യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ, അഫ്ഗാനിസ്ഥാന്റെ ടൂറിസ്റ്റ് സൈറ്റുകളുടെ ചരിത്രത്തെ കുറിച്ച് ഗവേഷണം നടത്താൻ ഫാത്തിമയ്ക്ക് ഒരു അവസരം ലഭിച്ചു. അവൾ അതിനായി ഹെറാത്ത് നഗരം തെരഞ്ഞെടുത്തു. ഫാത്തിമ ഒരു ഓൺലൈൻ ട്രാവൽ ഡയറി ഗ്രൂപ്പിൽ ഇതിനെക്കുറിച്ച് എഴുതാൻ തുടങ്ങി.
അഫ്ഗാനിസ്ഥാനി(Afghanistan)ലെ ആദ്യത്തെ വനിതാ ടൂർ ഗൈഡാണ്(first female tour guide) 23 -കാരിയായ ഫാത്തിമ ഹൈദരി. എന്നാൽ, സ്വപ്നങ്ങളുടെ പുറകെയുള്ള അവളുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. എതിർപ്പുകളും, അപമാനങ്ങളും എല്ലാം വഴിയിൽ മുള്ളുകളായി. എന്നിട്ടും പക്ഷേ അവൾ വിജയത്തിലേക്ക് നടന്ന് കയറുക തന്നെ ചെയ്തു. “ഞാൻ ഒരു ടൂർ ഗൈഡാകാൻ തീരുമാനിച്ച വിവരം എന്റെ മാതാപിതാക്കളോട് ആദ്യം പറഞ്ഞപ്പോൾ എന്റെ അച്ഛൻ എന്നോട് ദേഷ്യപ്പെട്ടു," ഫാത്തിമ പറയുന്നു. "ഫാത്തിമ, നിനക്ക് ഭ്രാന്താണോ? നീ തന്നെ നിന്റെ കുഴി തോണ്ടുവാണോ? ഇത് അപകടം പിടിച്ച പണിയാണ്. നീ ഒരു പെൺകുട്ടിയാണ്, നിനക്ക് ഇത് ചെയ്യാൻ കഴിയില്ല" അവളുടെ അച്ഛൻ അവളോട് പറഞ്ഞു. എന്നാൽ, സ്വപ്നങ്ങളെ പിന്തുടരുന്നതിൽ നിന്ന് ഫാത്തിമയെ ആർക്കും, ഒന്നിനും തടയാനായില്ല.
ഘോർ പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഫാത്തിമ 10 വയസ്സ് വരെ ജീവിച്ചത്. അവിടെ പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ അവസരമില്ലായിരുന്നു. ആൺകുട്ടികൾ പോലും ക്ലാസ് മുറിക്ക് പകരം നദിക്കരയിലെ ചില മരത്തണലുകളിൽ ഇരുന്നാണ് പഠിച്ചിരുന്നത്. ഏഴ് സഹോദരങ്ങളിൽ ഇളയവളായ അവൾക്ക് ആടുകളെയും പശുക്കളെയും നോക്കുന്ന ജോലിയായിരുന്നു. എന്നാൽ അവളുടെ മനസ്സിൽ പഠിക്കണം എന്ന ആഗ്രഹം ആഴത്തിൽ വേരൂന്നിയിരുന്നു. ഗ്രാമത്തിൽ സ്കൂൾ കെട്ടിടം ഇല്ലായിരുന്നു എന്നത് ഫാത്തിമയ്ക്ക് അനുഗ്രഹമായി. പശുക്കളെയും ആടുകളെയും നദിക്കരയിലുള്ള മേച്ചിൽപ്പുറങ്ങളിൽ അവൾ മേയാൻ വിട്ടു. എന്നിട്ട് മരത്തണലുകളിൽ ഇരുന്ന് അധ്യാപകർ ആൺകുട്ടികളെ പഠിപ്പിച്ചിരുന്നത് അവൾ ഒളിച്ച് നിന്ന് കേട്ടു.
10 വയസ്സുള്ളപ്പോൾ, അവളും അവളുടെ കുടുംബവും ആ നാട് ഉപേക്ഷിച്ച് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഒരു പ്രധാന നഗരമായ ഹെറാത്തിലേക്ക് മാറി. ജനലുകളോ വാതിലുകളോ ഇല്ലാത്ത ഒരു പഴയ വീട്ടിൽ അവർ താമസമാക്കി. “എന്റെ അച്ഛൻ ഒരു സാധാരണ തൊഴിലാളി മാത്രമായിരുന്നു. പട്ടിണി കിടന്ന് മരിക്കാതിരിക്കാനുള്ളത് മാത്രം അദ്ദേഹം ഞങ്ങൾക്ക് കൊണ്ടുവന്ന് തന്നു” ഫാത്തിമ വിശദീകരിക്കുന്നു. എന്നാൽ, അവിടെ എത്തിയിട്ടും പഠിക്കാനുള്ള ആഗ്രഹം അവളെ വിട്ടു പോയില്ല. ഔപചാരിക രേഖകളില്ലാതെ അവൾക്ക് സർക്കാർ സ്കൂളിൽ ചേരാൻ കഴിഞ്ഞില്ല. പണമില്ലാത്ത അവൾക്ക് ഒരു സ്വകാര്യ സ്കൂളിലും പ്രവേശനം ലഭിച്ചുമില്ല. മൂന്നു വർഷത്തോളം വീട്ടിൽ കരകൗശലവസ്തുക്കൾ ഉണ്ടാക്കി വിറ്റ് അവൾ പുസ്തകങ്ങൾ വാങ്ങാനുള്ള പണം കണ്ടെത്തി.
പെൺകുട്ടികൾ മനോഹരമായ യൂണിഫോം ധരിച്ച് സ്കൂളിൽ പോകുന്നത് അവൾ കണ്ണീരോടെ നോക്കി നിന്നു. "എന്തുകൊണ്ടാണ് എനിക്ക് പോകാൻ കഴിയാത്തത്? ഞാനും അവരും തമ്മിലുള്ള വ്യത്യാസം എന്താണ്?’’ ഫാത്തിമ ഓർത്തു. പഠിക്കണമെന്ന വാശി അവളിൽ കൂടുതൽ തീവ്രതയോടെ വളർന്നു. രാവും പകലും ഇരുന്ന് കരകൗശലവസ്തുക്കൾ ഉണ്ടാക്കി അവൾ വിൽക്കാൻ തുടങ്ങി. ഒടുവിൽ, സ്‌കൂളിൽ പോകാനുള്ള പണം സ്വരൂപിച്ചു. സ്കൂളിൽ, ഫാത്തിമ നന്നായി പഠിച്ചു. അഭയാർത്ഥി പെൺകുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു പ്രോഗ്രാമിൽ പങ്കെടുത്തു. എട്ട് മാസത്തിനുള്ളിൽ, അവൾ നന്നായി സംസാരിക്കുകയും ഇംഗ്ലീഷ് ടീച്ചിംഗ് അസിസ്റ്റന്റാകാൻ സ്കൂൾ അവളെ ക്ഷണിക്കുകയും ചെയ്തു.
ഇതിലൂടെ ലഭിച്ച പണം കൊണ്ട് സ്കൂളിൽ തുടർന്ന് പഠിക്കാനും, ആവശ്യമായ പുസ്തകങ്ങൾ വാങ്ങാനും അവൾക്ക് കഴിഞ്ഞു. അവൾ കൂടുതൽ കഷ്ടപ്പെട്ട് പഠിക്കാൻ ആരംഭിച്ചു. ഒടുവിൽ അവൾ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷയിൽ വിജയിച്ചു. ഫാത്തിമ തെരഞ്ഞെടുത്ത മേഖല പത്രപ്രവർത്തനമായിരുന്നു. എന്നാൽ, അവളുടെ മാതാപിതാക്കൾക്ക് അത് അത്ര ബോധിച്ചില്ല. അവളുടെ അച്ഛന് അവളെ ഒരു ഡോക്ടറാകണം എന്നായിരുന്നു മോഹം. പത്രപ്രവർത്തനം ആൺകുട്ടികൾക്കുള്ളതാണ് അവർ പറഞ്ഞു. എന്നാൽ അവൾ അതൊന്നും ചെവികൊണ്ടില്ല.
യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ, അഫ്ഗാനിസ്ഥാന്റെ ടൂറിസ്റ്റ് സൈറ്റുകളുടെ ചരിത്രത്തെ കുറിച്ച് ഗവേഷണം നടത്താൻ ഫാത്തിമയ്ക്ക് ഒരു അവസരം ലഭിച്ചു. അവൾ അതിനായി ഹെറാത്ത് നഗരം തെരഞ്ഞെടുത്തു. ഫാത്തിമ ഒരു ഓൺലൈൻ ട്രാവൽ ഡയറി ഗ്രൂപ്പിൽ ഇതിനെക്കുറിച്ച് എഴുതാൻ തുടങ്ങി. അവളുടെ പോസ്റ്റുകൾ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. അധികം താമസിയാതെ തങ്ങളെ നഗരം ചുറ്റികാണിക്കാമോ എന്ന് ചോദിച്ച് വിനോദസഞ്ചാരികൾ അവൾക്ക് സന്ദേശങ്ങൾ അയച്ചു. അവളുടെ കഴിവും, നഗരത്തെക്കുറിച്ചുള്ള അറിവും മനസ്സിലാക്കിയ ഒരു ട്രാവൽ കമ്പനിയായ അൺടേംഡ് ബോർഡേഴ്സ് അവളുമായി ബന്ധപ്പെട്ടു. അവൾക്ക് ഒരു ടൂർ ഗൈഡായി ജോലി ചെയ്യാമോ എന്നവർ അവളോട് ചോദിച്ചു. അങ്ങനെ അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ വനിതാ ടൂർ ഗൈഡായി ഫാത്തിമ മാറി. എന്നാൽ ഇതിനോടൊപ്പം മറ്റ് സ്ത്രീകളെ ശാക്തീകരിക്കാനും ഫാത്തിമ മറന്നില്ല.
ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം, യുവതികളെയും പെൺകുട്ടികളെയും ഇംഗ്ലീഷ് പഠിപ്പിക്കാൻ സഹായിക്കുന്ന ഒരു സംഘടന അവൾ ആരംഭിച്ചു. അതോടൊപ്പം, വിന്നർ വിമൻ എന്ന റേഡിയോ ഷോയും ഫാത്തിമ അവതരിപ്പിച്ചിരുന്നു. അത് മിടുക്കികളായ സ്ത്രീകളുടെ പ്രചോദനാത്മകമായ കഥകൾ പങ്കുവച്ചു. എന്നാൽ, 2021-ൽ താലിബാൻ അധികാരം ഏറ്റെടുത്തപ്പോൾ അവൾക്ക് രാജ്യം വിടേണ്ടി വന്നു. ഇപ്പോൾ ഇറ്റലിയിലാണ് ഫാത്തിമ താമസിക്കുന്നത്. അവൾ പഠനം തുടരുകയും, ഗവേഷണം നടത്തുകയും, ലോകം ചുറ്റി സഞ്ചരിക്കുകയും ചെയ്യുന്നു.
എന്നാൽ അവൾക്ക് ഇന്നും ജനിച്ചു വളർന്ന മണ്ണിൽ ജീവിക്കാനാണ് ആഗ്രഹം. സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ കഴിയുന്ന ദിവസത്തിനായി അവൾ കാത്തിരിക്കുകയാണ്. ഫാത്തിമയ്ക്ക് ഇനിയും കുറെ സ്വപ്നങ്ങളുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെക്കുറിച്ചുള്ള കഥകൾ പുറത്ത് കൊണ്ടുവരുന്ന ഒരു പത്രപ്രവർത്തകയാവുക, സ്വന്തമായി ഒരു ടൂറിസം കമ്പനി സ്ഥാപിക്കുക, വനിതാ ടൂർ ഗൈഡുകളെ പരിശീലിപ്പിക്കുക ഇതെല്ലാം അവളുടെ ആഗ്രഹങ്ങളാണ്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താൻ എന്നെങ്കിലും തനിക്കൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവൾ ഇപ്പോൾ.
