കാശിയിലെ സഹോദരീസഹോദരന്മാർക്ക് എന്റെ പ്രണാമം,

ഇന്ന് കാബൂളിൽ നടന്ന ഗുരുദ്വാരകൾക്കു നേരെ നടന്ന ഭീകരാക്രമണത്തിൽ നിരവധി പേർ മരിച്ചത് എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. ഇന്ന് ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്ക് എന്റെ അനുശോചനങ്ങൾ.  

പ്രിയരേ... ഇന്ന് നവവർഷത്തിന്റെ ആദ്യ ദിനമാണ്, ചൈത്ര നവരാത്രിയുടെ പാവനപർവമാണ്. നിങ്ങളെല്ലാവരും പൂജയുടെയും അർച്ചനയുടെയും ഒക്കെ തിരക്കിലാകും എന്നറിയാം. അതിനിടയിലും എന്റെ വാക്കുകൾക്ക് ചെവിയോർക്കാൻ സമയം കണ്ടെത്തിയതിൽ സന്തോഷമുണ്ട്. നന്ദിയുണ്ട്. നിങ്ങൾക്കറിയാം നവരാത്രിയുടെ ആദ്യ ദിനം മാ ശൈലപുത്രിയെ പൂജിക്കുന്ന ദിവസമാണ്.  മാ ശൈലപുത്രി സ്നേഹത്തിന്റെ, കരുണയുടെ ഒക്കെ പ്രതീകമാണ്. പ്രകൃതീ ദേവി കൂടിയാണ് ശൈലപുത്രി. ഇന്ന് നമ്മുടെ രാജ്യം കടന്നുപോയ്ക്കൊണ്ടിരിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ, നമുക്കെല്ലാവർക്കും മാ ശൈലസുതയുടെ ആശിർവാദം ആവശ്യമുണ്ട്. കൊറോണാ വൈറസിനെതിരായ യുദ്ധത്തിൽ ഇന്ത്യക്ക്, ഇവിടത്തെ 130 കോടി ജനങ്ങൾക്ക് വിജയാനുഗ്രഹങ്ങൾ നൽകണേ എന്ന് ഞാൻ മാ ശൈലപുത്രിയോട് തൊഴുകൈയ്യോടെ  പ്രാർത്ഥിക്കുകയാണ്. 

കാശിയിലെ എംപി എന്ന നിലയ്ക്ക് ഈ ദുർഘട സന്ധിയിൽ സദാ സമയവും നിങ്ങളുടെ സൗഖ്യമന്വേഷിച്ചു കൊണ്ട് നിങ്ങളുടെ അരികിലുണ്ടാവേണ്ടവനാണ് ഞാൻ. എന്നാൽ ഈ അവസരത്തിൽ ദില്ലിയിലുള്ള തിരക്ക് നിങ്ങൾക്ക് ഊഹിക്കാവുന്നതാണല്ലോ. അതിനിടയിലും വരാണസിയെപ്പറ്റി ഞാൻ എന്റെ സഹപ്രവർത്തകരോട് നിരന്തരം തിരക്കാറുണ്ട്. അപ്‌ഡേറ്റ് എടുക്കാറുണ്ട്. 

നമ്മളോർക്കേണ്ട ഒരു കാര്യമുണ്ട്. മഹാഭാരതയുദ്ധം 18 ദിവസമാണ് നീണ്ടു നിന്നത്. ഇന്ന് കൊറോണയ്ക്കെതിരായി നമ്മൾ കുറിച്ച യുദ്ധം ജയിക്കാൻ നമ്മുടെ നാടിന് 21 ദിവസം വേണ്ടിവരും. അതിനാണ് നമ്മുടെ പരിശ്രമങ്ങൾ അത്രയും. മഹാഭാരതയുദ്ധത്തിൽ മഹാരഥൻ ഭഗവാൻ കൃഷ്ണനായിരുന്നു, അദ്ദേഹമായിരുന്നു സാരഥി. എന്നാൽ ഇന്ന് 130 കോടി മഹാരഥന്മാരുടെ ബലത്തിലാണ് ഞാൻ ഈ യുദ്ധത്തിനിറങ്ങുന്നത്. ഈ പോരാട്ടത്തിൽ കാശി നിവാസികൾക്കും ചെറുതല്ലാത്ത പങ്കു വഹിക്കാനുണ്ട്. കാശിയെപ്പറ്റി പുരാണങ്ങളിൽ പറഞ്ഞിട്ടുള്ളത്," കാശി ജ്ഞാനത്തിന്റെ ഭണ്ഡാരമാണ്. പാപനാശിനിയാണ്. ഈ ദുർഘട സന്ധിയിൽ നമുക്കെല്ലാം വഴികാട്ടിയാകാൻ കാശിക്കാകും. എല്ലാവർക്കും മാതൃകയാകാൻ കക്ഷിക്ക് സാധിക്കും. കാശിയുടെ അനുഭവം ശാശ്വതവും, സനാതനവും സമായാതീതവുമാണ്. അതുകൊണ്ടുതന്നെ ഇന്ന് ലോക്ക് ഡൗൺ സാഹചര്യത്തിൽ കാശിക്ക് രാജ്യത്തെ സംയമനം, സമന്വയം, സംവേദനം എന്നിവ പഠിപ്പിക്കാം.  സഹകരണം, ശാന്തി, സഹന ശീലം എന്നിവ. സാധന, സേവ, സമാധാനം എന്നിവ. 

പ്രിയരേ, കക്ഷിയുടെ അർഥം തന്നെ ശിവ് എന്നാണ്. ശിവ് എന്നാൽ ഐശ്വര്യം. ശിവന്റെ, മഹാദേവന്റെ, നീലകണ്ഠന്റെ നഗരത്തിൽ സങ്കടപരിത്രാണനത്തിന്റെ മാർഗനിർദേശങ്ങൾ കണ്ടെടുക്കാനാവില്ലെങ്കിൽ പിന്നെ എവിടെ നിന്നാണ് അതിനു സാധിക്കുക. കൊറോണ എന്ന മഹാമാരിയെ ചെറുക്കാനുള്ള തയ്യാറെടുപ്പുകൾ വിശ്വവ്യാപകമായി നടന്നുവരികയാണ്. എന്നാൽ, ഈ സമയത്ത് ഒരു കാര്യം നിങ്ങൾ എല്ലാവരും ഉള്ളിലേക്കെടുക്കേണ്ടതുണ്ട്. അത്, ഈ ദുർഘടത്തെ മറികടക്കാനുള്ള ഒരേയൊരു വഴി എന്നത് സോഷ്യൽ ഡിസ്റ്റൻസിങ് അഥവാ വീടുകളിൽ തന്നെ അടച്ചിരിക്കുക എന്നതാണ്. 

ഈ അവസരത്തിൽ നിങ്ങൾക്ക് പല സംശയങ്ങളും ഉണ്ടാകാം. അതൊക്കെ തീർക്കാൻ വേണ്ടിയാണ് ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ വന്നത്. ഇനിയും വൈകിക്കാതെ നമുക്ക് നേരെ ചോദ്യോത്തര പരിപാടിയിലേക്ക് കടക്കാം.

ചോദ്യം : പലരും പറയുന്നു,  നമ്മുടെ ഭക്ഷണ ശീലങ്ങൾ, ചിട്ടവട്ടങ്ങൾ ഒക്കെ വെച്ച് ഈ അസുഖം നമ്മളെ അത്രയ്ക്കങ്ങോട്ടു ബാധിക്കില്ല എന്ന്. മാത്രവുമല്ല, ഇവിടത്തെ കാലാവസ്ഥ, ഇനി വേനൽക്കാലമാണ് വരാനിരിക്കുന്നത്, നല്ല ചൂടാകും, ആ പൊരിഞ്ഞ ചൂടിൽ വൈറസ് ചത്ത് പോകും എന്നൊക്കെ. അതേപ്പറ്റി അങ്ങയുടെ അഭിപ്രായമെന്താണ്?

മോദി: പലർക്കും കൊറോണയെപ്പറ്റിയുള്ളത് തെറ്റിദ്ധാരണയാണ്. മനുഷ്യന്റെ ഒരു ദൗർബല്യം, ലളിതമായ, അവന് ഹിതകരമായ കാര്യങ്ങൾ വളരെ പെട്ടെന്ന് സ്വീകാര്യമാകും എന്നതാണ്. അങ്ങനെ വരുമ്പോൾ വളരെ പ്രസക്തമായ പല യാഥാർഥ്യങ്ങൾക്കും നേരെ ശ്രദ്ധ പോകാതെ വരുന്നു. ഇവിടെയും അതാണ് അവസ്ഥ. അതുകൊണ്ട് എനിക്ക് അങ്ങനെ ഉള്ളവരോട് ഒന്നെപറയാനുള്ളൂ. എത്രയും പെട്ടെന്ന് തെറ്റിദ്ധാരണകളിൽ നിന്ന് മോചിതരാകണം. സത്യത്തെ കണ്ണുതുറന്നു കാണണം, അറിയണം. ഈ അസുഖത്തിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത ഇത് ഒരാളോടും ഒരു വിവേചനവും കാണിക്കുന്നില്ല എന്നതാണ്. ഇത് സമ്പൽ സമൃദ്ധിയിൽ വിരാജിക്കുന്ന വികസിത രാജ്യങ്ങളിലും പടർന്നുപിടിച്ചിട്ടുണ്ട്. പാവപ്പെട്ടവന്റെ വീട്ടിലും ഇത് ബാധിച്ചിട്ടുണ്ട്. വ്യായാമം ചെയ്ത് ആരോഗ്യം കാത്തുസൂക്ഷിക്കുന്നവരെയും ഈ വൈറസ് കടന്നാക്രമിച്ചിട്ടുണ്ട്. അതുകൊണ്ട്, നമ്മുടെ ആഹാരശീലങ്ങൾക്കോ, ചിട്ടവട്ടങ്ങൾക്കോ ഒന്നും ഒരു മുൻതൂക്കവും കിട്ടില്ല. അതുകൊണ്ട് അസുഖം വരാതിരിക്കാൻ എന്തുചെയ്യണം എന്ന കാര്യം മാത്രം ഓർത്താൽ മതി. 

വേറെ ചിലരുണ്ട് എല്ലാം കാണും, കേൾക്കും, മനസ്സിലാക്കും. എന്നാലും ഒന്നും ഉള്ളിലേക്കെടുക്കില്ല. അവർക്ക് സാഹചര്യത്തിന്റെ അപകടാവസ്ഥ ഒരിക്കലും ബോധ്യം വരില്ല. പലപ്പോഴും അത് ബോധ്യപ്പെടാൻ അവർ തയ്യാറില്ല എന്നതാണ് വാസ്തവം. സിഗരറ്റ് വലിച്ചാൽ കാൻസർ വരും, ഗുഡ്ക തിന്നാൽ കാൻസർ വരും എന്നൊക്കെയുള്ള പരസ്യങ്ങൾ നമ്മൾ എത്രവട്ടം കണ്ടുകാണും ടിവിയിൽ ചില ആളുകൾ സിഗരറ്റ് വലിച്ചുകൊണ്ടും, ഗുഡ്ക തിന്നുകൊണ്ടുമാണ് ഈ പരസ്യങ്ങൾ കാണുന്നത്. അവരെ കാണുന്നതും കേൾക്കുന്നതും ഒന്നും സ്വാധീനിക്കുകയേ ഇല്ല.  പലരും ഇതേ സ്വഭാവമുള്ളവരാണ്. എത്ര പറഞ്ഞാലും മനസ്സിലായെന്നു വരില്ല. 

എന്നിരുന്നാലും, ഇത്തവണ നിങ്ങളോട് ചെയ്യാൻ ആവശ്യപ്പെട്ട സോഷ്യൽ ഡിസ്റ്റൻസിങ് നിർബന്ധമായും പാലിച്ചിരിക്കണം. സംയമനത്തോടെ, നിർദേശങ്ങൾ പാലിച്ചിരുന്നത് വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണ്. ഒരു കാര്യം നിങ്ങൾ ഓർക്കണം, ഇന്ന് കൊറോണ ബാധിച്ച ഒരു ലക്ഷത്തിലധികം പേർ, ഇന്ത്യയിൽ എത്രയോ ഡസൻ പേർ സുഖപ്പെട്ടിട്ടുണ്ട്. ഇറ്റലിയിൽ തൊണ്ണൂറു കഴിഞ്ഞ ഒരു വയോധികയും രോഗം ഭേദമായി വീട്ടിൽ തിരിച്ചെത്തിക്കഴിഞ്ഞു. 

കൊവിഡ് 19 നെതിരെ പോരാടാൻ വേണ്ടി വാട്ട്സാപ്പുമായി സഹകരിച്ച് ഒരു നമ്പർ ഞങ്ങൾ തുടങ്ങിയിട്ടുണ്ട്. 9013151515 ഈ നമ്പറിൽ 'Namaste' എന്ന് ഇംഗ്ലീഷിലോ ഹിന്ദിയിലോ മെസ്സേജ് അയച്ചാൽ ഉടനടി മറുപടിയായി വേണ്ട നിർദേശങ്ങൾ വന്നെത്തും. 

ചോദ്യം : കൊവിഡ് 19 നെതിരായ പോരാട്ടങ്ങളുടെ മുൻ നിരയിൽ നിൽക്കുന്ന പല സർക്കാർ ജീവനക്കാരെയും, വിശിഷ്യാ എയർലൈൻസ്, ആരോഗ്യവകുപ്പുകളിലെ ജീവനക്കാർക്കെതിരെ സമൂഹത്തിലെ പലരും മോശമായി പെരുമാറുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ കാണുന്നു. ഇക്കാര്യത്തിൽ സർക്കാർ എങ്ങനെയാണ് ഇടപെടാൻ ഉദ്ദേശിക്കുന്നത്?

മോദി: കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യാനുള്ള വിവേകം നമ്മുടെ നാട്ടിലെ ജനങ്ങൾക്കുണ്ട്. അത് നമ്മൾ മാർച്ച് 22 -ലെ ജനതാ കര്‍‌ഫ്യൂവിനോട് ഭാരതീയർ സഹകരിച്ചപ്പോൾ അറിഞ്ഞതാണ്. അന്നുവൈകുന്നേരം അഞ്ചുമണിക്ക് അഞ്ചുമിനിറ്റുനേരം അവർ  ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, പാരാമെഡിക്കൽ ടീം എന്നിവരടങ്ങിയ നമ്മുടെ ആരോഗ്യപ്രവർത്തകർ അഭിനന്ദിച്ചതും നമ്മൾ കണ്ടതാണ്. അവരോട് അദമ്യമായ നന്ദി അറിയിക്കാൻ നമ്മുടെ രാജ്യം ഒരേ സ്വരത്തിൽ മുന്നോട്ടു വന്നതാണ്. വുഹാനിൽ നിന്നും മിലാനിൽ നിന്നുമൊക്കെ നമ്മുടെ ധീരരായ എയർ ക്രൂ ഇന്ത്യൻ പൗരന്മാരെ ജീവൻ പണയം വെച്ചാണ് രക്ഷിച്ചു തിരികെ കൊണ്ടുവന്നത്. ഈ സമയത്ത് വെള്ള വസ്ത്രങ്ങൾ അണിഞ്ഞു നിങ്ങൾ ആശുപത്രികളിൽ കാണുന്ന ഡോക്ടർമാരും നഴ്‌സുമാരും എല്ലാം അക്ഷരാർത്ഥത്തിൽ മാലാഖകളാണ്. നിസ്വാർത്ഥമായ രാഷ്ട്രസേവനം നടത്തുന്നവരെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം നമ്മൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അതുറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ നിസ്തുലമായ സേവനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന എയർ ക്രൂവിനെ, ഡോക്ടർമാരെ, മറ്റുള്ള ആരോഗ്യ പ്രവർത്തകരെ, ശുചീകരണ തൊഴിലാളികളെ ഒക്കെ ഒറ്റപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും എന്ന് മനസിലാക്കുക. ഇതിനുവേണ്ട എല്ലാ നിർദേശങ്ങളും ഡിജിപിമാർക്ക് നല്കപ്പെട്ടിട്ടുണ്ട്. 

ചോദ്യം:  ദിവസക്കൂലിക്ക് കഠിനാധ്വാനം ചെയ്ത് അന്നത്തിനുള്ള വഴി കണ്ടെത്തുന്നവരെ ലോക്ക് ഡൗൺ സാരമായി ബാധിച്ചിട്ടുണ്ട്. അവർ പട്ടിണിയിലാകാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാനാണ് അങ്ങ് ഉദ്ദേശിക്കുന്നത് ?

മോദി:  സോഷ്യൽ ഡിസ്റ്റൻസിങ് അഥവാ ഒരാൾ മറ്റൊരാളിൽ നിന്ന് പരമാവധി അകലം പാലിച്ച് കഴിയുക എന്നത് കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിനുള്ള പോരാട്ടതന്ത്രമാണ്. അത് പാലിച്ചേ മതിയാകൂ. 'കൊറോണ'യോടുള്ള പോരാട്ടത്തിൽ നമ്മൾ എടുത്തുപയോഗിക്കേണ്ട മറ്റൊരായുധം 'കരുണ'യാണ്. പാവങ്ങളോടും ആവശ്യക്കാരോടും ഒകെ കരുണ കാണിച്ചും കൊറോണയെ തോൽപ്പിക്കാൻ നമുക്ക് സാധിക്കും. നമ്മുടെ സംസ്കാരം സമൂഹത്തിലെ സഹജീവികളോട് കരുണ കാണിക്കുന്നതിനുള്ള എത്രയോ മാതൃകകളായി സമ്പന്നമാണ്. കബീർ ദാസ് തന്നെ പറഞ്ഞിട്ടുണ്ട്, " സായീ ഇത്‌നാ ദീജിയെ, ജാ മേം കുടുംബ് സമായേ, മേം ഭി ഭൂഖാ നാ രഹെ, സാധൂ ന ഭൂഖാ ജായെ. അതായത് ദൈവമേ എനിക്ക് എന്റെ കുടുംബത്തെ പോറ്റാനുള്ളത്ര ധനം തന്നനുഗ്രഹിക്കണേ. ഞാനും പട്ടിണി കിടക്കരുതേ, പാവങ്ങളുടെ പശിയുമടക്കണേ" എന്ന്. ഇപ്പോൾ നവരാത്രി തുടങ്ങിയിരിക്കുകയാണ്. അടുത്ത 21 ദിവസം, നാട്ടിലെ കഴിവുള്ളവർ എല്ലാം ഒരു ദിവസം ഒമ്പതു പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ ശ്രമിക്കുക. ഇത്രയെങ്കിലും നമുക്ക് ചെയ്യാനായാൽ ദുർഗ്ഗാദേവിക്ക് ഇതിലും വലിയ സേവ, ആരാധനാ എന്താവും. മനുഷ്യരോട് മാത്രം ദയവുണ്ടായാൽ പോരാ, നാട്ടിലെ മൃഗങ്ങളോടും നിങ്ങൾ കരുണ കാണിക്കണം. കേന്ദ്രവും, സംസ്ഥാനവും പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട്. കാര്യങ്ങൾ സാമാന്യസ്ഥിതിയിൽ ഇരിക്കുമ്പോഴും പലപ്പോഴും വൈദ്യുതി വിച്ഛേദിക്കപ്പെടാറുണ്ട്, വെള്ളം നിലയ്ക്കാറുണ്ട്. ആ സ്ഥിതിക്ക് ഇപ്പോൾ ഈ ദുർഘടസന്ധിയിൽ വലിയ ദുരിതങ്ങൾ ഉണ്ടാകും. അതിനെ അതിജീവിച്ചു കൊണ്ട് നമുക്ക് വിജയിക്കേണ്ടേ? 

ഇപ്പോൾ സർക്കാർ പറയുംപോലെ പ്രവർത്തിച്ചാൽ ഈ സങ്കടാവസ്ഥ വെറും 21 ദിവസത്തേക്ക് മാത്രമാണ് നീണ്ടു നിൽക്കുക. അതൊന്നും പാലിച്ചില്ല എന്നുണ്ടെങ്കിൽ അത് അനിശ്ചിതമായി നീണ്ടു പോയേക്കാം. ഇന്ന് ആശുപത്രികളിൽ ജീവനക്കാർ പതിനെട്ടും ഇരുപതും മണിക്കൂറാണ് ജോലി ചെയ്യുന്നത്. അവരിൽ പലരും ഉറങ്ങുന്നത് നാലോ അഞ്ചോ മണിക്കൂർ മാത്രമാണ്. അവരൊക്കെ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. അവരോട് നമ്മൾ നന്ദി പറയണം. കുറവുകളുണ്ടാകാം, അതൊക്കെ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം, അതൊക്കെ ഉയർത്തിപ്പിടിച്ച് എല്ലാം താറുമാറാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങൾ നിരാശ മാത്രമാണുണ്ടാക്കുക. നമ്മുടെ ജീവിതം നിലനിൽക്കുന്നത് പ്രത്യാശയുടെ പുറത്താണ്. അതുകൊണ്ട് ഗവണ്മെന്റിന്മേൽ നിങ്ങളായിട്ട് എത്ര കുറച്ച് സമ്മർദ്ദമുണ്ടാക്കാമോ അത്രയും കുറച്ച് സമ്മർദ്ദമേ ചെലുത്താവൂ. സർക്കാർ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, പൊലീസ് എല്ലാം നമുക്ക് വേണ്ടപ്പെട്ടവരാണ്. അവർ നമ്മുടെ സൗഖ്യത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് നമ്മൾ ഒറ്റക്കെട്ടായി പാവപ്പെട്ടവർക്ക് വേണ്ടി നമുക്ക് സാധ്യമായതൊക്കെ ചെയ്യാം. 

ചോദ്യം: കൊറോണയ്ക്ക് ഇന്ന് വാക്‌സിനോ മറന്നോ ഒന്നും ഇല്ല. എന്നാൽ സമൂഹത്തിൽ കൊറോണയുടെ ചികിത്സയ്ക്കുള്ള ഒറ്റമൂലികൾ നാട്ടിൽ നിർബാധം പ്രചരിക്കുന്നുമുണ്ട്. പലരും സ്വയം ഡോക്ടർമാരുടെ വേഷമെടുത്തണിഞ്ഞ് മുറിവൈദ്യം നടത്തുകയാണ്. ഇതിന്റെ അപകടത്തെപ്പറ്റി അങ്ങേക്ക് എന്താണ് പറയാനുള്ളത്. 

മോദി:  നമ്മുടെ നാട്ടിൽ എല്ലാവരും ഡോക്ടർമാരാണ്. ട്രെയിൻ യാത്രക്കിടെ ഏതെങ്കിലും ഒരു കുഞ്ഞ് അനിയന്ത്രിതമായി കുറച്ചധികം നേരത്തേക്ക് കരഞ്ഞു എന്നിരിക്കട്ടെ. എല്ലാ ബോഗികളിലും നിന്ന് ആരെങ്കിലുമൊക്കെ വന്ന് നമുക്ക് എന്തെങ്കിലുമൊക്കെ ഉപദേശം തന്നിട്ടുപോകും. കുഞ്ഞിന്റെ അസുഖത്തെപ്പറ്റിയും അതിനുള്ള ചികിത്സയെപ്പറ്റിയും. എനിക്ക് പറയാനുളളത് ഈ അവസരം മുറിവൈദ്യം പരീക്ഷിക്കാനുള്ളതല്ല. നിങ്ങൾക്ക് ചെയ്യാനുള്ളത് വീട്ടിൽ അടങ്ങിയിരിക്കുക എന്ന ഒരു പണി മാത്രമാണ്. ബാക്കി കാര്യങ്ങളൊക്കെയും ഡോക്ടർമാർക്ക് വിടുക. അവരുടെ ഉപദേശം അനുസരിച്ചു മാത്രം കാര്യങ്ങൾ ചെയ്യുക. ലോക്ക് ടൗണിൽ ആണ്,  ചെന്നുകാണാൻ പറ്റില്ല എന്നുണ്ടെങ്കിൽ പരിചയമുള്ള ഡോക്ടറെ ഫോണിൽ വിളിച്ച് ചോദിക്കുക. അവരുടെ ഉപദേശം അനുസരിക്കുക. 

തത്കാലം ലോകത്തെവിടെയും കൊറോണയ്ക്ക് മരുന്ന് കണ്ടെത്തിയിട്ടില്ല. പരിശ്രമങ്ങൾ ഇന്ത്യയിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും ഒക്കെ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പലയിടത്തും ഇതുപോലുള്ള വ്യാജമരുന്നുകൾ കഴിച്ച് പലരും മരണമടഞ്ഞതിന്റെ വാർത്തകൾ പോലും നമ്മൾ കണ്ടതാണ്. അതുകൊണ്ട് ആരും അത്തരത്തിലുള്ള ഒരു മരുന്നുകളും വാങ്ങി സ്വയം കഴിക്കരുത്. ചികിത്സയ്ക്ക് മുമ്പ് ഡോക്ടറുടെ ഉപദേശം നിർബന്ധമായും തേടണം. 

മുമ്പ് കൂട്ടുകുടുംബങ്ങൾ ആയിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ കുഞ്ഞുങ്ങളെ നേർവഴിക്ക് നയിച്ചിരുന്നു. ഇന്ന് അണുകുടുംബങ്ങളാണ്. ഇന്ന് എല്ലാം വിരൽത്തുമ്പിൽ ലഭ്യമാണ്. ലോക്ക് ഡൗണിൽ എന്ത് ചെയ്യാം ചെയ്യരുത്. കൊറോണ വൈറസിനെതിരെ പോരാടാൻ എങ്ങനെ കൈ കൈഴുകാം. അണുവിമുക്തമാക്കാം ഇതൊക്കെ ഇന്നത്തെ കൊച്ചു കുട്ടികൾക്കുവരെ മനസ്സിലാകുന്നതരത്തിലുള്ള വീഡിയോകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അവർ അത് സ്വന്തം അച്ഛനമ്മമാർക്ക് പറഞ്ഞു കൊടുക്കുന്നതിന്റെ വീഡിയോകൾ പോലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്ന് നേർവഴി കാണിക്കുന്നത് കുഞ്ഞുങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സ്വച്ഛ്‌ ഭാരത് അഭിയാൻ പോലെയുള്ള പല പരിപാടികളും ഇന്ന് കുഞ്ഞുങ്ങൾ മുന്നിൽ നിന്ന് നയിക്കുന്നുണ്ട്. ഇന്ന് വീട്ടിൽ വെറുതെയിരിക്കുന്ന കുട്ടികളാണ് ഇക്കാര്യത്തിൽ അച്ഛനമ്മമാർക്ക് പോലും വേണ്ട മാർഗനിർദേശങ്ങൾ പലതും നല്കിക്കൊണ്ടിരിക്കുന്നത്. അച്ഛനമ്മമാരെ നേർവഴിക്ക് നയിക്കാൻ സഹായകമാകുന്നത് കുട്ടികളുടെ ഈ പ്രവൃത്തികളാണ്. 

കൊറോണ വൈറസിനെ തുരത്താൻ അവസാനം വരെയും 'ലോക്ക് ഡൗൺ' എന്ന ഒരു മാർഗം മാത്രമാണുള്ളത് എന്ന പ്രതികരണമാണ് സമൂഹത്തിൽ നിന്ന് പലരും എന്നെ അറിയിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ സമൂഹം തന്നെ ഇത്ര പ്രബുദ്ധമാണ് എന്നിരിക്കെ നമ്മൾ കൊറോണയെ തോൽപ്പിക്കാനുള്ള ഈ ഭഗീരഥപ്രയത്നത്തിൽ വിജയിക്കുക തന്നെ ചെയ്യും. നിങ്ങൾ സ്വയം സുരക്ഷിതരായിരിക്കൂ. ഈ രാജ്യത്തെ സുരക്ഷിതമാക്കൂ. കാശി നിവാസികൾ ഇക്കാര്യത്തിൽ രാജ്യത്തിന് മൊത്തം മാതൃകയാക്കണം. നിങ്ങളിൽ എനിക്ക് ശുഭപ്രതീക്ഷകളുണ്ട്. എല്ലാവർക്കും നന്ദി..!