ആദ്യം അമ്മ മകന് ഓൺലൈൻ വഴി ഭക്ഷണമെത്തിക്കാനുള്ള സംവിധാനം നോക്കിയിരുന്നു. എന്നാൽ, അപ്പോഴേക്കും ആ സ്ഥലം ലോക്ക്ഡൗണിലായി. അതോടെ ഓൺലൈൻ ഫുഡ് ഡെലിവറിയും നിന്നു. പിന്നീട്, അമ്മ മകന് ഫോണിലൂടെ എങ്ങനെയാണ് ഭക്ഷണം പാകം ചെയ്യുക എന്ന് പറഞ്ഞുകൊടുത്തു.
വീട്ടിൽ തനിച്ചിരിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. ഇഷ്ടമുള്ള സിനിമ കാണാം. വായിക്കാം. ഗെയിം കളിക്കാം. പാചകം ചെയ്യാം അങ്ങനെ 'ഓൺ ടൈം' കുറേ ആസ്വദിക്കാം. അതുപോലെ കുറച്ച് ദിവസം തനിച്ച് കഴിയാനാഗ്രഹിക്കുന്നവരുമുണ്ട്. എന്നാൽ, ഒരു കുട്ടിയെ സംബന്ധിച്ച് ഒരു വീട്ടിൽ എത്രകാലം തനിയെ കഴിയാനാവും? അവന് അമ്മയും അച്ഛനുമൊന്നുമില്ലാതെ വീട്ടിൽ തനിയെ കഴിയേണ്ടി വരിക. കള്ളന്മാർ വരാതെ നോക്കേണ്ടി വരിക... ചൈന(China)യിലെ ഒരു കുട്ടിക്കാണ് അങ്ങനെ ഒരവസ്ഥയുണ്ടായത്.
ലോക്ക്ഡൗണി(lockdown)ൽ കുട്ടിയുടെ മാതാപിതാക്കൾ മറ്റൊരു നഗരത്തിൽ പെട്ടുപോയി. അപ്പോഴാണ് ജിയാംഗ്സു പ്രവിശ്യയിലെ കുൻഷാനിലുള്ള പതിമൂന്നുകാരന് തനിയെ കഴിയേണ്ടി വന്നത്. പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഫെബ്രുവരി 28 -നാണ് കുട്ടിയുടെ മാതാപിതാക്കൾ ചികിത്സയുടെ ആവശ്യത്തിനായി ഷാൻഗായിലേക്ക് പോയത്. എന്നാൽ, അവർ അവിടെ എത്തിയപ്പോഴേക്കും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അതോടെ ഏപ്രിൽ അവസാനം വരെ അവർക്ക് കുട്ടിയെ കാണാനായില്ല.
അതുമാത്രമല്ല, കുട്ടിക്ക് തനിച്ച് കഴിയുന്നതിനൊപ്പം വീട്ടിലെ പെറ്റുകളായ ഒരു പൂച്ചയേയും പട്ടിയേയും കൂടി നോക്കേണ്ടതുണ്ടായിരുന്നു. അവയ്ക്ക് ഭക്ഷണം നൽകണം. നായയെ നടത്താൻ കൊണ്ടുപോണം. കുളിപ്പിക്കണം. ക്ലീൻ ചെയ്യണം. ഇതിനെല്ലാം പുറമേ ഓൺലൈൻ ക്ലാസിലും പങ്കെടുക്കണം. കുട്ടിയുടെ അമ്മ ഈ അനുഭവത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു. 'തന്റെ മകൻ ഭയങ്കര ശുഭാപ്തി വിശ്വാസിയായിരുന്നു. താൻ കരയുമ്പോഴെല്ലാം അവനായിരുന്നു ആശ്വസിപ്പിച്ചിരുന്നത്. അമ്മ എന്തിനാണ് കരയുന്നത്? കാര്യങ്ങളെല്ലാം ഞാൻ നോക്കിക്കോളാം. എങ്ങനെയാണ് ഭക്ഷണം പാകം ചെയ്യേണ്ടത് എന്നെല്ലാം അമ്മയെന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ എന്നാണ് അവൻ പറഞ്ഞത്' എന്നും അവർ പറയുന്നു.
ആദ്യം അമ്മ മകന് ഓൺലൈൻ വഴി ഭക്ഷണമെത്തിക്കാനുള്ള സംവിധാനം നോക്കിയിരുന്നു. എന്നാൽ, അപ്പോഴേക്കും ആ സ്ഥലം ലോക്ക്ഡൗണിലായി. അതോടെ ഓൺലൈൻ ഫുഡ് ഡെലിവറിയും നിന്നു. പിന്നീട്, അമ്മ മകന് ഫോണിലൂടെ എങ്ങനെയാണ് ഭക്ഷണം പാകം ചെയ്യുക എന്ന് പറഞ്ഞുകൊടുത്തു. ഏപ്രിൽ അവസാനം അമ്മ തിരികെ എത്തിയപ്പോൾ സ്വയം പാകം ചെയ്‍ത് കഴിച്ചിട്ട് പോലും മകനും പെറ്റുകളും തൂക്കം കൂടിയതായും കണ്ടെത്തി.
ഏതായാലും മകനും പെറ്റുകളും ഓക്കേ ആയിരുന്നു എങ്കിലും വീടിന്റെ അവസ്ഥ അതായിരുന്നില്ല. എല്ലാം കൂടി വാരി വലിച്ചിട്ടേക്കുവായിരുന്നു എന്നാണ് അമ്മ പറയുന്നത്. കാൽ കുത്താനിടമില്ലാത്തവണ്ണം എല്ലാം വലിച്ചുവാരിയിട്ടിരുന്നു എന്നും അവർ പറയുന്നു. എന്നാൽ, അവർ തന്റെ മകനെ അഭിനന്ദിച്ചു. സാഹചര്യം അവൻ നന്നായി കൈകാര്യം ചെയ്തു എന്നാണ് അമ്മ പറഞ്ഞത്. 'അവനൊരിക്കലും പരാതി പറയുകയോ വിഷമിക്കുകയോ ചെയ്‍തില്ല. മാത്രമല്ല, തങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. നാം വിചാരിച്ചതിനേക്കാൾ കരുത്തനും ശുഭാപ്തിവിശ്വാസിയും ആയിരുന്നു അവൻ' എന്നും പതിമൂന്നുകാരന്റെ മാതാപിതാക്കൾ പറയുന്നു. ഏതായാലും രണ്ടുമാസം തനിയെ വീടുനോക്കിയ കുട്ടിയെ പലരും അഭിനന്ദിച്ചു. 'ഹോം എലോൺ' എന്ന സിനിമയുമായി കുട്ടിയുടെ അനുഭവത്തെ പലരും താരതമ്യം ചെയ്തു. വെക്കേഷന് പോകുമ്പോൾ വീട്ടുകാർ കൂട്ടാൻ മറന്നുപോയതിനാൽ വീട്ടിലൊറ്റപ്പെട്ട് പോയ ഒരു കുട്ടിയുടെ കഥയാണ് പ്രസ്തുത ചിത്രം പറയുന്നത്.
(ചിത്രം 'ഹോം എലോൺ' എന്ന സിനിമയിൽ നിന്നും)
