Asianet News MalayalamAsianet News Malayalam

India@75 : ബ്രിട്ടീഷുകാർക്കെതിരെ പോരാടി രക്തസാക്ഷിയായ കിട്ടൂർ രാജ്യത്തെ റാണി ചിന്നമ്മ

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് റാണി ചിന്നമ്മ.

Kittur Chennamma india@75 special story
Author
Thiruvananthapuram, First Published Jul 26, 2022, 11:25 AM IST

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടി രക്തസാക്ഷിയായ ധീരയാണ് കിട്ടൂർ രാജ്യത്തെ റാണി ചിന്നമ്മ. ഇന്നത്തെ കർണാടകത്തിന്റെ വടക്ക് ഇന്നത്തെ ബല്‍ഗാവി ജില്ലയില്‍ ബെൽഗാമിനടുത്തുള്ള ചെറുഗ്രാമമായ കകാടി എന്ന ചെറുഗ്രാമത്തിലെ ലിംഗായത്ത് കുടുംബത്തിലായിരുന്നു 1778 -ൽ ചിന്നമ്മയുടെ ജനനം. കുട്ടിയായിരിക്കുമ്പോൾ തന്നെ കുതിരസവാരിയിലും വാൾപ്പയറ്റിലും അസ്ത്രവിദ്യയിലുമൊക്കെ ചിന്നമ്മ വൈദഗ്ധ്യം നേടി. സമീപത്തെ ദേസായി രാജകുമാരൻ മല്ല സർജയായിരുന്നു ചിന്നമ്മയുടെ ഭർത്താവ്. പക്ഷെ, അകാലത്തിൽ തന്നെ ഭർത്താവിന്റെ  മരണമേല്പിച്ച ആഘാതത്തിൽ തളർന്നുപോയി ചിന്നമ്മ. എന്നാൽ, ധീരയായ ചിന്നമ്മ വീണ്ടും ഉയിർത്തെഴുന്നേറ്റു.  

 

രാജ്യഭരണം ഏറ്റെടുത്തു. നേരിട്ടുള്ള പുരുഷ അനന്തരാവകാശികളില്ലാതെ പോകുന്ന നാട്ടുരാജ്യങ്ങൾ സ്വന്തമാക്കാനുള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കുപ്രസിദ്ധമായ ദത്തപഹാരനയത്തെ ചിന്നമ്മ എതിർത്തു. കൗമാരപ്രായക്കാരനായ ദത്തുപുത്രൻ ശിവലിംഗപ്പയെ കിട്ടൂർ രാജാവായി ചിന്നമ്മ പ്രഖ്യാപിച്ചു. പക്ഷെ, കമ്പനി ഇത് അംഗീകരിച്ചില്ല. 1824 -ൽ കമ്പനി സൈന്യം കിട്ടൂരിനെ ആക്രമിച്ചു. ചിന്നമ്മ തന്നെ കിട്ടൂരിന്റെ പട നയിച്ചു. കമ്പനിപ്പടയെ അമ്പരപ്പിച്ചുകൊണ്ട് ചിന്നമ്മയുടെ സൈന്യം മുന്നേറി. കമ്പനി പടനായകൻ സർ ജോൺ താക്കറെയെ ചിന്നമ്മയുടെ സൈനികൻ അമറ്റൂർ ബാലപ്പ വെടിവച്ചുകൊന്നു. രണ്ട് ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥരെ തടവിലാക്കുകയും ചെയ്തപ്പോൾ ബ്രിട്ടൻ ഞെട്ടി.  

ഉദ്യോഗസ്ഥരെ സ്വതന്ത്രരാക്കിയാൽ കിട്ടൂർ വിട്ടോളാമെന്ന് അവർ ചിന്നമ്മയ്ക്ക് വാക്ക് നൽകി. ചിന്നമ്മ അംഗീകരിച്ചുകൊണ്ട് ഉദ്യോഗസ്ഥരെ വിട്ടയച്ചു. പക്ഷെ കമ്പനിയുടേത് ചതിപ്രയോഗമായിരുന്നു. വീണ്ടും അവർ കിട്ടൂർ ആക്രമിച്ചു. തന്റെ സർവ്വസൈന്യാധിപനായ സംഗോളി രായണ്ണയുമായി ചേർന്ന് ചിന്നമ്മ പുലിയെപ്പോലെ പൊരുതി. പക്ഷെ അവസാന വിജയം കമ്പനിക്കായി. ചിന്നമ്മയെ കമ്പനി പിടിച്ച് ബെൽഗാമിലെ ബൈൽഹൊങ്കൽ കോട്ടയിൽ തടവിലിട്ടു. യുവരാജാവ് ശിവലിംഗപ്പയെയും തടവുകാരനാക്കി. 1829 ഫെബ്രുവരി 21നു ചിന്നമ്മ ഈ കോട്ടയ്ക്കുള്ളിൽ വീരചരമം പ്രാപിച്ചു. സൈന്യാധിപൻ രായണ്ണ തൂക്കിക്കൊല്ലപ്പെട്ടു.

Follow Us:
Download App:
  • android
  • ios