നായയെ കൊല്ലാനുള്ള വിഷമുപയോഗിച്ചാണ് ജോളി ജോസഫ് ഭര്‍തൃമാതാവായ അന്നമ്മയെ കൊന്നതെന്നാണ് കൂടത്തായി കൊലപാതക കേസില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന വെളിപ്പെടുത്തല്‍. ആരാണ് കൂടത്തായി കൊലപാതകക്കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ജോളി ജോസഫ്? എങ്ങനെയാണീ കൊലപാതകപരമ്പരകളുണ്ടായത്? 

അയൽക്കാർ ഒന്നടങ്കം ആ വീട്ടമ്മയെപ്പറ്റി പറഞ്ഞത് ഒരേ കാര്യമാണ്. അവർ ഇടയ്ക്കിടെ, "ഈ വീടിനെന്തോ ശാപമുണ്ടെന്നാ തോന്നുന്നേ..." എന്ന് പറയുമായിരുന്നു എന്ന്. അത് കേൾക്കുമ്പോൾ അയൽവാസികൾക്കും അവർ പറഞ്ഞതിൽ കാര്യമുണ്ടെന്നുതന്നെ തോന്നിയിരുന്നു. കാരണം, ദുർമരണങ്ങൾ ആ വീടിനെ വിടാതെ പിന്തുടർന്നിരുന്നു. ഒന്നിനുപിന്നാലെ ഒന്നായി പൊന്നാമറ്റത്ത് തറവാട്ടിലെ പലരും രോഗബാധിതരായി മരണപ്പെട്ടുകൊണ്ടിരുന്നു. പലമരണങ്ങളിലും, എന്താണ് അസുഖമെന്നുപോലും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യം, ആ സ്ത്രീയുടെ ഭർത്തൃമാതാവ് ദുരൂഹമായ ഏതോ അസുഖം വന്ന് മരിച്ചു. അവരുടെ അടുത്ത മൂന്നു ബന്ധുക്കളെങ്കിലും ഹൃദയസ്തംഭനം വന്ന് മരിക്കുകയുണ്ടായി. രണ്ടരവയസ്സുള്ള അവരുടെ അനന്തരവൾ മരിച്ചത് തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ്.

എന്നാൽ, ഒക്ടോബർ മാസത്തിൽ, ലോക്കൽ പൊലീസ് രംഗത്തുവന്നത് മറ്റൊരു തിയറിയുമായിട്ടായിരുന്നു. പൊലീസ് ഭാഷ്യത്തിൽ, ശാപത്തിനോ ദുർമന്ത്രവാദത്തിനോ ഒന്നും ഇടമുണ്ടായിരുന്നില്ല. അതിൽ ആരോപിക്കപ്പെട്ടത്, ആ വീട്ടിനുള്ളിലും പുറത്തുമായി നടന്ന സകല അസ്വാഭാവിക മരണങ്ങൾക്കും പിന്നിൽ, അയൽക്കാരോടൊക്കെ തന്റെ വീടിനെ ആവേശിച്ച ശാപത്തെപ്പറ്റി നിസ്സഹായമായ സ്വരത്തിൽ പായാരം പറഞ്ഞുകൊണ്ടിരുന്ന ആ വീട്ടമ്മ തന്നെയാണ് എന്നാണ്. തന്റെ വഴികളിൽ കുറുകെ നിന്ന അടുത്ത ബന്ധുക്കളിൽ ഓരോരുത്തരെയും അവർ കൊടിയവിഷം ഭക്ഷണത്തിലും മറ്റും കലർത്തി നൽകി കൊല്ലുകയായിരുന്നു എന്ന്. ആ വെളിപ്പെടുത്തലിനു ശേഷം രണ്ടു പേരുകൾ കേരളത്തിൽ കുപ്രസിദ്ധി നേടി. ഒന്ന്, കൂടത്തായി. രണ്ട്, ജോളി ജോസഫ്. അതേ, ജോളി എന്നായിരുന്നു ആ വീട്ടമ്മയുടെ പേര്. കോഴിക്കോട് ജില്ലയിലെ കൂടത്തായി എന്ന ആ മലയോരഗ്രാമത്തിലേക്ക് അതോടെ ഇന്ത്യയൊട്ടുക്കുമുള്ള മാധ്യമങ്ങളുടെ വാഹനങ്ങൾ പാഞ്ഞെത്തി. അത്രയ്ക്ക് സങ്കീർണ്ണതകൾ നിറഞ്ഞ ഒരു കേസായിരുന്നു കൂടത്തായി സീരിയൽ കൊലപാതകക്കേസ്.

ഒറ്റനോട്ടത്തിൽ കേരളത്തിലെ ഒരു സമ്പന്നകുടുംബത്തിലെ വീട്ടമ്മ എന്നേ ആ നാല്പത്തേഴുകാരിയെക്കണ്ടാൽ ആരും പറയൂ. താൻ കോഴിക്കോട് എൻഐടിയിൽ  പ്രൊഫസർ ആണെന്നാണ് ജോളി എല്ലാവരോടും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. അലക്കിത്തേച്ച സാരിയുടുത്ത് നിറഞ്ഞ പുഞ്ചിരിയോടെ മാത്രം സമൂഹത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന അവർ, തന്റെ സ്നേഹിതരുടെ സുഖദുഃഖങ്ങളിൽ ആത്മബന്ധുക്കളെപ്പോലെ സംബന്ധിച്ചിരുന്നു. "അവരെക്കണ്ടാൽ ഇങ്ങനൊക്കെ ചെയ്യും എന്ന് ആരും പറയില്ല..." അയൽക്കാരനായ സെയ്തു പറഞ്ഞു.

പൊന്നാമറ്റം എന്ന ആ റോസ് വില്ലയിൽ ഒളിഞ്ഞിരുന്ന ദുരൂഹതകൾ

1997 -ലാണ് റോയ് തോമസിന്റെ പത്നിയായി ജോളി കൂടത്തായിയിൽ എത്തിപ്പെടുന്നത്. പ്രദേശത്തെ ഒരു സമ്പന്നകുടുംബത്തിലെ തൊഴിൽരഹിതനായ പുത്രനായിരുന്നു അന്ന് റോയ്. പൊന്നാമറ്റം വീടുനിൽക്കുന്ന വളവുതിരിഞ്ഞു മേലോട്ടു ചെന്നാൽ പിന്നെ കാടാണ്. ആ വീടിന്റെ ഗേറ്റിനുമുന്നിൽ വെച്ചിരുന്ന കറുത്ത മാർബിൾ ഫലകത്തിൽ തറവാട്ടിലെ കാരണവരുടെ പേര് കൊത്തിവെച്ചിട്ടുണ്ടായിരുന്നു. ടോം തോമസ്, റോയിയുടെ അപ്പൻ.

തുണി അലക്കി വിരിക്കാൻ പുറത്തിറങ്ങുന്ന നേരത്ത് ജോളി അയൽവാസിയായ സെയ്തുവിന്റെ കുടുംബവുമായി കുശലം പറയുമായിരുന്നു പലപ്പോഴും. കൂടത്തായി ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. അവിടെ സ്ഥിരതാമസമുള്ള അപൂർവം നസ്രാണികുടുംബങ്ങളിൽ ഒന്നായിരുന്നു ടോം തോമസിന്റേത്. കുടുംബത്തിൽ എല്ലാവരും തികഞ്ഞ വിശ്വാസികളായിരുന്നു. സകുടുംബം മുടങ്ങാതെ പള്ളിയിൽ കുർബാന കൂടാൻ പോകുമായിരുന്നു അവരെല്ലാം എന്ന് അയൽവാസിയായ ബാവ ഓർക്കുന്നു.

ആദ്യത്തെ ദുരന്തം വീട്ടിൽ വിരുന്നെത്തുന്നത് റോയിയുടെ വിവാഹത്തിന്റെ അഞ്ചാം വാർഷികത്തിലാണ്. 2002 -ലാണ് റോയിയുടെ അമ്മ അന്നമ്മ തോമസ് വളരെ ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെടുന്നത്. അന്ന് മരണകാരണം അത്രക്ക് വ്യക്തമായിരുന്നില്ല എങ്കിലും, അതിനുമുമ്പുള്ള കുറേ കൊല്ലങ്ങളായി നിരന്തരം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അമ്മച്ചിയെ അലട്ടിയിരുന്നതിനാൽ ആ മരണത്തിൽ ആരും അങ്ങനെ വിശേഷിച്ച് സംശയങ്ങളൊന്നും തന്നെ പ്രകടിപ്പിച്ചില്ല. ഇന്ത്യയിൽ, ബന്ധുക്കളിൽ നിന്നോ നാട്ടുകാരിൽ നിന്നോ പ്രത്യേകിച്ച് ആവശ്യങ്ങളൊന്നും ഉയർന്നില്ലെങ്കിൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുക പതിവില്ല. മരിച്ചവരെ ഇനിയും കീറിമുറിച്ച് വികൃതമാക്കേണ്ട എന്ന ബന്ധുക്കളുടെ വിചാരമാണ് അത്തരമൊരു കീഴ്വഴക്കത്തിന് പിന്നിൽ. അന്നമ്മ തോമസുണ്ടായിരുന്നപ്പോൾ എന്നും പൊന്നാമറ്റത്ത് സന്തോഷമായിരുന്നു എന്ന് അയൽക്കാർ പറയുന്നു. സുഭിക്ഷമായ ഭക്ഷണമുണ്ടാവും വീട്ടിൽ. അയൽക്കാരനായ തനിക്കും ഇടക്കൊക്കെ അന്നമ്മ ഭക്ഷണം തരുമായിരുന്നു എന്ന് ബാവ ഓർക്കുന്നു. അന്നമ്മയുടെ മരണത്തോടെ ആ വീട്ടിൽ നിന്ന് സന്തോഷം പതിയെ പിൻവലിഞ്ഞു.

2008 -ലായിരുന്നു അടുത്ത ദുരന്തം. പൊന്നാമറ്റത്ത് നിന്ന് എന്തോ വലിയ ഒച്ചയും വിളിയും കേട്ടാണ് ബാവ പുറത്തിറങ്ങി നോക്കുന്നത്. അപ്പച്ചന് സുഖമില്ല എന്ന് ജോളിയാണ് ബാവയെ അറിയിക്കുന്നത് അന്ന്. അയാൾ വിവരമന്വേഷിക്കാൻ വേണ്ടി അവിടേക്ക് ചെന്നപ്പോൾ കാണുന്നത് അറുപത്താറുകാരനായ ടോം തോമസ് മലർന്നു കിടക്കുന്നതാണ്. വായിൽ നിന്ന് നുരയും പതയും ഒക്കെ വരുന്നുണ്ടായിരുന്നു. ബാവ കയ്യോടെ തോമാച്ചനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, കൊണ്ടുചെന്നപ്പോഴേ മരിച്ചിരുന്നു എന്ന് ഡോക്ടർമാർ വിധിയെഴുതി. ഹൃദയസ്തംഭനം എന്നായിരുന്നു ആ ആശുപത്രിയിലെ ഡോക്ടർമാരുടെ വിലയിരുത്തൽ.

ടോം തോമസിന്റെ മരണത്തോടെ, അദ്ദേഹത്തിന്റെ വിൽപത്രത്തിൽ എഴുതിയിരുന്നതിൻപടി വലിയൊരു ഭൂസ്വത്തുതന്നെ റോയ് തോമസിനും ഭാര്യ ജോളിക്കും കൈവന്നു.  മൂന്നു വർഷങ്ങൾക്കുള്ളിൽ റോയ് തോമസിനെയും മരണം തേടിയെത്തി. ഇത്തവണയും ജോളി ചെന്ന് വിളിച്ചുകൊണ്ടുവരുന്നത് ബാവയെത്തന്നെയാണ്. കുളിമുറിയുടെ നിലത്ത് വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ താൻ റോയിയെയും കണ്ടു എന്ന് ബാവ പറഞ്ഞു. ആശുപത്രിയിൽ എത്തിക്കും മുമ്പ് റോയി തോമസും മരണപ്പെട്ടു.

എന്നാൽ ഇത്തവണ, സംഗതികൾ അന്വേഷിക്കാതെ പോയില്ല. റോയിയുടെ അമ്മാവൻ മാത്യു മഞ്ചാടിയിൽ പോസ്റ്റുമോർട്ടം നടത്താൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി. പോസ്റ്റുമോർട്ടം പൂർത്തിയായപ്പോൾ മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നതാണ് എന്ന് റിപ്പോർട്ട് വന്നു. റോയി തോമസ് ആത്മാഹുതി ചെയ്യുകയായിരുന്നു എന്ന നിഗമനത്തിലാണ് അന്ന് പൊലീസ് എത്തിയത്. എന്നാൽ, ഈ പോസ്റ്റുമോർട്ടം ഫലം നിലനിൽക്കെ തന്നെ, ജോളി ബന്ധുക്കളോടൊക്കെയും തന്റെ ഭർത്താവിന്റെ മരണകാരണമായി പറഞ്ഞത് ഹൃദയാഘാതമാണെന്നാണ്. അപവാദങ്ങൾ ഭയന്നാണ് അങ്ങനെ താൻ പറഞ്ഞത് എന്ന് ജോളി പിന്നീട് നുണയെ ന്യായീകരിക്കുന്നുണ്ട് എങ്കിലും, പിന്നീട് കൊലപാതകങ്ങൾക്ക് സീരിയൽ സ്വഭാവമുണ്ട് എന്ന തോന്നലുണ്ടായപ്പോൾ, പൊലീസിന്റെ സംശയം ജോളിയിലേക്ക് നീളാൻ പ്രധാനമായും കാരണമായത്, അനാവശ്യമായി ജോളി പറഞ്ഞുവെച്ച ഈ ഒരു നുണയാണ്.  

അന്നത്തെ പൊലീസ് അന്വേഷണത്തിലും ഒരു പിഴവുണ്ടായി എന്ന് ബാവ ചൂണ്ടിക്കാണിക്കുന്നു. റോയി തോമസ് മരിച്ചത് സയനൈഡ് കഴിച്ചിട്ടാണ് എന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞപ്പോഴും ആ സയനൈഡ് എവിടെ നിന്നാണ് റോയി തോമസിന് കിട്ടിയത് എന്നതിനെപ്പറ്റി പൊലീസ് അന്വേഷിച്ചില്ല. ജ്വല്ലറികളിൽ സ്വർണ്ണം ശുദ്ധീകരിക്കാൻ വേണ്ടി മാത്രം കേരളത്തിൽ ഉപയോഗത്തിലിരിക്കുന്ന പൊട്ടാസ്യം സയനൈഡ് എന്ന കെമിക്കൽ, ഒരു പ്രത്യേക മാത്രയിൽ കൂടുതൽ ശരീരത്തിനകത്തുചെന്നാൽ  ജീവൻ നഷ്ടപ്പെടുത്താൻ വരെ പോന്ന വിഷമാണ്. അങ്ങനെയിരിക്കെ  ആത്മഹത്യ ചെയ്യാനായിട്ടാണെങ്കിലും, അതെങ്ങനെ, ജ്വല്ലറിയുമായി വിശേഷിച്ച് ഒരു ബന്ധവുമില്ലാത്ത റോയി തോമസിന് കിട്ടി എന്നത് പൊലീസ് അന്ന് അന്വേഷിക്കേണ്ടതായിരുന്നു. ആ അന്വേഷണം അന്ന് നടന്നിരുന്നെങ്കിൽ ഒരുപക്ഷേ, തെളിവുകൾ അന്നുതന്നെ ജോളിയിലേക്ക് ചെന്നെത്തിയേനെ, പിന്നീട് നടന്ന കൊലകൾ തടയാൻ സാധിച്ചിരുന്നേനെ.  

ഈ രണ്ടു മരണങ്ങൾക്കുശേഷം ജോളി ആകെ ഉൾവലിഞ്ഞ് ജീവിക്കാൻ തുടങ്ങി എന്ന് അയൽക്കാർ ഓർക്കുന്നു. അവർ പിന്നീട് ഒട്ടും തന്നെ സൗഹാർദ്ദപരമായി ആരോടും പെരുമാറിയില്ല. എന്തോ ഒരു ഭയം അവരെ അലട്ടുന്നതുപോലെ, വളരെ സൂക്ഷിച്ചുമാത്രമായി അവരുടെ ഇടപെടലുകൾ. ആ പെരുമാറ്റത്തിൽ എന്താണെന്ന് സംശയങ്ങൾ ഉടലെടുത്തിരുന്നു എങ്കിലും, കുടുംബത്തിൽ അടുപ്പിച്ച് നടന്ന രണ്ടു ദുർമരണങ്ങളുടെ ആഘാതമാകാം എന്ന് അയൽവാസികൾ ന്യായമായും ധരിച്ചു.

2014 -ൽ പൊന്നാമറ്റത്ത് പിന്നെയും അസ്വാഭാവികമരണങ്ങളുണ്ടായി. റോയ് തോമസിന്റെ അമ്മാവൻ മാത്യു മഞ്ചാടിയിൽ ആയിരുന്നു അടുത്തതായി മരണപ്പെട്ടത്. അതും ഒരു ഹൃദയാഘാതമായി വിലയിരുത്തപ്പെട്ടു. അതേവർഷം തന്നെ, റോയിയുടെ കസിൻ ആയിരുന്ന ഷാജു സഖറിയാസിന്റെ കുട്ടി രണ്ടു വയസ്സുള്ള ആൽഫിൻ മരിക്കുന്നു. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയായിരുന്നു ആ പിഞ്ചുകുഞ്ഞിന്റെ മരണം. 2016 -ൽ ഷാജുവിന്റെ ഭാര്യ സിലിയും ദുരൂഹമായ സാഹചര്യത്തിൽ മരിക്കുന്നു. 2017 -ൽ ജോളി പുനർവിവാഹിതയാകുന്നു. രണ്ടാം ഭർത്താവ് റോയി തോമസിന്റെ കസിൻ, സിലിയുടെ മരണത്തോടെ വിഭാര്യനായ ബന്ധു ഷാജു സഖറിയാസ്.

സംശയങ്ങൾ ഉയർന്നുവരാൻ തുടങ്ങുന്നത് ഇങ്ങനെ

ഭർത്താവ് മരിച്ച് അധികം താമസിയാതെ തന്നെ ജോളി പുനർവിവാഹത്തിന് മുതിർന്നത് റോയി തോമസിന്റെ ബന്ധുക്കളിൽ, വിശേഷിച്ച് സഹോദരൻ റോജോയിൽ സംശയം ജനിപ്പിച്ചു. ടോം തോമസിന്റെ വിൽപത്രം എന്ന പേരിൽ ഹാജരാക്കപ്പെട്ട രേഖയിൽ ടോമിന്റെ സ്വത്തുക്കളെല്ലാം മരണാനന്തരം ജോളിക്ക് എന്ന് കാണിച്ചിരുന്നതും സംശയം ഇരട്ടിപ്പിച്ചു.

റോജോ മരണങ്ങളുടെ അവശേഷിക്കുന്ന തെളിവുകൾ അന്വേഷിച്ച് ഇറങ്ങിപ്പുറപ്പെട്ടു. റോജോ നടത്തിയ ആ സ്വകാര്യ അന്വേഷണങ്ങൾക്കിടയിലാണ് ഞെട്ടിക്കുന്ന ഒരു വിവരം അയാൾ അറിയുന്നത്. ഇത്രയും കാലം ജോളി തന്റെ ജോലിയെപ്പറ്റി കുടുംബത്തിൽ പറഞ്ഞതൊക്കെയും പച്ചക്കള്ളമായിരുന്നു. എൻഐടിയുടെ പടിപോലും കടക്കാനുള്ള യോഗ്യതകൾ അവർക്കുണ്ടായിരുന്നില്ല.

താൻ സംഘടിപ്പിച്ച തെളിവുകളുമായി പൊന്നാമറ്റത്തെത്തിയ റോജോയ്ക്ക് പക്ഷെ അവിടെയുളള സകലരുടെയും ആക്രമണം നേരിടേണ്ടി വന്നു. സ്വത്തുക്കളിന്മേൽ കണ്ണുവെച്ചാണ് റോജോ ജോളിക്കുനേരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് സകലരും ആക്ഷേപിച്ചു. എന്നാൽ, അതൊന്നും റോജോയെ തളർത്തിയില്ല. അയൽക്കാരുമായും, പ്രദേശവാസികളായ മറ്റുപലരുമായും റോജോ തന്റെ സംശയങ്ങൾ പങ്കുവെച്ചു. 2017 ആയപ്പോഴേക്കും അയൽവാസിയായ ബാവക്കും സംശയങ്ങൾ തോന്നിത്തുടങ്ങിയിരുന്നു. ബാവയും റോജോയും ചേർന്ന് പലകാര്യങ്ങളും വീണ്ടും ചിക്കിച്ചികഞ്ഞ് അന്വേഷിച്ചു.

അടുത്തതായി റോജോ സമീപിച്ചത് പൊലീസിനെ ആയിരുന്നു. റോയി തോമസിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ ഒരു കോപ്പി റോജോ സംഘടിപ്പിച്ചു. അതിൽ, ജോളിയെ കുടുക്കാൻ പോന്ന ഒരു കുരുക്ക്, അന്നുവരെ പറഞ്ഞുകൂട്ടിയ കള്ളങ്ങൾ വെളിച്ചത്താക്കുന്ന ഒരു വൈരുദ്ധ്യം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. തീൻമേശപ്പുറത്തിരുന്ന അത്താഴമുണ്ണുകയായിരുന്ന ഭർത്താവിന് വേണ്ടി ഓംലെറ്റ് ഉണ്ടാക്കിക്കൊണ്ട് അടുക്കളയിൽ നിൽക്കുമ്പോൾ റോയി തോമസ് ഓടി കുളിമുറിയ്ക്കുള്ളിൽ കയറി ഛർദ്ദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു എന്ന മൊഴിയാണ് ജോളി പൊലീസിന് നൽകിയിരുന്നത്. എന്നാൽ, പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞത്, റോയി തോമസ് അന്നുരാത്രി കഴിച്ചത് ചോറും കാബൂളി കടലക്കറിയും ആണെന്നായിരുന്നു. കഴിച്ച ഭക്ഷണത്തിന്റെ കാര്യത്തിൽ ജോളിയുടെ മൊഴിയും പോസ്റ്റ് മോർട്ടം റിപ്പോർട്ടും തമ്മിലുള്ള വൈരുദ്ധ്യത്തെപ്പറ്റി റോജോ ജോളിയെ ചോദ്യം ചെയ്തു. അപ്പോഴും ജോളി പഴയ കഥയിൽ ഉറച്ചു നിന്നു. അതോടെ ബാവയ്‌ക്കും റോജോയ്ക്കും സംശയങ്ങൾ ഇരട്ടിച്ചു. റോജോ തന്റെ കണ്ടെത്തലുകൾ സഹോദരി രഞ്ജിയുമായും പങ്കുവെച്ചു. അവർ മൂന്നുപേരും ചേർന്ന്, പൊന്നാമറ്റത്ത് നടന്ന  മരണങ്ങൾ എല്ലാം ഇഴകീറി പരിശോധിച്ചു. എല്ലാ മരണങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന പൊതുവായ ഒരു കാര്യം ആ കന്നി ആ വിശകലനത്തിൽ അവർക്കുമുന്നിൽ തെളിഞ്ഞുവന്നു. അത് ആ മരണങ്ങൾ നടന്നിടങ്ങളിൽ, നടന്ന സമയത്ത് മുടങ്ങാതെ ഉണ്ടായിരുന്ന ജോളിയുടെ സാന്നിധ്യമായിരുന്നു. അതോടെ ആ മരണങ്ങളുടെയൊക്കെ പിന്നിൽ പ്രവർത്തിച്ചത് ജോളിയാണ് എന്ന അവരുടെ സംശയം ബലപ്പെട്ടുവന്നു. പക്ഷേ, അങ്ങനെ ഒരു ആരോപണമുന്നയിക്കാൻ വേണ്ട സോളിഡ് ആയ തെളിവുകളൊന്നും അപ്പോഴും അവർക്ക് കിട്ടിയിരുന്നില്ല.  

2019 ന്‍റെ തുടക്കത്തിലാണ് ഇവർ മൂന്നുപേരും, മരണങ്ങളിൽ ജോളിക്കുള്ള പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്, താമരശ്ശേരി  പൊലീസിനെ സമീപിക്കുന്നത്. എന്നാൽ, പൊലീസിന്റെ ഭാഗത്തുനിന്ന് വളരെ നിരാശാജനകമായ പ്രതികരണമാണ് അവർക്ക് ലഭിച്ചത്. പൊന്നാമറ്റത്തെ മരണങ്ങൾ ഒക്കെയും ഒന്നുകിൽ സ്വാഭാവികമരണങ്ങളാണ് അല്ലെങ്കിൽ ആത്മഹത്യകളാണ് എന്ന് പൊലീസ് അവരോട് ഉറപ്പിച്ചു പറഞ്ഞു. എന്നാൽ, ആ മറുപടിയും കേട്ടുകൊണ്ട് വീട്ടിലേക്കു തിരിച്ചുപോകാൻ വന്നവരായിരുന്നില്ല അവർ. അടുത്തതായി അവർ മൂന്നുപേരും സമീപിച്ചത് കോഴിക്കോട് പൊലീസിന്റെ ക്രൈം യൂണിറ്റിനെയാണ്. മൂവർസംഘം സമർപ്പിച്ച തെളിവുകൾ വളരെ വിശ്വസനീയമാണ് എന്നും, ഒരു ഗൂഢാലോചന നടന്നിട്ടുണ്ടാകാനും, ആ മരണങ്ങൾ ഒക്കെയും കൊലപാതകങ്ങളാകാനും സാധ്യതയുണ്ട് എന്നും ക്രൈം യൂണിറ്റ് സമ്മതിച്ചു.

ജോളി പൊലീസിനോട് പറഞ്ഞ കഥയിലേക്ക് തന്നെ ക്രൈം യൂണിറ്റ് തിരികെച്ചെന്നു. ആ കഥയുടെ കണ്ണികൾ ഒന്നൊന്നായി യോജിപ്പിച്ചു നോക്കിയ പൊലീസിന് ഇത്തവണ എന്തായാലും ഒരുപാട് അപാകതകൾ പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെട്ടു. ജോളിയുടെ എൻഐടി കള്ളക്കഥ പൊലീസിനും ബോധ്യപ്പെട്ടു. ആളുകളുടെ ബഹുമാനം പിടിച്ചെടുക്കാൻ വേണ്ടിയാണ് ജോളി താനൊരു പ്രൊഫസറാണ് എന്ന കള്ളം പ്രചരിപ്പിച്ചത് എന്ന് പൊലീസിന് ബോധ്യപ്പെട്ടു. ജോളി എൻഐടിയിൽ ഒരുകാലത്തും പ്രവർത്തിച്ചിട്ടില്ല എന്ന് സർവകലാശാലയുടെ രജിസ്ട്രാർ പൊലീസിന് വിവരം നൽകി. പലപ്പോഴും കാമ്പസിനുള്ളിൽ പോയിട്ടുള്ള ജോളി അവിടെ നിന്ന് ചായവാങ്ങിക്കുടിച്ചുള്ള ബന്ധം മാത്രമാണ് എൻഐടി കാംപസുമായി അവർക്കുള്ളത് എന്നും പൊലീസ് കണ്ടെത്തി.

എന്നാൽ, പൊലീസിനെ ജോളിയുടെ കള്ളത്തരം ബോധ്യപ്പെടുത്തിയത് ആ ഒരു മൊഴിവൈരുദ്ധ്യം മാത്രമായിരുന്നില്ല. അവരുടെ മൊഴികളിൽ ഭർത്താവിന്റെ മരണകാരണത്തെപ്പറ്റി പറഞ്ഞ നുണയടക്കം അമ്പതോളം വൈരുദ്ധ്യങ്ങൾ പൊലീസ് കണ്ടെത്തി. റോയ് തോമസിന്റെ പോസ്റ്റുമോർട്ടം മാത്രമാണ് പൊലീസ് നടത്തിയിരുന്നത്. അതുകൊണ്ട് ബാക്കിയുള്ള ജഡങ്ങൾ കല്ലറയിൽ നിന്ന് കുഴിച്ചുപുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനമായി. അടുത്ത രണ്ടു മാസത്തോളം കേരളാ പൊലീസ് നിരന്തരമായ ഫോറൻസിക് പരിശോധനകളിൽ മുഴുകി. ഒടുവിൽ, ഒക്ടോബർ അഞ്ചിന് നടത്തിയ പത്രസമ്മേളനത്തിൽ, പൊലീസ് തങ്ങളുടെ അതുവരെയുള്ള കണ്ടെത്തലുകൾ വെളിപ്പെടുത്തി. കോഴിക്കോട് എസ്‌പി ആയ കെജി സൈമൺ  ആയിരുന്നു സമ്മേളനം നയിച്ചത്.  

സമ്മേളനം നടത്തിയ ഹാളിൽ നിറഞ്ഞു കവിഞ്ഞ ജനമുണ്ടായിരുന്നു. അവർക്കുമുന്നിൽ അവതരിപ്പിക്കാൻ പൊലീസിന്റെ കയ്യിൽ ഒരു കുറ്റസമ്മതമൊഴിയും ഉണ്ടായിരുന്നു. അത് ആറു കൊലപാതകങ്ങളും ചെയ്തത് താൻ നേരിട്ടാണ് എന്ന ജോളിയുടെ തുറന്നുപറച്ചിലായിരുന്നു. സ്വത്തിന്മേലുള്ള അവകാശം എന്നും തന്നിൽ തന്നെ നിലനിൽക്കാൻ വേണ്ടിയാണ് എല്ലാം ചെയ്തത് എന്നവർ പറഞ്ഞു. അതിന് തടസ്സമാകും എന്ന് തോന്നിയവരെ എല്ലാം താൻ സയനൈഡ് നൽകി കൊല്ലുകയായിരുന്നു എന്ന് ജോളി പൊലീസിനോട് വെളിപ്പെടുത്തി.

വീട് കിട്ടാൻ വേണ്ടി ഭാര്യാ മാതാവിനെയും, പിതാവിനെയും വധിച്ചു. ഭർത്താവുമായുള്ള ബന്ധം മോശപ്പെട്ടപ്പോൾ അദ്ദേഹത്തെയും, റോയ് തോമസിന്റെ പോസ്റ്റ്‌മോർട്ടം നടത്തണം എന്ന് വാശിപിടിച്ചപ്പോൾ അമ്മാവൻ മാത്യു മഞ്ചാടിയിലിനെയും ജോളി വധിച്ചു. ഷാജുവുമായി ഒന്നിക്കുന്നതിന് തടസ്സമായി നിന്ന സിലിയെ വധിച്ചു. ഒപ്പം, അവരുടെ രണ്ടുവയസ്സുള്ള കുഞ്ഞിനെയും. ഒടുവിൽ ജോളി അറസ്റ്റിലായി.

ലോകമെമ്പാടും നടക്കുന്ന ക്രിമിനൽ കുറ്റങ്ങൾ സ്ഥിരമായി സ്ത്രീകൾക്ക് ഇരകളുടെ സ്ഥാനമാണ് ഉണ്ടാകാറുള്ളത്. ഇന്ത്യയിലും പ്രതികളുടെ പട്ടികയിൽ സ്ത്രീകളുടെ സാന്നിധ്യം തുലോം തുച്ഛമാണ്. സീരിയൽ കില്ലർമാർക്കിടയിൽ സ്ത്രീകൾ ഇല്ലെന്നുതന്നെ പറയാവുന്നത്ര കുറവാണ്. ജോളി ജോസഫ് എന്ന സ്ത്രീക്കുമേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ ഇനിയും വിചാരണയിൽ തെളിയേണ്ടതുണ്ട്. എല്ലാ കൊലപാതകങ്ങളും നടത്തിയത് താൻ തന്നെയാണ് എന്ന് ജോളി കുറ്റസമ്മതം നടത്തി എന്ന് പൊലീസ് പറയുന്നു. എന്നാൽ, ജോളിയുടെ വക്കീൽ പറയുന്നത് തന്റെ കക്ഷി നിരപരാധിയാണ് എന്നാണ്. ഇന്ത്യൻ ക്രിമിനൽ നിയമപ്രകാരം, തൊണ്ണൂറുദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചാൽ മതി എന്നാണ്. അത് ഇനിയും നടന്നിട്ടില്ല. കുറ്റപത്രം കോടതിയിൽ സമർപ്പിക്കപ്പെട്ടതിനു ശേഷം, വിചാരണ നടക്കും. അതുസംബന്ധിച്ച നടപടികൾ ഇന്നും കോടതിയിൽ പുരോഗമിച്ചു വരുന്നതേയുള്ളൂ. ജോളിയുടെ കേസിലെന്ത് സംഭവിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണണം.