Asianet News MalayalamAsianet News Malayalam

അന്ന് ഫീസടക്കാന്‍ പണമില്ലാത്തതിനാല്‍ സ്‍കൂളില്‍നിന്നും പരീക്ഷാഫലം നല്‍കിയില്ല; ഇന്ന് വെര്‍ജീനിയ സര്‍വകലാശാലയില്‍ ഗവേഷകന്‍

അമ്മ മാത്രമാണ് എന്നെ ഭാവിയിലേക്ക് സഞ്ചരിക്കാന്‍ പ്രാപ്തനാക്കിയത്. ഞാന്‍ തോറ്റുകൊടുക്കാത്തതിന് കാരണം അവരാണ്. വീട്ടില്‍ നിന്ന് എങ്ങോട്ടെങ്കിലും പോയാലോ എന്ന് തോന്നിയ സമയങ്ങളുണ്ടായിരുന്നു. അപ്പോഴൊക്കെ എന്‍റെ അമ്മയെ കുറിച്ചാണ് ഞാനോര്‍ത്തത്. 

kurla slum to university of Virginia
Author
Virginia, First Published Aug 27, 2019, 4:12 PM IST

സ്കൂള്‍ ഫീസടക്കാത്തതിന്‍റെ പേരില്‍ സ്വന്തം റിസല്‍ട്ട് തടഞ്ഞുവെയ്ക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥി അതായിരുന്നു അന്ന് ജയ്‍കുമാര്‍ വൈദ്യ. പലയിടത്തുനിന്നും തഴയപ്പെട്ടവരായിരുന്നു അവനും അമ്മയും. എന്നാല്‍, കഠിനാധ്വാനം കൊണ്ട് അവന്‍ ഉയരങ്ങള്‍ താണ്ടുക തന്നെ ചെയ്തു. ഇന്ന് ജയകുമാര്‍ ഒരു ശാസ്ത്രജ്ഞനാണ്. യൂണിവേഴ്‍സിറ്റി ഓഫ് വെര്‍ജീനിയയില്‍ നിന്നും ഗവേഷണം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണിന്നദ്ദേഹം. 

ജയ്‍കുമാറിനെ സംബന്ധിച്ച് എല്ലാം തുടങ്ങിയത് കുര്‍ള തെരുവിലെ ആ കുഞ്ഞ് കൂരയില്‍ നിന്നാണ്. അവന്‍റെ അമ്മ നളിനിയാണ് അവനെ ഈ ഉയരത്തിലേക്ക് കൈപിടിച്ചു നടത്തിയത്. നാത്തൂന്‍മാരാല്‍ നിരന്തരം ഉപദ്രവമേറ്റുവാങ്ങേണ്ടി വന്ന ഒരാളായിരുന്നു നളിനി. വൈകാതെ വിവാഹമോചിതയാവുകയും ചെയ്തു. നളിനിയുടെ അമ്മയെ അസുഖം ബാധിച്ചതോടുകൂടി കാര്യങ്ങളാകെ ബുദ്ധിമുട്ടിലായി. അങ്ങനെ ഉണ്ടായിരുന്ന ക്ലറിക്കല്‍ ജോലി 2003 -ല്‍ നളിനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. 

ഓരോ ദിവസവും കഴിഞ്ഞുപോകുന്നതിനായി പല ജോലികളും നളിനി ചെയ്തു. മാത്രവുമല്ല, നിരന്തരം വിവാഹമോചനക്കേസിനായി കോടതിയില്‍ പോകേണ്ടിയും വന്നു നളിനിക്ക്. ദാരിദ്ര്യം അപ്പോഴേക്കും അവരെ കാര്‍ന്നുതിന്നു തുടങ്ങിയിരുന്നു. ദിവസത്തിന്‍റെ അവസാനം ജീവന്‍ നിലനിര്‍ത്താനായി അമ്മയുടെ കൂടെ സമൂസ, ബ്രെഡ്ഡ്, ചായ ഒക്കെ മാത്രമാണ് ജയ്‍കുമാറിനും കഴിക്കാന്‍ കിട്ടിയിരുന്നത്. 

എന്നിരുന്നാലും, നളിനിക്കും ജയ്‍കുമാറിനുമുള്ള സഹായം ഒരു പ്രാദേശിക ക്ഷേത്ര ട്രസ്റ്റിൽ നിന്നും ലഭിച്ചു. അവർ റേഷൻ സാധനങ്ങളും സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളും നൽകി അവരെ സഹായിച്ചു. വീട്ടിലെ ഒരു കുഞ്ഞ് മൂലയിലിരുന്ന് ജയ്‍കുമാര്‍ പഠിച്ചു. അവന്‍റെ വീട്ടിലുണ്ടായിരുന്നത് പ്രവര്‍ത്തിക്കാത്ത ഒരു സെക്കന്‍ഡ് ഹാന്‍ഡ് ടി വി ആയിരുന്നു. ഡിസ്‍കവറി ചാനലും, പ്രപഞ്ചത്തിലെ  കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്ന സിനിമകളും ജയ്‍കുമാര്‍ കണ്ടത് അടുത്ത വീട്ടിലെ ടി വിയില്‍ നിന്നായിരുന്നു. അതാണ് അവനെയൊരു ശാസ്ത്രകുതുകിയാക്കിയത്. സയന്‍സിനെ കുറിച്ച് കൂടുതലറിയാന്‍ അവനില്‍ ആഗ്രഹമുണ്ടായിത്തുടങ്ങി. ജ്യോതിഷത്തെ കുറിച്ചും മറ്റും അയല്‍ക്കാര്‍ സംസാരിക്കുന്നത് അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതുപോലെതന്നെ പല ചോദ്യങ്ങള്‍ക്കും അശാസ്ത്രീയമായ മറുപടികളാണ് ചുറ്റുമുള്ളവര്‍ പറഞ്ഞുകൊണ്ടിരുന്നത്. അപ്പോഴൊക്കെ അതിന്‍റെ ശാസ്ത്രീയമായ ഉത്തരങ്ങള്‍ കണ്ടെത്തണം എന്ന് ജയ്‍കുമാറിന് തോന്നി. 

എഞ്ചിനീയറിങ്ങിന് ചേര്‍ന്നപ്പോഴാണ് നാനോസ്‍കെയില്‍ ഫിസിക്സിലുള്ള താല്‍പര്യം ജയ്‍കുമാര്‍ തിരിച്ചറിയുന്നത്. പോസ്റ്റ് എഞ്ചിനീയറിങ്ങ് റിസര്‍ച്ചിലും ജയ്‍കുമാര്‍ നാനോഫിസിക്സുമായി ബന്ധപ്പെട്ട വിഷയം തന്നെയായിരുന്നു തെരഞ്ഞെടുത്തത്. ഇപ്പോൾ, നാനോ സ്കെയിൽ ഉപകരണങ്ങളും മറ്റും എങ്ങനെ നിർമ്മിക്കാമെന്ന ഗവേഷണത്തിലാണ് ജയ്‍കുമാര്‍. 

നളിനിയാണ് മകനെ ഇത്രയധികം സ്വന്തം സ്വപ്നങ്ങളിലേക്ക് നടക്കാന്‍ പ്രാപ്‍തനാക്കിയത്. ''അമ്മ മാത്രമാണ് എന്നെ ഭാവിയിലേക്ക് സഞ്ചരിക്കാന്‍ പ്രാപ്തനാക്കിയത്. ഞാന്‍ തോറ്റുകൊടുക്കാത്തതിന് കാരണം അവരാണ്. വീട്ടില്‍ നിന്ന് എങ്ങോട്ടെങ്കിലും പോയാലോ എന്ന് തോന്നിയ സമയങ്ങളുണ്ടായിരുന്നു. അപ്പോഴൊക്കെ എന്‍റെ അമ്മയെ കുറിച്ചാണ് ഞാനോര്‍ത്തത്. അമ്മയെ കുറിച്ചോര്‍ത്താണ് ഞാനത് ചെയ്യാതിരുന്നത്. അവരെത്രയും കാലം അവിടെയുണ്ടാകുമോ, അത്രയും കാലം ഞാനും ആ വീട്ടില്‍ കാണും. ജീവിക്കാനെന്നെ പ്രേരിപ്പിക്കുന്നത് അമ്മയാണ്. വിജയിക്കാനും അതിലൂടെ ഈ ലോകത്തിനെന്തെങ്കിലും നല്‍കാനും എന്നെ പ്രേരിപ്പിക്കുന്നത് അമ്മയാണ്...'' എന്ന് ജയ്‍കുമാര്‍ പറയുന്നു. 

കഠിനാധ്വാനവും ക്ഷമയും

സ്കൂളില്‍ നിന്ന് പിക്നിക്കിന് പോകാനോ, സുഹൃത്തുക്കളുടെ കൂടെ പുറത്തുപോകാനോ, ഭക്ഷണം കഴിക്കാനോ ഒന്നും ജയ്‍കുമാറിന് പണമില്ലായിരുന്നു. മാസാവസാനമാകുന്നതോടെ കയ്യില്‍ ശേഷിക്കുന്നത് 10 രൂപയൊക്കെ ആയിരുന്നു. ഈ അവസ്ഥ മാറി നല്ല ജീവിതമുണ്ടാകണമെങ്കില്‍ കഠിനാധ്വാനവും ക്ഷമയും കൂടിയേ തീരൂവെന്ന് ജയ്‍കുമാറിന് തോന്നി. അകന്ന ചില ബന്ധുക്കളൊക്കെ അതേ കോളനിയില്‍ താമസിക്കുന്നുണ്ടായിരുന്നുവെങ്കിലും അവരാരും അമ്മയേയോ മകനേയോ സഹായിച്ചിരുന്നില്ല. 

പക്ഷേ, MESCO എന്ന ട്രസ്റ്റ് ജയ്‍കുമാറിന്‍റെ സ്കൂള്‍ ഫീസ് അടക്കാന്‍ സഹായിക്കാമെന്നും കോളേജ് പഠനത്തിനായി പലിശയില്ലാതെ ലോണ്‍ തരാന്‍ തയ്യാറാണെന്നും അറിയിച്ചു. അങ്ങനെ ഒരുപാട് പേരുടെ സഹായത്തോടെയാണ് ജയ്‍കുമാറിന്‍റെ പഠനം മുന്നോട്ട് നീങ്ങിയത്. പക്ഷേ, ഈ ദയാവായ്‍പില്‍ മാത്രമുള്ള ജീവിതം അവനെ മടുപ്പിച്ചിരുന്നു. അങ്ങനെ അടുത്തുള്ള ടെലിവിഷന്‍ റിപ്പയറിങ്ങ് ഷോപ്പില്‍ ജോലിക്ക് കയറി. 4000 രൂപയാണ് മാസം കിട്ടിയിരുന്നത്. അതുപോലെ തന്നെ തുണിക്കടയിലും ജോലി ചെയ്തു ജയ്‍കുമാര്‍. വര്‍ഷങ്ങളുടെ കഠിനാധ്വാനവും പഠനവും തുടര്‍ന്നു. അടുവില്‍, കെ ജെ സോമയ്യ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്നും എലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. ആ സമയത്ത് നാഷണല്‍, സ്റ്റേറ്റ് തലത്തില്‍ നിരവധി റോബോട്ടിക്സ് അവാര്‍ഡുകള്‍ ജയ്‍കുമാര്‍ നേടി. 

കോളേജിന് ശേഷം ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചില്‍ ചേര്‍ന്നു. അവിടെ മാസം 30,000 രൂപയാണ് ജയ്കുമാറിന് ലഭിച്ചിരുന്നത്. അത് വീട് നന്നാക്കാനും മറ്റുമായി ഉപയോഗിച്ചു. കഠിനാധ്വാനം ചെയ്തു കണ്ടെത്തിയ ഈ പണം വീട്ടിൽ ചെലവഴിച്ചതിനു പുറമേ, GRE, TOEFL ടെസ്റ്റുകൾക്കായി എഴുതാനും അദ്ദേഹം അപേക്ഷിച്ചു. അതിന് കുറേ പണം ചെലവായി. ഈ കുറവ് പരിഹരിക്കുന്നതിന്, അദ്ദേഹം പുറത്തുനിന്നുള്ള വിദ്യാർത്ഥികളെ ഓൺലൈനിൽ പരിശീലിപ്പിക്കാൻ തുടങ്ങി.

''കോളേജിൽ പഠിക്കുന്ന സമയത്ത് ഞാൻ സ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കാറുണ്ടായിരുന്നു. ഇത് എനിക്ക് ഒരു പുതിയ തൊഴിലായിരുന്നില്ല. എനിക്ക് വായ്പകൾ അടയ്ക്കാനും എന്റെ വീട് പുതുക്കിപ്പണിയാനും യുഎസിലേക്കുള്ള എന്റെ ഫ്ലൈറ്റ് ടിക്കറ്റിന് പണം നൽകാനും കുറച്ച് പോക്കറ്റ് മണി കൊണ്ടുപോകാനും പണം ആവശ്യവുമായിരുന്നു'' -ജയ്‍കുമാർ ഓർമ്മിക്കുന്നു.

അദ്ദേഹത്തിന്റെ ആദ്യ വിദ്യാർത്ഥി 2017 -ൽ ലണ്ടനിലെ പ്രശസ്തമായ ഇംപീരിയൽ കോളേജിൽ നിന്നായിരുന്നു, എന്നാൽ 2019 ഫെബ്രുവരിയോടെ ഒരു പരസ്യം നല്‍കി. അങ്ങനെ ഒന്നിലധികം അഭ്യർത്ഥനകൾ വന്നുതുടങ്ങി. ഇപ്പോൾ, ജയ്‍കുമാർ തന്റെ എല്ലാ വായ്പകളും തിരിച്ചടച്ചു. തന്റെ വിദ്യാർത്ഥികൾക്ക് 10 ൽ 8.5 എങ്കിലും CGPA ലഭിക്കുമെന്ന് ജയ്കുമാർ ഉറപ്പുവരുത്തിയിരുന്നു. TIFR -നും  ഉപദേശകനായ പ്രൊഫസർ മന്ദർ എം ദേശ്മുഖിന്റെയും ആ സമയത്തെ സഹായത്തിനും നന്ദി പറയുകയാണ് ജയ്‍കുമാര്‍. അദ്ദേഹത്തിന്റെ ഒരു വിദ്യാർത്ഥി 9.7 പോലും നേടി. ഈ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ അദ്ദേഹത്തിന്റെ മാർഗനിർദ്ദേശത്തിന് നന്ദി പറഞ്ഞു. 

മൂന്നുവർഷക്കാലം  TIFR -ല്‍ ജോലിചെയ്തത് പിഎച്ച്ഡി പ്രോഗ്രാമിനായി ജയ്കുമാറിനെ പ്രേരിപ്പിച്ചു. “അദ്ദേഹം അസാധാരണമായി കഠിനാധ്വാനിയായ വ്യക്തിയാണ്, അദ്ദേഹത്തെപ്പോലുള്ള ആരേയും ഞാൻ കണ്ടിട്ടില്ല” പ്രൊഫസർ മന്ദർ മുംബൈ മിററിനോട് ജയ്‍കുമാറിനെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്. TIFR  -ലെ കാലഘട്ടത്തിൽ, 2017 -ലും 2018 -ലും പ്രശസ്തമായ അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളിൽ ജയ്‍കുമാറിന്‍റെ രണ്ട് ശാസ്ത്രീയ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ഈ പ്രബന്ധങ്ങൾ വെർജീനിയ സർവകലാശാലയുടെ ശ്രദ്ധ പിടിച്ചുപറ്റി, അങ്ങനെയാണ് അവിടെ ജയ്കുമാർ ഗവേഷണത്തിനായി എത്തുന്നത്.

ഹാർഡ്‌വെയർ സാങ്കേതികവിദ്യകളിൽ ഇന്ത്യയെ സ്വാശ്രയമാക്കുക എന്നതാണ് ജയ്കുമാറിന്റെ ആഗ്രഹം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അമ്മയെ അമേരിക്കയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറയുന്നു. ഇന്ന്, അദ്ദേഹത്തിന് മാസം രണ്ട് ലക്ഷം രൂപയ്ക്കടുത്ത് സ്റ്റൈപ്പന്റ് കിട്ടുന്നുണ്ട്. 50,000 രൂപയില്‍ താഴെ മാത്രമാണ് ചെലവ് വരുന്നത്. ബാക്കി അമ്മയ്ക്ക് അയയ്ക്കുന്നു.

“പിഎച്ച്ഡിക്ക് ശേഷം ജോലി ചെയ്യാനും ഒടുവിൽ ഇന്ത്യയിൽ ഒരു കമ്പനി സ്ഥാപിക്കാനും ആഗ്രഹമുണ്ട്. ഇന്ത്യ സാങ്കേതികവിദ്യയില്‍ സ്വാശ്രയത്വം കൈവരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പെൺകുട്ടികളെയും താഴ്ന്ന നിലയിലുള്ള വിദ്യാർത്ഥികളെയും അവരുടെ കഴിവുകൾ നിറവേറ്റുന്നതിന് സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു ” -ജയ്കുമാർ പറയുന്നു.

Follow Us:
Download App:
  • android
  • ios