നമുക്ക് ചുറ്റും ചില വേറിട്ട വ്യക്തിത്വങ്ങളുണ്ട്. ആരും തിരിച്ചറിയപ്പെടാതെ പോകുന്ന ഇവര്‍ സമൂഹത്തിനായി ചെയ്യുന്നത് സേവനങ്ങള്‍ മാത്രമായിരിക്കും. പ്രായത്തിന്റെ അവശതകള്‍ ബാധിക്കാത്ത രണ്ട് വ്യക്തികളെ പരിചപ്പെടാം. അവര്‍ പൂക്കളെയും ചെടികളെയും കൃഷിയെയും സ്‌നേഹിക്കുന്നവരാണ്.

വൈദ്യുതിയില്ലാതെ നിങ്ങള്‍ക്ക് എത്രകാലം ജീവിക്കാന്‍ കഴിയും? ഒരു മണിക്കൂര്‍ അല്ലെങ്കില്‍ പരമാവധി ഒരു ദിവസം. അതിനപ്പുറം നമുക്ക് ചിന്തിക്കാനേ കഴിയില്ല. എന്നാല്‍ ഇതാ ജീവിതകാലം മുഴുവന്‍ വൈദ്യുതിയില്ലാത്ത വീട്ടില്‍ ജീവിച്ച ഒരു 79 വയസുള്ള ഒരു സ്ത്രീ. ഇവര്‍ ഒരു സസ്യശാസ്ത്രജ്ഞയാണ്.

ബോട്ടണിയില്‍ പി.എച്ച്.ഡി ബിരുദം നേടിയ ഹേമ സാനിയാണ് ഇലക്ട്രിസിറ്റിയില്ലെങ്കിലും ഒരു ആയുസ് മുഴുവന്‍ ജീവിക്കാമെന്ന് കാണിച്ചുതന്നിരിക്കുന്നത്. സാവിത്രിബായ് ഫുലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പൂനെ സ്വദേശിയായ ഇവര്‍ ഡോക്ടറേറ്റ് നേടിയത്. ഗര്‍വാരെ കോളേജിലെ മുന്‍ പ്രൊഫസറായിരുന്നു ഇവര്‍. ഒരു ചെറിയ വീട്ടിലായിരുന്നു ഇവര്‍ പ്രകൃതിയെയും പരിസ്ഥിതിയെയും സ്‌നേഹിച്ച് ജീവിച്ചത്.

എന്തുകൊണ്ട് വൈദ്യുതിയുള്ള വീട് വേണമെന്ന് തോന്നിയില്ലെന്നുള്ളതിന് ഹേമ നല്‍കുന്ന ഉത്തരം വളരെ സിംപിള്‍ ആണ്. 'ഭക്ഷണവും വസ്ത്രവും വീടുമാണ് ഒരു മനുഷ്യന് ജീവിക്കാന്‍ ഏറ്റവും ആവശ്യം. ഒരുകാലത്ത് ഭൂമിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. അതേ രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് പ്രയാസമില്ല'.

'എനിക്ക് ഒരിക്കലും വൈദ്യുതിയുടെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല. ആളുകള്‍ എന്നോട് ചോദിക്കാറുണ്ട് നിങ്ങള്‍ എങ്ങനെയാണ് ഇങ്ങനെ ജീവിക്കുന്നതെന്ന്. പക്ഷേ, എനിക്കവരോട് ചോദിക്കാനുള്ളത് അവരെങ്ങനെയാണ് വൈദ്യുതിയുടെ ലോകത്ത് ജീവിക്കുന്നതെന്നാണ്'. ഡോ.ഹേമയുടെ കൗതുകം നിറഞ്ഞ മറുപടി!!

പ്രകൃതി സ്‌നേഹിയായ ഹേമയുടെ വീടിന് ചുറ്റും പച്ചപ്പ് നിറഞ്ഞുനില്‍ക്കുകയാണ്. പല തരത്തിലുള്ള ചെടികളും മരങ്ങളും വളര്‍ന്ന് നില്‍ക്കുന്നു. ഈ മരങ്ങളില്‍ പക്ഷികള്‍ കൂടുകൂട്ടിയിരിക്കുന്നു. ഇവരുടെ പൂന്തോട്ടത്തിലെ കിളികളുടെ കലപില ശബ്ദമാണ് രാവിലെ എഴുന്നേല്‍ക്കാനുള്ള അലാറം.

'ഈ പക്ഷികളാണ് എന്റെ സുഹൃത്തുക്കള്‍. ഞാന്‍ എന്റെ വീട്ടിലെ പണികള്‍ ചെയ്യുന്ന സമയത്ത് അവരും വരും. ഞാന്‍ ഈ വീട് എന്താണ് വില്‍ക്കാത്തതെന്ന് പലരും ചോദിച്ചു. ധാരാളം പണം കിട്ടുമെന്ന് പലരും പറഞ്ഞു. പക്ഷേ, എനിക്ക് അവരോട് ചോദിക്കാനുള്ളത് ഈ പക്ഷികളെക്കുറിച്ചും മരങ്ങളെക്കുറിച്ചുമാണ്. ഇവരെ ഞാന്‍ എന്തു ചെയ്യും? എനിക്ക് എങ്ങോട്ടും പോകണ്ട. അവരോടൊപ്പം ജീവിച്ചാല്‍ മതി.' ഹേമ തന്റെ ആഗ്രഹം വ്യക്തമാക്കുന്നു.

കുടുംബപരമായി കിട്ടിയ സ്വത്ത് ഹേമയ്ക്കില്ല. ഇവര്‍ ജീവിക്കുന്ന ഭൂമി യഥാര്‍ഥത്തില്‍ ഇവരുടെ സ്വന്തമല്ലെന്നാണ് ഇവര്‍ തന്നെ പറയുന്നത്. ഇവരുടെ വീടും പറമ്പും പൂച്ചകള്‍ക്കും കീരികള്‍ക്കും ധാരാളം പക്ഷികള്‍ക്കും വേണ്ടിയുള്ളതാണ്. അവരെയൊക്കെ സംരക്ഷിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും ഒന്നും അവരുടെ സ്വത്ത് അല്ലെന്നും വിശ്വസിക്കുകയാണ് ഇവര്‍.

വയസ് 86; ഇന്നുവരെ ശേഖരിച്ചത് 700 വ്യത്യസ്‍തയിനം നെല്‍വിത്തുകള്‍

ഇന്ന് മിക്കവാറും കര്‍ഷകര്‍ ജനിതക മാറ്റം വരുത്തിയ വിളകളും വിത്തുകളും ഉപയോഗിച്ച് കൂടുതല്‍ വിളവുണ്ടാക്കാന്‍ ശ്രമിക്കുന്നു. ജൈവരീതിയിലുള്ള കൃഷിയെ സ്‌നേഹിക്കുന്ന പഴയ തലമുറയിലുള്ളവര്‍ ഇന്നുമുണ്ട്. ഇവിടെ 86 വയസ്സുള്ള വൃദ്ധനായ ഒരാളുടെ ശ്രമം നമുക്ക് വിസ്മരിക്കാനാവില്ല.

നടബര്‍ സാരംഗി ഒരു അധ്യാപകനായിരുന്നു. ജൈവകര്‍ഷകനായ ഇദ്ദേഹം ഒറീസയില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും ഛത്തീസ്ഗഢില്‍ നിന്നുമായി നെല്‍വിത്തുകള്‍ ശേഖരിക്കുകയായിരുന്നു ഇത്രയും കാലം. കൃത്യമായി പറഞ്ഞാല്‍ 1988 മുതല്‍. 700 വ്യത്യസ്തമായ നെല്‍വിത്തുകള്‍ ഇന്നുവരെ ശേഖരിച്ചിട്ടുണ്ട്.

ഈ പ്രായത്തില്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കുകയെന്നത് നടബറിന് പ്രയാസമുള്ള കാര്യമാണ്. അതുമറികടക്കാനായി അദ്ദേഹം ഒരു വിദ്യ കണ്ടെത്തി. 2010 മുതല്‍ ഇന്ത്യ മുഴുവനുമുള്ള ഫാമുകളില്‍ നിന്നും വിത്തുകള്‍ ശേഖരിക്കാനായി ഗ്ലോബല്‍ ഗ്രീന്‍ഗ്രാന്റ്‌സിന്റെ ഫണ്ടില്‍ നിന്നും ചെറിയൊരു ധനസഹായം നേടി. സഞ്ചരിച്ച് വിത്ത് ശേഖരിക്കാനായി ചില ആളുകളെ നിയോഗിച്ചു. വിത്ത്ബാങ്കിലേക്ക് വിത്തുകള്‍ വൃത്തിയാക്കി ശേഖരിച്ചുവെക്കാനായി 100 സ്ത്രീകളെ ശമ്പളം നല്‍കി ജോലിക്കായി നിര്‍ത്തി.

1960 -കളില്‍ ഇന്ത്യയില്‍ ഭക്ഷ്യക്ഷാമം അനുഭവിച്ച സമയത്ത് വിളകള്‍ ഉത്പാദിപ്പിക്കേണ്ടതിന്റെ ആവശ്യം കൂടുതലായിരുന്നു. ഒരു നാണ്യവിള കൃഷി ചെയ്തുണ്ടാക്കാന്‍ ജലസേചനമാര്‍ഗങ്ങള്‍ അവലംബിക്കുമ്പോള്‍ വലിയ അളവില്‍ രാസകീടനാശിനികളും വളങ്ങളും ഉപയോഗിക്കുന്നു. ഓഡീഷയിലെ നിയാലി ഗ്രാമത്തില്‍ നിന്നുള്ള ഈ വൃദ്ധന്‍ തന്റെ കാര്‍ഷിക മേഖലയിലെ വേറിട്ട പ്രവര്‍ത്തനം കാരണം കൃഷിക്കാര്‍ക്ക് മാതൃകയായി മാറിയിരിക്കുന്നു. ഇദ്ദേഹം സ്ഥാപിച്ച റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടായ രാജേന്ദ്ര ദേശി ചാസ ഗവേഷണ കേന്ദ്രത്തില്‍ 1000 -ല്‍ക്കൂടുതല്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. രാസവസ്തുക്കളില്ലാതെ പോഷകങ്ങളും കീടനാശിനികളും വിത്തുകളും നിര്‍മിക്കുന്നതില്‍ ഇവര്‍ പരിശീലനം നല്‍കിവരുന്നു.

ജൈവവിത്തുകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹം തന്റെ കൈയിലുള്ള വിത്തുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കുകയും വിളവെടുപ്പിന് ശേഷം നാല് കിലോഗ്രാം വിത്തുകള്‍ അവര്‍ ഓരോരുത്തരും ഇദ്ദേഹത്തിന് തിരിച്ച് നല്‍കുകയും ചെയ്യുന്നു.

'തുടക്കത്തില്‍ കര്‍ഷകര്‍ മടിച്ചുനിന്നു. ആരും എന്റെ ആശയം അംഗീകരിച്ചില്ല. പക്ഷേ, പരമ്പരാഗതമായ വിത്തും വളവും ഉപയോഗിച്ചാലും രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള കൃഷിയില്‍ നിന്ന് കിട്ടുന്ന അതേ വിളവ് കിട്ടുമെന്നും പണച്ചെലവ് കുറവാണെന്നും അവര്‍ മനസിലാക്കിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. മഹാരാഷ്ട്രയില്‍ നിന്നും വിത്തുകള്‍ ശേഖരിക്കാന്‍ കര്‍ഷകര്‍ ഇപ്പോള്‍ ഞങ്ങളെ സമീപിക്കുന്നുണ്ട്.' അദ്ദേഹം  തന്റെ അനുഭവം വിശദമാക്കുന്നു.