Asianet News MalayalamAsianet News Malayalam

കൊറോണ വൈറസിനെ പ്രണയിച്ച വനിതാ ഡോക്ടര്‍; ചര്‍ച്ചയായി 'കിസ്സിങ്ങ് ദ കൊറോണ വൈറസ്'

'കിസ്സിങ്ങ് ദ കൊറോണ വൈറസ്' ഏപ്രില്‍ മുതല്‍ ആമസോണിലുണ്ടായിരുന്നെങ്കിലും സംഗതി ചര്‍ച്ചയാവുന്നത് ഇപ്പോഴാണ്. മാത്രവുമല്ല, സോഷ്യല്‍ മീഡിയയില്‍ അത് വൈറലാവുകയും ചെയ്തു. 

Kissing the Coronavirus 16 page novel viral in social media
Author
Thiruvananthapuram, First Published Oct 8, 2020, 10:31 AM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡ് 19 മഹാമാരി ലോകത്തെയൊന്നടങ്കം ആരോഗ്യപരമായും സാമ്പത്തികപരമായും സാമൂഹികപരമായും എല്ലാം ബാധിച്ചിരിക്കുകയാണ്. നേരത്തെയിറങ്ങിയ പല നോവലുകളിലും പകര്‍ച്ചവ്യാധികളെ കുറിച്ച് പരാമര്‍ശമുണ്ടെന്നും അവയ്ക്ക് കൊറോണ വൈറസുമായി ബന്ധമുണ്ട് എന്നെല്ലാമുള്ള വാർത്തകളുണ്ടായിരുന്നു. എന്നാല്‍, തികച്ചും വിചിത്രമായ ഒരു നോവലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പേര്, 'കിസ്സിങ്ങ് ദ കൊറോണ വൈറസ്'. 16 പേജുള്ള ഈ ഇ-ബുക്ക് തമാശയെന്നൊക്കെ തോന്നുമെങ്കിലും വായനക്കാരെ അല്‍പസ്വല്‍പം അസ്വസ്ഥരാക്കുന്നതാണ്. ഒരു വാക്സിന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൊറോണ വൈറസുമായി പ്രണയത്തിലാവുന്ന വനിതാ ഡോക്ടറുടെ കഥയാണ് 'കിസ്സിങ് ദ കൊറോണ വൈറസ്'. 

ഏപ്രില്‍ 22 -ന് ആമസോണിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ പറയുന്നത് ഡോ. അലക്സാ അഷിഗ്ടണ്‍ഫോര്‍ഡ് എന്നൊരു വനിതാ ഡോക്ടറുടെ കഥയാണ്. ഗവേഷകയായ അലക്സ, കൊറോണയ്ക്കെതിരെ ഒരു വാക്സിന്‍ കണ്ടെത്തുകയും അത് സഹഗവേഷകനില്‍ കുത്തിവയ്ക്കുകയുമാണ്. എന്നാല്‍, വാക്സിന്‍ പരാജയപ്പെടുകയും അയാള്‍ മരിക്കുകയും ചെയ്യുന്നു. ഇതോടെ കൊറോണ വൈറസ് മനുഷ്യരൂപം സ്വീകരിക്കുകയാണ്. പുസ്തകത്തിന്‍റെ കവറില്‍ തന്നെ ഒരു സ്ത്രീ പച്ചനിറത്തിലുള്ള ഒരു മനുഷ്യനെ ചുംബിക്കുന്നത് കാണാം. അത് ഹള്‍ക്ക് ആണെന്നൊക്കെ തോന്നുമെങ്കിലും അത് ഹള്‍ക്കല്ല, അതാണ് കൊറോണ വൈറസിന്‍റെ മനുഷ്യരൂപം. ഏതായാലും ആ ചിത്രം വായനക്കാരെ ആകര്‍ഷിച്ചില്ലെങ്കിലും അതിന് മുകളിലെഴുതിയിരിക്കുന്ന പ്രധാനവാചകങ്ങള്‍ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. 'അവള്‍ കൊറോണ വൈറസിനെ സുഖപ്പെടുത്തേണ്ടതായിരുന്നു, പക്ഷേ, അവള്‍ അതുമായി പ്രണയത്തിലായി' എന്നതാണ് കവര്‍ ചിത്രത്തിന് മുകളിലെ വാചകം. അല്‍പസ്വല്‍പം ഇക്കിളിപ്പെടുത്തുന്ന രീതിയിലാണ് കഥയുടെ പോക്ക് എന്ന് ചില വായനക്കാരെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ എഴുതുകയുമുണ്ടായി. ഏതായാലും പുസ്തകം അസ്വസ്ഥതപ്പെടുത്തി എന്ന് എഴുതാനും മിക്കവരും മറന്നില്ല.

എം ജെ എഡ്വാര്‍ഡ് ആണ് പുസ്തകം എഴുതിയിരിക്കുന്നത്. വെറും പതിനാറ് പേജ് മാത്രമാണ് പുസ്തകത്തിനുള്ളത്. കൊവിഡ് മഹാമാരി വ്യാപിച്ചതിനെ തുടര്‍ന്ന് ജോലി പോയപ്പോള്‍ കടുത്ത സാമ്പത്തിക പ്രയാസമുണ്ടായി എന്നും അതിനെ മറികടക്കാനാണ് പുസ്തകം എഴുതിയത് എന്നുമാണ് എഡ്വാര്‍ഡ് പറയുന്നത് എന്ന് ArkLaTeX എന്നൊരു മാധ്യമം എഴുതുന്നു. 'കിസ്സിങ്ങ് ദ കൊറോണ വൈറസ്' ഏപ്രില്‍ മുതല്‍ ആമസോണിലുണ്ടായിരുന്നെങ്കിലും സംഗതി ചര്‍ച്ചയാവുന്നത് ഇപ്പോഴാണ്. മാത്രവുമല്ല, സോഷ്യല്‍ മീഡിയയില്‍ അത് വൈറലാവുകയും ചെയ്തു. ആമസോണില്‍ നിലവില്‍ ഫോര്‍ സ്റ്റാറാണ് പുസ്തകത്തിന്‍റെ റേറ്റിംഗ്. അഭിപ്രായങ്ങളാകട്ടെ പലതരത്തിലുമുണ്ട്. ചിലര്‍ 'വെറുതെ വായിച്ച് നേരം കളഞ്ഞു' എന്നാണ് എഴുതിയിരിക്കുന്നതെങ്കില്‍ ചിലര്‍ 'രസകരം' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'നല്ല പാരഡിയാണ്' എന്നും 'പണം മുടക്കിയതില്‍ തെറ്റില്ല' എന്നും ചിലരെഴുതി. 

'ഇതിന് ഫൈവ് സ്റ്റാര്‍സ് നല്‍കണോ വണ്‍ സ്റ്റാര്‍ നല്‍കണോ എന്ന് എനിക്കറിയില്ല’ എന്നാണ് ഒരു ഗുഡ്‌റീഡ്സ് ഉപയോക്താവ് എഴുതിയത്. 'എന്നെ തെറ്റിദ്ധരിക്കരുത്, ഈ പുസ്തകം ഭയങ്കരമാണ്. തികച്ചും ഭയങ്കരം. എന്നാൽ ഏറ്റവും മികച്ച രീതിയിലുള്ള ഒന്നുകൂടിയാണ്. ഒരുപക്ഷേ, അത് തന്നെയാണ് ഞാൻ ആഗ്രഹിച്ചത്. ' എന്നും ഇയാള്‍ എഴുതുന്നു. 

'ഇത് ഞാൻ വായിച്ച ഏറ്റവും രസകരമായ കാര്യമാണ്. വെറുപ്പുളവാക്കുന്നതും, ശല്യപ്പെടുത്തുന്നതും, വൈദ്യശാസ്ത്രപരമായി കൃത്യതയില്ലാത്തതുമാണ്. എന്നാലും രസകരമായ വായന' എന്നാണ് മറ്റൊരാൾ പോസ്റ്റുചെയ്‌തത്.

കൊവിഡ് 19, എന്നതോ കൊറോണ വൈറസ് എന്നതോ തമാശ പറയേണ്ട കാര്യമല്ലെങ്കിലും അറിയപ്പെടാത്ത, നേരത്തെ പുസ്തകങ്ങളൊന്നും എഴുതാത്ത എം ജെ എഡ്വേര്‍ഡിന്‍റെ പുസ്തകം വൈറലായി സോഷ്യല്‍ മീഡിയയില്‍ ഓടിക്കൊണ്ടിരിക്കുന്നു എന്നതൊരു വസ്തുതയാണ്. ഏതായാലും കിസ്സിങ്ങ് ദ കൊറോണ വൈറസ് ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്ത് തന്നെ കൊവിഡ് കാലത്തെ കേന്ദ്രീകരിച്ച് രചിക്കപ്പെട്ട Courting the Coronavirus: A Positively Viral Love Story എന്ന പുസ്തകവും പതിയെ ചര്‍ച്ചയായിത്തുടങ്ങിയിട്ടുണ്ട്. ലീ ടെയ്ലറാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios