നല്ലപോലെ ആലോചിച്ച ശേഷമാണ് രാജ്യത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിലൊന്നായ സിവിൽ സർവീസ് എഴുതാൻ അദ്ദേഹം തീരുമാനിക്കുന്നത്. 

നമ്മിൽ പലരും വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. ഇന്ത്യയ്ക്ക് പുറത്ത് പോയാൽ തിരിച്ച് രാജ്യത്തേക്ക് എത്തുന്നവർ കുറവായിരിക്കും. മിക്കവരും വിദേശത്ത് തന്നെ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവരാകും. രാജസ്ഥാനിലെ ഭിൽവാര(Bhilwara, Rajasthan) -യിൽ താമസിക്കുന്ന 27 -കാരനായ അഭിഷേക് സുരാന(Abhishek Surana) എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. ഇലക്ട്രിക്കൽ എൻജിനീയറിങ് പഠിച്ച അദ്ദേഹം ആദ്യം സിംഗപ്പൂരിലെ ഒരു ബാങ്കിൽ ഉയർന്ന ശമ്പളമുള്ള ഒരു ജോലി നേടി. അവിടെ നിന്ന് ലണ്ടനിലെ ഒരു ബാങ്കിലേയ്ക്ക് മാറി. ഒടുവിൽ ചിലിയിൽ സ്വന്തമായി ഒരു സ്റ്റാർട്ട്-അപ്പ് തുടങ്ങി.

അങ്ങനെ ജീവിതം സന്തോഷപൂർണമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ, അദ്ദേഹത്തിന് തന്റെ ജീവിതത്തിൽ എന്തൊക്കെയോ നഷ്ടപ്പെടുന്ന പോലെ, എന്തോ ഒരു കുറവ് പോലെ തോന്നി. അങ്ങനെ 2014 -ൽ, അഭിഷേക് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. തന്റെ ആഡംബരപൂർണമായ വിദേശജീവിതം വെടിഞ്ഞ് അദ്ദേഹം രാഷ്ട്രസേവനത്തിനായി നാട്ടിലേക്ക് മടങ്ങി. ഇവിടെ എത്തിയ അദ്ദേഹം സിവിൽ സർവീസ്‌ എഴുതിയെടുത്ത്, ഒരു ഐഎഎസ് ഉദ്യോഗസ്ഥനായി മാറി. ഇപ്പോൾ താൻ ജീവിതത്തിൽ തൃപ്തനാണെന്ന് അദ്ദേഹം പറയുന്നു. തന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിഷേക് ഡൽഹി ഐഐടിയിൽ നിന്നാണ് ബിരുദം നേടിയത്. അതിന് ശേഷം, സിംഗപ്പൂരിലെ ബാർക്ലേസ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ ഉയർന്ന ശമ്പളമുള്ള ഒരു ജോലി അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് ലണ്ടനിലെ ഒരു ബാങ്കിൽ അദ്ദേഹത്തിന് ജോലി കിട്ടി. അവിടെ നിന്ന് ചിലിയിൽ എത്തിയ അദ്ദേഹം അവിടെ സ്വന്തമായി ഒരു മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പ് കമ്പനി ആരംഭിച്ചു. ആ സമയത്ത് അഭിഷേകിന് തോന്നി, തന്റെ ജീവിതം ഇങ്ങനെ തുടർന്ന് കൊണ്ടുപോകുന്നതിൽ വലിയ അർത്ഥമില്ല എന്ന്. ഇനിയും എന്തൊക്കെയോ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. തന്റെ ജീവിതം രാജ്യത്തിന് ഗുണമുള്ള രീതിയിൽ പ്രയോജനപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ നാട്ടിലേക്ക് മടങ്ങി.

നല്ലപോലെ ആലോചിച്ച ശേഷമാണ് രാജ്യത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിലൊന്നായ സിവിൽ സർവീസ് എഴുതാൻ അദ്ദേഹം തീരുമാനിക്കുന്നത്. പലരുടെയും ഒരു സ്വപ്‍നമാണ് സിവിൽ സർവീസ്. എന്നാൽ, അത് നേടിയെടുക്കുന്നവർ കുറവായിരിക്കും. കാരണം അതിന് വളരെയേറെ അധ്വാനവും, സമർപ്പണവും ആവശ്യമാണ്. അഭിഷേക് ആദ്യ രണ്ട് തവണവും യുപിഎസ്‌സി പരീക്ഷയിൽ വിജയിച്ചില്ല. മൂന്നാം ശ്രമത്തിൽ പരീക്ഷ പാസായെങ്കിലും 250 -ാം റാങ്ക് മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. അഭിഷേകിന്റെ ഐഎഎസ് സ്വപ്നം പൂർത്തീകരിക്കാൻ ആ റാങ്ക് പര്യാപ്തമായിരുന്നില്ല. എന്നാൽ, അദ്ദേഹം ശ്രമിച്ചുകൊണ്ടേ ഇരുന്നു. ഒടുവിൽ 2018 -ൽ പത്താം റാങ്കോടെ സിവിൽ സർവീസ് പരീക്ഷ അദ്ദേഹം പാസായി. നിലവിൽ ജില്ലാ പരിഷത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഈ ഐഎഎസ് ഉദ്യോഗസ്ഥൻ.