പട്ടങ്ങളുടെ ചരടുകളിൽ ചില്ല് പൊടിച്ചതും പശയും കൂട്ടിക്കുഴച്ച മിശ്രിതമാണ് തേച്ചുപിടിപ്പിക്കുന്നത്. ഇതാണ് അതിൽ തട്ടുന്നവരുടെ ജീവനെടുക്കുന്നത്. ഇത് പക്ഷികളുടെ ശരീരത്തെ മുറിപ്പെടുത്താനും, ചിലപ്പോൾ രണ്ടാക്കാനും ശേഷിയുള്ളതാണ്.

ദില്ലിയിൽ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങിയതിനെ തുടർന്ന് 30 വയസ്സുള്ള ഒരു ബൈക്ക് യാത്രികൻ രക്തം വാർന്ന് മരിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മൗര്യ എൻക്ലേവ് ഏരിയയിലാണ് സംഭവം. സുമിത് രംഗ എന്ന വ്യക്തിയാണ് മരണപ്പെട്ടത്. അദ്ദേഹം ഡൽഹിയിലെ അവന്തികയിലെ രോഹിണി സെക്ടർ -3 നിവാസിയാണ്. തിങ്കളാഴ്ച ഹൈദർപൂർ ഫ്‌ളൈ ഓവറിന്റെ മുകളിലൂടെ ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. പട്ടത്തിന്റെ ചരട് അദ്ദേഹത്തിന്റെ കഴുത്തറക്കുകയായിരുന്നു.

ഒരു ഹാർഡ്‌വെയർ ഷോപ്പ് ഉടമയാണ് സുമിത്. രക്തം വാർന്ന് ബോധമറ്റ അദ്ദേഹത്തെ വഴിയാത്രക്കാർ അടുത്തുള്ള സരോജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, രക്ഷിക്കാനായില്ല. അദ്ദേഹം മരണപ്പെട്ടതായി ആശുപത്രിയിലെ ഡോക്ടർമാർ പ്രഖ്യാപിച്ചു. അന്വേഷണത്തിനിടെ, മകൻ ബുരാരിയിൽ നിന്ന് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്നുവെന്നും, ഹൈദർപൂർ ഫ്‌ളൈഓവറിലെത്തിയപ്പോൾ ഒരു പട്ടത്തിന്റെ മൂർച്ചയുള്ള ചരട് മകന്റെ കഴുത്തറുത്തുവെന്നും സുമിത്തിന്റെ പിതാവ് പൊലീസിനോട് പറഞ്ഞു. മൗര്യ എൻക്ലേവ് പോലീസ് സ്‌റ്റേഷനിൽ സെക്ഷൻ 304 എ (അശ്രദ്ധമൂലമുള്ള മരണം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. എങ്ങനെയാണ്, എവിടെ നിന്നാണ് പട്ടത്തിന്റെ ചരട് സംഭവസ്ഥലത്ത് വന്നതെന്ന് അറിയാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്.

പട്ടം പറത്തുന്നത് രസകരമായ ഒരു വിനോദമാണെങ്കിലും, അത് മൂലമുണ്ടാകുന്ന അപകടങ്ങൾ വലുതാണ്. പടിഞ്ഞാറൻ ഇന്ത്യയിൽ പലയിടത്തും ആഘോഷങ്ങളുടെ ഭാഗമായി പട്ടം പറത്തുന്ന പതിവുണ്ട്. എല്ലാവർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിൽ പങ്കെടുക്കുന്നത്. എന്നാൽ, ഓരോ വർഷവും അതിന്റെ മൂർച്ചയുള്ള ചരടുകൾ തട്ടി നിരവധി പേർക്കാണ് അപകടങ്ങൾ സംഭവിക്കുന്നത്. മനുഷ്യർ മാത്രമല്ല നൂറുകണക്കിന് പക്ഷികളും അതിന്റെ മൂർച്ചയുള്ള ചരടിൽ കുരുങ്ങി ചാവുന്നു. 

പട്ടങ്ങളുടെ ചരടുകളിൽ ചില്ല് പൊടിച്ചതും പശയും കൂട്ടിക്കുഴച്ച മിശ്രിതമാണ് തേച്ചുപിടിപ്പിക്കുന്നത്. ഇതാണ് അതിൽ തട്ടുന്നവരുടെ ജീവനെടുക്കുന്നത്. ഇത് പക്ഷികളുടെ ശരീരത്തെ മുറിപ്പെടുത്താനും, ചിലപ്പോൾ രണ്ടാക്കാനും ശേഷിയുള്ളതാണ്. ഇത്തരത്തിൽ പശ ഒട്ടിച്ച ചരടുകൾ ഉപയോഗിക്കരുത് എന്ന നിയമം ഉണ്ടെങ്കിലും, അത് ഒരിക്കലും പാലിക്കപ്പെടുന്നില്ല. ദില്ലിയിൽ ഇത് നിരോധിച്ചിട്ടും, ഇപ്പോഴും അത് വ്യാപകമായി ഉപയോഗിക്കുന്നു എന്നതാണ് വാസ്‍തവം. അതിന്റെ മൂർച്ചയേറിയ അഗ്രം കൊണ്ട് പക്ഷികൾ മുറിവേൽക്കുന്നത് കൂടാതെ, ഇരുചക്ര വാഹന യാത്രികർക്കും അപകടങ്ങൾ സംഭവിക്കുന്നു.

(ചിത്രം പ്രതീകാത്മകം)