Asianet News MalayalamAsianet News Malayalam

ദേശീയ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ജയിലിലടച്ച പത്രപ്രവര്‍ത്തക; ഒടുവില്‍ സ്വന്തം മുടി മുറിച്ച് വരക്കാനുള്ള ബ്രഷാക്കി

ഒടുവിൽ അവർ 'ഔട്ട് ഓഫ് ദി ബോക്സ്' ആയി ചിന്തിച്ചു. തന്റെ ഇടതൂർന്ന മുടിയിൽ നിന്നും ഒരു കെട്ട് മുറിച്ചെടുത്തു. ജയിൽ വളപ്പിൽ നിന്നിരുന്ന ഒരു മരത്തിൽ നിന്നും കമ്പുകളും. ഈ മുടിയെ കൃത്യമായി മുറിച്ച്, അവനവന്റെ ഉടുതുണിയിൽ നിന്നും ഒരു കഷ്ണം ചീന്തിയെടുത്ത്  അതുകൊണ്ട്,  മുടിയെ ആ കമ്പിൽ കെട്ടി, ബ്രഷിനു പകരം ഉപയോഗിച്ച് തുടങ്ങി. 

kurdish artist and journalist zehra dogan story
Author
Diyarbakır, First Published May 7, 2019, 1:35 PM IST

പറയാൻ പോവുന്നത് ധീരയായ ഒരു പത്രപ്രവർത്തകയെപ്പറ്റിയാണ്.  പേര് സെഹ്‌റാ ദോഗാൻ. തുർക്കിയിലെ അറിയപ്പെടുന്നൊരു പത്രപ്രവർത്തകയായിരുന്നു സെഹ്റ. ജിൻഹ എന്ന ഒരു ഫെമിനിസ്റ്റ് കുർദിഷ് ന്യൂസ് വെബ് സൈറ്റിന്റെ എഡിറ്ററായിരുന്നു അവർ. ഇംഗ്ലീഷിലും തുർക്കിഷിലും പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു ദ്വിഭാഷാ വെബ്‌സൈറ്റ് ആയിരുന്നു ജിൻഹയുടേത്. ജിൻഹയ്ക്കുവേണ്ടി ചെയ്ത ഐഎസിസിന്റെ തടവിൽ നിന്നും രക്ഷപ്പെട്ടുപോന്ന യസീദി സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണ പരമ്പരയ്ക്ക് സെഹ്റയ്ക്ക് അന്തർദേശീയ തലത്തിലടക്കം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

നല്ലൊരു ചിത്രകാരി കൂടിയായിരുന്നു സെഹ്റ. തനിക്കുചുറ്റും നടക്കുന്ന രാഷ്ട്രീയമായ സംഭവവികാസങ്ങളോട് അവർ പലപ്പോഴും പ്രതികരിച്ചിരുന്നത് തൻറെ ചിത്രങ്ങളിലൂടെയായിരുന്നു. അത്തരത്തിൽ സെഹ്റ വരച്ച ഒരു ചിത്രമാണ് അവരെ ടർക്കിയിലെ  ഉന്നത ക്രിമിനൽ കോടതി രണ്ടുവർഷം, ഒൻപതു മാസം ഇരുപത്തിരണ്ടു ദിവസത്തെ തടവിന്  ശിക്ഷിക്കാൻ കാരണമായത്. 

kurdish artist and journalist zehra dogan story

കുർദിഷ് ജനത കൂടുതലായുള്ള  നുസയ്ബിനിൽ അക്കാലത്ത് ടർക്കിഷ് സൈന്യവും നിരോധിക്കപ്പെട്ട  കുർദിസ്താനി പീപ്പിൾസ് പാർട്ടി ( പികെകെ) യുമായി കടുത്ത സായുധ പോരാട്ടങ്ങൾ നടക്കുന്ന കാലമാണ്. ടർക്കിഷ് സൈന്യത്തിന്റെ നിരന്തരമായ ആക്രമണത്തിൽ നുസയ്ബിനിലെ പല കെട്ടിടങ്ങൾക്കും സാരമായ നാശനഷ്ടങ്ങളുണ്ടായി. 

kurdish artist and journalist zehra dogan story

അങ്ങനെ തകർന്നടിഞ്ഞു കിടക്കുന്ന ഒരു പ്രദേശത്തിന്റെ ചിത്രം അക്കാലത്ത് പ്രസിദ്ധീകരിച്ചുവന്നു പലയിടത്തും. തന്റെ മനസ്സിനെ സ്പർശിച്ച എ ചിത്രത്തെ  സെഹ്റ തന്റെ കാൻവാസിലേക്ക് പകർത്തിയത്. അതിൽ, ടർക്കിഷ് പട്ടാളത്തിന്റെ വെടിയേറ്റു നാശം സംഭവിച്ച നുസയ്ബിനിലെ കെട്ടിടങ്ങളുടെ ചുവരിന്മേൽ ഓരോ ടർക്കിഷ് ദേശീയ പതാകയും സെഹ്റ വരച്ചു വെച്ചിരുന്നു.  സെഹ്റയുടെ എഴുത്തുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു സെഹ്റ.  അവർക്കെതിരെ നടപടിയെടുക്കാൻ വേണ്ടി കാരണം അന്വേഷിച്ചുകൊണ്ടിരുന്ന ഭരണകൂടത്തിന് വീണുകിട്ടിയ ഒരു വടിയായി ഈ ചിത്രം.  തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കു മീതെ ദേശീയ പതാക അനുമതി കൂടാതെ വരച്ചുവെച്ച് ദേശീയ വികാരം വ്രണപ്പെടുത്തി എന്നും,   പികെകെയുമായി രഹസ്യബന്ധങ്ങളുണ്ടെന്നും ആരോപിച്ച് 2016  ജൂലൈ 21 -ന് നുസയ്ബിൻ എന്ന പ്രദേശത്തുള്ള ഒരു കോഫി ഷോപ്പിൽ വെച്ച്  സെഹ്റയെ ടർക്കിഷ് പോലീസ് അറസ്റ്റു ചെയ്തു.

കേസ് കോടതിയിൽ വന്നപ്പോൾ, നിരോധിതമായ പാർട്ടിയുമായുള്ള രഹസ്യബന്ധമൊന്നും സംശയാതീതമായി തെളിയിക്കാൻ പോലീസിനായില്ല. എന്നാലും  ' ദേശീയ പതാകയുടെ ചിത്രം അപഹാസ്യമാം വിധം,  തകർന്ന ഒരു ചുവരിന്മേൽ വരച്ചു വെച്ചതിനും, പിന്നീട്  ആ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പരക്കെ പ്രചരിപ്പിച്ച്,  മനഃപൂർവം രാജ്യത്തിന് അപമാനമുണ്ടാക്കിയതിനും സെഹ്റയ്ക്ക് ഏതാണ്ട് അറുനൂറു ദിവസത്തിന്മേൽ ജയിൽ ശിക്ഷ വിധിച്ചു കോടതി. അവരുടെ കലാസൃഷ്ടി ഒരു ഭീകരവാദ പ്രവർത്തനമാണ് എന്ന നിഗമനത്തിൽ എത്തിച്ചേരാൻ  അവിടത്തെ സർക്കാരിന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല. 

എന്നാൽ, ഭരണകൂടം തന്നെ തള്ളിയിട്ട ഇരുൾവീണ തുറുങ്കിനുള്ളിലും തോറ്റുകൊടുക്കാനോ, തളർന്നുകിടക്കാനോ സെഹ്റ തയ്യാറായില്ല.  ഈ ഭരണകൂട ഭീകരതയോട് എങ്ങനെ പ്രതികരിക്കും എന്നോർത്ത് അവർ എത്രയോ രാത്രികൾ സെല്ലിനുള്ളിൽ ഉറങ്ങാതെ കഴിച്ചുകൂട്ടി. ഒടുവിൽ ഏറെ നേരത്തെ കൂടിയാലോചനകൾക്കൊടുവിൽ ജയിലിനുള്ളിൽ കിട്ടുന്ന സാമഗ്രികൾ ഉപയോഗിച്ചുകൊണ്ട്  ചിത്രങ്ങൾ വരയ്ക്കാൻ സെഹ്റ തീരുമാനിച്ചു. . ജയിലിനുള്ളിൽ കിട്ടിയിരുന്ന പഴയ പത്രങ്ങൾക്കുമേലെ എഴുതുകയും വരയ്ക്കുകയും ഒക്കെ ചെയ്യാം എന്നുറപ്പിച്ചു. എന്നാലും ഒരു പ്രശ്നം ബാക്കി. എഴുതാനും വരയ്ക്കാനും ബ്രഷില്ല, നിറങ്ങളുമില്ല. ഇതുരണ്ടും തന്നെ ജയിലിൽ നിന്നും കുട്ടിമെന്നുള്ള പ്രതീക്ഷയും വേണ്ട. 

ഒടുവിൽ അവർ 'ഔട്ട് ഓഫ് ദി ബോക്സ്' ആയി ചിന്തിച്ചു. തന്റെ ഇടതൂർന്ന മുടിയിൽ നിന്നും ഒരു കെട്ട് മുറിച്ചെടുത്തു. ജയിൽ വളപ്പിൽ നിന്നിരുന്ന ഒരു മരത്തിൽ നിന്നും കമ്പുകളും. ഈ മുടിയെ കൃത്യമായി മുറിച്ച്, അവനവന്റെ ഉടുതുണിയിൽ നിന്നും ഒരു കഷ്ണം ചീന്തിയെടുത്ത്  അതുകൊണ്ട്,  മുടിയെ ആ കമ്പിൽ കെട്ടി, ബ്രഷിനു പകരം ഉപയോഗിച്ച് തുടങ്ങി. 

എവിടെയൊക്കെ അനീതിയുണ്ടോ, അവിടൊക്കെ എന്നും അതിനെതിരെയുള്ള പ്രതിഷേധവും മുളപൊട്ടും. സെഹ്റയുടെ സെൽമുറിയുടെ ചുവരിൽ ഇങ്ങനെ വരച്ച നിരവധി ചിത്രങ്ങൾ നിറഞ്ഞു. നിറങ്ങൾക്കായി ജയിൽ അടുക്കളയിലെ മഞ്ഞൾപ്പൊടിയും, തക്കാളിയും, കരുമുളകു പൊടിയും, സെഹ്റയുടെ കയ്യിൽ തടഞ്ഞവയൊക്കെ  അവൾക്ക് എന്തെങ്കിലുമൊക്കെ വർണ്ണങ്ങളേകി. എന്തിന്, ജയിലിലെ തന്റെ സുഹൃത്തുക്കളോട് അവരുടെ ആർത്തവരക്തം വരെ ശേഖരിച്ചു നൽകാൻ ആവശ്യപ്പട്ടു. ആളുകൾ ജുഗുപ്സയോടെ കാണുന്ന ഒരു വസ്തുവിൽ നിന്നും സുന്ദരമായ ഒരു ചിത്രം വിരിയിച്ചെടുത്ത ആ പ്രക്രിയ തനിക്ക് ഏറെ ആനന്ദം പകർന്ന ഒരു അനുഭവമായിരുന്നു എന്ന് സെഹ്റ പിന്നീട് പറഞ്ഞു. 

താമസിയാതെ ആ കൽത്തുറുങ്കിനുള്ളിൽ അവർ ഒരു ഇല്ലസ്‌ട്രേറ്റീവ് പത്രം തുടങ്ങി, പേര് , Özgür Gündem Zindan അഥവാ 'അജണ്ടയില്ലാത്തുറുങ്ക്..'. ജയിലിനുള്ളിൽ ലഭ്യമായ എല്ലാം വർണ്ണങ്ങളാക്കി, തന്റെ സഹ തടവുകാരുടെ നിർലോഭമായ സഹകരണത്തോടെ അവർ തന്റെ പത്രം തയ്യാറാക്കി. അതിൽ ആ തുറുങ്കിൽ സ്ത്രീ തടവുകാർ ബൈലൈൻ ലേഖനങ്ങളെഴുതി.  പത്രത്തിന്റെ ആദ്യപേജിൽ കാണുന്ന വെണ്ടയ്ക്കാ വലിപ്പത്തിലുള്ള തലക്കെട്ടിനെ നമുക്ക് ഇങ്ങനെ മൊഴിമാറ്റാം, "ഓകലാൻ ജയിലിലെ രാഷ്ട്രീയ തടവുകാർ പ്രതിഷേധത്തിലേക്ക്.. " മറ്റൊരു തലക്കെട്ട് ഇങ്ങനെ, "നുസായ്ബിൻ പട്ടണത്തിൽ ജീവിക്കുക എന്നതുപോലും  ടർക്കിഷ് സർക്കാരിന്റെ കണ്ണിൽ രാജ്യദ്രോഹം..! " എട്ടുപേജ് നിറയെ കയ്യക്ഷരത്തിൽ കുനുകുനാ വാർത്തകളും ലേഖനങ്ങളും എഴുതി നിറച്ചിരിക്കുന്ന ഈ പത്രത്തിലെ ഇല്ലസ്ട്രേഷനുകളെല്ലാം ഇവിടത്തെ സ്ത്രീതടവുകാർ തന്നെയാണ് ചെയ്തത്. രാഷ്ട്രീയം, കല, സ്ത്രീത്വം അങ്ങനെ പല വിഷയങ്ങളിലും ഗഹനമായ ലേഖനങ്ങളുമുണ്ട് ഇതിൽ.

kurdish artist and journalist zehra dogan story

kurdish artist and journalist zehra dogan story 

സെഹ്റയെ പിന്തുണച്ചുകൊണ്ട് വിശ്വപ്രസിദ്ധ ഗ്രാഫിറ്റി ആർട്ടിസ്റ്റായ ബാങ്ക്സി 2018 മാർച്ച് 16 -ന് ന്യൂയോർക്ക് സിറ്റിയിലെ ബ്രോവറി വാളിൽ   സെഹ്റയുടെ വലിയൊരു ചിത്രം വരച്ചുകൊണ്ട്, ആ ചിത്രം തന്റെ ട്വിറ്റര്‍ അക്കൗണ്ടിൽ നിന്നും ട്വീറ്റ് ചെയ്തുകൊണ്ട്, അവരെ വിട്ടയക്കണം എന്ന് അപേക്ഷിച്ചിരുന്നു. അങ്ങനെ ലോകത്തിന്റെ പല കോണുകളിൽ നിന്നും പ്രതിഷേധം കനത്തതോടെ ഒടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 24 -ണ് ടർക്കിയിലെ ടാർസസ് ജയിലിൽ നിന്നും വിട്ടയച്ചു.

kurdish artist and journalist zehra dogan story
 
പ്രത്യേകിച്ചൊരു കുറ്റവും ചെയ്യാതിരുന്നിട്ടും സെഹ്റയ്ക്ക് ഏതാണ്ട് മൂന്നുവർഷത്തോളം  ജയിൽവാസം അനുഭവിക്കേണ്ടിവന്നു. പുറത്തിറങ്ങിയ അന്നും, തന്റെ മനസ്സിനുള്ളിൽ ജയിൽ തിങ്ങിവിങ്ങി നിന്നുവെന്ന് സെഹ്റ പറഞ്ഞു. കണ്ണടച്ചാൽ വീണ്ടും ആ ജയിലിനുള്ളിൽ സെല്ലിൽ കിടക്കുന്ന അതേ പ്രതീതിയാവുമത്രെ. ജയിലിനുള്ളിലാണ് എന്നോർത്ത് വിയർത്തുകുളിച്ച് രാവിലെ എഴുന്നേൽക്കും. ചുറ്റും നോക്കുമ്പോൾ സ്വന്തം വീടിനുള്ളിലാണ്  എന്നുള്ള ബോധ്യം വരും. അപ്പോൾ മനസ്സിൽ ആശ്വസിക്കും. 

തുറുങ്കിൽ നിന്നും  മോചിതയായെങ്കിലും, ജയിലിനുള്ളിൽ  ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന മറ്റു നിരപരാധികളുടെ കൂടെയാണ് സെഹ്റയുടെ മനസിപ്പോഴും. തന്റെ പഴയ ജിൻഹ എഡിറ്ററുടെ ജോലി വീണ്ടും തുടരുന്ന സെഹ്റ, ഇന്ന് ആ തടവുകാരെക്കൂടി തുറങ്കിനു പുറത്തിറക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios