23-ാം വയസിൽ ശതകോടീശ്വരനായ ഫേസ്ബുക്ക് സ്ഥാപകൻ സുക്കർബർ​ഗിനെ കടത്തിയാണ് കയ്ലി ഈ നേട്ടം സ്വന്തമാക്കിയത്. 

ലോസ്ഏഞ്ചൽസ്: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ പട്ടത്തിന് അമേരിക്കൻ സ്വ​ദേശിയായ കയ്‌ലി ജെന്നര്‍ അർഹയായി. അമേരിക്കയിലെ ലൊസാഞ്ചലസ് സ്വദേശിയായ കയ്ലി തന്റെ 21-ാം വയസ്സിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. 23-ാം വയസിൽ ശതകോടീശ്വരനായ ഫേസ്ബുക്ക് സ്ഥാപകൻ സുക്കർബർ​ഗിനെ കടത്തിയാണ് കയ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. അമേരിക്കൻ ബിസിനസ് മാസികയായ ഫോബ്സ് മാ​ഗസിൻ ആണ് പട്ടിക പുറത്തുവിട്ടത്. 

ഇരുപതാം വയസിലും ഫോബ്സ് മാഗസില്‍ പുറത്ത് വിട്ട ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നരുടെ ലിസ്റ്റിലും കയ്‌ലി ആയിരുന്നു ഒന്നാം സ്ഥാനത്ത്. 900 മില്യൻ അമേരിക്കന്‍ ഡോളര്‍ ആസ്തിയുള്ള മേയ്ക്കപ്പ് സാമഗ്രികള്‍ വില്‍ക്കുന്ന കയ്‌ലി കോസ്മറ്റിക്സിന്‍റെ ഉടമയാണ് കയ്‌ലി. ബിസിനസ്സില്‍ നിന്ന് ലാഭവിഹിതമായി എടുത്ത തുക കൂട്ടിയാണ് കയ്‌ലി 100 കോടി കടന്നത്. 2015 -ലാണ് കയ്‌ലി കോസ്‌മെറ്റിക്‌സ് ആരംഭിച്ചത്.

1976ലെ ഒളിംപിക്‌സ് ഡെക്കാത്തലണ്‍ വിജയി ബ്രൂസ് ജെന്നറുടെയും ടിവി താരം ക്രിസ് ജെന്നറിന്റെയും മകളായി 1997 ലാണ് കയ്‌ലിയുടെ ജനനം. കയ്‌ലിക്ക് കെന്‍ഡാല്‍ എന്ന സഹോദരി കൂടിയുണ്ട്. സ്വന്തം പ്രയത്‌നത്താല്‍ ശതകോടീശ്വരിയായി മാറിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്നാണ് ഫോബ്സ് കയ്‌ലിയെ വിശേഷിപ്പിക്കുന്നത്.