നൂറു കണക്കിന് ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്നൊരു കോളേജ്. ആദ്യത്തെ പെണ്‍കുട്ടി... സമൂഹത്തില്‍ നിന്ന് ഒരുപാട് പിന്തിരിപ്പന്‍ നോട്ടവും വാക്കുകളുമുണ്ടായെങ്കിലും കോളേജും വിദ്യാര്‍ത്ഥികളും ലളിതക്കൊപ്പം നിന്നു. 

അന്ന്, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു പോലും മുമ്പ് ഒരു കാലത്ത്... ലളിതയെ സംബന്ധിച്ച് തന്‍റെ നാല് മാസം മാത്രം പ്രായമുള്ള മകളെ തനിച്ച് നോക്കുക എന്നത് കഠിനമായിരുന്നു... 

പതിനഞ്ചാമത്തെ വയസ്സിലാണ് ലളിതയുടെ വിവാഹം കഴിയുന്നത്. 1937 സപ്തംബറില്‍ അവര്‍ സുന്ദരിയും ആരോഗ്യവതിയുമായ ഒരു കുഞ്ഞിന് ജന്മം നല്‍കി. പക്ഷെ, കുഞ്ഞ് ജനിച്ച് നാല് മാസം കഴിഞ്ഞപ്പോള്‍ ലളിതക്ക് അവരുടെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. 

ശ്യാമള എന്ന ആ നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വളര്‍ത്തേണ്ട ചുമതല ലളിത എന്ന പതിനെട്ടുകാരിയില്‍ മാത്രമായി. അന്ന് ഒരു വിധവയുടെ ജീവിതം അങ്ങേയറ്റം ദുഷ്കരമായിരുന്നു. തല മൊട്ടയടിച്ച്, സമൂഹത്താല്‍ ഒറ്റപ്പെട്ട് കഴിയേണ്ടി വന്നിരുന്നു അവര്‍ക്ക്. ആ പതിനെട്ടുകാരി നയിച്ചത് തീര്‍ത്തും ഒറ്റപ്പെട്ട അതിവേദനാജനകമായ ഒരു ജീവിതമായിരുന്നു. കുറച്ച് കൂടി വര്‍ഷങ്ങള്‍ മുമ്പായിരുന്നെങ്കില്‍ അവര്‍ക്ക് ഭര്‍ത്താവിന്‍റെ ചിതയിലും ചാടേണ്ടി വന്നേനെ.

പക്ഷെ, ധൈര്യവും ആത്മവിശ്വാസവും പുരോഗമനകരമായ നിലപാടും ലളിതയെ എല്ലാ തടസങ്ങളേയും അതിജീവിച്ച് മുന്നോട്ട് പോകാന്‍ സഹായിച്ചു. അങ്ങനെ, അവര്‍ എഞ്ചിനീയറിങ്ങ് പഠിച്ചു. അതുവരെ പുരുഷന്മാര്‍ മാത്രം കയ്യടക്കിവച്ചിരുന്ന ഒരു മേഖലയിലേക്ക് ലളിതയെന്ന യുവതി ചുവടുകള്‍വച്ചു. ആ ഒറ്റ തീരുമാനം ലളിതയെ ഇന്ത്യയിലെ ആദ്യത്തെ വനിതാ എഞ്ചിനീയറാക്കി. 

ലളിതയുടെ ജീവിതം
1919 ആഗസ്ത് 27 -നാണ് ലളിത ജനിച്ചത്. ഏഴ് സഹോദരങ്ങളില്‍ അഞ്ചാമത്തേയാള്‍. ഒരു സാധാരണ ഇടത്തരം തെലുഗു കുടുംബം. അവിടെ സഹോദരന്മാരെല്ലാം എഞ്ചിനീയറിങ്ങിലേക്ക് തിരിഞ്ഞപ്പോള്‍ സഹോദരിമാര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ടിരുന്നു. അങ്ങനെ, പതിനഞ്ചാമത്തെ വയസ്സില്‍ ലളിത വിവാഹിതയായി. പക്ഷെ, അച്ഛന്‍റെ പിന്തുണയോടെ ലളിതക്ക് പത്താം ക്ലാസ് വരെ പഠിക്കാന്‍ സാധിച്ചിരുന്നു. 

തന്നെ വളര്‍ത്താന്‍ അമ്മ അതിജീവിച്ച സഹനങ്ങളെ കുറിച്ച് ലളിതയുടെ മകള്‍ ശ്യാമള പറയുന്നു, ''അച്ഛന്‍ മരിച്ച ശേഷം അമ്മയുടെ ജീവിതം ദുസ്സഹമായി. അച്ഛന്‍റെ അമ്മയ്ക്ക് അവരുടെ പതിനാറാമത്തെ മകനെയാണ് നഷ്ടപ്പെടുന്നത്. ആ ദേഷ്യവും നിരാശയും മുഴുവന്‍ അവര്‍ എന്‍റെ അമ്മയോട് കാണിച്ചിരുന്നു. പക്ഷെ, സമൂഹത്തില്‍ നിന്ന് മാറിയിരുന്ന് ഒരു വിധവയുടെ ജീവിതം നയിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. അവര്‍ അതിനെയെല്ലാം അതിജീവിച്ച് ജോലി നേടി.'' 

ആരോഗ്യ രംഗത്ത് സ്ത്രീകള്‍ ജോലി ചെയ്യുന്നത് അന്ന് സാധാരണമായിരുന്നു. ഒരുപാട് സ്ത്രീകള്‍ മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. അവിടെ രാത്രിയും പകലും ജോലി ചെയ്യേണ്ടി വരും. കുഞ്ഞിനെ രാത്രി കാലത്ത് തനിച്ചാക്കി ജോലിക്ക് പോകാന്‍ ലളിത ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്നെ രാവിലെ ഒമ്പത് മണിക്ക് പോയാല്‍ വൈകുന്നേരം അഞ്ച് മണിക്ക് തിരികെ വരാവുന്ന ജോലിയായിരുന്നു ലളിതക്ക് ആവശ്യം. അങ്ങനെയാണ് അച്ഛന്‍ പപ്പു സുബ്ബ റാവുവിനേയും തന്‍റെ സഹോദരന്മാരേയും പോലെ എഞ്ചിനീയറിങ്ങ് ജോലിയിലേക്ക് തിരിയാന്‍ ലളിതയും തീരുമാനിക്കുന്നത്. 

എഞ്ചിനീയറിങ്ങ് കോളേജില്‍ ആദ്യമായി ഒരു പെണ്‍കുട്ടി
റാവു മദ്രാസ് സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്, ഗിണ്ടിയില്‍ (സി ഇ ജി) ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ് പ്രൊഫസറായിരുന്നു. അങ്ങനെ കോളേജിന്‍റെ പ്രിന്‍സിപ്പലായ കെ സി ചാക്കോയോടും പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡയറക്ടറോടും സംസാരിച്ചു റാവു. അവരുടെ പിന്തുണയോടെ ആ കോളേജിലെ ആദ്യത്തെ വിദ്യാര്‍ത്ഥിനിയായി ലളിത. അന്ന് അവിടെ ലളിത എഞ്ചിനീയറിങ്ങ് പഠിച്ചു. അതാണ് ഇന്ത്യയിലെ ആദ്യ വനിതാ എഞ്ചിനീയറാവുക എന്ന ചരിത്ര നിയോഗത്തിലേക്ക് ലളിതയെ നയിച്ചത്. 

നൂറു കണക്കിന് ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്നൊരു കോളേജ്. ആദ്യത്തെ പെണ്‍കുട്ടി... സമൂഹത്തില്‍ നിന്ന് ഒരുപാട് പിന്തിരിപ്പന്‍ നോട്ടവും വാക്കുകളുമുണ്ടായെങ്കിലും കോളേജും വിദ്യാര്‍ത്ഥികളും ലളിതക്കൊപ്പം നിന്നു. അവരെ പിന്തുണച്ചു. ഒരിക്കല്‍ പോലും ഒരേയൊരു പെണ്‍കുട്ടിയാണെന്ന അസ്വസ്ഥത അവള്‍ക്കുണ്ടാവാതെ നോക്കി. ലളിതക്ക് വേണ്ടി കോളേജ് വേറെത്തന്നെ ഹോസ്റ്റല്‍ സൗകര്യമൊരുക്കി. എല്ലാ ആഴ്ചകളിലും ലളിത തന്‍റെ സഹോദരനൊപ്പം താമസിക്കുന്ന മകളെ ചെന്നുകണ്ടു. 

1940 -ലാണ് ലളിത കോളേജില്‍ ചേരുന്നത്. കോളേജില്‍ നിറയെ കുട്ടികളുണ്ടായിരുന്നുവെങ്കിലും ഹോസ്റ്റലില്‍ അവള്‍ തനിച്ചായിരുന്നു. അങ്ങനെയാണ് റാവു തന്‍റെ മകളുടെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്ന മറ്റ് പെണ്‍കുട്ടികളുണ്ടാകുമല്ലോ എന്ന് ചിന്തിക്കുന്നത്. അവര്‍ക്ക് കൂടി എഞ്ചിനീയറിങ്ങ് പഠിക്കാന്‍ സൗകര്യമൊരുക്കണമെന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെ, സി ഇ ജി പെണ്‍കുട്ടികള്‍ക്ക് കൂടി വേണ്ടി തുറന്ന് കൊടുത്തു. ലീലാമ്മ ജോര്‍ജ്ജ്, പി കെ ത്രേസ്യ എന്നിവര്‍ പെട്ടെന്ന് തന്നെ സിവില്‍ എഞ്ചിനീയറിങ്ങിന് ചേര്‍ന്നു. 

ലളിതയുടെ ഒരു വര്‍ഷം ജൂനിയറായിരുന്നു അവര്‍ ഇരുവരും. പക്ഷെ, മൂവരും ഒരുമിച്ചായിരുന്നു ബിരുദം നേടിയത്. കാരണം, ആ സമയത്ത് രണ്ടാം ലോക മഹായുദ്ധം അതിന്‍റെ മൂര്‍ധന്യത്തിലായിരുന്നു. അതുകൊണ്ട് തന്നെ എഞ്ചിനീയറിങ്ങ് കോഴ്സ് പെട്ടെന്ന് തന്നെ തീര്‍ക്കാന്‍ യൂണിവേഴ്സിറ്റി തീരുമാനിച്ചിരുന്നു. പ്രധാനപ്പെട്ട മറ്റൊരു കാര്യം സി ഇ ജി അവരുടെ സര്‍ട്ടിഫിക്കറ്റില്‍ he എന്നത് she എന്നാക്കി മാറ്റുന്നത് ലളിത, ത്രേസ്യ, ലീലാമ്മ എന്നിവര്‍ക്ക് ബിരുദം നല്‍കുമ്പോഴാണ്. 

എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ലളിത ഷിംലയിലെ സെന്‍ട്രല്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനിലും അതുപോലെ തന്നെ അച്ഛനൊപ്പം ചെന്നൈയിലും ജോലി ചെയ്തു അവര്‍. റാവു നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അതിനോടൊപ്പമൊക്കെ ലളിതയുമുണ്ടായിരുന്നു. പക്ഷെ, അച്ഛനൊപ്പം ജോലി ചെയ്യുമ്പോള്‍ തന്നെ വേറെവിടെയെങ്കിലും ജോലി നോക്കുന്നുണ്ടായിരുന്നു ലളിത. അങ്ങനെ, കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ കൊല്‍ക്കട്ടയിലെ അസോസിയേറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസില്‍ ജോലിയില്‍ പ്രവേശിച്ചു ലളിത. 

അന്ന് ലളിതയുടെ സഹോദരനുണ്ട് കൊല്‍ക്കത്തയില്‍ അദ്ദേഹത്തിന് ശ്യമാളയുടെ പ്രായമുള്ള ഒരു മകനും. സഹോദരന്‍റെ കുടുംബത്തോടൊപ്പം ശ്യാമളയെ നിര്‍ത്തിയാണ് ലളിത ജോലിക്ക് പോയിരുന്നത്. അന്ന് അതിനെ കുറിച്ചൊന്നും വലിയ ധാരണയില്ലെങ്കിലും തന്‍റെ അമ്മയ്ക്ക് ചരിത്രത്തിലുള്ള പ്രാധാന്യം ഇന്ന് ശ്യാമളയ്ക്കറിയാം. 

1964 -ലെ ന്യൂയോര്‍ക്കില്‍ നടന്ന ആദ്യത്തെ വുമണ്‍ എഞ്ചിനീയേഴ്സ് ആന്‍ഡ് സയന്‍റിസ്റ്റ് ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ ലളിത പങ്കെടുത്തു. അതൊക്കെ ശ്യാമളയെ അഭിമാനം കൊള്ളിച്ചിരുന്നു. 

ഒരിക്കലും അവര്‍ രണ്ടാമതൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. മനുഷ്യരോട് ഇടപെടുന്ന രീതിയും ക്ഷമയുമെല്ലാം താന്‍ അമ്മയില്‍ നിന്നാണ് പഠിച്ചത് എന്നും ശ്യാമള പറയുന്നു. എന്തുകൊണ്ടാണ് പിന്നീട് വിവാഹം കഴിക്കാതിരുന്നത് എന്ന് ശ്യാമളയൊരിക്കലും തന്‍റെ അമ്മയോട് ചോദിച്ചിരുന്നില്ല. പക്ഷെ, ശ്യാമളയുടെ ഭര്‍ത്താവ് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ലളിതയുടെ ഉത്തരം ഇതായിരുന്നു, 'എന്തിന്, വയ്യസ്സായ ഒരാളുടെ കൂടി പരിചരണം ഏറ്റെടുക്കാനോ? നോ താങ്ക് യൂ.'

രണ്ട് കാര്യങ്ങളാണ് ശ്യാമളയെ അമ്മ പഠിപ്പിച്ചത്, മനുഷ്യരോട് ക്ഷമയോടെ ഇടപെടണം. പിന്നെ, പുരുഷന്മാര്‍ മാത്രം ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഒരിടത്ത് ഒരു സ്ത്രീക്ക് കടന്നു ചെല്ലാം. അത് അത്ര ദുഷ്കരമൊന്നുമല്ല. ന്യൂയോര്‍ക്കിലെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തപ്പോള്‍ അവര്‍ അഭിമാനത്തോടെ പറഞ്ഞിരുന്നത് ഏറെ പ്രസിദ്ധമാണ്, "150 വര്‍ഷം മുമ്പായിരുന്നെങ്കിൽ ഞാനും എന്റെ ഭർത്താവിനൊപ്പം പട്ടടയിൽ ഒടുങ്ങിയേനെ..." 

തന്‍റെ അമ്പത്തിയഞ്ചാമത്തെ വയസ്സിലാണ് ലളിത മരിക്കുന്നത്.