യൂട്യൂബിലുള്ള തന്റെ വീഡിയോകളിലൊന്നിൽ താൻ വീഡോയകളിലൂടെയും ഗൂഗിൾ ട്രാൻസ്ലേറ്റ് വഴിയുമാണ് ഹിന്ദി പഠിച്ചെടുത്തത് എന്ന് യുവതി വിശദീകരിക്കുന്നുണ്ട്. ഭാഷ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇന്ത്യക്കാരായ ആളുകളോട് സംസാരിക്കാൻ ശ്രമിക്കാറുണ്ട് എന്നും ജിവോൺ പറയുന്നു.
ലോകാത്ഭുതങ്ങളിൽ ഒന്നാണ് താജ്‍മഹൽ. അത് സ്ഥിതി ചെയ്യുന്നത് നമ്മുടെ ഇന്ത്യൻ മണ്ണിലാണ് എന്നത് നമുക്ക് ഏവർക്കും അഭിമാനമേകുന്ന കാര്യവുമാണ്. ഇപ്പോഴിതാ കൊറിയക്കാരിയായ ഒരു ഇൻഫ്ലുവൻസർ താജ്മഹൽ സന്ദർശിച്ചതിനെ കുറിച്ചിട്ട പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 'കൊറിയൻ മാതാപിതാക്കളുടെ ഇന്ത്യക്കാരിയായ മകൾ' എന്ന കാപ്ഷനോടെയാണ് യുവതി പോസ്റ്റിട്ടിരിക്കുന്നത്.
ജിവോൺ എന്ന യുവതി ഒരു പിങ്ക് സൽവാർ സ്യൂട്ട് ധരിച്ച് അച്ഛനും അമ്മയ്ക്കും ഒപ്പം താജ്‍മഹലിന്റെ മുന്നിൽ നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും താജ്‍മഹൽ സന്ദർശിച്ചത് വളരെ അധികം സന്തോഷമുണ്ടാക്കി. അവരെ ഇൻക്രെഡിബിൾ ഇന്ത്യ കാണിച്ച് കൊടുത്തതിൽ വളരെ അധികം സന്തോഷമുണ്ട് എന്നും ജിവോൺ കുറിച്ചു.
'കൊറിയൻ അമ്മയുടെയും അച്ഛന്റേയും ഇന്ത്യക്കാരിയായ മകൾ. ഇന്ന് ഞാൻ എന്റെ മാതാപിതാക്കൾക്ക് താജ്‍മഹൽ കാണിച്ചു കൊടുത്തു. അവർക്ക് അത് വളരെ അധികം ഇഷ്ടപ്പെട്ടു. ഞാൻ നന്നായി ഹിന്ദി പറയുന്നു. ധരിച്ചിരിക്കുന്നത് സൽവാർ സ്യൂട്ടാണ്. അതിനാൽ ഞാനൊരു ഇന്ത്യക്കാരി തന്നെ എന്നാണ് ഞങ്ങളുടെ ടൂർ ഗൈഡ് പറഞ്ഞത്' എന്നാണ് യുവതി കുറിച്ചിരിക്കുന്നത്. പലതും യുവതി കുറിച്ചിരിക്കുന്നത് ഹിന്ദിയിലാണ്. താജ്മഹലിനൊപ്പം ഈ പിങ്ക് നിറമുള്ള കുർത്തി നന്നായി ചേരുന്നില്ലേ എന്നും യുവതി ചോദിക്കുന്നുണ്ട്.

യൂട്യൂബിലുള്ള തന്റെ വീഡിയോകളിലൊന്നിൽ താൻ വീഡോയകളിലൂടെയും ഗൂഗിൾ ട്രാൻസ്ലേറ്റ് വഴിയുമാണ് ഹിന്ദി പഠിച്ചെടുത്തത് എന്ന് യുവതി വിശദീകരിക്കുന്നുണ്ട്. ഭാഷ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇന്ത്യക്കാരായ ആളുകളോട് സംസാരിക്കാൻ ശ്രമിക്കാറുണ്ട് എന്നും ജിവോൺ പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ കമ്പനി ഡിന്നർ പാർട്ടിയും ജിവോൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരിക്കലും ബോസിന്റെ കൂടെ നൃത്തം ചെയ്യുമെന്ന് കരുതിയിരുന്നതല്ല. എന്നാൽ, റെസ്റ്റോറന്റിൽ വച്ചിരുന്ന ബോളിവുഡ് പാട്ട് കേട്ടപ്പോൾ അറിയാതെ നൃത്തം ചെയ്തുപോയി എന്നും അവൾ പറയുന്നു.
