യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് മോഷണം പോയ വാർത്തയെത്തുടർന്ന് കേരള ടൂറിസം പങ്കുവെച്ച രസകരമായ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കാണാതായ കിറ്റ്കാറ്റ് തങ്ങളുടെ കായലുകളിലോ മലയോരങ്ങളിലോ കടല്‍ത്തീരത്തോ എത്തിയിട്ടില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് 12 ടൺ കിറ്റ്കാറ്റ് മോഷണം പോയ വാർത്ത പുറത്തുവന്നത്. അതിന്റെ പശ്ചാത്തലത്തിൽ നിരവധി രസകരമായ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ വാർത്തയെ മുൻനിർത്തി കേരള ടൂറിസം പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. കാണാതായ കിറ്റ്കാറ്റ് ഷിപ്പിംഗ് കണ്ടെയ്നറുകളെ കുറിച്ചുള്ള അന്വേഷണങ്ങൾക്കിടയിലാണ് രസകരമായ പ്രസ്താവനയുമായി കേരള ടൂറിസം രംഗത്തെത്തിയത്. കാണാതായ ചോക്ലേറ്റ് ശേഖരം തങ്ങളുടെ കായലുകളിലോ, മലയോര മേഖലകളിലോ, കടൽതീരങ്ങളിലോ എത്തിയിട്ടില്ലെന്നാണ് കേരള ടൂറിസം തങ്ങളുടെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ പേജിൽ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

'ഔദ്യോഗിക പ്രസ്താവന

കാണാതായ കിറ്റ്കാറ്റ് ഷിപ്പിംഗിനെക്കുറിച്ച് ഞങ്ങൾക്കും വിവരം ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ കായലുകളിലും മലയോരത്തും കടൽതീരങ്ങളിലും വിശദമായ പരിശോധന നടത്തി. അവയൊന്നും കേരളത്തിൽ എത്തിയിട്ടില്ലെന്ന് ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും.

ശരിക്കുമൊരു ബ്രേക്ക് വേണോ? ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്'

- എന്നാണ് കേരള ടൂറിസം സോഷ്യൽ മീഡിയാ പേജിൽ കുറിച്ചിരിക്കുന്നത്. കിറ്റ്കാറ്റിന്റെ തന്നെ പ്രശസ്തമായ പരസ്യവാചകമായ Have a break ഉൾപ്പെടുത്തിയാണ് കേരള ടൂറിസത്തിന്റെ പോസ്റ്റ്. എന്തായാലും, പോസ്റ്റ് കുറിക്ക് കൊണ്ടു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്‌.

അതേസമയം, ഈസ്റ്റർ ആഘോഷങ്ങൾക്ക് തൊട്ട് മുമ്പാണ് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഈ കാൻഡി കൊള്ള നടന്നത്. 12 ടണ്ണിലേറെ വരുന്ന 4,13,793 കിറ്റ് കാറ്റ് ബാറുകളാണ് മോഷണം പോയത്. ഇറ്റലിയിലെ കിറ്റ്കാറ്റ് നിർമാണ കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട് പോളണ്ടിലേക്കുള്ള യാത്രയ്ക്കിടെയിലായിരുന്നു മോഷണം. വഴിയിൽ നിരവധി രാജ്യങ്ങളിൽ ചോക്ലേറ്റ് ബാറുകൾ വിതരണം ചെയ്യാനായി പോകുന്നതിനിടെയാണ് മോഷണം. ട്രക്ക് അടക്കം മോഷ്ടാക്കൾ തട്ടിയെടുക്കുകയായിരുന്നു എന്നാണ് വിവരം.