Asianet News MalayalamAsianet News Malayalam

കുട്ടികളുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ അമ്മയ്‍ക്കോ അച്ഛനോ അധികാരമില്ല, നിയമവുമായി ഫ്രാൻസ്

ചൈൽഡ് പോണോ​ഗ്രഫിയിൽ ഉപയോ​ഗിക്കുന്ന 50 ശതമാനം ചിത്രങ്ങളും രക്ഷിതാക്കൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വയ്‍ക്കുന്ന ചിത്രങ്ങളാണ് എന്ന് സ്ട്രൂഡർ പറയുന്നു.

law bans posting children's photos in online by parents in France rlp
Author
First Published Mar 20, 2023, 4:29 PM IST

ഓൺലൈനിൽ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് വേണ്ടി നിയമവുമായി ഫ്രഞ്ച് നിയമ നിർമ്മാതാക്കൾ. ഇത് പ്രകാരം രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ അവരുടെ അനുമതി ഇല്ലാതെ സാമൂഹിക മാധ്യമങ്ങളടക്കം ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ സാധിക്കില്ല. 

എംപി ബ്രൂണോ സ്ട്രൂഡറാണ് ഈ നിർദ്ദേശം അവതരിപ്പിച്ചത്. മാതാപിതാക്കളെ ശാക്തീകരിക്കാനും തങ്ങളുടെ ചിത്രങ്ങളിൽ മാതാപിതാക്കൾക്ക് സമ്പൂർണമായ അവകാശമില്ല എന്ന് കുട്ടികളെ പഠിപ്പിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത് എന്ന് അതിൽ പറയുന്നു. ഫ്രഞ്ച് ദേശീയ അസംബ്ലി ഏകകണ്ഠമായാണ് നിയമം അംഗീകരിച്ചത്. 13 വയസുള്ള ഒരു കുട്ടിയുടെ ശരാശരി 1,300 ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ടെന്ന് സ്ട്രൂഡർ എടുത്തു പറഞ്ഞു. ഈ ചിത്രങ്ങൾ ചൈൽഡ് പോണോ​ഗ്രഫിക്ക് വേണ്ടി ഉപയോ​ഗപ്പെടുത്തുകയോ, സ്കൂളിൽ അവരെ ബുള്ളി ചെയ്യാൻ ഉപയോ​ഗിക്കുകയോ ഒക്കെ ചെയ്യാം എന്നും പറയുന്നു. 

ചൈൽഡ് പോണോ​ഗ്രഫിയിൽ ഉപയോ​ഗിക്കുന്ന 50 ശതമാനം ചിത്രങ്ങളും രക്ഷിതാക്കൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വയ്‍ക്കുന്ന ചിത്രങ്ങളാണ് എന്ന് സ്ട്രൂഡർ പറയുന്നു. ബില്ലിലെ ആദ്യ രണ്ട് ആർട്ടിക്കിളുകളിൽ പറയുന്നത് സ്വകാര്യതയുടെ സംരക്ഷണത്തെ കുറിച്ചാണ്. 2022 സെപ്റ്റംബറിൽ സ്ഥാപിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങൾക്കായുള്ള പ്രതിനിധി സംഘത്തിലെ അംഗമാണ് സ്ട്രൂഡർ.

എന്നാൽ, നിയമം നിലവിൽ വന്നതോടെ നിരവധിപ്പേർ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുന്നോട്ട് വന്നു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാൻ ഇതുകൊണ്ടൊന്നും സാധിക്കില്ല എന്നും ഇത് പ്രതീക്ഷിച്ച ഫലം ഉണ്ടാക്കില്ല എന്നുമാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. കുട്ടികളുടെ സ്വകാര്യത മാത്രം സംരക്ഷിച്ചാൽ മതിയോ, അവരുടെ ഡിഗ്നിറ്റിയെ പറ്റി എന്താണ് ആരും ഒന്നും പറയാത്തത് എന്ന് മറ്റ് ചിലർ ചോദിച്ചു. 

ഏതായാലും പുതിയ നിയമം വലിയ ചർച്ചയ്‍ക്ക് വഴിവെച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios