1975 മുതല്‍ 1979 വരെ കമ്പോഡിയയില്‍ ഖമര്‍ റൂഷ് ഭരണത്തില്‍ കൊല ചെയ്യപ്പെട്ടത് 20 ലക്ഷത്തോളം ആളുകളാണ്. മാവോ സേ തുങ്ങിന്റെ നേതൃത്വത്തിലുള്ള തീവ്ര കമ്യൂണിസത്തിൽ ആകൃഷ്ടരായ ഒരു വിഭാഗം ആളുകളാണ്, 1970 -കളിൽ കംബോഡിയയിൽ ഖമര്‍ റൂഷ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. പോൾ പോട്ടിന്റെ നേതൃത്വത്തിലായിരുന്നു പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനം. 1975 -ല്‍ ഖമര്‍ റൂഷ് അധികാരവും നേടി. കാർഷിക സോഷ്യലിസമായിരുന്നു ഖമര്‍ റൂഷിന്‍റെ ലക്ഷ്യം.

അതുകൊണ്ടുതന്നെ നഗരത്തിൽ നിന്നുള്ളവരെ നാട്ടിന്‍പുറത്തേക്ക് ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു. എതിര്‍ത്തവരെ യാതൊരു ദയയുമില്ലാതെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ക്രൂരമായ കൊലകള്‍ക്കിരയായി പലരും. തദ്ദേശീയരായ മുസ്‍ലിംകളും വിയറ്റ്നാം വംശജരുമാണ് അന്ന് കൊല്ലപ്പെട്ടവരിലേറെയും. വംശഹത്യക്ക് പുറമെ പട്ടിണിക്കിട്ടും അധികജോലി ചെയ്യിച്ചും ആളുകളെ കൊല്ലുന്നതും പതിവായിരുന്നു. 1979 -ല്‍ വിയറ്റ്നാം പട്ടാളത്തിന്‍റെ സഹായത്തോടെ നടന്ന ഇയര്‍ സീറോ വിപ്ലവത്തിലൂടെയാണ് ഖമര്‍ റൂഷ് ഭരണകൂടത്തെ പുറത്താക്കിയത്. 

ഖമര്‍ റൂഷ് ഭരണകാലത്ത് ലക്ഷക്കണക്കിന് പേര്‍ക്കാണ് ദുരിതമനുഭവിക്കേണ്ടി വന്നത്. പലരും ജീവന്‍ നിലനിര്‍ത്താനായി പരക്കംപാഞ്ഞു, ഒളിച്ചു... അതിലൊരു കുടുംബം മാത്രമാണ് രാമാസ് കുടുംബം. കുടുംബത്തിലെ പലരെയും അന്നത്തെ ആ വേട്ടയാടലില്‍ നഷ്ടമായി. അന്ന് ഖമര്‍ റൂഷിന്‍റെ ആളുകളാല്‍ കൊല്ലപ്പെടാതിരിക്കാനാണ് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഗ്രാഫ്  രാമാസ് കുടുംബം അടക്കം ചെയ്തത്. 

''ഖമര്‍ റൂഷ് ഭരണത്തിന് മുമ്പുണ്ടായിരുന്ന നമ്മുടെ ജീവിതം അവരറിയാതിരിക്കാന്‍ ഞങ്ങളാ ഫോട്ടോഗ്രാഫ് കുഴിച്ചിട്ടു'' - വീര രാമ പറയുന്നു. ഖമര്‍ റൂഷിന്‍റെ ആളുകള്‍ നഗരത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. ആളുകളെ നഗരവുമായി ബന്ധപ്പെടുത്തി നിര്‍ത്തിയ തെളിവുകള്‍ തിരയുകയായിരുന്നു അവര്‍. സമ്പത്ത്, പദവി, വിദ്യാഭ്യാസം എന്നിവയുള്ള ആളുകളെ ശുദ്ധീകരിക്കാനായിരുന്നു ഭരണകൂടത്തിന്‍റെ തീരുമാനം. അതിനുള്ള വഴി നിര്‍ബന്ധിതമായി അവരെയെല്ലാം നാട്ടിന്‍പുറങ്ങളിലെത്തിക്കുകയും. എതിര്‍ക്കുന്നവരെ കൊലചെയ്യാന്‍ അവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. 

1979 -ല്‍ ഖമര്‍ റൂഷ് ഭരണം അവസാനിച്ചു. പക്ഷെ, അതുവരെയുള്ള ജനജീവിതം ദുസ്സഹമായിരുന്നു. പല കുടുംബങ്ങളെയും പോലെ രാമാസിനും കുടുംബത്തിനും തായ്ലാന്‍ഡ് അതിര്‍ത്തിയിലെ അഭയാര്‍ത്ഥിക്യാമ്പുകളിലേക്കുള്ള അപകടകരമായ യാത്ര നയിക്കേണ്ടി വന്നു. അഭയാര്‍ത്ഥിക്യാമ്പില്‍ വെച്ച് ക്യാമ്പില്‍ ജോലി ചെയ്തിരുന്ന യു എസ്സില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ കുടുംബത്തിന് സ്പോണ്‍സര്‍ഷിപ്പ് നല്‍കി. 

തെളിവുകളായി ഈ ചിത്രങ്ങള്‍
നോം പെന്നിൽ ചാൾസ് ഫോക്സ് എന്നൊരു ഫോട്ടോഗ്രാഫർ ഉണ്ടായിരുന്നു. 2005  മുതൽ 'ഫൗണ്ട് കംബോഡിയ' എന്ന പേരിൽ ഖമര്‍ റൂഷ് കാലത്തിനു മുമ്പും പിമ്പുമുള്ള കുടുംബചിത്രങ്ങൾ സമാഹരിക്കുന്ന ഒരു പ്രൊജക്റ്റിന് നേതൃത്വം നല്‍കുന്നയാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്, 2015 -ൽ നോം പെന്നിൽ വെച്ച് ഒരു ഈമെയിൽ സന്ദേശം വരുന്നു. അത് വീര രാമയുടെ കുടുംബചിത്രങ്ങളായിരുന്നു.

ആരും ആ ചിത്രങ്ങള്‍ ആര്‍ക്കൈവ്സിലേക്ക് നല്‍കാത്തതില്‍ എനിക്ക് അദ്ഭുതമായിരുന്നു എന്ന് ചാള്‍സ് പറഞ്ഞു. പ്രൊജക്ടിനെ കുറിച്ച് ആദ്യം ഞാന്‍ സംസാരിക്കുന്നത് രാമാസ് കുടുംബവുമായാണ്. അദ്ദേഹവുമായുള്ള ബന്ധമാണ് ആദ്യം വളര്‍ന്നതെന്നും ചാള്‍സ് പറയുന്നു. ബറീഡ് (Buried) എന്നു പേരിട്ട ഒരു പുസ്തകമായി ആ ചിത്രങ്ങള്‍ ചാള്‍സ് പുറത്തിറക്കിയിരിക്കുകയാണ്. 

വീരയെ സംബന്ധിച്ച് ആ ചിത്രങ്ങള്‍ എന്താണ് എന്ന് ചോദിച്ചാല്‍ മറുപടി സിംപിളാണ്, ''ഇത് എന്‍റെ കുടുംബത്തിന്‍റെ ഫോട്ടോസ്റ്റോറിയാണ്. ഖമര്‍ റൂഷ് ഭരണത്തിന് മുമ്പും ശേഷവും ഉള്ളത്... ഇതെന്‍റെ കുടുംബത്തെ കുറിച്ചാണ്. എന്നെപ്പോലെയുള്ള അനേകരുടെ കുടുംബത്തെ കുറിച്ചാണ്. യുദ്ധത്തിന്‍റെ, അതിജീവനത്തിന്‍റെ, ത്യാഗത്തിന്‍റെ, പുതിയ പ്രതീക്ഷകളുടെ, ശുഭാപ്തിവിശ്വാസത്തിന്‍റെ,  മുറിവുകളുടെ, അത് ഉണങ്ങലുകളുടെ, മാപ്പ് കൊടുക്കലിന്‍റെ, സമാധാനത്തിന്‍റെ, സന്തോഷത്തിന്‍റെ ഒക്കെ അനുഭവത്തിലൂടെയുള്ള അവരുടെ യാത്രയാണ്. ഇത് പുതിയൊരു ജീവിതത്തിലേക്കുള്ള നമ്മുടെ യാത്രയെ കുറിച്ചാണ്...'' - വീര പറയുന്നു.

(കടപ്പാട്: ബിബിസി)