ജർമ്മനിയിലെ എല്ലാ മാതാപിതാക്കൾക്കും അവരുടെ കുട്ടിയെ വളർത്തുന്നതിനുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കാൻ അർഹതയുണ്ട്.
കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവ് നാൾക്കുനാൾ വർദ്ധിക്കുകയാണ്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള മാതാപിതാക്കൾ ഇതുമായി ബന്ധപ്പെട്ട നിരവധി തുറന്നുപറച്ചിലുകൾ അടുത്തകാലത്തായി സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയിട്ടുണ്ട്.
ഏതാനും ദിവസങ്ങൾ മുൻപ് ചെന്നൈ ആസ്ഥാനമായുള്ള ദമ്പതികൾ ചെന്നൈ നഗരത്തിൽ ഒരു കുഞ്ഞിനെ വളർത്താൻ തങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് റെഡ്ഡിറ്റിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. പ്രതിമാസം 78,000 രൂപ സമ്പാദിച്ചിട്ടും തങ്ങൾക്ക് ചെലവ് താങ്ങാൻ കഴിയുന്നില്ല എന്നാണ് ഇവർ പറഞ്ഞത്. മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ആശങ്കകൾ വ്യാപകമാകുന്നതിനിടയിൽ ജർമനിയിലെ സർക്കാർ ആവിഷ്കരിച്ച ഒരു ധനസഹായ പദ്ധതി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
'കിൻഡർജെൽഡ് നയത്തിലൂടെയാണ് ജർമ്മനിയിലെ സർക്കാർ മാതാപിതാക്കൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നത്. അടുത്തിടെ ഒരു ഡിജിറ്റൽ ക്രിയേറ്റർ ഈ പദ്ധതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വലിയ പ്രശംസയാണ് ജർമനിയിലെ സർക്കാരിന് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.
കുട്ടികള്‍ വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവരെ വളർത്തുന്നതിനുള്ള ചെലവുകൾ വളരെ വലുതാണ് എന്ന് പറഞ്ഞു കൊണ്ടാണ് കണ്ടന്റ് ക്രിയേറ്റർ വീഡിയോ ആരംഭിക്കുന്നത്. ആ സമയം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്താണ് ജർമ്മനിയിൽ നടപ്പിലാക്കിയ കിൻഡർജെൽഡിനെക്കുറിച്ച് പറയുന്നത്. ജർമ്മനിയിലെ എല്ലാ മാതാപിതാക്കൾക്കും അവരുടെ കുട്ടിയെ വളർത്തുന്നതിനുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കാൻ അർഹതയുണ്ട്. അതിലൊന്നാണ് കിൻഡർജെൽഡ്, മാതാപിതാക്കൾക്ക് അവരുടെ വരുമാനം പരിഗണിക്കാതെ പ്രതിമാസം ധനസഹായം നൽകുന്നു.
2025 മുതൽ, ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയിലെ ഫാമിലി ബെനിഫിറ്റ്സ് ഓഫീസ് മാതാപിതാക്കൾക്ക് പ്രതിമാസം 255 യൂറോ അതായത് 25000 ഇന്ത്യൻ രൂപ നൽകി വരുന്നുണ്ട്. ഇത് കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിനു വേണ്ടിയാണ്. മാത്രമല്ല, ദത്തെടുക്കപ്പെട്ട കുട്ടികൾക്കും ഈ സാമ്പത്തിക സഹായം ലഭ്യമാണ്. ജർമ്മനിയിൽ നികുതി നൽകുന്ന എല്ലാ വ്യക്തികളുടെയും മക്കൾക്ക് ഈ ധനസഹായത്തിന് അർഹതയുണ്ട്.
ജർമ്മനിയിൽ, കിൻഡർജെൽഡ് ലഭിക്കുന്നതിന് വരുമാന പരിധിയില്ല. കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ മാതാപിതാക്കൾക്ക് കിന്റർജെൽഡ് ലഭിക്കും, എന്നാൽ, അവർ തൊഴിൽരഹിതരോ വൈകല്യമുള്ളവരോ ആണെങ്കിൽ, ആ പ്രായത്തിനപ്പുറവും പണം ലഭിക്കും. ഇനി മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുന്നവർ ആണെങ്കിൽ കുട്ടികളുടെ പ്രാഥമിക ഉത്തരവാദിത്വം ആരാണോ ഏറ്റെടുത്തിരിക്കുന്നത് അവർക്കായിരിക്കും പണം ലഭിക്കുക.
