സ്വാഭാവിക വനം തിരിച്ചു പിടിക്കണമെന്ന ആഹ്വാനത്തിന് പ്രതികരണമായി, ഒരു കടലാസില്‍ സ്വാഭാവിക വനം എന്നെഴുതി തിരിച്ചുപിടിച്ച് നില്‍ക്കുന്ന കുട്ടികളുടെ ഫോട്ടോകളാണ് സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ സ്വാഭാവിക വനം തിരിച്ചുപിടിക്കാന്‍ കേരള വനംവകുപ്പ് നടത്തിയ പ്രചാരണത്തിന് ട്രോള്‍ കൊണ്ട് മറുപടി നല്‍കി മലയോര കര്‍ഷക സംഘടന. നമ്മുടെ മഴയും കാലാവസ്ഥയും മാറിയതിന്റെ പശ്ചാത്തലത്തില്‍, സ്വാഭാവിക വനം തിരിച്ചുപിടിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വനം വകുപ്പ് വീഡിയോക്കെതിരെയാണ് ട്രോളുമായി കേരള ഇന്‍ഡിപെന്‍ഡന്‍സ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) എന്ന സംഘടന ഫേസ്ബുക്ക് പേജിലൂടെ സംഘടനയുടെ ആഹ്വാന പ്രകാരം, കുറച്ചു കുട്ടികളാണ് ഫേസ്ബുക്കില്‍ ട്രോള്‍ ചിത്രം പോസ്റ്റ് ചെയ്തത്. സ്വാഭാവിക വനം തിരിച്ചു പിടിക്കണമെന്ന ആഹ്വാനത്തിന് പ്രതികരണമായി, ഒരു കടലാസില്‍ സ്വാഭാവിക വനം എന്നെഴുതി തിരിച്ചുപിടിച്ച് നില്‍ക്കുന്ന കുട്ടികളുടെ ഫോട്ടോകളാണ് സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. 

ഇതാണ് കുട്ടികളുടെ ചിത്രങ്ങള്‍:

നടി മഞ്ജു വാരിയരാണ് വനം വകുപ്പിന്റെ വീഡിയോ അവതരിപ്പിച്ചത്. വനദിനമായ മാര്‍ച്ച് 19-നാണ് വനംവകുപ്പിന്റെ യൂ ട്യൂബ് പേജില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. 

YouTube video player


ഇതാണ് വനംവകുപ്പിന്റെ പ്രചാരണ വീഡിയോ:

സോഷ്യല്‍ മീഡിയ വഴിയും ഈ വീഡിയോ വ്യാപകമായി ്രപചരിക്കപ്പെട്ടിരുന്നു. സ്‌കൂള്‍ തുറക്കുന്ന ദിവസത്തെ പെരുമഴയുടെ കാര്യം പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ''ഞങ്ങളൊക്കെ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നത് പെരുമഴയിലേക്കായിരിക്കും''എന്ന് പറഞ്ഞാണ് മഞ്ജു വീഡിയോ ആരംഭിക്കുന്നത്. ഇപ്പോള്‍ മഴയുടെയും മറ്റു ഋതുക്കളുടെയും കാലം തെറ്റി. അതിനു കാരണം കാലാവസ്ഥാ വ്യതിയാനമാണ്. ഈ ഭൂമി മനുഷ്യരുടേത് മാത്രമല്ല, എല്ലാ ജീവികളുടേതുമാണ്. കാലാവസ്ഥാ വ്യതിയാനം വിതയ്ക്കുന്ന ദുരന്തത്തില്‍നിന്നും ഭൂമിയെയും അവിടെയുള്ള ജീവജാലങ്ങളെയും രക്ഷിക്കേണ്ട ബാധ്യത നമുക്കാണ്. സ്വാഭാവിക വനങ്ങള്‍ തിരിച്ചു പിടിക്കുന്നതിലൂടെ മാത്രമേ ഈ ദുരന്തത്തെ പ്രതിരോധിക്കാനാവൂ. നമ്മുടെ വരും തലമുറയെ രക്ഷിക്കുന്നതിന് വേണ്ടി സ്വാഭാവിക വനത്തെ സംരക്ഷിച്ചേ പറ്റൂ. ലോകമെങ്ങും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് എതിരെയുള്ള ശ്രമങ്ങള്‍ ലോകരാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും മുന്‍ കൈയില്‍ നടക്കുന്ന സാഹചര്യത്തിലാണ് വനംവകുപ്പ് പ്രചാരണ വീഡിയോയുമായി രംഗത്തുവന്നത്. 

വീഡിയോ ചര്‍ച്ചയായതിനു തൊട്ടുപിന്നാലെയാണ്, കേരള ഇന്‍ഡിപെന്‍ഡന്‍സ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) എന്ന സംഘടന അതിനെതിരെ രംഗത്തുവന്നത്. മഞ്ജുവാരിയരുടെ പേരെടുത്ത് പറഞ്ഞ് സംഘടന അവരുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഈ വീഡിയോക്കെതിരെ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. 


''നിങ്ങള്‍ക്കും,വീട്ടിലുള്ള കുഞ്ഞുമക്കള്‍ക്കും ഈ ഒരു ചലഞ്ചില്‍ പങ്കെടുക്കാം. ചലഞ്ചില്‍ പങ്കെടുക്കുന്ന കുട്ടികളുടെ മുഖം പകുതി മറഞ്ഞ രീതിയില്‍ ഉള്ള ചിത്രങ്ങള്‍ കിഫയുടെ ഔദ്യോഗിക ഗ്രൂപ്പില്‍ മുകളില്‍ നല്‍കിയിരിക്കുന്ന ഹാഷ്ടാഗുകള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്യാവുന്നതാണ്.'' എന്നാണ് ഒരു പോസ്റ്റില്‍ പറയുന്നത്. തുടര്‍ന്നാണ് ചില കുട്ടികള്‍ സ്വാഭാവിക വനം തിരിച്ചുപിടിക്കുക ്എന്ന് എഴുതിയ കടലാസ് തിരിച്ചു പിടിച്ചുള്ള ഫോട്ടോ സംഘടനയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തത്. 

''കഥയറിയാതെ ആടുന്നത് തെറ്റായ പൊതുബോധനിര്‍മിതിക്കാവരുത് മഞ്ജു!'' എന്ന തലക്കെട്ടിലുള്ള മറ്റൊരു പോസ്റ്റില്‍, മഞ്ജുവാരിയരുടെ കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് ഓഡിറ്റിംഗ് നടത്തേണ്ട ആവശ്യകത പറഞ്ഞുകൊണ്ട് അത്തരമൊരു ഓഡിറ്റിംഗ് പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കുമെന്ന് സംഘടന വ്യക്തമാക്കുന്നു. 

''എന്ന് മുതല്‍ നഷ്ടപ്പെട്ട സ്വാഭാവിക വനമാണ് മഞ്ജു തിരിച്ചു പിടിക്കേണ്ടത്? എവിടെയുള്ള സ്വാഭാവിക വനമാണ് മഞ്ജു തിരിച്ചു പിടിക്കേണ്ടത്? 1980 മുതല്‍ കേരളത്തിലെ സ്വാഭാവിക വനം 29 ശതമാനമായി നിലനില്‍ക്കുന്നു, അത് കൂടിവരുന്നു. അതുകൊണ്ടു തന്നെ കേരളത്തില്‍ എവിടെ ആണ് സ്വാഭാവിക വനം നശിപ്പിക്കപ്പെടുന്നത് എന്നും ആരാണ് നശിപ്പിക്കുന്നത് എന്ന് അറിയാന്‍ ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ട്.''-എന്നാണ് സംഘടന പോസ്റ്റിലൂടെ പറയുന്നത്. 

എന്നാല്‍, 1973 മുതല്‍ 2016 വരെയുള്ള റിമോട്ട് സെന്‍സിംഗ് ഡാറ്റ താരതമ്യം ചെയ്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് 2017-ല്‍ നടത്തിയ ഒരു പഠനത്തില്‍ ഈ കാലയളവില്‍ കേരളത്തിന് 9,06, 440 ഹെക്ടര്‍ വനഭൂമി ഇല്ലാതായതായി വ്യക്തമാക്കിയിരുന്നു. മറ്റ് ചില പഠനങ്ങളിലും കേരളത്തിന്റെ സ്വാഭാവിക വനം വന്‍തോതില്‍ ഇല്ലാതായതായി കണ്ടെത്തിയിരുന്നു

അതോടൊപ്പം മറ്റൊരു ആരോപണവും സംഘടന ഫേസ്ബുക്ക് പേജിലൂടെ ഉന്നയിക്കുന്നുണ്ട്. ''ഇന്ന് വന്യമൃഗങ്ങളും, വനംവകുപ്പും, കപട പരിസ്ഥിതി തീവ്രവാദികളും ഒരുമിച്ചു നിന്ന് വേട്ടയാടുന്ന മലയോര മേഖലയിലെ നാനാമതസ്ഥരായ ഒരുകൂട്ടം സാധാരണ കര്‍ഷകരുടെ നിലനില്പ്പിനെയാണ് മഞ്ജു വനംവകുപ്പിന്റെ ഒരു ഉപകരണമായി നിന്നുകൊണ്ട് വെല്ലു വിളിക്കുന്നത്''എന്നും കുറിപ്പ് ആരോപിക്കുന്നു.