Asianet News MalayalamAsianet News Malayalam

സ്വന്തം നാടുവിട്ടെത്തി, ഒരു നാടിന് ജീവിതം തിരികെ കൊടുത്തു, ഒടുവില്‍ ആ മനുഷ്യസ്നേഹി കൊല്ലപ്പെട്ടത് അഫ്‍ഗാനിസ്ഥാനില്‍വെച്ച് വെടിയേറ്റ്

 “അദ്ദേഹം ഞങ്ങൾക്ക് ജീവിതം എന്തെന്ന് കാണിച്ചുതന്നു. ഞങ്ങളുടെ ഭൂമിയെ നന്നാക്കിയെടുത്തു. അദ്ദേഹം ഞങ്ങൾക്ക് ഒരു നേതാവായിരുന്നു.”

life of Dr. Tetsu Nakamura
Author
Afghanistan, First Published Dec 8, 2019, 12:38 PM IST

1980 -കളിൽ അഫ്‍ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും കുഷ്ഠരോഗികൾക്ക് ചികിത്സ നൽകാനായാണ്  ഡോ. ടെറ്റ്സു നകമുര ജപ്പാനിലെ സ്വന്തം വീടുപേക്ഷിച്ചത്. അദ്ദേഹം സഹായിച്ച ആളുകൾ അദ്ദേഹത്തെ സ്നേഹത്തോടെ 'അങ്കിൾ മുറാദ്' എന്ന് വിളിച്ചു. എന്നാൽ, വെറുമൊരു ഡോക്ടര്‍ മാത്രമായിരുന്നില്ല അദ്ദേഹം. ആ നാട്ടിലെ ജനങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു പ്രതീക്ഷ കൂടി നല്‍കിയ ആളാണ്. അന്നുവരെ ആ നാട് നേരിട്ടുകൊണ്ടിരുന്ന ഒരു വലിയ പ്രശ്‍നത്തിനാണ് അദ്ദേഹം പരിഹാരം കണ്ടെത്തിയത്.

അവിടെയെത്തിയ അദ്ദേഹം ആയിരക്കണക്കിനാളുകൾ കഠിനമായ വരൾച്ചയിൽ മരണപ്പെടുന്നുവെന്ന് മനസ്സിലാക്കി. അതിന് ഡോക്ടര്‍ പരിഹാരം കണ്ടത് ജലസേചനം വഴിയാണ്. പഴയ ജാപ്പനീസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വരൾച്ച മൂലം കഷ്ടപ്പെടുന്ന ഗ്രാമീണർക്കായി കനാലുകളുടെ ഒരു ശൃംഖലതന്നെ അദ്ദേഹം നിർമ്മിച്ചു. അത് ഒരു ദശലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് വലിയ ആശ്വാസമായി. "സാധാരണയായി ഒരു ഡോക്ടർ ഒരു സമയം ഒരു രോഗിയെയാണ് ചികിൽസിക്കുന്നത്. ഇത് പക്ഷേ ഒരു ഗ്രാമത്തിന് മുഴുവൻ സഹായകമായി” ഡോക്ടർ നകമുര പറഞ്ഞു. ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു ഗ്രാമത്തെ ഞാൻ കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പക്ഷേ, ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഒരു നാടിനു മുഴുവൻ ജീവിതം കൊടുത്ത ഡോ. നകമുര ഒടുവിൽ വെടിയേറ്റ് മരിക്കുകയായിരുന്നു. ജോലിക്ക് പോകുന്നതിനിടെ ഡോ. നകമുരയെ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ വച്ച് ഒരു കൂട്ടം തോക്കുധാരികൾ ആക്രമിച്ചു. അദ്ദേഹത്തിന് 73 വയസ്സായിരുന്നു കൊല്ലപ്പെടുമ്പോള്‍ പ്രായം. അദ്ദേഹത്തിന്‍റെ കൂടെ ജോലിചെയ്‍തിരുന്ന അഞ്ച് പേര്‍കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഡോ. നകമുരയ്ക്ക് മാരകമായി പരിക്കേറ്റു.

പരിക്കേറ്റ അദ്ദേഹത്തിനെ നംഗർഹാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്‍റെ ശരീരത്തില്‍ വെടിയേറ്റ് നിരവധി മുറിവുകളുണ്ടായിരുന്നു. അവിടെവച്ചുതന്നെ അദ്ദേഹം ഒരു ശസ്ത്രക്രിയക്ക് വിധേയനായി. അതിനുശേഷം കൂടുതൽ സൗകര്യങ്ങളുള്ള ബാഗ്രാമിലെ അമേരിക്കൻ സൈനിക താവളത്തിലേക്ക് അദ്ദേഹത്തെ മാറ്റാൻ തീരുമാനിച്ചു. പക്ഷേ, അവിടേക്ക് പോകുന്ന വഴി ഡോ. നകമുര മരിക്കുകയാണുണ്ടായത്.

life of Dr. Tetsu Nakamura

അഫ്ഗാനിസ്ഥാനിലെ സാമൂഹ്യ സേവകരെ ലക്ഷ്യം വച്ചുള്ള ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ഒരാഴ്ച മുൻപാണ് ഐക്യരാഷ്ട്രസഭയിൽ ജോലി ചെയ്യുന്ന ഒരു അമേരിക്കക്കാരൻ തലസ്ഥാനമായ കാബൂളിൽ വെച്ചുണ്ടായ ഒരു സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഡോ. നകമുരയുടെ കൊലപാതകം തീർത്തും ക്രൂരമായിരുന്നു. അഫ്ഗാനിസ്ഥാനെ ഇത് ദുഃഖത്തിലാഴ്ത്തി. ഒരു തീവ്രവാദ ഗ്രൂപ്പും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മുന്നോട്ടു വന്നിട്ടില്ല. എന്നാൽ, താലിബാന് ഇതിൽ പങ്കില്ലെന്ന് താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദ് പറയുകയുണ്ടായി.

സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ സമാധാന പ്രതിനിധി സൽമൈ ഖലീൽസാദ് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ്പുമായി ഒത്തുതീർപ്പു ചർച്ചകൾ നടത്താനായി തീരുമാനിച്ചിരുന്നു. ഈ വാർത്ത വന്നതും കൊലപാതകം നടന്നതും ഒരേദിവസമായിരുന്നു. പിന്നീട് പ്രസിഡന്‍റ് ട്രംപ് തീരുമാനം പിൻവലിക്കുകയും ചെയ്തു.

ഡോ. നകമുരയുടെ മരണം ഏറ്റവും കൂടുതൽ ബാധിച്ചത് നംഗർഹാറിലെ ഖേവ എന്ന ജില്ലയെയാണ്. അദ്ദേഹത്തിന്‍റെ സംഘടനയായ പീസ് ജപ്പാൻ മെഡിക്കൽ സർവീസസിന്‍റെ ഭൂരിഭാഗം പ്രവർത്തനങ്ങളും ഈ മേഖലയെ കേന്ദ്രീകരിച്ചായിരുന്നു. “അദ്ദേഹം ഞങ്ങൾക്ക് ജീവിതം എന്തെന്ന് കാണിച്ചുതന്നു. ഞങ്ങളുടെ ഭൂമിയെ നന്നാക്കിയെടുത്തു. അദ്ദേഹം ഞങ്ങൾക്ക് ഒരു നേതാവായിരുന്നു.” ഖേവ നിവാസിയായ ഹാമിദുള്ള ഹാഷെമി പറഞ്ഞു. “എന്‍റെ ഏറ്റവും അടുത്ത കുടുംബാംഗത്തെ കൊന്നതുപോലെയാണ് എനിക്ക് തോന്നുന്നത്.” എന്നും അദ്ദേഹം പറയുന്നു. 

ഒക്ടോബറിൽ ഡോ. നകമുരയുടെ സേവനങ്ങൾക്ക് ഓണററി പൗരത്വം നൽകിയ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനി സംഭവത്തിൽ അതിയായ ഖേദം പ്രകടിപ്പിക്കുകയും കുറ്റവാളികളെ കണ്ടെത്താൻ സുരക്ഷാ ഏജൻസികളോട് ആവശ്യപ്പെടുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഒരുപിടി സാമൂഹ്യ പ്രവർത്തകരിൽ ഒരാളാണ് ഡോ. നകമുര. 1980 -കളിൽ ആരംഭിച്ച പതിറ്റാണ്ടുകൾ നീണ്ട യുദ്ധവും പ്രക്ഷുബ്ധതയും രാജ്യത്തെ ഛിന്നഭിന്നമാക്കി. ഈ സാഹചര്യം സാമൂഹ്യപ്രവർത്തകർക്ക് രാജ്യവുമായി നിരന്തരം ബന്ധം പുലർത്താൻ വഴിയൊരുക്കി.

1946 -ൽ ജപ്പാനിൽ ജനിച്ച അദ്ദേഹം കിഴക്കൻ അഫ്ഗാനിസ്ഥാനിലേക്ക് വന്നത് മുപ്പതുകളുടെ തുടക്കത്തിലായിരുന്നു. 2003 -ൽ ഏഷ്യയിലെതന്നെ ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തനത്തിനുള്ള റാമോൺ മഗ്‌സേസെ അവാർഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. അപ്പോൾ പ്രസിദ്ധീകരിച്ച ഒരു ജീവചരിത്രത്തിൽ എഴുത്തുകാരന്‍ ഇങ്ങനെ കുറിച്ചിരുന്നു, 'അദ്ദേഹത്തിന് പ്രാണികളെ ശേഖരിക്കുന്ന ഒരു വിനോദം ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇടക്കുള്ള പർവത അതിർത്തി പ്രദേശത്തുള്ള പ്രാണികളെ കുറിച്ച് മനസിലാക്കാനായിരുന്നു അദ്ദേഹം അവിടെ വന്നത്. എന്നാൽ അവിടെ എത്തിയപ്പോൾ അദ്ദേഹത്തിന്‍റെ സേവനം അവിടെ ആവശ്യമുണ്ടെന്നു ബോധ്യപ്പെടുകയായിരുന്നു.'

ഡോ. നകമുര എന്ന മനുഷ്യസ്നേഹി

മെഡിക്കൽ സ്‍കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഡോ. നകമുര പാകിസ്താൻ അതിർത്തി നഗരമായ പെഷവാറിലേക്ക് മടങ്ങി. അവിടെ അദ്ദേഹം സോവിയറ്റ് യുദ്ധത്തിൽ നിന്ന് പലായനം ചെയ്ത നാട്ടുകാരെയും അഫ്ഗാൻ അഭയാർഥികളെയും ചികിത്സിക്കുന്നതിനായി ക്ലിനിക്കുകൾ സ്ഥാപിച്ചു. കിഴക്കൻ അഫ്ഗാൻ പ്രവിശ്യയായ നംഗർഹറിൽ കടുത്ത വരൾച്ച ബാധിച്ചപ്പോഴാണ് അദ്ദേഹം ആ പ്രദേശത്ത് ക്ലിനിക്കുകൾ തുറന്നത്. ശുദ്ധജല സ്രോതസ്സുകൾ കുറവായതിനാൽ അദ്ദേഹത്തിന്‍റെ  രോഗികൾക്ക് പോഷകാഹാരക്കുറവ് മാത്രമല്ല, അതിസാരവും പിടിപെട്ടു.  

പ്രാദേശിക ഭാഷയായ പാഷ്ടോ സംസാരിക്കാൻ പഠിച്ച ഡോ. നകമുര തുടക്കത്തിൽ നൂറുകണക്കിന് കിണറുകൾ ശുദ്ധജലത്തിനായി കുഴിച്ച് സ്ഥിതി മെച്ചപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും അതുകൊണ്ട് പ്രതീക്ഷിച്ച ഫലം  ഉണ്ടായില്ല. “പട്ടിണി, വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുമൂലം സാധിക്കില്ല” ഡോ. നകമുര തന്‍റെ അവസാന അഭിമുഖങ്ങളിലൊന്നിൽ പറഞ്ഞു. “വൈദ്യശാസ്ത്രത്തിന്‍റെ  ഇടുങ്ങിയ മേഖലയെ മറികടന്ന് ആളുകൾക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി.” അദ്ദേഹം പറഞ്ഞു.

അതിനാൽ വരണ്ട പ്രദേശങ്ങളിൽ ജലം ലഭ്യമാക്കാൻ കനാലുകൾ നിർമ്മിക്കാൻ  അദ്ദേഹം തീരുമാനിച്ചു. കനാലുകൾ കുഴിക്കാനുള്ള ഉപകരണങ്ങൾ വാങ്ങാൻ അദ്ദേഹം ബുദ്ധിമുട്ടി.  ഒടുവിൽ 200 വർഷങ്ങൾക്ക് മുമ്പ് ജപ്പാനിലെ സ്വന്തം പട്ടണത്തിൽ നിലനിന്നിരുന്ന ഒരു ലളിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് കനാലുകൾ നിർമ്മിക്കാൻ ആരംഭിക്കുകയായിരുന്നു.

വരൾച്ച ബാധിച്ച ഗ്രാമങ്ങളിൽ നിന്ന് ഒരു തൊഴിലാളി സംഘത്തെ ഉൾപ്പെടുത്തി 15 മൈൽ നീളമുള്ള ഒരു പ്രധാന കനാൽ ആറ് വർഷം കൊണ്ട് നിർമ്മിക്കാൻ ഡോ. നകമുരക്ക് കഴിഞ്ഞു.  സഹപ്രവർത്തകരിലൊരാളായ കസൂയ ഇറ്റോയെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊന്നതിനുശേഷവും അദ്ദേഹം ഈ ജോലി തുടർന്നു. അദ്ദേഹത്തിന്‍റെ സംഘം നിർമ്മിച്ച ചെറിയ കനാലുകൾ നാല് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. അദ്ദേഹത്തിന്‍റെ കനാലുകൾ ഒരു ദശലക്ഷം ആളുകളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തിയെന്നും മുമ്പ് വരണ്ട് കിടന്നിരുന്ന 60,000 ഏക്കറോളം ഭൂമിയിൽ ജലസേചനം നടത്തിയെന്നും നംഗർഹറിലെ അഫ്ഗാൻ അധികൃതർ പറഞ്ഞു.

“അദ്ദേഹം അഫ്ഗാനിസ്ഥാനെ സ്നേഹിച്ചു. ഇവിടുത്തെ ആളുകളെ സഹായിക്കാനായി അദ്ദേഹം സ്വന്തം വീട് വിട്ടു.” ഖേവ ജില്ലയിലെ പ്രാദേശിക മൂപ്പനായ മാലെക് സഹൂർ വേദനയോടെ അവരുടെ അങ്കിള്‍ മുറാദിനെ ഓര്‍ക്കുന്നു.


 

Follow Us:
Download App:
  • android
  • ios