Asianet News MalayalamAsianet News Malayalam

കൈത്തണ്ടയില്‍ തുളച്ചുകയറിയ ഷെല്‍ കഷണം നീക്കം  ചെയ്തു, പിന്നാലെ വീണ്ടും താലിബാന്‍ ആക്രമിച്ചു

''പൊടുന്നനെ, താലിബാന്‍ വീണ്ടും മടങ്ങിവന്നു. അവര്‍ വീണ്ടും ആക്രമിച്ചു. ഞങ്ങള്‍ പ്രത്യാക്രമണം നടത്തുന്നതിനിടെ, ഡാനിഷും ഒരു സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെടുകയായിരുന്നു.'' റോയിട്ടേഴ്‌സ് ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ അവസാന നിമിഷങ്ങള്‍ ...

last moments of Danish Sidhiqui Reuters photo journalist killed in Afghanistan
Author
Kabul, First Published Jul 16, 2021, 5:04 PM IST

തലേന്നായിരുന്നു, അതിഘോരമായ ഒരു ഏറ്റുമുട്ടല്‍ സിദ്ദിഖി പകര്‍ത്തിയത്. അത് സിദ്ദിഖി അഫ്ഗാനില്‍ എത്തിയതിന് പിറ്റേന്നായിരുന്നു. കാന്ദഹാറിന്റെ പ്രാന്തപ്രദേശത്തെ, കുന്നിന്‍പുറങ്ങളില്‍ അന്ന് അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ ഉഗ്രമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഈ സംഘര്‍ഷത്തില്‍, സിദ്ദിഖി സഞ്ചരിച്ച കവചിത വാഹനത്തിനു നേര്‍ക്ക് ആക്രമണം നടന്നു. ആക്രമണത്തില്‍ ചില്ലു തകര്‍ന്ന വാഹനത്തില്‍നിന്നു  സിദ്ദിഖി പകര്‍ത്തിയ ഫോട്ടോകളും വീഡിയോയും ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ വന്നിരുന്നു. 

 

last moments of Danish Sidhiqui Reuters photo journalist killed in Afghanistan

 

താലിബാനും അഫ്ഗാന്‍ പ്രത്യേക സേനയും തമ്മിലുള്ള തീപ്പാറുന്ന വെടിവെപ്പിനിടെ, കൈത്തണ്ടയില്‍ തുളച്ചുകയറിയ മൂര്‍ച്ചയുള്ള ഷെല്ലിന്റെ കഷണം അടുത്തുള്ള ആശുപത്രിയില്‍ നീക്കം ചെയ്ത ആശ്വാസത്തിലായിരുന്നു,  കൊല്ലപ്പെട്ട റോയിട്ടേഴ്‌സ് ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി. 

മുറിവുകള്‍ സാരമുള്ളതായിരുന്നില്ല. അപ്പോഴേക്കും സംഘര്‍ഷം അവസാനിച്ചതിനാല്‍, അന്തരീക്ഷം ശാന്തമായിരുന്നു. പ്രദേശത്താകെ അഫ്ഗാന്‍ സൈനികരായിരുന്നു. ശാന്തമെന്നു  തോന്നിച്ച അന്തരീക്ഷത്തില്‍, പ്രദേശത്തെ കച്ചവടക്കാരോട് സംസാരിക്കുകയായിരുന്നു സിദ്ദിഖി. താലിബാന്റെ തിരിച്ചുവരവ് അവിടത്തെ ജനജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അറിയാനുള്ള ആ സംസാരം അവസാനിച്ചത്, അപ്രതീക്ഷിതമായ താലിബാന്‍ ആക്രമണത്തിലായിരുന്നു.

''പൊടുന്നനെ, താലിബാന്‍ വീണ്ടും മടങ്ങിവന്നു. അവര്‍ വീണ്ടും ആക്രമിച്ചു. ഞങ്ങള്‍ പ്രത്യാക്രമണം നടത്തുന്നതിനിടെ, ഡാനിഷും ഒരു സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെടുകയായിരുന്നു.'' സംഭവത്തിനു ശേഷം, പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ റോയിട്ടേഴ്‌സിനോട് സംസാരിച്ച ഒരു അഫ്ഗാന്‍ സൈനികനാണ് ഇക്കാര്യം അറിയിച്ചത്.  അപകടവിവരം അറിയിക്കേണ്ടത് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയമാണെന്നും തനിക്കതിനുള്ള അവകാശം ഇല്ലെന്നും വ്യക്തമാക്കിയ സൈനികന്റെ വെളിപ്പെടുത്തല്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാനായില്ലെന്ന് റോയിട്ടേഴ്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് അലസാന്ദ്ര ഗലോനി പ്രസ്താവനയില്‍ പറഞ്ഞു. 

കാന്തഹാര്‍ സൈനിക നടപടി റിപ്പോര്‍ട്ടിംഗിനിടെ കിട്ടിയ വിശ്രമസമയം. സിദ്ദിഖിയുടെ ട്വീറ്റ് ഇതാ: 


യുദ്ധഭൂമിയില്‍ വീണ്ടും

അഫ്ഗാന്‍- പാക്ക് അതിര്‍ത്തി പ്രദേശങ്ങള്‍ പിടിച്ചെടുത്ത താലിബാന്‍കാരില്‍നിന്നും, അവിടം മോചിപ്പിക്കാന്‍ എത്തിയ അഫ്ഗാന്‍ സൈന്യത്തിനൊപ്പം വന്നതായിരുന്നു, റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ചീഫ് ഫോട്ടോജേണലിസ്റ്റായ ഡാനിഷ് സിദ്ദിഖി. പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവിനെ തുടര്‍ന്ന്, കഴിഞ്ഞ ആഴ്ച അവസാനത്തെ അമേരിക്കന്‍ സൈനികനും അഫ്ഗാന്‍ വിട്ടശേഷം, അക്രമണോത്‌സുകരായി തിരിച്ചുവന്ന താലിബാന്‍ കൂടുതല്‍ പ്രദേശങ്ങള്‍ കൈയടക്കുകയാണ്. അമേരിക്കന്‍ പരിശീലനത്തിന്റെ ബലവും അവര്‍ നല്‍കിയ ആയുധങ്ങളുമായി അഫ്ഗാന്‍ സൈന്യം താലിബാനെതിരെ ശക്തമായ പ്രത്യാക്രമണം നടത്തുന്നുണ്ട്. 

പുതിയ സംഘര്‍ഷസാദ്ധ്യതകള്‍ മുന്നില്‍ കണ്ടാണ്, റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെക്കുറിച്ചുള്ള ഉജ്ജ്വല ഫോട്ടോസ്‌റ്റോറികളിലൂടെ 2018-ല്‍ പുലിസ്റ്റ്‌സര്‍ പുരസ്‌കാരം നേടിയ, ഡാനിഷ് സിദ്ദിഖി ഈ ഞായറാഴ്ച കാന്തഹാറിലെത്തിയത്. പിറ്റേന്നു മുതല്‍ അഫ്ഗാന്‍ സൈന്യത്തിനൊപ്പം വിവിധ സംഘര്‍ഷമേഖലകളില്‍ ചെന്ന് അദ്ദേഹം അപകടകരമായ ഫോട്ടോകള്‍ പകര്‍ത്തി. 2010-ല്‍ റോയിട്ടേഴ്‌സില്‍ ചേര്‍ന്ന സിദ്ദിഖി, തങ്ങളുടെ ഏറ്റവും മികച്ച ഫോട്ടോജേണലിസ്റ്റുകളില്‍ ഒരാള്‍ ആയിരുന്നുവെന്ന് റോയിട്ടേഴ്‌സ് പ്രസിഡന്റ് മൈക്കിള്‍ ഫ്രീഡന്‍ബര്‍ഗ് പറഞ്ഞു. 

ബുധനാഴ്ചയാണ് താലിബാന്‍ പാക് അതിര്‍ത്തി പ്രദേശം പിടിച്ചെടുത്തത്. പാക്കിസ്താനിലേക്കുള്ള രണ്ടാമത്തെ വലിയ അതിര്‍ത്തി ക്രോസിംഗായ ഇവിടെ താലിബാന്‍ പതാക ഉയര്‍ത്തിയിരുന്നു. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടശേഷം, താലിബാന്‍ കൈവരിച്ച പ്രധാനനേട്ടമായാണ് ഇത് കണക്കാക്കുന്നത്. ഈ പ്രദേശം തിരിച്ചുപിടിക്കാനാണ് അഫ്ഗാന്‍ സൈനിക വ്യൂഹം കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. ഇവര്‍ക്കൊപ്പമായിരുന്നു സിദ്ദിഖി. അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങളടക്കം ലോകത്തെ നിരവധി സംഘര്‍ഷ മേഖലകളില്‍നിന്ന് ഫോട്ടോകള്‍ പകര്‍ത്തിയ അനുഭവസമ്പത്തുണ്ടായിരുന്നു അദ്ദേഹത്തിന്.  

 


മരണം മുന്നില്‍ കണ്ട നിമിഷം 

അതിനു തൊട്ടുതലേന്നായിരുന്നു, അതിഘോരമായ ഒരു ഏറ്റുമുട്ടല്‍ സിദ്ദിഖി പകര്‍ത്തിയത്. അത് സിദ്ദിഖി അഫ്ഗാനില്‍ എത്തിയതിന് പിറ്റേന്നായിരുന്നു. കാന്ദഹാറിന്റെ പ്രാന്തപ്രദേശത്തെ, കുന്നിന്‍പുറങ്ങളില്‍ അന്ന് അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ ഉഗ്രമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഈ സംഘര്‍ഷത്തില്‍, സിദ്ദിഖി സഞ്ചരിച്ച കവചിത വാഹനത്തിനു നേര്‍ക്ക് ആക്രമണം നടന്നു. ആക്രമണത്തില്‍ ചില്ലു തകര്‍ന്ന വാഹനത്തില്‍നിന്നു  സിദ്ദിഖി പകര്‍ത്തിയ ഫോട്ടോകളും വീഡിയോയും ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ വന്നിരുന്നു. 

''ഏത് നിമിഷവും താലിബാന്‍ ആക്രമണം വരാം. അഫ്ഗാന്‍ പ്രത്യേക സേന അത് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. അന്തരീക്ഷമാകെ സംഘര്‍ഷം കനത്തുനിന്നിരുന്നു.''-സംഘര്‍ഷത്തിന്റെ ചില ചിത്രങ്ങള്‍ക്കൊപ്പം സിദ്ദിഖി അന്ന് ഇങ്ങനെ ട്വീറ്റ് ചെയ്തു. എന്നാല്‍, നിര്‍ഭയമാണ് ധീരനായ ആ ഫോട്ടോജേണലിസ്റ്റ് ആ അവസ്ഥയെ നേരിട്ടത്. ''ഞങ്ങള്‍ സഞ്ചരിച്ച ഹമ്മറിന്റെ കവചിത മേല്‍ക്കൂരയില്‍ ഗ്രനേഡ് വന്നു പതിച്ചു. അപകടം കൂടാതെ രക്ഷപ്പെടാനും, ആക്രമണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താനും കഴിഞ്ഞു.''അടുത്ത ട്വീറ്റില്‍ സിദ്ദിഖി ഇങ്ങനെ കൂടി എഴുതി. അതു കഴിഞ്ഞ് മൂന്നാം ദിവസമാണ്, സിദ്ദിഖിയുടെ ജീവിതം വെടിയുണ്ടകള്‍ എടുത്തത്. 

മൂന്ന് ദിവസം മുമ്പ്, നടന്ന ആ സംഭവത്തിന്റെ വിശദാംശങ്ങള്‍, സിദ്ദിഖിയുടെ ബൈലൈനില്‍ റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ചിരുന്നു. തീ പാറുന്ന റോക്കറ്റ് ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ അതിലുണ്ടായിരുന്നു. 

താലിബാന്‍ പിടിച്ചെടുത്ത സ്ഥലങ്ങള്‍ പിടിച്ചെടുത്ത് ഒരു പാതിരായ്ക്ക് ക്യാമ്പിലേക്ക് മടങ്ങിയെത്തിയ അഫ്ഗാന്‍ സൈന്യം, വിശ്രമിക്കാന്‍ പോലും നേരമില്ലാതെ വീണ്ടും അങ്ങോട്ടേയ്ക്ക് തന്നെ കുതിക്കുകയായിരുന്നു അന്ന്. സൈന്യത്തിനൊപ്പമുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ താലിബാന്‍ വീണ്ടും ആക്രമണം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. 

2001-ല്‍ താലിബാന്റെ ശക്തികേന്ദ്രമായിരുന്നു കാന്ദഹാറിലെ ഈ പ്രദേശം. ഇക്കാലംവരെ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായിരുന്നു ഇത്. അവര്‍ പോയതിനു പിന്നാലെയാണ്, താലിബാന്‍ ഇതു തിരിച്ചുപിടിച്ചത്. ഇതാണ്, അഫ്ഗാന്‍ സൈന്യം ആക്രമിച്ച് വീണ്ടും തിരിച്ചുപിടിച്ചത്. ഇവിടെ പൊലീസുകാരെ നിര്‍ത്തി അവര്‍ മടങ്ങുകയായിരുന്നു. സൈന്യം പോയ ഉടനെ തന്നെ താലിബാന്‍ വീണ്ടുമെത്തി. അവര്‍ പൊലീസുകാരെ ആക്രമിച്ചു. ഷാ എന്ന പൊലീസുകാരന്‍ ഒഴികെ മറ്റെല്ലാവരും കീഴടങ്ങി. അയാളെ താലിബാന്‍ പൊലീസ് ഔട്ട്‌പോസ്റ്റില്‍ കെട്ടിയിട്ടു.  അയാളെ മോചിപ്പിക്കാനായിരുന്നു വീണ്ടും സൈന്യം അവിടെയത്തിയ

കനത്ത ഏറ്റുമുട്ടലിനിടെ പൊലീസുകാരനെ രക്ഷപ്പെടുത്തിയെങ്കിലും, സൈന്യത്തിന്റെ കവചിത ഹമ്മര്‍ വാഹനങ്ങള്‍ക്കു നേരെ താലിബാന്‍ റോക്കറ്റ് ആക്രമണം നടത്തി. മൂന്ന് വാഹനങ്ങള്‍ തകര്‍ന്നു. സൈനികര്‍ക്ക് പരിക്കേറ്റു. ശക്തമായി തിരിച്ചടിച്ചശേഷം അവര്‍ മടങ്ങി. 

ചോരമരവിപ്പിക്കുന്ന സംഭവങ്ങള്‍ 

''ഇയാളെ മോചിപ്പിക്കാനായിരുന്നു പുലര്‍ച്ചെ വീണ്ടും ഓപ്പറേഷന്‍ നടന്നത്. എത്തിയ ഉടനെ ഔട്ട്‌പോസ്റ്റില്‍ കയറി ഇയാളെ സൈന്യം രക്ഷപ്പെടുത്തി തങ്ങളുടെ വാഹനത്തില്‍ കയറ്റി. അടുത്ത നിമിഷം തുടര്‍സ്‌ഫോടനങ്ങള്‍ നടന്നു. എട്ട് കവചിത വാഹനങ്ങളില്‍ മൂന്നെണ്ണത്തിനു നേരെ ഗ്രനേഡ് ആക്രമണം നടന്നു. അവയ്ക്ക് സാരമായ കേടുപാട് പറ്റി. എങ്കിലും, ഇതിലുണ്ടായിരുന്ന സൈനികര്‍ കനത്ത തിരിച്ചടി നല്‍കി. '' സിദ്ദിഖിയുടെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമീപത്തെ ഖബര്‍സ്ഥാനില്‍നിന്നും യൂക്കാലി തോട്ടങ്ങള്‍ക്കിടയില്‍നിന്നും ഇരുട്ടില്‍ താലിബാന്‍ വീണ്ടും ആക്രമണം നടത്തി. റോക്കറ്റ് ഘടിപ്പിച്ച ഗ്രനേഡുകള്‍ തുരുതുരാ വന്നു. കവചിത വാഹനങ്ങളുടെ ലോഹപുറന്തോടുകളില്‍ അവ ഭീകരശബ്ദത്തോടെ വന്നുവീണു. ഗണ്ണര്‍മാര്‍ അതിശക്തമായി തന്നെ പ്രത്യാക്രമണം നടത്തി. ഇരുട്ടായതിനാല്‍ അവര്‍ക്ക് താലിബാന്‍കാരെ കാണാന്‍ എളുപ്പമായിരുന്നില്ല. എങ്കിലും, താലിബാന്‍കാര്‍ക്കെതിരെ കനത്ത ആക്രമണം നടത്തി അവര്‍ തിരിച്ചുപോന്നു. 

ഇതിനിടെ സിദ്ദിഖി സഞ്ചരിച്ച കവചിത വാഹനത്തിനു നേര്‍ക്കും ആക്രമണമുണ്ടായി. എന്നാല്‍, തങ്ങള്‍ക്ക് അപകടം ഒന്നും സംഭവിച്ചില്ലെന്നും സിദ്ദിഖി ട്വീറ്റ് ചെയ്തു. 

ഇത് കഴിഞ്ഞ് മൂന്നാം ദിവസമാണ്, സിദ്ദിഖിയുടെ കൊലപാതകം നടന്നത്. 

Follow Us:
Download App:
  • android
  • ios