Asianet News MalayalamAsianet News Malayalam

ഇന്ത്യയിലും പാകിസ്താനിലും ഒരുപോലെ സ്വീകാര്യനായിരുന്ന ഒരേയൊരു പത്രക്കാരന്‍; ഇന്ന്, അദ്ദേഹത്തിന്‍റെ ചരമദിനം

ഖുഷ്വന്ത് സിങ്ങ്  എഡിറ്റ് ചെയ്യാന്‍ തുടങ്ങിയ ശേഷമുള്ള സമയമായിരുന്നു ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ പുഷ്‌കല കാലം. ' inform, amuse, provoke' എന്നതായിരുന്നു അദ്ദേഹത്തിന്റെ ലൈന്‍. ഇക്കാലത്തായിരുന്നു ഇന്ത്യാ പാക് യുദ്ധം.  ഓടി നടന്ന് യുദ്ധം കവര്‍ ചെയ്ത് അന്ന് അദ്ദേഹം  വായനക്കാരെ ഞെട്ടിച്ചു. 

khushwant singh death anniversary
Author
Thiruvananthapuram, First Published Mar 20, 2019, 1:22 PM IST


"Here lies one who spared neither man nor God; 
Waste not your tears on him, he was a sod; 
Writing nasty things he regarded as great fun; 
Thank the Lord he is dead, this son of a gun.”  

ഇത് ഖുഷ്വന്ത് സിങ്ങ് എന്ന സര്‍ഗ്ഗധനനായ എഴുത്തുകാരന്‍,  മരിക്കുന്നതിന് എത്രയോ മുമ്പ് തന്നെ അദ്ദേഹത്തിനായി  കുറിച്ചിട്ട  ശവകുടീരപ്പലകാലേഖമായിരുന്നു. 2014  മാര്‍ച്ച് 20-ന് തന്റെ തൊണ്ണൂറ്റി ഒമ്പതാമത്തെ വയസ്സില്‍ അദ്ദേഹം മരണപ്പെടുമ്പോള്‍, ഇല്ലാതായത് ഇന്ത്യ കണ്ട ഏറ്റവും സരസനായ, ഒരുപക്ഷേ  ആ ഒരൊറ്റക്കാരണത്താല്‍ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയ ഒരു എഴുത്തുകാരനാണ്. ഇന്ത്യയില്‍ എത്ര പേര്‍ക്ക് ഖുഷ്വന്തിനു സിദ്ധിച്ച ഭാഗ്യം കൈവന്നിട്ടുണ്ടാവും. സ്വന്തം നാട് കോളനി ഭരണകാലത്ത് കഷ്ടപ്പെട്ടുകൊണ്ടിരുന്ന കാലത്തെ ബാല്യം, സ്വാതന്ത്ര്യസമരത്തിന്റെ പരമകാഷ്ഠയില്‍ പിന്നിട്ട, യൗവ്വനത്തിന്റെ പൂര്‍വ്വഭാഗം.  സ്വാതന്ത്ര്യലബ്ധിക്കു ശേഷം സംഭവബഹുലമായ സിവിൽ സർവീസ്, പത്രപ്രവർത്തന, എഴുത്ത് ജീവിതങ്ങൾ ..

1931 -ല്‍,  സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിങ്ങിനെയും  രാജ് ഗുരുവിനെയും സുഖ്‌ദേവിനെയും ലാഹോര്‍ ജയിലില്‍ വെച്ച് തൂക്കിക്കൊന്നു. അന്ന് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന  പതിനാറുകാരനായ ഖുഷ്വന്ത് തന്റെ കോളേജിന്റെ മട്ടുപ്പാവില്‍ കേറി ത്രിവര്‍ണ്ണപതാകയുയര്‍ത്തിക്കൊണ്ട് പ്രതിഷേധിച്ചു.  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ദൃക്സാക്ഷിയായിരുന്ന ഒരാളാണ് അഞ്ചുവര്‍ഷം മുമ്പ്  ഇതേദിവസം നമ്മളെ വിട്ടുപോയത്. 

ഈ ബംഗ്ലാവ് അദ്ദേഹം താമസിയാതെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുനാളിന് വിറ്റു

തന്റെ ജീവിതത്തെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്, 'ജീവിതം ഒരു ഒഴുകുന്ന നദിയാണ്. ഒഴുക്കിനൊപ്പിച്ച് നീന്തിയാല്‍ ചിലപ്പോള്‍ നാലുമണിക്കൂര്‍ നേരം കൊണ്ട് നാലഞ്ച് കിലോമീറ്റര്‍ തന്നെ നമ്മള്‍ താണ്ടിയെന്നിരിക്കും. എന്നാല്‍ ഒഴുക്കിനെതിരെ നീങ്ങാനാണ് നിങ്ങള്‍ നിശ്ചയിച്ചിരിക്കുന്നതെന്നുണ്ടെങ്കില്‍, നാലുമണിക്കൂര്‍ കഴിഞ്ഞാലും നമ്മള്‍ നീന്തല്‍ തുടങ്ങിയേടത്തു തന്നെ നില്‍ക്കുന്നുണ്ടാവും. ഇക്കാര്യം ഞാന്‍ എന്റെ സ്വന്തം ജീവിതം കൊണ്ട് പഠിച്ച ഒന്നാണ്.. '

അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കണ്ണോടിച്ചാല്‍ വിരോധാഭാസങ്ങളുടെ കൂത്തരങ്ങായിരുന്നു അതെന്നു കാണാം. അതി സമ്പന്നമായ ഒരു സര്‍ദാര്‍ കുടുംബത്തിലായിരുന്നു ജനനം. നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് ആയിരത്തിലധികം ജോലിക്കാരുണ്ടായിരുന്ന കുടുംബം എന്ന് പറഞ്ഞാല്‍ അത് ഒരു രാജകുടുംബത്തില്‍ കുറഞ്ഞൊന്നും അല്ലല്ലോ. ബിസിനസ്സുകാരനായ അച്ഛന്‍ ശോഭ സിങ്ങ് ദില്ലിയില്‍ വന്നു കുടിയേറിയകാലത്ത് പണി കഴിപ്പിച്ചതാണ് ജന്തര്‍ മന്തര്‍ റോഡിലെ മൂന്നാം നമ്പര്‍ ബംഗ്ലാവ്. കുറേക്കാലം അവിടെ ജീവിച്ച് അവിടത്തെ സൗകര്യങ്ങള്‍ പോരാ എന്ന് തോന്നിയപ്പോള്‍ അദ്ദേഹം ദില്ലിയുടെ ഹൃദയഭാഗത്തുതന്നെ കൂടുതല്‍ സ്ഥലസൗകര്യങ്ങളുള്ള മറ്റൊരു വലിയ ബംഗ്‌ളാവ് പണിതീര്‍ത്ത് അങ്ങോട്ട് താമസം മാറി. ജന്തര്‍ മന്തറിലെ ഈ ബംഗ്‌ളാവ് അദ്ദേഹം താമസിയാതെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുനാളിന് വിറ്റു. അതാണ് ഇന്ന് ദില്ലിയിലെ കേരള ഗവണ്മെന്റിന്റെ ആസ്ഥാനമായ, 'കേരളാ ഹൗസ്'. അങ്ങനെയൊരു സമ്പന്നകുടുംബത്തിലെ ഇളമുറക്കാരന്‍, അതും നേടാവുന്നതിന്റെ പരമാവധി ഉത്കൃഷ്ടമായ വിദ്യാഭ്യാസം സിദ്ധിച്ചവന്‍, യൗവ്വനത്തിന്റെ പ്രസരിപ്പുവിടാത്ത കാലത്ത് ഒരു പത്രപ്രവര്‍ത്തകന്റെ വേഷമണിയാന്‍ തീരുമാനിക്കുന്നു. അന്നൊക്കെ പത്രപ്രവര്‍ത്തനമെന്നത്, ഒരു തൊഴിലായിപ്പോലും അംഗീകരിക്കപ്പെടാത്ത കാലമാണെന്നോര്‍ക്കുക. അപൂര്‍വം ചില ഭാഗ്യവാന്മാര്‍ക്കു മാത്രമേ അതുകൊണ്ട് സുഭിക്ഷമായി കഴിയാനുള്ള വകുപ്പുണ്ടായിരുന്നുള്ളൂ. അത്തരത്തില്‍ നിലവിലെ അളവുകോലുകള്‍ക്കുമുന്നില്‍ വിരോധാഭാസമായി നിലകൊള്ളുന്ന നിലപാടുകളായിരുന്നു പലപ്പോഴും അദ്ദേഹത്തിന്‍റേത്.  

സിതാറും ചിത്രകലയും അഭ്യസിക്കണമെന്നുള്ള ആഗ്രഹം കൊണ്ട് നേരെ ശാന്തിനികേതനിലേക്ക് വച്ചുപിടിച്ചു

'വിശ്വാസിയായ ഒരു വിഗ്രഹ ഭഞ്ജകന്‍' എന്നാണ്  പ്രസിദ്ധ ഹിന്ദി കവി നീലാഭ് ഖുഷ്വന്തിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. പുറമേയ്ക്ക് സ്ത്രീലോലുപനും, മദിരാസക്തനും ഒക്കെയായി സ്വന്തം 'ഇമേജ് ' മനഃപൂര്‍വം മുന്നോട്ടുവെക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ അദ്ദേഹം തികഞ്ഞ സാത്വികനായ ഒരു എഴുത്തുകാരനായിരുന്നു. ആകാശത്തിന് കീഴിലുള്ള സമസ്ത വിഷയങ്ങളെക്കുറിച്ചും സിങ്ങ് എഴുതിയിട്ടുണ്ട്. സിഖ് ചരിത്രം പല കൃതികളിലായി അദ്ദേഹം വളരെ വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്. പഞ്ചാബി ഭക്തി കാവ്യാ ശാഖയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ഇല്ലസ്‌ട്രേറ്റഡ് വീക്കിലി എന്ന പ്രസിദ്ധീകരണത്തിന് 'കള്‍ട്ട് സ്റ്റാറ്റസ് 'നല്‍കിയത്  അദ്ദേഹമാണ്. ഇന്ത്യാ വിഭജനകാലത്ത് അദ്ദേഹമെഴുതിയ 'ട്രെയിന്‍ റ്റു പാകിസ്ഥാന്‍' എന്ന നോവല്‍ ചലച്ചിത്രമായിട്ടുണ്ട്. 

khushwant singh death anniversary

'ജന്തർ മന്തറിലെ ഖുഷ്‌വന്ത് സിങ്ങിന്റെ മുൻകാല വസതി,  ഇന്നത്തെ കേരളാ ഹൗസ്'

ഇന്നത്തെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഹദാലി എന്ന ഗ്രാമത്തില്‍ 1915  ആഗസ്ത് 15 -നായിരുന്നു ഖുഷ്വന്തിന്റെ ജനനം. സിങ്ങിന്റെ അമ്മൂമ്മ തന്റെ കൊച്ചുമോനിട്ട പേര്  'ഖുഷാല്‍ സിങ്ങ്' ( 'ധീരനായ സിംഹം' എന്നര്‍ത്ഥം) എന്നായിരുന്നു. 'ശാലി' എന്ന വിളിപ്പേരില്‍ തൂങ്ങി  ' ശാലീ ശാലീ.. ബാഗ് ദേ മൂലീ..' എന്നും പറഞ്ഞ് സ്‌കൂളിലെ കൂട്ടുകാര്‍ കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ സ്വന്തം പേരിനെ ഒന്ന് പരിഷ്‌കരിച്ചു അദ്ദേഹം. ചേട്ടന്റ ഭഗവന്ത് സിങ്ങിന്റെ പേരിനോട് പ്രാസമൊപ്പിച്ച് ഖുഷ്വന്ത് എന്നൊരു പേര് അദ്ദേഹം പുതുതായി ഉണ്ടാക്കി. ദില്ലി മോഡേണ്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അദ്ദേഹം പില്‍ക്കാലത്ത് തന്റെ ഭാര്യയാവാന്‍ പോവുന്ന കവല്‍  മാലിക്കുമായി ആദ്യമായി പരിചയത്തിലാവുന്നത്. പിന്നീട്, ലാഹോര്‍ ഗവണ്മെന്റ് കോളേജ്, സെന്റ് സ്റ്റീഫന്‍സ് എന്നിവിടങ്ങളിലായി പഠനം തുടര്‍ന്നു. ഇടക്കാലത്ത് സിതാറും ചിത്രകലയും അഭ്യസിക്കണമെന്നുള്ള ആഗ്രഹം കൊണ്ട് നേരെ ശാന്തിനികേതനിലേക്ക് വച്ചുപിടിച്ചു. അവിടെ വെച്ചാണ് മഹാകവി രബീന്ദ്ര നാഥ ഠാക്കൂറുമായി നിരന്തരം ബന്ധപ്പെടാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കുന്നത്. ആ സംവാദങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. ചിത്രകലയിലുള്ള കമ്പം ആദ്യത്തെ കുറച്ചു കാലത്തിനുള്ളില്‍ അവസാനിച്ചെങ്കിലും സിതാര്‍ പഠനം അദ്ദേഹം ദീര്‍ഘകാലം തുടരുകയുണ്ടായി.

1937 -ല്‍ ഉപരിപഠനാര്‍ത്ഥം ഇംഗ്ലണ്ടിലേക്കു പോയ ഖുഷ്വന്ത് സിങ്ങ്  ലണ്ടനിലെ  കിങ്ങ്‌സ് കോളേജില്‍ നിന്നും ബിരുദവും, വിഖ്യാതമായ 'ഇന്നര്‍ ടെംപിളി'ല്‍ നിന്നും ബാരിസ്റ്റര്‍ പട്ടവും നേടിയാണ് തിരിച്ചുവന്നത് . ലാഹോര്‍ കോടതിയില്‍ എട്ടുവര്‍ഷം പ്രാക്ടീസ് ചെയ്ത ശേഷം 1947 -ല്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യന്‍ വിദേശ സര്‍വീസില്‍ എന്റോള്‍ ചെയ്തു. ലണ്ടനിലും ഒട്ടാവയിലും മറ്റും ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ 'പ്രസ് അറ്റാഷെ' ആയിരുന്നു സിങ്ങ്. പിന്നെ മൂന്നുവര്‍ഷം ആകാശവാണിയില്‍ ലാവണം. തുടര്‍ന്ന് കുറച്ചുകാലം യുനെസ്‌കോയില്‍.   

അമ്പതുകളുടെ തുടക്കത്തില്‍ പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ സിങ്ങ്, സര്‍ക്കാര്‍ മേഖലയില്‍ 'യോജന' എന്നൊരു മാസിക തുടങ്ങി. അതും താമസിയാതെ മതിയാക്കി. അങ്ങനെയിരിക്കെയാണ് അമേരിക്കയിലെ ഹാര്‍പ്പേഴ്സ്  മാഗസിനില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ കഥ അച്ചടിച്ച് വരുന്നത്. ' ദി മാര്‍ക്ക് ഓഫ് വിഷ്ണു' . ജീവിതാനുഭവങ്ങളെ നിശിതമായ നിരീക്ഷണബുദ്ധിയോടെ കാണുന്ന ഒരു പത്രപ്രവര്‍ത്തകന്റെ പാടവം അദ്ദേഹത്തിന് ഈ കഥയെഴുതാന്‍ ഉപകരിച്ചു. കുട്ടിക്കാലത്ത് നടന്ന ഒരു സംഭവമായിരുന്നു കഥയിലെ പ്രതിപാദ്യം. സ്‌കൂളില്‍ ചേട്ടനോടൊത്ത് അദ്ദേഹം ചെയ്ത ഒരു വികൃതിയുടെ കമ്പോടുകമ്പ് വിവരണം. സ്‌കൂള്‍ പരിസരത്തുനിന്നും ഉഗ്രവിഷമുള്ള ഒരു മൂര്‍ഖന്‍ പാമ്പിനെ ജീവനോടെ പിടികൂടി ഒരു ഡബ്ബയില്‍ അടച്ച്, തന്റെ അധ്യാപകന് കൈമാറി അദ്ദേഹം. ചത്ത പാമ്പെന്ന് കരുതി അതിനെ കയ്യിലെടുക്കാനായി ഡബ്ബ തുറന്നതും പാമ്പ് അദ്ദേഹത്തിന് നേരെ ചീറിയടുത്തു. ക്ളാസിലുണ്ടായിരുന്ന സകലരും പലവഴി പാഞ്ഞു രക്ഷപ്പെട്ടു. ഹാര്‍പ്പേഴ്സില്‍ വന്ന ഈ കഥയും ലാഹോറില്‍ കേസില്ലാ വക്കീലായി കഴിഞ്ഞ കാലത്ത് എഴുതിക്കൂട്ടി ഏറെ ജനപ്രിയമായി മാറിയ  മറ്റു ചെറുകഥകളുമാണ് പിന്നീട് ഇതേപേരില്‍ സമാഹാരമായി് ഇറങ്ങിയത്. സ്‌നേഹമയിയായ തന്റെ മുത്തശ്ശിയുടെ ഓര്‍മ്മയ്ക്ക് ഖുഷ്വന്ത് 1937ല്‍ എഴുതിയ 'ദി പോര്‍ട്രെയ്റ്റ് ഓഫ് എ ലേഡി' എന്ന കഥ കനേഡിയന്‍ ഫോറത്തില്‍ അച്ചടിച്ചുവന്നു. അത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 

പബ്ലിസിറ്റിക്ക് പരിമിതമായ മാര്‍ഗ്ഗങ്ങള്‍ മാത്രമുണ്ടായിരുന്ന അക്കാലത്ത് ഈ നേട്ടം അത്ഭുതം എന്നതില്‍ കുറഞ്ഞൊന്നുമായിരുന്നില്ല

അമ്പതുകളില്‍ വീണ്ടും ഏകാന്തതയുടെയും ദാരിദ്ര്യത്തിന്റെയും കാലം ഖുഷ്വന്തിനെ തേടിവന്നു. ആകെ കയ്യിലുള്ളത് ഒരേയൊരു കഥാ സമാഹാരം. ആളുകള്‍ 'മുടിയനായ പുത്രനെ'ന്നു വിളിച്ച് കളിയാക്കികൊണ്ടിരുന്ന അക്കാലത്ത്, അച്ഛന്റെ ഭോപ്പാലിലുള്ള ബംഗ്ലാവില്‍, തടാകത്തിന്റെ കരയിലിരുന്ന് അദ്ദേഹം തന്റെ ജീവിതത്തിലെ മാഗ്‌നം ഓപ്പസ് എഴുതി.   'മനോ മാജ്‌റാ' എന്നായിരുന്നു അദ്ദേഹം ആദ്യം ഈ നോവലിന് കൊടുത്ത ശീര്‍ഷകം.  ഇന്ത്യാ പാക് വിഭജനം പ്രമേയമാക്കി എഴുതിയ ഈ നോവലില്‍   അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന 'മനോ മാജ്‌റാ' എന്ന കൊച്ചു ഗ്രാമമാണ് പശ്ചാത്തലം.   ഇംഗ്ലണ്ടില്‍ നിന്ന് 'ട്രെയിന്‍ റ്റു പാകിസ്ഥാന്‍' എന്ന പേരില്‍ അച്ചടിച്ചു വന്ന  ഈ നോവല്‍  പിന്നീട് പമേലാ റൂക്ക്‌സ് എന്ന പ്രഗത്ഭ സംവിധായിക ചലച്ചിത്രമാക്കി. 

1969 -ലാണ് ഖുഷ്വന്ത് സിങ്ങ് ഇല്ലസ്ട്രേറ്റഡ് വീക്കിലിയിലേക്ക് മാറുന്നത്. അദ്ദേഹം എഡിറ്റ് ചെയ്യാന്‍ തുടങ്ങിയ ശേഷമുള്ള സമയമായിരുന്നു ആ മാസികയുടെ പുഷ്‌കല കാലം. ' inform, amuse, provoke' എന്നതായിരുന്നു അദ്ദേഹത്തിന്റെ ലൈന്‍. ഇക്കാലത്തായിരുന്നു ഇന്ത്യാ പാക് യുദ്ധം.  ഓടി നടന്ന് യുദ്ധം കവര്‍ ചെയ്ത് അന്ന് അദ്ദേഹം  വായനക്കാരെ ഞെട്ടിച്ചു. ഇന്ത്യയിലും പാകിസ്താനിലും ഒരുപോലെ സ്വീകാര്യനായിരുന്ന ഒരേയൊരു പത്രക്കാരന്‍ അദ്ദേഹമായിരുന്നു. പാകിസ്ഥാനിലെ അദ്ദേഹത്തിന്റെ ജനപ്രീതി അവിശ്വസനീയമായിരുന്നു. റോഡിലിറങ്ങി നടന്നാല്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ടാക്‌സിക്കാര്‍ വണ്ടിക്കൂലി വാങ്ങില്ലായിരുന്നു.  പീടികയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയാല്‍ അവര്‍ കാശുവാങ്ങാന്‍ മടിച്ചിരുന്നു. അദ്ദേഹത്തിന്റെ എഡിറ്റിങ്ങില്‍ ഒരുവ്യാഴവട്ടക്കാലം കൊണ്ട്  ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയുടെ വരിക്കാര്‍ അരലക്ഷത്തില്‍ നിന്നും നാലുലക്ഷമായി ഉയര്‍ന്നു. പബ്ലിസിറ്റിക്ക് പരിമിതമായ മാര്‍ഗ്ഗങ്ങള്‍ മാത്രമുണ്ടായിരുന്ന അക്കാലത്ത് ഈ നേട്ടം അത്ഭുതം എന്നതില്‍ കുറഞ്ഞൊന്നുമായിരുന്നില്ല. അവിടെ നിന്ന് പോന്ന ശേഷം അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസ്, നാഷണല്‍ ഹെറാള്‍ഡ് എന്നീ പത്രങ്ങളുടെയും എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഇന്നത്തെ തലമുറ ഒരു പക്ഷേ, അദ്ദേഹത്തെ പരിചയിച്ചിരിക്കുന്നത്, ലൈംഗികതയുടെ അതിപ്രസരമുള്ള  ആത്മകഥാഖ്യാനങ്ങളിലൂടെയും, ടിവി-പത്രമാസികകള്‍ എന്നിവയിലൂടെ അദ്ദേഹം നടത്തിയ വിവാദപ്രസ്താവനകളിലൂടെയും മാത്രമായിരിക്കും.  സ്വാതന്ത്ര്യത്തിന് മുമ്പും, ശേഷവുമുള്ള ഇന്ത്യയുടെ ചരിത്രത്തില്‍ ബ്യൂറോക്രാറ്റ്, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, അഭിഭാഷകന്‍ എന്നീ നിലകളില്‍ അദ്ദേഹം നടത്തിയ സജീവമായ, സക്രിയമായ ഇടപെടലുകളെപ്പറ്റിയുള്ള കൃത്യമായ ധാരണകളൊന്നും പലര്‍ക്കും ഉണ്ടായെന്നുവരില്ല. അതിന് ഒരു പരിധിവരെ അദ്ദേഹം തന്നെയാണ് കാരണം. തന്റെ ഗൗരവപൂര്‍ണമായ എഴുത്തുകള്‍, ഉദാഹരണത്തിന് 'ട്രെയിന്‍ റ്റു പാകിസ്ഥാന്‍, അല്ലെങ്കില്‍ ദി ഹിസ്റ്ററി ഓഫ് സിഖ്‌സ്.. എന്നിവയ്ക്ക്, പില്‍ക്കാലത്തിറങ്ങിയ തന്റെ ഫിക്ഷന്‍വല്‍കൃത ആത്മകഥാ ചരിത്രങ്ങളോളം പ്രചാരണം കൊടുക്കാന്‍ അദ്ദേഹം മിനക്കെട്ടില്ല. 

'ട്രെയിന്‍ റ്റു പാകിസ്ഥാന്‍' എന്ന നോവല്‍, വിഭജനകാലത്ത് സിഖുകാര്‍ അനുഭവിച്ച യാതനകളുടെ സാക്ഷ്യങ്ങളാണ്

khushwant singh death anniversary

'ഖുഷ്‌വന്ത് സിങ്ങ് ഭാര്യ കവൽ  മാലിക്കുമൊത്ത്, കയ്യിൽ അദ്ദേഹത്തിന്റെ ആത്മകഥ, 'ഖുഷ്‌വന്ത്നാമ'യുടെ പ്രതി. '

ഖുഷ്വന്തിന്റെ ജീവിതത്തിന്റെ അടിസ്ഥാനശില അദ്ദേഹത്തിന്റെ അര്‍പ്പണബോധം തന്നെയായിരുന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വിരോധാഭാസങ്ങളെ കവച്ചുനിന്നിരുന്നു. ജീവിതത്തില്‍ അഗ്‌നോസ്റ്റിക്ക് ആയിരുന്ന ഖുഷ്വന്ത് സിഖു മതത്തെപ്പറ്റി കാര്യമായ ധാരണകളൊന്നും ഇല്ലാതിരുന്ന ഒരാളായിരുന്നു. താന്‍ ഗുരുദ്വാരകളില്‍  പതിവായി പോവുകയോ, സിഖുമതത്തിന്റെ ചര്യകള്‍ പാലിക്കുകയോ ചെയ്യാറില്ല എന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, 'ദി ഹിസ്റ്ററി ഓഫ് സിഖ്സ്' എന്ന പുസ്തകം എഴുതാന്‍ തീരുമാനിച്ച ശേഷം അദ്ദേഹം മൂന്നുവര്‍ഷത്തോളം സിഖ് മതത്തെപ്പറ്റി ആഴത്തിലുള്ള പഠനങ്ങള്‍ നടത്തി. അദ്ദേഹം രണ്ടുവാല്യങ്ങളിലായി എഴുതിയ ആ പുസ്തകം സിഖുമതത്തെപ്പറ്റിയുള്ള റെഫറന്‍സ്  ഗ്രന്ഥങ്ങളില്‍ ഒന്നാണ്. അദ്ദേഹം ഇന്ത്യയിലും വിദേശങ്ങളിലും സിഖുമതത്തെപ്പറ്റിയുള്ള പ്രഭാഷണങ്ങള്‍ നടത്തുമ്പോള്‍ ആയിരക്കണക്കിന് സര്‍ദാര്‍മാര്‍ അത് ശ്രദ്ധയോടെ കേള്‍ക്കുകയും, പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളാല്‍ സ്വാധീനിക്കപ്പെട്ട് കണ്ണീര്‍വാര്‍ക്കുക വരെ ചെയ്തിട്ടുണ്ട്. അതുപോലെതന്നെ ഇന്ത്യാ വിഭജനത്തെ ആസ്പദമാക്കിയുള്ള അദ്ദേഹത്തിന്റെ 'ട്രെയിന്‍ റ്റു പാകിസ്ഥാന്‍' എന്ന നോവല്‍, വിഭജനകാലത്ത് സിഖുകാര്‍ അനുഭവിച്ച യാതനകളുടെ സാക്ഷ്യങ്ങളാണ്. 

2014 -ല്‍  ഖുഷ്വന്ത് സിങ്ങ് മരണപ്പെട്ടപ്പോള്‍, പണ്ട് പഠിച്ചിറങ്ങിയ ഹദാലി സ്‌കൂളില്‍ തന്നെയാണ് അദ്ദേഹത്തെ അടക്കം ചെയ്തത്.  അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ കൊത്തിവെച്ചിരിക്കുന്ന സ്മൃതിലേഖത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, 

khushwant singh death anniversary


 

Follow Us:
Download App:
  • android
  • ios