ഉറങ്ങിക്കിടക്കുമ്പോഴാണ് വെറും രണ്ടു വയസ്സുള്ള വിറ്റ്നിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് വിറ്റ്നിയുടെ തലയോട്ടിയും, പല്ലുകളും, വസ്ത്രങ്ങളും ഒരു അയൽ ഗ്രാമത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അത് പോലെത്തന്നെ ഒമ്പതുകാരിയായ ഹാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതിന് ശേഷം തലയറുത്ത നിലയിൽ കണ്ടെത്തി. അവർക്ക് രണ്ടു പേർക്കും ആൽബിനിസം (ത്വക്കിൽ കറുപ്പുനിറം നൽകുന്ന മെലാനിൻ എന്ന വർണ്ണവസ്തുവിന്റെ ഉത്പാദനത്തിലുണ്ടാകുന്ന തകരാറ് മൂലം ഉണ്ടാക്കുന്ന അവസ്ഥ) ഉണ്ടായതായിരുന്നു ഈ ക്രൂരതയ്ക്ക് കാരണം. ആഫ്രിക്കയിലെ മലാവിയിൽ ആൽബിനിസമുള്ള ആയിരക്കണക്കിന് ആളുകൾ, പ്രത്യേകിച്ച് കുട്ടികൾ, തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും ഇരയാകുന്നു. ആൽബിനിസമുള്ള ആളുകളുടെ എല്ലുകൾക്ക് മാന്ത്രിക ശക്തിയുണ്ടെന്നും, അത് കൈയിൽ വയ്ക്കുന്നത് ഒരാളെ സമ്പന്നനാക്കുമെന്നും അവർ  കരുതുന്നു. അതുകൊണ്ട് തന്നെ അവരുടെ ശരീരഭാഗങ്ങൾക്ക് വലിയ വിലയാണ്. ഇത് മനുഷ്യ അസ്ഥികളുടെ വ്യാപാരം തഴച്ചുവളരാൻ കാരണമാകുന്നു.  

2020 -ലെ കണക്കനുസരിച്ച് മലാവിയിലെ 130 പേരിൽ ഒരാൾക്ക് വീതം ആൽബിനിസം ഉണ്ട്. അവിടെ 134,000 പേർക്കാണ് ഈ അവസ്ഥയുണ്ട്. ഇതിൽ 40 ശതമാനം കുട്ടികളാണ്. സ്കൂളിൽ പോകുന്നത് പോലും അവരെ ഗുരുതരമായ അപകടത്തിലാക്കുന്നു. ശരീരഭാഗങ്ങൾക്കായി അവർ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 160 കൊലപാതക കേസുകളും മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും ഈ രോഗം ബാധിച്ചവർക്കെതിരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അയൽരാജ്യമായ ടാൻസാനിയ, മൊസാംബിക്ക് എന്നിവിടങ്ങളിലും സമാനമായ കേസുകൾ നടക്കുന്നു.

ചില കുട്ടികളെ ബന്ധുക്കൾ തന്നെയാണ് പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയി വിൽക്കുന്നത്. ആൽബിനിസമുള്ള 53 -കാരിയായ യൂനിസ് ഫിരിയുടെ കാര്യത്തിൽ, അവരുടെ സഹോദരനും മറ്റ് രണ്ട് പേരും ചേർന്നാണ് അവരെ കൊണ്ടുപോയി വലിയ തുകയ്ക്ക് വിറ്റത്. അഞ്ച് ദിവസത്തിന് ശേഷം കസുങ്കു നാഷണൽ പാർക്കിൽ യൂനിസിന്റെ മൃതദേഹം കണ്ടെത്തി. അവരുടെ കൈകൾ വെട്ടിമാറ്റിയിരുന്നു. അതുപോലെ തന്നെ ആൽബിനിസം ഒരു പകർച്ചവ്യാധിയാണെന്നും പലരും വിശ്വസിക്കുന്നു. ഈ രോഗം ബാധിച്ചവരുടെ അസ്ഥികളിൽ സ്വർണ്ണം അടങ്ങിയിട്ടുണ്ടെന്നും ഒരു വിശ്വാസമുണ്ട്. ഇത് ദൈവത്തിന്റെ ശിക്ഷയാണ് എന്ന് കരുതുന്നവരും കുറവല്ല. എന്തിനേറെ മരിച്ചവരെപ്പോലും അവിടെ കുറ്റവാളികൾ വെറുതെ വിടുന്നില്ല. ആൽബിനിസം ബാധിച്ച 39 പേരെയെങ്കിലും അനധികൃതമായി ശവക്കുഴികളിൽ നിന്ന് പുറത്തെടുക്കുകയോ അല്ലെങ്കിൽ ശരീരഭാഗങ്ങൾ മൃതദേഹങ്ങളിൽ നിന്ന് നീക്കം ചെയ്യുകയോ ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു.    

ആൽബിനിസമുള്ള ആളുകൾക്കെതിരായ കുറ്റകൃത്യങ്ങൾ പലപ്പോഴും കോടതിയിൽ എത്താറില്ല. ഫണ്ടുകളുടെ അഭാവമോ കുറ്റവാളികൾക്ക് ലഭിക്കുന്ന നിയമ സഹായമോ ഒക്കെയാണ് ഇതിന്റെ പിന്നിൽ. ഇനി അഥവാ കേസുകൾ കോടതിയിൽ എത്തിയാലും, തെറ്റായ അന്വേഷണങ്ങളും പ്രസക്തമായ തെളിവുകളുടെ അഭാവവും മൂലം പ്രതികളെ പലപ്പോഴും ശിക്ഷിക്കാതെ വിട്ടയക്കുന്നു. ഇപ്പോൾ മഹാമാരിയുടെ വരവോടെ അവരുടെ അവസ്ഥ കൂടുതൽ പരിതാപകരമായിരിക്കയാണ്. ആൽബിനിസമുള്ളവർ കാരണമാണ് ആഫ്രിക്കയിൽ കൊറോണ വൈറസ് പടരുന്നതെന്ന് അവിടത്തുകാർ വിശ്വസിക്കുന്നു. കഴിഞ്ഞ വർഷം യുഎൻ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ചലെറ്റ് ഒരു പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞു: “ആൽബിനിസമുള്ള വ്യക്തികളെ ചില രാജ്യങ്ങളിൽ -കൊറോണ, കൊവിഡ് -19 എന്നിങ്ങനെ മുദ്രകുത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്, അവരെ മഹാമാരിയുടെ ബലിയാടുകളെന്ന് മുദ്രകുത്തി സമൂഹം പുറത്താക്കുന്നു.” തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും ഇരയാകാൻ സാധ്യതയുള്ള ആയിരക്കണക്കിന് ആളുകളെ അടിയന്തിരമായി സംരക്ഷിക്കാൻ മലാവിയുടെ സർക്കാർ മുൻകൈ എടുക്കണമെന്നും അവർ പറഞ്ഞു.  

(ചിത്രം പ്രതീകാത്മകം)