സുസ്ഥിരവികസനസൂചികയിൽ ഒരു രാജ്യത്തെപ്പോലെ പരിഗണിച്ചുകൊണ്ട് ഉൾപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ കേരളത്തെയും. കേരളത്തിന് പുറമെ ഈ സൂചികയിൽ ഇടം പിടിച്ചിട്ടുള്ള മറ്റെല്ലാ അംഗങ്ങളും പരമാധികാരരാഷ്ട്രങ്ങളാണ്. ഈ പട്ടികയിൽ വിശേഷ പ്രാതിനിധ്യം കിട്ടിയിരിക്കുന്ന ഒരേയൊരു അംഗം കേരളം മാത്രമാണ്. സുസ്ഥിര വികസന സൂചികയുടെ വെബ്‌സൈറ്റിൽ കേരളത്തിന്റെ പ്രകടനത്തെ മറ്റു ലോകരാഷ്ട്രങ്ങളുമായും, ഇന്ത്യയുമായും ഒക്കെ താരതമ്യപ്പെടുത്തിക്കൊണ്ട് കണക്കുകളെടുക്കാനും ചാർട്ടുകൾ കാണാനും സാധിക്കും.

കൊവിഡ് പ്രതിരോധത്തിന്റെ കേരളാ മോഡൽ അന്താരാഷ്ട്രതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, ഈ വിവരം വെളിപ്പെടുത്തിക്കൊണ്ടുള്ള ജെയ്‌സൺ ഹിക്കൽ എന്ന സാമ്പത്തിക-നരവംശശാസ്ത്രജ്ഞന്റെ ട്വീറ്റ് പുറത്തുവരുന്നത്.   

 

 

ക്യൂബ ഒന്നാം സ്ഥാനത്തുള്ള സുസ്ഥിര വികസന സൂചികയിൽ കേരളത്തിന്റെ സ്ഥാനം പതിമൂന്നാമതാണ്. കേരളത്തെ മാത്രം സ്റ്റാർ (*) ചേർത്ത് സ്‌പെഷ്യൽ പരിഗണന നൽകിയാണ് സൂചികയുടെ ഭാഗമാക്കിയിരിക്കുന്നത്  അമേരിക്ക-160, ഇന്ത്യ - 56, പാക്കിസ്ഥാൻ - 83 എന്നിങ്ങനെയാണ് സൂചികയിൽ ആപേക്ഷിക സ്ഥാനങ്ങൾ. 1990 മുതൽ 2015 വരെയുള്ള സുസ്ഥിരവികസനത്തിന്റെ കണക്കുകളുടെ  ഗ്രാഫ് പരിശോധിച്ചാൽ കേരളം സുസ്ഥിര വികസനത്തിന്റെ കാര്യത്തിൽ അമേരിക്കയെക്കാൾ എത്രയോ മുകളിലാണ് എന്ന് മനസ്സിലാകും. 

 

മാനവവികസന സൂചിക Vs സുസ്ഥിര വികസന സൂചിക

ഒരു രാജ്യത്തെ ജനങ്ങളുടെ അഭിവൃദ്ധി അളക്കാൻ സാധാരണ പരിഗണിക്കുന്ന ഒരു മാനകം മാനവ വികസന സൂചിക അഥവാ ഹ്യൂമൻ ഡെവലപ്പ്മെന്റ് ഇൻഡക്സ് (HDI) ആണ്. എന്നാൽ, മനുഷ്യൻ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ പാരിസ്ഥിതിക സുസ്ഥിരത ഈ സൂചികയുടെ അളവുകോലുകളിൽ എവിടെയും പരിഗണനാ വിഷയമാകുന്നില്ല എന്നത് HDI -യുടെ ഒരു പോരായ്മയായി വിമർശകർ ചൂണ്ടിക്കാണിക്കുന്നു.  HDI പട്ടികയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന എല്ലാ വികസിത രാഷ്ട്രങ്ങളും നമ്മുടെ ഭൂമിയിൽ പാരിസ്ഥിതിക ആഘാതം ഏൽപ്പിക്കുന്ന കാര്യത്തിലും ഒന്നാം സ്ഥാനങ്ങളിൽ തന്നെയാണ്. ഈ നൂറ്റാണ്ടിൽ വർധിച്ചു വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ആഗോള താപനവും ഒക്കെ അങ്ങനെ അവഗണിച്ചു കൂടാത്ത വിഷയങ്ങളാണ് എന്ന ചിന്തയ്ക്ക് പൊതുവെ അംഗീകാരം കൈവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് 'സുസ്ഥിര വികസന ഇൻഡക്സ്' അഥവാ സസ്‌റ്റെയ്‌നബിൾ ഡെവലപ്പ്മെന്റ് ഇൻഡക്സ് (SDI) എന്ന ആശയം മുന്നോട്ട് വെയ്ക്കപ്പെടുന്നത്. 

ഒരു രാജ്യത്തെ മാനവ വികസന സൂചിക(HDI)യെ അവിടത്തെ പ്രതിശീർഷ CO2 ബഹിർഗമനങ്ങളുടെയും അവിടത്തെ കാർബൺ ഫുട്ട്പ്രിന്റിന്റെയും ഒക്കെ അടിസ്ഥാനത്തിൽ വിലയിരുത്തിക്കൊണ്ട് ഗ്രേഡ് ചെയ്‌താൽ അത് അവിടത്തെ സുസ്ഥിര വികസനത്തിന്റെ സൂചക(SDI)മായി കണക്കാക്കാം.

മാനവ വികസനത്തോടൊപ്പം തന്നെ പാരിസ്ഥിതികമായ സുസ്ഥിരതയും നിലനിർത്തുക എന്നതാണ് ഇപ്പോൾ ട്രെൻഡിങ് ആയിട്ടുള്ള ഒരു സങ്കൽപം. മാനവ വികസനം എന്ന ലക്‌ഷ്യം നിറവേറ്റുമ്പോൾ ഒരു രാജ്യം വെച്ചുപുലർത്തുന്ന പരിസ്ഥിതി സൗഹൃദ നയങ്ങളാണ് SDI അളക്കാൻ ശ്രമിക്കുന്നത്. ഇത്   ഇരുപത്തൊന്നാം നൂറ്റാണ്ടിന് എന്തുകൊണ്ടും അനുയോജ്യമായ ഒരു രീതിശാസ്ത്രമാണ്. താരതമ്യേന ദരിദ്രമായ രാജ്യങ്ങൾ വികസനത്തിന് വേണ്ടി ശ്രമിക്കുമ്പോൾ പരിസ്ഥിതിക്ക് പരമാവധി ദോഷം ചെയ്യാത്ത രീതിയിൽ അതിന്റെ പ്ലാനിങ് നടത്തേണ്ടതുണ്ട്. വികസിതമായ രാജ്യങ്ങളാവട്ടെ, തങ്ങളുടെ വികസനപ്രവർത്തനങ്ങൾ നിലനിർത്തുമ്പോൾ അവ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പരിസ്ഥിതികാഘാതങ്ങളെ ഏറ്റവും ചുരുങ്ങിയ തലത്തിലേക്ക് കുറച്ചു കൊണ്ടുവരാൻ ശ്രമിക്കണം.

അപ്പോൾ സുസ്ഥിര വികസന ഇൻഡക്സിൽ മുകളിൽ വരുന്ന രാജ്യങ്ങൾ ഒരേ സമയം വികസനത്തിലും പ്രവർത്തനങ്ങളുടെ പരിസ്ഥിതി സൗഹൃദ സ്വഭാവത്തിലും ശ്രദ്ധിക്കുന്നവർ ആയിരിക്കണം. ഹ്യൂമൻ ഡെവലപ്പ്മെന്റ് ഇൻഡക്സിലെ പരിഗണനകൾ ഒരു രാജ്യത്തെ ജനങ്ങളുടെ ആയുർ ദൈർഘ്യവും, വിദ്യാഭ്യാസവും, വരുമാനവും ഒക്കെ ആണെങ്കിൽ, സുസ്ഥിര വികസന ഇൻഡക്സ് വരുമ്പോഴേക്കും HDI -യെ CO2 എമിഷൻ, കാർബൺ ഫുട്ട് പ്രിന്റ് എന്നിവയുടെ അടിസ്ഥാനത്തിൽ കൂടി വിലയിരുത്തും. 2015 -ലെ SDI ഡാറ്റയാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. 

സുസ്ഥിര വികസന സൂചികയിൽ കേരളത്തിന്റെ പ്രകടനം 

ഈ സൂചികയിൽ സുസ്ഥിര വികസനത്തിന്റെ കാര്യത്തിൽ ഇന്ത്യയെക്കാളും, അമേരിക്കയെക്കാളും, ചൈനയേക്കാളും ഒക്കെ മികച്ച പ്രകടനമാണ് കേരളം കാഴ്ച വെച്ചിട്ടുള്ളത്. എന്നാൽ, ഇത് കേരളത്തിന്റെ സവിശേഷമായ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങൾ കാരണമാണ് എന്നാരോപിച്ചുകൊണ്ട്‌ നിരവധി വിമർശകരും രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിൽ കാര്യമായ വ്യവസായങ്ങൾ ഒന്നും തന്നെ പ്രവർത്തിക്കാത്തതും, വിദേശത്തുനിന്നുള്ള നിക്ഷേപപ്രവാഹമുള്ളതും ആണ് സുസ്ഥിരവികസനത്തിൽ കേരളത്തിന് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും സാധിക്കാത്ത വിധം ഒരു രാജ്യാന്തര സൂചികയിൽ ഇടം നേടാൻ പറ്റും വിധം സുവ്യക്തമായ നേട്ടങ്ങൾ കൈവരിക്കാൻ സഹായകമായത് എന്നാണ് വിമർശകരുടെ വാദം.

 

 

അതേ സമയം, കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട അന്നുതൊട്ട് നടത്തപ്പെട്ട വികസനപ്രവർത്തനങ്ങളുടെയും സാമൂഹിക പരിഷ്കരണങ്ങളുടെയും ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലയിലും നടത്തിയ മുന്നേറ്റങ്ങളുടെയും ഒക്കെ  ബലത്തിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ  കുറച്ചുകാണേണ്ടതില്ല എന്ന അഭിപ്രായമുള്ളവരും കുറവല്ല. എന്തായാലും, സ്വന്തം സംസ്ഥാനം അതിന്റെ സുസ്ഥിര വികസനങ്ങളുടെ അംഗീകാരമെന്നോണം, ലോകരാഷ്ട്രങ്ങളോടൊക്കെ താരതമ്യം ചെയ്യാനാകും വിധം  ഇങ്ങനെ ഒരു സൂചികയിൽ വേറെ തന്നെ അടയാളപ്പെടുത്തപ്പെട്ടതിന്റെ ത്രില്ലിലാണ് കേരളീയർ.