ആരാണ് അഷ്‌ഫാഖുള്ള ഖാൻ? ബ്രിട്ടീഷ് ഭരണത്തിനെതിരെ പടപൊരുതിയ യുവാക്കളില്‍ പ്രധാനിയാണ് അദ്ദേഹം. ദേശസ്നേഹി, വിപ്ലവകാരി എന്തും വിളിക്കാം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് 1925 -ലെ കകോരി തീവണ്ടിക്കൊള്ളയില്‍ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന തീവ്രസ്വഭാവമുള്ള സംഘടനാ നേതാവായ രാം പ്രസാദ് ബിസ്‍മിലിന്‍റെ കൂടെ പങ്കെടുത്തയാളാണ് അദ്ദേഹം. അതാണ് അദ്ദേഹത്തിന്‍റെ വധശിക്ഷയിലേക്ക് നയിക്കുന്നതും.

കകോരിയില്‍ നിന്ന് ലഖ്‍നൗവിലേക്ക് പോകുന്ന ട്രെയിനായിരുന്നു അത്. അതില്‍ സര്‍ക്കാര്‍ ട്രഷറിവകയുള്ള പണമായിരുന്നു. ആയുധം വാങ്ങാന്‍ വെച്ചിരുന്നവ. 1925 ആഗസ്‍ത് ഒമ്പതിനാണ് കകൊരിയില്‍വെച്ച് ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തപ്പെടുന്നതും കൊള്ളയടിക്കുന്നതും. ഖാന്‍, ബിസ്‍മില്‍ എന്നിവരടങ്ങുന്ന ഒമ്പതുപേര്‍ പിന്നീട് പിടിയിലാവുകയും തൂക്കിലേറ്റപ്പെടുകയും ചെയ്‍തു.

 

ബോളിവുഡിലെ തന്നെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ രംഗ് ദേ ബസന്തി ഇതിലെ അഞ്ച് യുവാക്കളുടെ കഥയാണ് പറയുന്നത്. അതിലൊരാള്‍ അഷ്‍ഫാഖുള്ള ഖാനാണ്. കുണാല്‍ കപൂറാണ് ആ വേഷം ചെയ്‍തത്. 

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ 1990 ഒക്ടോബര്‍ 22 -നാണ് അഷ്‍ഫഖുള്ള ഖാന്‍ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവിന്‍റേത് പത്താന്‍ കുടുംബമായിരുന്നു. അമ്മയുടെ കുടുംബക്കാരാകട്ടെ ബ്രിട്ടീഷ് ഭരണത്തിന് കീഴിലെ ജോലിക്കാരായിരുന്നു. ഉറുദു കവിതകളെ സ്നേഹിച്ചിരുന്ന അഷ്‌ഫാഖുള്ള ഖാൻ, ഹസ്രത്ത് എന്ന തൂലികാനാമത്തില്‍ കവിതകളെഴുതിയിരുന്നു. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കുന്ന നയങ്ങളെ കവിതകളിലൂടെ എതിര്‍ത്തെഴുതിയിരുന്നു അഷ്‌ഫാഖുള്ള ഖാൻ. 'ഫൂട്ട് ഡാൽകർ ശാസൻ കർനെ കി ചാൽ കാ ഹം പർ കോയി അസർ നഹി ഹോഗാ ഓർ ഹിന്ദുസ്ഥാൻ ആസാദ് ഹോകർ രഹേഗാ..!' (നിങ്ങളുടെ വിഭജിച്ച് ഭരിക്കുക എന്ന നയം ഇന്ത്യയില്‍ നടപ്പിലാകില്ല. ഹിന്ദുസ്ഥാന്‍ ഞങ്ങള്‍ ഞങ്ങളുടേത് തന്നെയാക്കും) എന്നാണ് അഷ്‍ഫാഖുള്ള എഴുതിയത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായി നിലകൊണ്ട തീപ്പൊരി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ. 

വളര്‍ന്നുവരുമ്പോഴാണ് മൂത്ത സഹോദരന്മാരില്‍നിന്നും അദ്ദേഹം ബിസ്‍മിലിന്‍റെ ധൈര്യത്തെ കുറിച്ചും മറ്റും കേള്‍ക്കുന്നത്. 1922 -ല്‍ ചൗരി ചൗര സംഭവവുമായി ബന്ധപ്പെട്ട് നിസ്സഹകരണപ്രസ്ഥാനം അവസാനിപ്പിക്കേണ്ടി വന്നു മഹാത്മാ ഗാന്ധിക്ക്. അത്, ഖാനടക്കമുള്ള യുവാക്കളെ നിരാശരാക്കി. കുറച്ചുകൂടി തീവ്രമായ നിലപാടുകളും പ്രവര്‍ത്തനങ്ങളും സ്വീകരിച്ചേ തീരുവെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങി. അങ്ങനെയാണ് അദ്ദേഹം ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷനില്‍ ചേരുന്നത്. 

അഷ്‍ഫാഖുള്ള സംഘടനയില്‍ ചേരുന്നത് ബിസ്‍മില്‍ ആദ്യം പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഷാജഹാന്‍പൂരിലെ മറ്റ് പത്താന്‍ കുടുംബങ്ങളെ അപേക്ഷിച്ച് വളരെ ധനികരായിരുന്നു ഖാന്‍ കുടുംബം. സംഘടനയില്‍ ചേര്‍ന്നാല്‍, ഒരുപാട് സമ്മര്‍ദ്ദങ്ങളിലൂടെയും പ്രശ്‍നങ്ങളിലൂടെയും കടന്നുപോകേണ്ടിവരുമെന്ന് ആദ്യംതന്നെ ഖാന് ബിസ്‍മില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പക്ഷേ, പിന്മാറാന്‍ ഖാന്‍ ഒരുക്കമല്ലായിരുന്നു. ആശയങ്ങളിലെയും നിലപാടുകളിലെയും സമാനത, ദേശസ്നേഹം എന്നിവയെല്ലാം ബിസ്‍മിലിനെയും ഖാനേയും അടുത്ത സുഹൃത്തുക്കളാക്കി. 

എച്ച് ആര്‍ എ -യില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ ബിസ്മിലിനും അഷ്‍ഫാഖുള്ള ഖാനും സായുധസമരം നടത്തണമെങ്കില്‍ പണം കൂടിയേതീരൂവെന്ന് മനസ്സിലായി. അങ്ങനെയാണ് അവരിരുവരുമടങ്ങുന്ന ഒമ്പതംഗ സംഘം 1925 ആഗസ്‍ത് ഒമ്പതിലെ തീവണ്ടിക്കൊള്ളയിലേക്ക് നീങ്ങുന്നത്. പക്ഷേ, മനപ്പൂര്‍വമല്ലെങ്കിലും ട്രെയിനിലെ യാത്രക്കാര്‍ അതില്‍ കൊല്ലപ്പെട്ടു. അങ്ങനെ ബ്രിട്ടീഷുകാര്‍ ഈ ഒമ്പതുപേരെയും തീവ്രവാദികളെന്ന് മുദ്രകുത്തി. അവരെല്ലാം ബ്രിട്ടീഷുകാരാല്‍ വേട്ടയാടപ്പെടുകയും പിടിക്കപ്പെടുകയും ചെയ്‍തു. ഇരുപത്തിയേഴാമത്തെ വയസ്സിലാണ് ഖാന്‍ തൂക്കിലേറ്റപ്പെടുന്നത്. ഫൈസാബാദിലെ ജയിലില്‍വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ വധശിക്ഷ നടപ്പിലാക്കിയത്. അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ ഷാജഹാന്‍പൂരില്‍ അദ്ദേഹത്തിനൊരു സ്മരണകുടീരമുണ്ട്. 

എന്നാല്‍, രാജ്യം വേണ്ടപോലെ അദ്ദേഹത്തിനെ ഓര്‍ക്കുന്നില്ലെന്ന് കൊച്ചുമകനായ ഷഹ്‍ദബ്ദുള്ള പറയുന്നുണ്ട്, ആഗസ്‍ത് 15 -നോ അദ്ദേഹത്തിന്‍റെ ചരമദിനത്തിന്‍റെ അന്നോ വല്ലവരും ഓര്‍ക്കുന്നതല്ലാതെ അദ്ദേഹത്തിന് വേണ്ടത്ര ആദരവ് ലഭിച്ചിട്ടില്ല. അദ്ദേഹം പിടിക്കപ്പെട്ടതോടെ സ്വത്തുക്കളെല്ലാം ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടുകയും തങ്ങളുടെ കുടുംബത്തെ വലിയൊരു ദുരന്തത്തിലേക്ക് തള്ളിവിടുകയും ചെയ്‍തിരുന്നുവെന്നും ഷഹ്‍ദബ്‍ദുള്ള ദ പ്രിന്‍റിനോട് പറഞ്ഞു.