില്‍ ഇതുപോലെ മരണപ്പെട്ടിരുന്നു. കോടതിമുറിയില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം വെടിയേറ്റ് മരിക്കുകയായിരുന്നു. അബൂബക്കറിനെ പോലെ നിരവധി പേര്‍ തട്ടിക്കൊണ്ടുപോകലിനും, കൊലപാതകങ്ങള്‍ക്കും ഇരയായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കെനിയയില്‍ പോലീസ് നടത്തുന്ന ഈ ക്രൂരമായ മനുഷ്യ വേട്ടയെ ആംനസ്റ്റി ഇന്റര്‍നാഷണലും മറ്റ് മനുഷ്യാവകാശ ഗ്രൂപ്പുകളും അപലപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 33 പേരെയാണ് പോലീസ് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയതെന്ന് ആംനസ്റ്റി പറയുന്നു. അതേസമയം, പൊലീസ് ഈ ആരോപണങ്ങള്‍ എല്ലാം നിഷേധിക്കുകയാണ് ചെയ്യുന്നത്.
