ഒരുഘട്ടത്തിൽ കുട്ടി ലീയെ ചവിട്ടുന്നത് തുടരുമ്പോൾ മകളെ തടയുന്നതിന് പകരം അമ്മ ചിരിക്കുകയാണ്. എന്നാൽ, യുവാവ് ഇതിനോട് പ്രതികരിക്കാൻ നിൽക്കാതെ ഹെഡ്‍ഫോൺ ധരിച്ച് ശാന്തനായി ഇരിക്കുകയായിരുന്നു.

ചില യാത്രകളിൽ കുട്ടികൾ ഉറക്കെ കരയുകയും ബഹളം വയ്ക്കുകയും ഒക്കെ ചെയ്യാറുണ്ട്. മാതാപിതാക്കൾ ശ്രമിച്ചാലും ചിലപ്പോൾ കുട്ടികൾ അടങ്ങിയിരിക്കാറില്ല. എന്തായാലും വിമാനത്തിലൊക്കെ ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടാകുന്നത് പലപ്പോഴും ആളുകളെ പ്രയാസത്തിലാക്കാറുണ്ട്. അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ ഒരു യുവാവ് ടിക്ടോക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. പോൾ ലീ എന്ന യുവാവ് പറയുന്നത് വിമാനയാത്രയിൽ ഒരു കുട്ടി തന്റെ സീറ്റിൽ ചവിട്ടിയെന്നും ബഹളം വച്ചു എന്നുമാണ്.

ശാന്തമായി ഇരുന്ന് ചായക്കപ്പിൽ നിന്ന് ചായ കുടിക്കാൻ ശ്രമിക്കുകയായിരുന്നു പോൾ ലീ. അപ്പോഴാണ്, അയാളുടെ അടുത്തിരുന്ന ഒരു കൊച്ചു പെൺകുട്ടി ഇയാളെ ശല്ല്യപ്പെടുത്താൻ തുടങ്ങിയത്. കുട്ടി ബഹളമുണ്ടാക്കുക​യും യുവാവിനെ ചവിട്ടുകയും ചെയ്യുകയായിരുന്നു. അവളുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയാണെന്ന് കരുതുന്ന സ്ത്രീ അവളെ ശാന്തയാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പലതവണ പെൺകുട്ടി ലീയെ ചവിട്ടി.

ഒരുഘട്ടത്തിൽ കുട്ടി ലീയെ ചവിട്ടുന്നത് തുടരുമ്പോൾ മകളെ തടയുന്നതിന് പകരം അമ്മ ചിരിക്കുകയാണ്. എന്നാൽ, യുവാവ് ഇതിനോട് പ്രതികരിക്കാൻ നിൽക്കാതെ ഹെഡ്‍ഫോൺ ധരിച്ച് ശാന്തനായി ഇരിക്കുകയായിരുന്നു. 'തനിക്കിതുവരെ കിട്ടിയതിൽ വച്ച് ഏറ്റവും മോശം സീറ്റ്' എന്നാണ് കുട്ടിയുടെ സീറ്റിനരികിലെ തന്റെ സീറ്റിനെ കുറിച്ച് ലീ പറയുന്നത്. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ കുട്ടി ചവിട്ടുന്നത് നിർത്തിയ ശേഷം താൻ തന്റെ യാത്ര ആസ്വദിച്ചുവെന്നും ലീ പറഞ്ഞു. വിയറ്റ്നാം എയർലൈൻസ് ഫ്ലൈറ്റിൽ 2024 -ലാണ് അനുഭവമുണ്ടായത്. കുട്ടിയുടെ അമ്മയാവട്ടെ വിമാനയാത്രയിലോ ശേഷമോ യുവാവിനോട് ഖേദം പ്രകടിപ്പിച്ചിട്ടില്ല എന്നും പറയുന്നു.

ടിക്ടോക്കിൽ ഷെയർ ചെയ്ത വീഡിയോയ്ക്ക് അനേകങ്ങളാണ് കമന്റുകൾ നൽകിയത്. ഇത്തരം യാത്രകൾ അങ്ങേയറ്റം ദുഃസ്സഹമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.