1996 ഒക്ടോബർ, നാസിക്, മഹാരാഷ്ട്ര : നാസിക്കിലെ ഒരു പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്നു മാധവ് കാലേ. കുറച്ചുദിവസമായി ആകെ മാനസിക സംഘർഷത്തിലാണ് കാലേ. അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്ന ഒരു കേസ് എങ്ങുമെത്താതെ നിൽക്കുന്നതുതന്നെ കാര്യം.  ഒമ്പതുവയസ്സുമാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുടെ തിരോധനമാണ് വിഷയം. പെൺകുട്ടിയുടെ പേര്, ക്രാന്തി ഗാവിറ്റ്. മുപ്പത്താറു വർഷത്തെ തന്റെ കരിയറിലെ ഏറ്റവും സങ്കീർണ്ണമായ ഒരു കേസിന്റെ ചുരുളഴിയുന്നതിന്റെ തൊട്ടടുത്തുവരെ എത്തിനിൽക്കയാണ് താനെന്ന് ആ കേസ് അന്വേഷിച്ചുകൊണ്ടിരുന്ന മാധവ് കാലേ അപ്പോൾ അറിഞ്ഞിരുന്നില്ല. 

ആ ക്രിമിനൽ കുറ്റത്തിന്റെ ഒത്തനടുക്കായി മൂന്നു പേർ സംശയത്തിന്റെ നിഴലിൽ നിൽപ്പുണ്ടായിരുന്നു. ഒരു അമ്മ, അവരുടെ മകൾ, വളർത്തുമകൾ. എന്നിവരായിരുന്നു ആ മൂന്നുപേർ. അഞ്ജനാ ബായി, മകൾ സീമാ ഗാവിറ്റ്, വളർത്തുപുത്രി രേണുകാ ഷിൻഡെ എന്നിവരായിരുന്നു അവർ. പ്രതിഭാ മോഹൻ ഗാവിറ്റ് എന്ന നിസ്സഹായയായ ഒരു അമ്മയാണ്  ഭർത്താവിന്റെ ആദ്യഭാര്യയ്ക്കും മക്കൾക്കും എതിരെ തന്റെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. അങ്ങനെ ഒരു ആരോപണം ഉന്നയിച്ചു എന്നതല്ലാതെ വിശേഷിച്ച് തെളിവൊന്നും ഹാജരാക്കാൻ ആ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ, അവർക്ക് ഒരു കാര്യം ഉറപ്പായിരുന്നു, തികഞ്ഞ ക്രിമിനലായ അഞ്ജനയ്ക്ക് തന്നെ ഉപേക്ഷിച്ച് പ്രതിഭയെ വിവാഹം ചെയ്ത ഭർത്താവ് മോഹൻ ഗാവിറ്റിനെതിരെ അടങ്ങാത്ത പകയുണ്ടായിരുന്നു എന്നും, അത് തീർക്കാൻ വേണ്ടി അവർ തന്നെയാണ് തന്റെ മകൾ ക്രാന്തിയെ തട്ടിയെടുത്തത് എന്നും. 
 


 

അഞ്ജനയ്ക്ക് പോക്കറ്റടി, മോഷണം എന്നിങ്ങനെ പെറ്റി കുറ്റകൃത്യങ്ങൾ പലതിലും ഏർപ്പെട്ടുകൊണ്ടിരുന്ന ഒരു ഭൂതകാലമുണ്ട് എന്ന് മോഹൻ തിരിച്ചറിയുന്നത് ഒരു കുഞ്ഞുണ്ടായ ശേഷം മാത്രമായിരുന്നു. അവരോട് അതൊക്കെ നിർത്തി നല്ലൊരു ജീവിതം നയിക്കാൻ അയാൾ ഏറെക്കാലം നിർബന്ധിച്ചു നോക്കി എങ്കിലും, അതൊന്നും അഞ്ജന ചെവിക്കൊള്ളാൻ തയ്യാറായില്ല. ഒടുവിൽ, തന്റെ ഭാര്യയെയും, മകളെയും, വളർത്തുപുത്രിയെയും ഒക്കെ ഒറ്റയ്ക്കാക്കി മോഹൻ തന്റെ വഴിക്ക് പോയി. ഇടയ്ക്കിടെ പിണങ്ങുകയും ബഹളം വെക്കുകയും ഒക്കെ ചെയ്യുമായിരുന്നു എങ്കിലും, മോഹൻ അങ്ങനെ തങ്ങളെ എന്നെന്നേക്കുമായി ഉപേക്ഷിച്ചിട്ട് കടന്നു കളയും എന്ന് അഞ്ജന സ്വപ്നേപി കരുതിയിരുന്നില്ല. അവരെ ഉപേക്ഷിക്കുക മാത്രമല്ല മോഹൻ ചെയ്തത്, പ്രതിഭ എന്ന മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് സ്വൈരമായ മറ്റൊരു കുടുംബജീവിതവും തുടങ്ങിക്കളഞ്ഞു അയാൾ. ഇത് അഞ്ജനയുടെ മനസ്സിൽ പകയുടെ വിത്തുകൾ പാകി. മോഹന്റെ മനസ്സിനെ നോവിക്കാൻ വേണ്ടതെന്തും ചെയ്യാൻ അവർ മാനസികമായി തയ്യാറെടുത്തു.  

എന്തായാലും, പ്രതിഭ സ്റ്റേഷനിൽ ചെന്നു പരാതിപ്പെട്ട്  ലോക്കൽ പൊലീസ് അന്വേഷണം തുടങ്ങിയതിനു തൊട്ടുപിന്നാലെ അമ്മയും രണ്ടുമക്കളും ഒളിവിൽ പോയി. അധികം താമസിയാതെ പ്രതിഭയുടെ  വീട്ടിലേക്ക് ആ മൂവർസംഘം വീണ്ടുമെത്തി. അത് മോഹന്റെയും പ്രതിഭയുടെയും ഇളയമകളെക്കൂടി തട്ടിക്കൊണ്ടു പോകാൻ വേണ്ടിയായിരുന്നു. എന്നാൽ നാസിക് പൊലീസിന്റെ തികഞ്ഞ ജാഗ്രത ആ കുഞ്ഞിന്റെ പ്രാണൻ പോകാതെ കാത്തു. നാസികിലേക്ക് വീണ്ടും കാലുകുത്തി, മോഹന്റെ വീടിനടുത്തേക്ക് വന്നതും മൂന്നുപേരെയും പൊലീസ് വലയിൽ വീഴ്ത്തി. 

കുറ്റവാളികൾ പിടിയിലായി എന്നതുകൊണ്ട് മാത്രമായില്ലലോ. അവർ വല്ലതുമൊക്കെ സമ്മതിക്കുകയും വേണമല്ലോ. ആ മൂന്നുപേരും ഒരക്ഷരം തുറന്നു പറഞ്ഞില്ല. ഒരു കുറ്റവും അവർ സമ്മതിച്ചതുമില്ല. അവരുടെ ദത്തുപുത്രി രേണുകയായിരുന്നു കൂട്ടത്തിലെ ദുർബലമായ കണ്ണി. പൊലീസ് മൂന്നുപേരെയും വെവ്വേറെ ചോദ്യം ചെയ്തപ്പോഴും, അഞ്ജനയും  മകൾ സീമയും ഒരക്ഷരം പോലും മാറ്റിപറഞ്ഞില്ല എങ്കിലും, രേണുക തങ്ങൾ മൂന്നുപേരും കൂടി ഒന്നായി ചെയ്തുകൂട്ടിയ കുറ്റങ്ങൾ ഒന്നിലാതെ ഏറ്റുപറഞ്ഞു. ഏറ്റവും ഒടുവിൽ ക്രാന്തിയെ തട്ടിക്കൊണ്ടുപോയി കൊന്നുകളഞ്ഞതടക്കം. അമ്മ അഞ്ജനയുടെ നിർദേശപ്രകാരമാണ് താനും സഹോദരിയും ഒക്കെ ചെയ്തത് എന്ന് രേണുക ഏറ്റുപറഞ്ഞു. 

അടുത്തത് തെളിവുകൾ ശേഖരിക്കുക എന്ന ദുഷ്കര ദൗത്യമായിരുന്നു. അതിനായി, നാസിക്കിലെ അവരുടെ വീട്ടിലേക്ക് ഇൻസ്‌പെക്ടർ മോഹൻ കാലെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി. അവിടെ നിന്ന് രേണുകയുടെ സഹായത്തോടെ പല തെളിവുകളും കണ്ടെടുത്തു. തട്ടിക്കൊണ്ടു വന്ന ശേഷം കൊന്നുകളയുന്ന കുഞ്ഞുങ്ങൾ മരിക്കുമ്പോൾ ഇട്ടിരുന്ന വസ്ത്രങ്ങളും മറ്റുമായിരുന്നു അവ. എന്നാൽ, ആകെ അമ്പരപ്പിച്ച മറ്റൊരു തിരിച്ചറിവുകൂടി കാലേയ്ക്കുണ്ടായി. രേണുകയുടെ മകളുടെ പിറന്നാൾ ചടങ്ങുകളുടെ ഫോട്ടോ ആൽബങ്ങൾ പരിശോധിച്ചപ്പോൾ അതിൽ ഗ്രാമത്തിലെ ഒരു വീട്ടിലേതും അല്ലാത്ത കുറെ കൊച്ചു കുട്ടികളെ കണ്ടു.  അഞ്ജനയും മക്കളും ചില്ലറ മോഷണവും പോക്കറ്റടിയും ഒക്കെയായി നടക്കുന്നവരാണ് എന്നത് പൊലീസിന് ബോധ്യപ്പെട്ടിരുന്നു. എന്നാൽ, അതിൽ കൂടുതലൊന്നും അവർക്ക് നിശ്ചയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവർ അമ്പരന്നു, ആ കുഞ്ഞുങ്ങൾ എവിടെ നിന്ന് വന്നതാവും? 
 


 

 

അഞ്ജനയുടെയും മക്കളുടെയും അല്ലലില്ലാതെ മോഷണജീവിതത്തിലേക്ക് കൊലപാതകങ്ങളുടെ കറ വന്നുവീഴുന്നതിനു കാരണവും രേണുകയുടെ മറ്റൊരു ഇടപെടൽ തന്നെയായിരുന്നു. ആദ്യവിവാഹത്തിൽ രേണുകയ്ക്ക് ഒരു പിഞ്ചുകുഞ്ഞുണ്ടായിരുന്നു. ആ കുഞ്ഞിനേയും കൊണ്ടാണ് ഒരുദിവസം രേണുക തന്റെ മോഷണത്തിനായി ഇറങ്ങിപ്പുറപ്പെട്ടത്. പ്രദേശത്തെ ഒരു അമ്പലത്തിനുള്ളിലേക്കായിരുന്നു  തന്റെ ഭാഗ്യം പരീക്ഷിക്കാൻ അവൾ ചെന്നുകയറിയത്. എന്നാൽ ആ ശ്രമം ദയനീയമായി പാളി. രേണുക പിടിക്കപ്പെട്ടു. എന്നാൽ, ജന്മസിദ്ധമായ കുടിലബുദ്ധിയും ഒടുക്കത്തെ മനസ്സാന്നിധ്യവും അവരെ അന്നവിടെ നിന്ന് രക്ഷിച്ചു. നല്ല അടികിട്ടും എന്ന അവസ്ഥ വന്നപ്പോൾ, കുനിഞ്ഞ് നിലത്തുനിന്ന മകനെ വാരിയെടുത്ത് രേണുക മുളചീന്തും പോലെ ഒരു കരച്ചിലങ്ങു കരഞ്ഞു. " ഈ പാവം കുഞ്ഞിനേയും കൊണ്ട് അമ്പലത്തിലേക്ക് തൊഴാൻവന്ന ഞാൻ മോഷ്ടിക്കുമെന്നാണോ നിങ്ങൾ പറയുന്നത്..?"  അവരെ ആക്രമിക്കാൻ വന്നവർ ആ ചോദ്യത്തിനുമുന്നിൽ പതറിപ്പോയി. ജനത്തിന്റെ ശ്രദ്ധതിരിഞ്ഞ തക്കത്തിന് അമ്പലത്തിൽ നിന്ന് അമ്മയും മോനും കൂടി ധൃതിപ്പെട്ടിറങ്ങിപ്പോരുകയും ചെയ്തു. നിമിഷനേരത്തേക്ക് സംശയത്തിലായിപ്പോയ ആ ജനക്കൂട്ടവും അവരെ പിന്തുടരാനോ, തടഞ്ഞുവെച്ചു മർദ്ദിക്കാനോ ഒന്നും മിനക്കെട്ടില്ല. 

തിരിച്ചു വീട്ടിലെത്തിയപ്പോൾ, ഇങ്ങനെയൊരു കുഞ്ഞിനെ കൂടെ കൊണ്ട് നടക്കുന്നതിന്റെ മെച്ചത്തെപ്പറ്റി രേണുക അമ്മയെ അഞ്ജനയെ അറിയിച്ചു. അത് ശരിയാണല്ലോ എന്ന് അവർക്കും തോന്നി. വീട്ടിൽ വേറെ കുഞ്ഞുങ്ങളില്ലാതിരുന്നതുകൊണ്ട് അടുത്തമാർഗം അവർ അവലംബിച്ചു. തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് തീരെ  ചെറിയ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു വരിക. അമ്പലങ്ങളിലും, മേളകൾ നടക്കുന്നിടത്തും, റെയിൽവേസ്റ്റേഷനിലും മറ്റും വെച്ചായിരുന്നു സ്ഥിരം തട്ടിക്കൊണ്ടു പോരൽ നടത്തിയിരുന്നത്. അതിന് സ്ഥിരം ഇരകളാകുന്നതോ, പാവപ്പെട്ട കുടുംബങ്ങളിലെ ചോദിക്കാനും പറയാനും ആരുമില്ലാത്ത കുഞ്ഞുങ്ങളും. പിടിക്കപ്പെടുന്ന സാഹചര്യം വരുമ്പോൾ ഒരു മുൻ‌കൂർ ജാമ്യം എന്ന പോലെ അവരെ മുൻനിർത്തി രക്ഷപ്പെടുക. നന്നേ ചെറിയ കുട്ടികളെയാണ് ഇങ്ങനെ തട്ടിയെടുത്തിരുന്നത്. മിക്കവാറും രണ്ടോ മൂന്നോ വയസ്സ് കഷ്ടി പ്രായം വരും കുഞ്ഞുങ്ങൾക്ക്. ഒന്നും പറയാനോ ചെയ്യാനോ അറിയാത്ത പ്രായമുള്ളവർ. ഒരിക്കൽ ഒരു ഭിക്ഷക്കാരിയുടെ കുഞ്ഞിനെ അവർ തട്ടിയെടുത്തത് വളരെ സൂത്രത്തിലായിരുന്നു. അമ്മയുടെ കയ്യിൽ കുഞ്ഞിന് പാലുവാങ്ങിനൽകാൻ വേണ്ടി പണം കൊടുത്തു. വരും വരെ താൻ കുഞ്ഞിനെ നോക്കിക്കോളാം എന്നും പറഞ്ഞു. പാലുവാങ്ങാൻ വേണ്ടി ആ പാവം ഭിക്ഷക്കാരി കടയിലേക്ക് പോയപ്പോഴേക്കും കുഞ്ഞിനെ തട്ടിയെടുത്ത് അഞ്ജന കടന്നുകളഞ്ഞു. ഇങ്ങനെയൊക്കെത്തന്നെയാണ് അവർ എല്ലാ തട്ടിക്കൊണ്ടുപോകലുകളും നടത്തിയിരുന്നത്. 

ഒരുദിവസം, ആ മോഷണശ്രമങ്ങൾക്കിടെ കാര്യങ്ങൾ കൈവിട്ടുപോയി. ഒരിക്കൽ അഞ്ജനയും സീമയും കൂടി ഒരു അമ്പലത്തിനുള്ളിൽ മോഷ്ടിക്കാൻ പോയതായിരുന്നു. കൂടെ മോഷണത്തിന് മറയായി പിടിക്കാൻ വേണ്ടി, അവർ ഒരമ്പലത്തിൽ നിന്ന് തട്ടിയെടുത്ത് കൂടെ കൊണ്ടുനടന്നിരുന്ന ഒരു പിഞ്ചുകുഞ്ഞും ഉണ്ടായിരുന്നു. മോഷണശ്രമം പരാജയപ്പെട്ടു. അവരുടെ കുറ്റം കയ്യോടെ പിടിക്കപ്പെടും, രണ്ടുപേരും അകത്തു പോകേണ്ടിവരും എന്നായി. അതോടെ അഞ്ജന ആ കുഞ്ഞിനെ വാരി ആ അമ്പലത്തിന്റെ കരിങ്കൽത്തറയിലടിച്ചു. ആ കുഞ്ഞിന്റെ ദയനീയമായ കരച്ചിൽ ക്ഷേത്രാങ്കണത്തിൽ ഉയർന്നതോടെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടുപോയി. നന്നായി പരിക്കേറ്റ കുഞ്ഞിനേയും വാരിയെടുത്തുകൊണ്ട് അവർ തിരക്കിനിടയിലൂടെ ഓടിരക്ഷപ്പെടുകയും ചെയ്തു. എന്നാൽ, ആ അടി ഒരല്പം കടുത്തുപോയി. കുഞ്ഞിനേറ്റ പരിക്കുകൾ വളരെ ഗൗരവമുള്ളതായിരുന്നു. ആ വ്രണങ്ങൾ ദിവസം ചെല്ലുന്തോറും പഴുത്തുപഴുത്തുവന്നു. ഒപ്പം വേദന സഹിയാഞ്ഞ് അവൻ കരച്ചിലോട് കരച്ചിലുമായി. മിണ്ടാതിരിക്കാൻ പറഞ്ഞിട്ടൊന്നും കുഞ്ഞ് കേൾക്കുന്ന മട്ടില്ല. എന്നുമാത്രമല്ല, അവരോടൊപ്പം പോക്കറ്റടി ട്രിപ്പുകൾക്ക് കൂട്ടുചെല്ലാനും പിന്നീടവൻ വിസമ്മതിക്കാൻ തുടങ്ങി. അതോടെ ആ കുഞ്ഞ് ഇനിയങ്ങോട്ടൊരു ബാധ്യതയാകുമെന്ന് അഞ്ജനയ്ക്ക് തോന്നി. ഒടുവിൽ ഒരു രാത്രി ആ പാവം കരഞ്ഞുതളർന്നു കിടന്നുറങ്ങുമ്പോൾ ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്കടിച്ച് ആ സ്ത്രീ അവന്റെ ശല്യം എന്നെന്നേക്കുമായി ഇല്ലാതാക്കി. 
 
പക്ഷേ, ഈ തട്ടിക്കൊണ്ടുപോകലും മുറിവേൽക്കലും, ഉപയോഗശൂന്യമാകലും ഒഴിവാക്കലും ഒന്നും അവസാനത്തേതായിരുന്നില്ല. കുട്ടികളെ തട്ടിക്കൊണ്ടുവരാലും, മോഷണത്തിനിടെ തറയിൽ വാരി അടിക്കലും, പരിക്കേറ്റുണ്ടാകുന്ന മുറിവുകൾ വേദനിച്ച് അവർ കരയലും ഒക്കെ പതിവായി. സന്തോഷിനെപോലെ നിർത്താതെ കിടന്നു ബഹളം വെച്ച മറ്റൊരു കുഞ്ഞിനെ അവർ കൊന്നത് വെള്ളത്തിൽ തലമുക്കിപ്പിടിച്ചുകൊണ്ടാണ്. അങ്ങനെ പല കുഞ്ഞുങ്ങളും അവരുടെ കൈകളാൽ പലവിധേന കൊല്ലപ്പെട്ടു. എല്ലാം മൂവർസംഘം ഒറ്റക്കെട്ടായി നടത്തിയ കൊടുംക്രൂരകൃത്യങ്ങൾ. ഒടുവിൽ പ്രതിഭയുടെ പരാതിയിന്മേൽ പൊലീസ് പിടിയിലാകുമ്പോഴേക്കും അവർ ചേർന്ന് ചുരുങ്ങിയത് പതിമൂന്ന് കുഞ്ഞുങ്ങളെയെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുണ്ടായിരുന്നു. അതിൽ പത്തുപേരെയെങ്കിലും കൊന്നിട്ടുമുണ്ടായിരുന്നു. എല്ലാ മൃതദേഹങ്ങളുടെയും ഓട്ടോപ്‌സിയിൽ പരിക്കുകൾക്ക് ഒരേ സ്വഭാവം. തറയിൽ ബലമായി വലിച്ചടിച്ചത്തിന്റെ പരിക്കുകൾ, പിന്നെ തലയ്ക്ക് ഇരുമ്പുപൈപ്പുകൊണ്ട് അടിച്ചതിന്റെയും. മൂന്ന് ആൺകുഞ്ഞുങ്ങളും, രണ്ടു പെൺകുഞ്ഞുങ്ങളും അടക്കം അഞ്ചു കുഞ്ഞുങ്ങളെ കൊന്നതിനാണ് ഒടുവിൽ സുപ്രീംകോടതിയിൽ നിന്ന് അവർക്ക് വധശിക്ഷ കിട്ടുന്നത്. കൊലപാതകങ്ങൾക്ക് പുറമെ 125 മോഷണക്കുറ്റങ്ങളും അവർക്കുമേൽ ചുമത്തപ്പെട്ടിരുന്നു.

പിടിക്കപ്പെട്ടവരുടെ കൂട്ടത്തിൽ രേണുകയുടെ രണ്ടാം ഭർത്താവായ കിരൺ ഷിൻഡെ മാപ്പുസാക്ഷിയായി പൊലീസിനോട് സഹകരിക്കാൻ തയ്യാറായി. പ്രത്യുപകാരമെന്നോണം, അയാളെ കോടതി കുറച്ചുകാലത്തെ ജയിൽവാസത്തിനു ശേഷം മോചിപ്പിക്കുകയും ചെയ്തു. ഈ കുറ്റകൃത്യങ്ങൾക്കൊക്കെ ദൃക്‌സാക്ഷിയായിരുന്ന, അതേപ്പറ്റിയെല്ലാം കൃത്യമായ അറിവുണ്ടായിരുന്ന അയാൾ പോലീസിനോട് വിവരിച്ച ആ ചെയ്തികളുടെ വിശദാംശങ്ങൾ ആരുടേയും മനസ്സിൽ വേദനയുണ്ടാക്കുന്നവയായിരുന്നു. അമ്മയും രണ്ടു മക്കളും ചേർന്ന് കൊന്നുകളയുന്ന കുഞ്ഞുങ്ങളുടെ മൃതദേഹം, അവർ നശിച്ചിരുന്നതും ഉപേക്ഷിച്ചിരുന്നതും ഒക്കെ തികഞ്ഞ പ്ലാനിങ്ങോടെ, ഏറെ ഹൃദയഭേദകമായ രീതിയിലായിരുന്നു. ചുരുട്ടി മടക്കി ചാക്കിലിട്ട ഒരുകുഞ്ഞിന്റെ ജഡവും കാലിനിടയിൽ വെച്ച്, തിയേറ്ററിലിരുന്ന് മാറ്റിനി ഷോ കണ്ടു ആ സഹോദരിമാർ ഒരിക്കൽ. സിനിമകണ്ടിറങ്ങിപ്പോകും വഴി അതേ തീയറ്ററിന്റെ ലേഡീസ് ടോയ്‌ലെറ്റിനുള്ളിലാണ് അന്നവർ ആ കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചു പോന്നത്. പുണെയിൽ നിന്ന് സൂറത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു അവരുടെ മറ്റൊരു കൊലപാതകം. 
 


 

1997 -ൽ, അതായത് പിടിക്കപ്പെട്ട് ഒരു വർഷത്തിനുള്ളിൽ തന്നെ ജയിലിൽ വെച്ച് അമ്മ അഞ്ജന തന്റെ അമ്പതാം വയസ്സിൽ രോഗബാധിതയായി മരണമടയുന്നു. ശിക്ഷ വിധിച്ചുകഴിഞ്ഞതോടെ സഹോദരിമാർ രണ്ടു പേരെയും അവരുടെ കുപ്രസിദ്ധി കാരണം വെവ്വേറെ ജയിലിലേക്ക് പറഞ്ഞയച്ചു. സീമ പുണെ യെർവാഡാ ജയിലിൽ തന്നെ തുടർന്നപ്പോൾ, രേണുകയെ നാഗ്പൂർ ജയിലിലേക്ക് പറഞ്ഞയച്ചു. രേണുകയുടെ കുഞ്ഞുങ്ങൾ കോലാപ്പൂരിലെ ഒരു അനാഥാലയത്തിലാണ് വളർന്നത്. ഒടുവിൽ ഏറെക്കാലം അകന്നു കഴിഞ്ഞശേഷം ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ മാനിച്ച് ഇരുവരെയും യെർവാഡയിൽ ഒന്നിച്ച് പാർപ്പിക്കാൻ തുടങ്ങി. കുപ്രസിദ്ധി അത്രമേൽ ഉള്ളതുകൊണ്ടാകും, യാതൊരു വിധ പ്രശ്നങ്ങളും ജയിലിനുള്ളിൽ ഉണ്ടാക്കില്ല എന്ന് എഴുതിവാങ്ങിച്ചിട്ടാണ് അധികൃതർ അങ്ങനെ ചെയ്തത്.

1996 -ൽ അറസ്റ്റ്. 2001 -ൽ സെഷൻസ് കോടതിയിലെ ശിക്ഷ. 2004 -ൽ ഹൈക്കോടതി വധശിക്ഷ ശരിവെക്കുന്നു.  2006 -ൽ സുപ്രീം കോടതി അവരുടെ വധശിക്ഷ ശരിവെച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിക്കുന്നു. 2014 -ൽ ഇരുവരുടെയും ദയാഹർജി പ്രസിഡന്റ് പ്രണബ് മുഖർജി തള്ളുന്നു. എന്നാൽ, ദയാഹർജി തള്ളിയ നടപടിക്ക് ശേഷം, 'ദയാഹർജി പരിഗണിക്കുന്നതിൽ അകാരണമായ ദീർഘകാലതാമസം ഉണ്ടായി എന്ന' അടുത്ത ലീഗൽ ലൂപ്പ് ഹോൾ പിടിച്ചുകൊണ്ട് വീണ്ടും ഇവരുടെ വക്കീൽ നൽകിയ ഹർജി ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനനയിലാണ്.  കേവലം സാങ്കേതികതയുടെ പുറത്താണ് ഈ പെറ്റിഷൻ. എന്തായാലും ഇത് അവരുടെ വധശിക്ഷ ഈ നിമിഷം വരെയും വൈകിച്ചുകൊണ്ടിരിക്കുകയാണ്. 1955 -ൽ മൂന്നു പെൺകുട്ടികളെ കൊന്നതിന് തൂക്കിലേറ്റപ്പെട്ട രത്തൽബായ് ജെയിനിനു ശേഷം തൂക്കിലേറ്റപ്പെടുന്ന ആദ്യ സ്ത്രീകൾ ചിലപ്പോൾ ഗാവിറ്റ് സഹോദരിമാർ ആകാനും സാധ്യതയുണ്ട്.