യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇന്റർനാഷണൽ ഷാർക്ക് അറ്റാക്ക് ഫയൽ അനുസരിച്ച് ഇതിന് മുമ്പ് ലെമൺ ഷാർക്കുകളുടെ 10 ആക്രമണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.
കാലിൽ കടിച്ച സ്രാവിൽ നിന്നും രക്ഷപ്പെടാൻ അതിന്റെ മുഖത്തടിച്ച് യുവതി. ഒടുവിൽ ഒരുവിധത്തിൽ രക്ഷപ്പെടൽ. ഫ്ലോറിഡയുടെ തീരത്തുള്ള ഡ്രൈ ടോർട്ടുഗാസ് ദ്വീപുകളിലാണ്(Dry Tortugas, islands off the coast of Florida) സംഭവം. ടെക്‌സാസിൽ നിന്നുള്ള 42 -കാരിയായ ഹെതർ വെസ്റ്റ്(Heather West), ഡെയ്‌ലി മെയിലിനോട് പറഞ്ഞത്, വെള്ളത്തിനടിയിൽ വച്ച് സ്രാവ് തന്റെ കാലിൽ കടിച്ചു വലിച്ചു കൊണ്ടേയിരുന്നു എന്നാണ്. ലെമൺ ഷാർക്കാ(Lemon shark)ണ് യുവതിയെ ആക്രമിച്ചത്.
വെസ്റ്റ്, ഒരു വാനിലാണ് താമസിക്കുന്നത്. ദ്വീപുകളിലേക്ക് യാത്ര ചെയ്‍തെത്തിയതാണ്. തന്റെ വിശേഷങ്ങളെല്ലാം അവൾ ഇൻസ്റ്റഗ്രാമിൽ പങ്ക് വയ്ക്കാറുണ്ട്. എന്നാൽ, സ്രാവിന്റെ ആക്രമണമുണ്ടായതോടെ അവൾ ഒരുവിധത്തിലാണ് കരയിലെത്തിയത്. താൻ ഫ്ലിപ്പറുകളാണ് ധരിച്ചിരുന്നത് എന്നും സ്രാവ് ആക്രമിച്ചപ്പോൾ തിരിച്ച് അതിനെ ഇടിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും വെസ്റ്റ് പറയുന്നു. തനിക്ക് കഴിയുന്നത്ര ശക്തമായി താൻ വീണ്ടും വീണ്ടും അതിന്റെ മുഖത്ത് അടിച്ചു. ഏകദേശം 30 സെക്കൻഡിനുശേഷം അത് അവിടം വിട്ടുവെന്നും വെസ്റ്റ് പറയുന്നു.
"അടുത്ത രണ്ട് മിനിറ്റ് ഞാൻ ആകെ ഞെട്ടലിലായിരുന്നു, നീന്താൻ കഴിഞ്ഞില്ല. പക്ഷേ, അപ്പോഴേക്കും എന്റെ സുഹൃത്തുക്കൾ എന്നെ സഹായിക്കാൻ ഓടിയെത്തി" എന്നും വെസ്റ്റ് പറയുന്നു. ഭാഗ്യവശാൽ വെസ്റ്റിനെ സംബന്ധിച്ചിടത്തോളം, രണ്ട് പാർക്ക് റേഞ്ചർമാർ സമീപത്തുണ്ടായിരുന്നു. അവർ അവളെ സഹായിച്ചു.
വെസ്റ്റ് പറഞ്ഞു: "ഞാൻ കരയിൽ എത്തിയപ്പോൾ 'ഞാൻ ജയിച്ചു, ഞാൻ ജയിച്ചു' എന്ന് നിലവിളിക്കാൻ തുടങ്ങി. കാരണം എനിക്ക് ഇപ്പോഴും എന്റെ കാലുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത് അപ്പോഴാണ്. വെള്ളത്തിൽ വച്ച് സ്രാവ് അത് കടിച്ചു പറിച്ചുവെന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നു. എന്നാൽ, പരിക്കോടെയാണ് എങ്കിലും അത് അവിടെ തന്നെ കാണുന്നത് വലിയ ആശ്വാസമായിരുന്നു."
ഇൻസ്റ്റാഗ്രാമിൽ വെസ്റ്റ്, കടിയേറ്റതിന്റെയും അതിന്റെ അനന്തരഫലങ്ങളുടെയും ദൃശ്യങ്ങൾ പങ്കുവെച്ചു. ഒരുപക്ഷേ കാലുകൾ പൂർണമായും പഴയതുപോലെ ആയേക്കാം എന്നു കീ വെസ്റ്റിലെ ഡോക്ടർമാർ പറഞ്ഞു. വെസ്റ്റ് പറഞ്ഞു: “ഇതെല്ലാം ഉണ്ടായിരുന്നിട്ടും, എനിക്ക് സ്രാവുകളെ ഇഷ്ടമാണെന്നും വെള്ളത്തിൽ ഇറങ്ങുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നു. വാസ്തവത്തിൽ, സുഖം പ്രാപിച്ചാലുടൻ ഞാൻ തിരിച്ചെത്തും.”
ലെമൺ ഷാർക്കുകൾ 11 അടി വരെ വളരും. നീന്തൽക്കാർക്കും സർഫർമാർക്കും മുങ്ങൽ വിദഗ്ധർക്കും സമീപം ഇവയെ കാണാറുണ്ട്. എന്നാൽ, അവ മനുഷ്യർക്ക് അത്ര ഭീഷണിയാവാറില്ല. യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇന്റർനാഷണൽ ഷാർക്ക് അറ്റാക്ക് ഫയൽ അനുസരിച്ച് ഇതിന് മുമ്പ് ലെമൺ ഷാർക്കുകളുടെ 10 ആക്രമണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇവ എല്ലാം ഫ്ലോറിഡയിലും കരീബിയനിലും ആയിരുന്നു. ഇതൊന്നും മാരകമായിരുന്ന ആക്രമണമായിരുന്നില്ല. എന്നാൽ, അപ്പോഴും ജാഗ്രത ആവശ്യമാണ് എന്ന് ISAF (International Shark Attack File) പറയുന്നു.
ഏത് വർഷം എടുത്താലും, ലോകമെമ്പാടുമായി അങ്ങോട്ട് പ്രകോപനമില്ലാതെ സ്രാവ് ആക്രമിച്ച കേസിൽ പകുതിയോളം യുഎസ്സിലാണ്. അതിൽ, ബഹുഭൂരിപക്ഷവും മാരകമല്ല. സാധാരണ സ്രാവുകൾ സീലുകൾ, ആമകൾ, മത്സ്യങ്ങൾ എന്നിവയെ ആണ് ഭക്ഷിക്കുന്നത്. ചിലപ്പോഴെല്ലാം അവ മനുഷ്യരെ തങ്ങളുടെ ഇരയായി തെറ്റിദ്ധരിക്കാറുണ്ട്. അങ്ങനെയും ആളുകൾ ആക്രമിക്കപ്പെടുന്നുണ്ട്.
