'വാർത്തകളൊക്കെ കാണാൻ വേണ്ടി ഞങ്ങൾക്ക് വൈഫൈ പാസ്‌വേഡ് തരുമോ? പകരം കറന്റ് ബില്ലിൽ നിന്ന് 200 രൂപ കുറച്ചു തരാം അല്ലെങ്കിൽ എല്ലാ മാസവും ആ തുക കയ്യിൽ തരാം' എന്നായിരുന്നു ഉടമയുടെ ആവശ്യം.

സ്വന്തമായി എടുത്ത വൈഫൈ കണക്ഷന്റെ പാസ്‌വേഡ് ആവശ്യപ്പെട്ട് നിരന്തരം ബുദ്ധിമുട്ടിക്കുന്ന വീട്ടുടമസ്ഥർക്കെതിരെ പോസ്റ്റുമായി യുവാവ്. റെഡ്ഡിറ്റിലൂടെയാണ് യുവാവ് തന്റെ അനുഭവം പങ്കുവെച്ചത്. പുതിയ വാടകവീട്ടിലേക്ക് താമസം മാറി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് യുവാവ് ഇന്റർനെറ്റ് കണക്ഷൻ എടുത്തത്. വൈഫൈ കണക്ട് ചെയ്യാനായി ടെക്നീഷ്യന്മാർ എത്തിയപ്പോൾ വീട്ടുടമസ്ഥൻ അവിടെ ഉണ്ടായിരുന്നു. വയറിംഗിനെക്കുറിച്ച് സംസാരിക്കാൻ വന്നതാണെന്ന് കരുതിയെങ്കിലും ടെക്നീഷ്യന്മാർ മടങ്ങിയതോടെയാണ് കാര്യങ്ങൾ മാറിയത്.

'വാർത്തകളൊക്കെ കാണാൻ വേണ്ടി ഞങ്ങൾക്ക് വൈഫൈ പാസ്‌വേഡ് തരുമോ? പകരം കറന്റ് ബില്ലിൽ നിന്ന് 200 രൂപ കുറച്ചു തരാം അല്ലെങ്കിൽ എല്ലാ മാസവും ആ തുക കയ്യിൽ തരാം' എന്നായിരുന്നു ഉടമയുടെ ആവശ്യം. എന്നാൽ, താൻ എടുത്തത് ചെറിയ പ്ലാൻ ആണെന്നും ജോലി ആവശ്യങ്ങൾക്ക് പോലും ഇത് തികയില്ലെന്നും പറഞ്ഞ് യുവാവ് അപ്പോൾത്തന്നെ ഒഴിയാന്‍ നോക്കി.

എന്നാൽ, തൊട്ടടുത്ത ദിവസം ടെറസിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ഉടമസ്ഥനും ഭാര്യയും വീണ്ടും ഇതേ ആവശ്യവുമായി എത്തി. 'മാസം എത്രയാകും, ഏത് കണക്ഷനാണ്, ആരുടെ പേരിലാണ് എടുത്തത്' തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇരുവരും യുവാവിനോട് ഉന്നയിച്ചത്. രണ്ട് മണിക്കൂർ ടിവി കാണാൻ മാത്രമാണ് പാസ്‌വേഡ് ചോദിക്കുന്നതെന്നും ഇവർ ന്യായീകരിച്ചു.

നേരിട്ട് 'ഇല്ല' എന്ന് പറയാൻ മടിച്ച യുവാവ്, കണക്ഷനിൽ ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് പറഞ്ഞ് തടിയൂരി. എന്നാൽ, നേരിട്ട് നോ പറയാന്‍ കഴിയാത്തതിൽ തനിക്ക് കുറ്റബോധം തോന്നുന്നുണ്ടെന്ന് യുവാവ് കുറിപ്പിൽ പറയുന്നു. അതേസമയം, താൻ മാസം 600 രൂപ കൊടുത്ത് റീച്ചാർജ് ചെയ്യുന്നത് മറ്റുള്ളവർക്ക് ഉപയോഗിക്കാനല്ലല്ലോ എന്നും, ഇതിൽ എന്താണ് ചെയ്യേണ്ടതെന്നും യുവാവ് ചോദിക്കുന്നു.

യുവാവിന്റെ പോസ്റ്റ് വൈറലായതോടെ നിരവധിയാളുകളാണ് ഉപദേശങ്ങളുമായി എത്തിയത്. വൈഫൈ പ്ലാൻ അപ്ഗ്രേഡ് ചെയ്ത് പകുതി തുക ഉടമസ്ഥരിൽ നിന്ന് ഈടാക്കാമെന്ന് ചിലർ നിർദ്ദേശിച്ചപ്പോൾ, വെറുപ്പിക്കാതെ 'പറ്റില്ല' എന്ന് നേരിട്ട് പറയണമെന്നാണ് മറ്റുള്ളവർ അഭിപ്രായപ്പെട്ടത്. എന്നാൽ, റൂട്ടറിന്റെ അഡ്മിൻ പാനലിൽ കയറി വൈഫൈ നെറ്റ്‌വർക്ക് 'ഹൈഡ്' ചെയ്തു വെക്കാനാണ് വേറൊരു വിഭാഗം ആളുകൾ യുവാവിനെ ഉപദേശിച്ചത്.