കാലം തെറ്റിയെത്തുന്ന, അപ്രതീക്ഷിത മരണങ്ങൾ തീരാനഷ്ടമാണ്, എല്ലാ തലത്തിലും ആഘാതം തന്നെയാണ്. ജീവിച്ചിരിക്കുന്നവർക്കാണ് ആ വ്യഥ താങ്ങേണ്ടി വരുന്നത്. ജീവിതത്തോട് വിട പറയേണ്ട നിമിഷങ്ങൾ എത്തുമ്പോൾ അത് കാലത്തിനും പ്രകൃതിക്കും ശാസ്ത്രത്തിനുമാണ് തീരുമാനിക്കാൻ നമ്മൾ വിട്ട് കൊടുക്കുക. 

സ്വിറ്റ്സർലാൻഡിൽ സൂയിസൈഡ് പോഡിന് അംഗീകാരം. വേദനയില്ലാത്ത മരണമാണ് വ്യക്തികള്‍ക്ക് ഇതിലൂടെ നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കുന്നത്. എന്നാല്‍, ഇതിനോടുള്ള പ്രതികരണം സമ്മിശ്രമാണ്. മരണം, ജീവിതം, ആത്മഹത്യ, സൂയിസൈഡ് പോഡ്. ഷീന ജി. സോമന്‍ എഴുതുന്നു.

സ്വിറ്റ്സർലാൻഡിൽ സൂയിസൈഡ് പോഡിന് (suicide pod) അംഗീകാരം നല്കിയിരിക്കുന്നു. ഇതെന്തൊരു അപചയം എന്ന മട്ടിൽ പലരും പ്രതികരിച്ചും കണ്ടു. Assisted suicide, Euthanasia -യിലൂടെ മരിക്കാനുള്ള സഹായം നൽകുന്ന രാജ്യങ്ങളുണ്ട്. ഏകദേശം 1300 ഓളം പേർ സ്വിറ്റ്സർലൻഡിൽ കഴിഞ്ഞ വർഷം Physician assisted suicide വഴി സോഡിയം പെന്റോബാർബിറ്റാൽ ഇഞ്ചക്ഷൻ വഴി 2 മുതൽ 5 മിനിട്ടിനുള്ളിൽ മരണത്തെ പുൽകിയിട്ടുണ്ടത്രേ.

സാർക്കോ കാപ്സ്യൂൾ എന്ന ശവപ്പെട്ടി പോലുള്ള മരണസഹായിയെ 3D print ചെയ്തെടുത്തതാണ്. വ്യക്തി ഉള്ളിൽ നിന്ന് ഒരു ബട്ടൺ അമർത്തുമ്പോൾ ഉള്ളിൽ നൈട്രജൻ വാതകം നിറഞ്ഞു ഓക്സിജൻ അളവ് താഴുകയും വേദനയും വെപ്രാളവും ഇല്ലാത്ത ഒരു അബോധാവസ്ഥയിൽ എത്തി മരണത്തിലേക്ക് പോകുമെന്നാണ് ഇതിന്റെ ഉപജ്ഞാതാവായ Exit International -ന്റെ സ്ഥാപകനായ ഡോ. ഫിലിപ്പ് നിഷ്‍കെയുടെ അവകാശവാദം. മറ്റൊരാളുടെ സഹായമില്ലാതെ വെറും കൺചിമ്മിയാൽ പോലും മരണത്തെ വരിക്കാൻ ഈ പേടകം സഹായിക്കുമെന്നാണ് ഡോ. ഡെത്ത് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ വാദം. ബെൽജിയം, കാനഡ, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, സ്പെയിൻ, ആസ്‌ട്രേലിയ, അമേരിക്കയിലെ ചില ഭാഗങ്ങളിൽ ഫിസിഷ്യൻ അസിസ്റ്റഡ് സൂയിസൈഡ് അംഗീകൃതമാണ്.

ഡോ. ഫിലിപ്പ് നിഷ്‍കെ

മരണത്തെ നമ്മൾ എന്തിനാണ് ഇത്ര ഭയക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അന്നന്ന് ജീവിക്കാൻ മറന്നു പോകുന്ന നമ്മൾ എന്നാൽ മരണം സുഖകരം ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഉറക്കത്തിലെ മരണം, വേദന അറിയാത്ത മരണം, കിടന്നു നരകിക്കാത്ത മരണം, ഒരു നിമിഷത്തിനുള്ളിലെ മരണം. ഇതൊക്കെയാണ് പലരും ആഗ്രഹിക്കുന്ന മരണരീതികൾ. മരിച്ചാൽ എന്ത് വേണം എന്നും പ്ലാൻ ചെയ്യുന്നവരാണ് നമ്മൾ. ലൈഫ് ഇൻഷുറൻസ് പോളിസികളും ഹെൽത്ത് കെയർ പോളിസികളുമെല്ലാം ജീവിതത്തെ പോലെ മരണത്തെയും മരണാനന്തര അവസ്ഥകളെയും നിയന്ത്രിക്കാനുള്ള മനുഷ്യന്റെ ആഗ്രഹമാണ് വെളിവാക്കുന്നത്. 

ജനനമോ നമ്മുടെ നിയന്ത്രണത്തിൽ അല്ല, മരണമെങ്കിലും നമ്മുടെ നിയന്ത്രണത്തിൽ ആയിരുന്നാൽ കൊള്ളാമായിരുന്നു എന്നൊരു ആഗ്രഹം നമ്മളിൽ പലർക്കുമുണ്ടാവില്ലേ. എന്നാൽ, ഈ ജീവിതത്തെ തിരസ്ക്കരിയ്ക്കാനുള്ള അവകാശം മനുഷ്യനില്ല എന്ന് സാമൂഹികപരമായും, മനശാസ്ത്രപരമായും, മതപരമായും, നിയമപരമായുമൊക്കെ നമ്മൾ വാദിക്കുന്നു. ആത്മഹത്യ ഒരു മാനസികാരോഗ്യ പ്രശ്നമായാണ് നമ്മൾ പരിഗണിക്കുകയും അതിനെ സമീപിക്കുകയും ചെയ്യുന്നത്. ആത്മഹത്യാശ്രമം മുൻപ് കുറ്റമായാണ് കണക്കാക്കിയിരുന്നതെങ്കിൽ പുതിയ മെന്റൽ ഹെൽത്ത് കെയർ 2017 -ലെ നിയമപ്രകാരം കുറ്റം എന്ന ലേബൽ മാറ്റി മാനസികാരോഗ്യ പരിരക്ഷ വേണ്ട ഒരു വിഷയമായി പരിഗണിച്ചിരിക്കുന്നു.

താൻ ആഗ്രഹിക്കുന്ന തരത്തിലുള്ള മരണത്തിന് വ്യക്തിക്ക് അവകാശമുണ്ടോ? ചില അന്തമില്ലാത്ത രോഗപീഢകളിൽ നിന്ന് രക്ഷപ്പെടാൻ euthanasia രോഗിയുടെ അവകാശമല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങൾ പ്രസക്തമായ കാലഘട്ടമാണിത്. തനിക്കിന്ന രോഗം വന്നാൽ അത് മാനസികമാണെങ്കിൽ പോലും നിലവിലുള്ള ഏത് തരം ചികിത്സ നല്കാം, ഏത് നല്കാൻ പാടില്ല എന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തിക്ക് advance directive മുഖാന്തരം രേഖപ്പെടുത്താവുന്നതാണ്. Do not resuscitate (DNR) എന്ന് രേഖപ്പെടുത്തിയിട്ടുണ്ടങ്കിൽ ജീവിതത്തെ ദൈർഘ്യപ്പെടുത്താനുള്ള അവസാന ഘട്ടങ്ങളിലെ വൈദ്യ ഇടപെടൽ വരെ ഒഴിവാക്കാൻ വ്യക്തിക്ക് കഴിയും. 

എന്നാൽ, മരണം സംഭവിക്കണമെങ്കിൽ അത് ആശുപത്രി കിടക്കയിൽ ട്യൂബുകളുടെ നടുക്ക് നിസഹായനായി വേണമെന്നാണ് ഇപ്പോഴത്തെ പൊതുബോധം. തനിക്ക് പ്രിയപ്പെട്ടവരുടെ നടുക്ക്, തനിക്ക് പ്രിയപ്പെട്ട ഇടത്തിൽ ഈ ജീവിതത്തിൽ നിന്ന് കടന്ന് പോകാൻ നമ്മൾ ആരെയും അനുവദിക്കില്ല എന്നതാണ് സത്യം. പലരും ICU -വിന്റെ കോച്ചുന്ന തണുപ്പിൽ അടുപ്പമുള്ളവർക്ക് കാണാനാവാതെ അബോധാവസ്ഥയിൽ ഈ ലോകത്തോട് വിട പറയും. ജീവിതത്തോട് മാന്യമായൊരു വിട ചൊല്ലലിന് മനുഷ്യന് അവകാശമില്ലെന്ന് തന്നെ പറയാം. 

മനശാസ്ത്രപരമായി എല്ലാവരിലും ജീവനെ പ്രാപിക്കുന്ന 'life instinct' പോലെ മരണത്തെ പുൽകാനുമുള്ള 'death instinct' വെമ്പലും ഉണ്ടെന്ന് ഫ്രോയ്ഡ് പറഞ്ഞിരിക്കുന്നു. 'Beyond the pleasure principle' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ പ്രണയത്തിന്റെ ഗ്രീക്ക് ദേവനായ ഇറോസ് എന്ന പേരിലാണ് Life instinct -നെ ഫ്രൊയ്ഡ് പറഞ്ഞിരിക്കുന്നത്. സ്വയം നശിപ്പിക്കാനോ നാശമുണ്ടാക്കാനോ ഉള്ള മനുഷ്യന്റെ വ്യഗ്രതയെ death instinct എന്ന് പറഞ്ഞിരിക്കുന്നു. Death instinct ന് thanatos എന്ന പേര് അതിനും മുന്നെ Wilhem Stelkel 1909 -ലെ നല്കിയിരുന്നു. ഈ താനറ്റോസ് എന്ന സങ്കല്പത്തിൽ നിന്നാണ് ലോകജനതയെ ഒരു ഞൊടിപ്പിൽ പകുതിയായി കുറച്ച താനോസ് എന്ന അവെഞ്ജേഴ്സ് വില്ലൻ വരെ ഉണ്ടായിരിക്കുന്നത്. മനുഷ്യരിൽ സ്വയം നശിപ്പിക്കാനോ നാശം വിതയ്ക്കാനോ തോന്നിപ്പിക്കുന്ന 'aggression drive' ഉണ്ടെന്ന് Alfred Adler -ഉം പറഞ്ഞിട്ടുണ്ട്. ആത്മഹത്യ സംഭവിക്കുന്നത് ഈ ഡെത്ത് ഡ്രൈവ് തന്നിലേക്ക് തന്നെ തിരിയുമ്പോഴാണ്. 

Emile Durkhiem എന്ന പ്രശസ്ത സോഷ്യോളജിസ്റ്റ് 'Le Suicide' എന്ന പുസ്തകത്തിൽ ആത്മഹത്യകൾ മനശാസ്ത്രപരമായ കാരണങ്ങൾ കൊണ്ട് മാത്രമല്ല സാമൂഹികപരമായ കാരണങ്ങൾ കൊണ്ടാണെന്ന് പറഞ്ഞിരിക്കുന്നു. എല്ലാ സമൂഹങ്ങളിലും ആത്മഹത്യ ഉണ്ടെന്ന് പറഞ്ഞ ഡുർക്കീം നാലുതരം ആത്മഹത്യകളെ പറ്റി പറഞ്ഞിരിക്കുന്നു. ചുറ്റുമുള്ള സമൂഹത്തിൽ സ്ഥാനമില്ല, ഒറ്റപ്പെട്ടു എന്നൊക്കെ തോന്നുമ്പോൾ സംഭവിക്കുന്ന ആത്മഹത്യയെ 'egoistic suicide' എന്നും മറ്റുള്ളവർക്ക് വേണ്ടി സ്വയം ഹോമിക്കുന്നതിനെ 'altruistic suicide' എന്ന് പറയുന്നു. യുദ്ധത്തിൽ പടയാളികൾക്ക് ഇത്തരം മാനസികാവസ്ഥയാണ് ഉടലെടുക്കുന്നത്. സാമ്പത്തിക നഷ്ടം പോലുള്ള സ്വന്തം നിലനില്പ് അവതാളത്തിൽ ആകുമ്പോൾ സംഭവിക്കുന്നത് 'Anomic suicide' ആണെങ്കിൽ സാമൂഹിക വ്യവസ്ഥിതിയുടെ പീഡനം കാരണം മരണം സംഭവിക്കുന്നത് 'fatalistic suicide' എന്നാണ് പറഞ്ഞിരിക്കുന്നത്. സ്ത്രീധന പീഡനത്തിൽ സംഭവിക്കുന്ന മരണങ്ങൾ, അടിച്ചമർത്തലുകളിൽ സംഭവിക്കുന്ന ആത്മഹത്യയൊക്കെ ഈ ഗണത്തിൽ പെടുത്താം. 

അപ്പോൾ ചുറ്റുമുള്ള സമൂഹം ഒരു വ്യക്തിയുടെ സ്വയം നശിപ്പിക്കാനുള്ള ത്വരയെ പ്രേരിപ്പിക്കാമെങ്കിലും വ്യക്തിയ്ക്ക് തോന്നുന്ന രണ്ട് ഘടകങ്ങൾ കൂടി പ്രധാനമാണ്. താനാരുടെയൊക്കെയോ സ്വന്തമാണെന്ന belongingness need ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. വ്യക്തി ബന്ധങ്ങൾക്ക് അതിനാൽ വളരെ പ്രാധാന്യമുണ്ട്. അതുപോലെ തന്നെയാണ് സാമൂഹികബന്ധങ്ങളും അവയെ ഇണക്കുന്ന കണ്ണികളും. Connectedness ആണ് പലരെയും ജീവിതത്തോട് ചേർത്ത് നിർത്തുന്നത്. ഒറ്റപ്പെട്ട്, ബന്ധങ്ങൾ അറ്റ് പോകുന്നെന്ന് തോന്നുമ്പോഴാണ് ചിലർ മരണത്തെ പ്രണയിച്ചു തുടങ്ങുന്നത്. സ്വയം സ്നേഹിക്കാൻ കഴിയാതെ വരുമ്പോഴാണ് ചിലർ exit -കൾ തിരഞ്ഞു തുടങ്ങുന്നത്. ഈ ലോകത്തിന്റെ മാസ്മരികത കാണാനോ ഈ ജീവിതത്തിന്റെ താളം തൊടാനോ കഴിയാതെ പോകുന്നവർ. 

കാലം തെറ്റിയെത്തുന്ന, അപ്രതീക്ഷിത മരണങ്ങൾ തീരാനഷ്ടമാണ്, എല്ലാ തലത്തിലും ആഘാതം തന്നെയാണ്. ജീവിച്ചിരിക്കുന്നവർക്കാണ് ആ വ്യഥ താങ്ങേണ്ടി വരുന്നത്. ജീവിതത്തോട് വിട പറയേണ്ട നിമിഷങ്ങൾ എത്തുമ്പോൾ അത് കാലത്തിനും പ്രകൃതിക്കും ശാസ്ത്രത്തിനുമാണ് തീരുമാനിക്കാൻ നമ്മൾ വിട്ട് കൊടുക്കുക. എന്നാൽ, വ്യക്തിക്ക് സ്വന്തം എക്സ്പയറി ഡേറ്റ് തീരുമാനിക്കാനുള്ള അർഹതയില്ലേ എന്ന ചോദ്യത്തിന് ഉത്തരമാണോ ഈ സൂയിസൈഡ് പോഡുകൾ?! ചില പ്രത്യേക സാഹചര്യങ്ങളിലെങ്കിലും വെന്റിലേറ്ററിലുള്ള വ്യക്തിയെ കൂടൊഴിയാൻ അനുവദിക്കുന്ന പോലെ തന്നെ ഒരു വ്യക്തിക്ക് തീരുമാനിച്ചുറച്ച മരണവും അവകാശമല്ലേ എന്നിവിടെ ചിന്തകൾ കാട് കയറുന്നു. ജനനം പോലെ മരണവും സ്വീകരിക്കപ്പെടേണ്ടതല്ലേ.

ഈ ജീവിതത്തിന് വില കല്പിക്കാതെ, തോന്നുമ്പോൾ exit അടിക്കാനുള്ളതോ, ആത്മഹത്യ ഒന്നിനും ഒരു പരിഹാരമോ അല്ലെന്നതിൽ തർക്കമില്ല. എന്നാൽ എല്ലാമായി എന്ന തൃപ്തിയിൽ, ഇനി മുന്നോട്ടുള്ള വഴി തനിക്കുള്ളതല്ലാ എന്ന് തോന്നുമ്പോൾ, ഈ ഒരു നിമിഷം വരെ മതി എന്ന് തോന്നുമ്പോൾ, വഴിയിൽ മുടന്താനോ, വീണു പോകാനോ, കിടന്നു പോകാനോ, ബാധ്യത ആകാനോ ആഗ്രഹിക്കാത്തൊരു നിമിഷം അങ്ങനെ ഒന്നു സ്വിച്ച് ഓഫായി ശാന്തമായി വിട പറയാൻ ഒരവസരം ലഭിക്കുമെങ്കിൽ. ഞാനോ നിങ്ങളോ അത് സ്വീകരിക്കുമോ?! 

'The aim of all life is death' എന്ന പ്രശസ്തമായ വാക്യം പറഞ്ഞത് ഫ്രോയ്ഡ് ആണ്. ഓരോ നിമിഷവും മരണം അടുത്തടുത്ത് തന്നെ വരും. ഇവിടം വിട്ടു പോകുമ്പോൾ നമ്മുടേതായൊരു കൈയൊപ്പ് അവശേഷിപ്പിക്കുമ്പോഴാണ് അമരത്വം. മനസുകളിൽ ഓർമ്മകൾ ആയി അവശേഷിക്കുമ്പോഴാണ് ചിരഞ്ജീവിത്വം. അനാഥത്വം എന്ന മനുഷ്യന്റെ വലിയ വേദനയിൽ നിന്നുള്ള ഒളിച്ചോട്ടമാണ് പലപ്പോഴും ആത്മഹത്യകൾ. പല്ലും നഖവും ഉപയോഗിച്ച് ഈ ജീവിതത്തിൽ വിലപ്പെട്ട എല്ലാത്തിനെയും ഉടുമ്പ് പോലെ പിടിച്ചു കിടക്കുക എന്ന മനസ്സ് തന്നെ വേണം ആത്മസംഘർഷങ്ങളെ അതിജീവിക്കാൻ.

ആത്മഹത്യ പെട്ടികൾ glorified gas chamber -കൾ ആകാതെ ഒരു Graceful End of life Exit ആകുമോ എന്ന് ഈ സാർക്കോ പോഡുകളിലൂടെ കാലം തെളിയിക്കട്ടെ.

NB: Suicide is not to be glorified, Suicide is preventable. Suicide attempts are a cry for help.