ഇന്ത്യയിലെ ഒരു ഗ്രാമത്തിലാണ് അവള്‍ ജനിച്ചത്. സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയുമായാണ് അവള്‍ ജനിച്ചു വീണത്. അവള്‍ ജനിച്ചപ്പോള്‍ അയല്‍ക്കാരെല്ലാം അവളുടെ മാതാപിതാക്കളോട് പറഞ്ഞത് അവളെ പുഴയില്‍ വലിച്ചെറിഞ്ഞു കളഞ്ഞേക്കൂ എന്നാണ്. എന്നാല്‍, കുലി കോഹ്‍ലി ജീവിക്കുക തന്നെ ചെയ്‍തു. അവള്‍ വളര്‍ന്നു, അവളൊരു എഴുത്തുകാരിയായി. അതിലൂടെ അവള്‍ തന്‍റെ വേദനകള്‍ മറന്നു കളഞ്ഞു. അവളുടെ ജീവിതം ആര്‍ക്കും പ്രചോദനമാണ്.

1970 -ലാണ് ഉത്തര്‍ പ്രദേശിലെ ഒരു വിദൂരഗ്രാമത്തില്‍ കുലി ജനിക്കുന്നത്. ജനിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ മറ്റു കുട്ടികളെ പോലെയല്ല എന്ന് ചുറ്റുമുള്ളവര്‍ക്ക് ബോധ്യമായി. കുലിക്ക് ജന്മം നല്‍കുമ്പോള്‍ അവളുടെ അമ്മയ്ക്ക് വെറും 15 വയസ്സായിരുന്നു പ്രായം. ആദ്യത്തെ കുഞ്ഞായിരുന്നു കുലി. അവളൊരു ആണായി പിറക്കാത്തതില്‍ തന്നെ ചുറ്റുമുള്ളവരില്‍ നിന്നും മുറുമുറുപ്പുയര്‍ന്ന് തുടങ്ങിയിരുന്നു. മാത്രവുമല്ല, അവള്‍ മറ്റ് കുട്ടികളെപ്പോലെയല്ല എന്ന് കൂടി മനസിലായതോടെ അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് അവളുടെ അമ്മയെ നിര്‍ബന്ധിച്ച് തുടങ്ങി, 'അവളെ എവിടെയെങ്കിലും കൊണ്ടുചെന്ന് കളയൂ, ഇങ്ങനെയൊരു പെണ്‍കുട്ടി വളര്‍ന്നുവന്നാല്‍ത്തന്നെയും ആരും അവളെ വിവാഹം കഴിക്കില്ല' എന്ന്. 

എന്തായിരുന്നു കുലിയുടെ പ്രശ്‍നം എന്നുമാത്രം ആര്‍ക്കും മനസിലായിരുന്നില്ല. ആ സമയത്ത് ആ ഗ്രാമത്തില്‍ സെറിബ്രല്‍ പാള്‍സി എന്താണെന്നൊന്നും ആര്‍ക്കും വലിയ ധാരണയൊന്നും ഇല്ലായിരുന്നു. കഴിഞ്ഞ ജന്മത്തില്‍ കുലി ചെയ്‍ത പാപത്തിന്‍റെ ഫലമായാണ് അവള്‍ അങ്ങനെ ജനിച്ചത് എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കുറച്ചുപേര്‍ അവളുടെ അമ്മയെ ഉപദേശിക്കുക കൂടി ചെയ്‍തു. അവളെ വല്ല പുഴയിലും വലിച്ചേറിഞ്ഞേക്കൂ എന്ന്. എന്നാല്‍, അവളുടെ അച്ഛന്‍ അവളുടെ രക്ഷയ്ക്കുണ്ടായിരുന്നു. എപ്പോഴും അദ്ദേഹം അവളെ എല്ലാത്തില്‍ നിന്നും സംരക്ഷിച്ചു. ഇനിയും ഗ്രാമത്തില്‍ത്തന്നെ തുടര്‍ന്നാല്‍ അത് അവളുടെ ഭാവിക്ക് നല്ലതായിരിക്കില്ല എന്ന് അവര്‍ക്ക് തോന്നി. 

1970 -ല്‍ ഒരുകൂട്ടം ആളുകള്‍ യുകെ -യിലേക്ക് കുടിയേറി. അക്കൂട്ടത്തില്‍ കുലിയുടെ അച്ഛനും അമ്മയും ചേര്‍ന്നു. വോള്‍വര്‍ഹാംപ്‍ടണിലെത്തുമ്പോള്‍ അവള്‍ക്ക് രണ്ടര വയസ്സായിരുന്നു പ്രായം. അവിടെയൊരു ബസ് ഡ്രൈവറായി അവളുടെ അച്ഛന്‍ ജോലി നോക്കി. എന്നാല്‍, യുകെ -യിലും അവളുടെ സമൂഹം അവളെ വെറുതെ വിട്ടില്ല. പലരും പറഞ്ഞത് ഗ്രാമത്തില്‍നിന്നും പറഞ്ഞ അതേ കാര്യമായിരുന്നു എന്തോ ശാപം കാരണമാണ് അവളിങ്ങനെ ആയത് എന്ന്. ചിലരാവട്ടെ ആ ശാപം നമ്മിലേക്കും പകരും എന്ന് കരുതി അവളില്‍ നിന്നും അകന്നുനില്‍ക്കാനും തുടങ്ങി. 

കുലി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ സ്‍കൂളിലാണ് പഠിച്ചത്. പുറത്തെല്ലായിടത്തും അവള്‍ 'വൈകല്യം' ഉള്ള ഒരാളായിട്ടാണ് കരുതപ്പെട്ടത്. ഗുരുദ്വാരയിലേക്ക് പോകുന്നതുപോലും അവള്‍ക്ക് അത്രയേറെ അസഹ്യമായിരുന്നു. ചുറ്റുമുള്ളവരെല്ലാം തുറിച്ചുനോക്കും. പിറുപിറുക്കും. കളിയാക്കും. മറ്റ് കുട്ടികള്‍ അവളോട് 'നീയെന്താണിങ്ങനെ നടക്കുന്നത്? നീയെന്താണ് ഇങ്ങനെ സംസാരിക്കുന്നത്' എന്നെല്ലാം ചോദിച്ച് അവളെ മുറിപ്പെടുത്തി. മുതിരുന്തോറും അവള്‍ക്ക് മറ്റുള്ളവരോട് സംസാരിക്കുന്നത് ബുദ്ധിമുട്ടായിത്തീര്‍ന്നു. അവള്‍ക്ക് പറയാനുള്ളത് അവള്‍ എഴുതിത്തുടങ്ങി. പെന്‍ ഹാള്‍ സ്പെഷ്യല്‍ സ്‍കൂളില്‍ വച്ചാണ് അവള്‍ എഴുതാന്‍ ആദ്യമായിത്തുടങ്ങുന്നത്. കവിതയിലേക്കുള്ള വാതില്‍ തുറക്കപ്പെടുന്നതും അവിടെ നിന്നാണ്. അധ്യാപകര്‍ കുട്ടികള്‍ക്ക് കവിതകള്‍ വായിച്ചുനല്‍കും. കുലി ശ്രദ്ധയോടെ അത് കേള്‍ക്കും. പതിയെ പതിയെ തന്‍റെ ഉള്ളിലുള്ളതെല്ലാം അവള്‍ എഴുതിത്തുടങ്ങി. 

പതിമൂന്നാമത്തെ വയസ്സില്‍ അവള്‍ അവിടെയുള്ളൊരു മികച്ച സ്‍കൂളിലേക്ക് മാറി. അവിടെ പുതിയ കൂട്ടുകാരുമായി അവള്‍ക്ക് അടുക്കാനായി. അവള്‍ എഴുത്ത് തുടര്‍ന്നു. എഴുതുന്തോറും ശരീരത്തിനുള്ള പരിമിതികളെ മറക്കുകയും തന്‍റെ ശരീരത്തേക്കാള്‍ മനസിന് ശക്തിയുണ്ടെന്ന് അവള്‍ക്ക് സ്വയം ബോധ്യപ്പെടുകയും ചെയ്‍തു. എങ്കിലും വിഷയങ്ങളില്‍ പലതിലും അവള്‍ക്ക് മോശം മാര്‍ക്കായിരുന്നു. പതിനാറാമത്തെ വയസ്സില്‍ അവള്‍ സ്‍കൂള്‍ പഠനം അവസാനിപ്പിച്ചു. യൂണിവേഴ്‍സിറ്റിയില്‍ ചേര്‍ന്ന് പഠിക്കാനാവില്ലല്ലോ എന്ന വേദന അവളിലുണ്ടായി. അവളുടെ മാതാപിതാക്കളാണെങ്കില്‍ അവള്‍ക്ക് അവിടെ തനിച്ച് മാനേജ് ചെയ്യാനാവുമോ എന്ന് ഭയക്കുകയും ചെയ്‍തിരുന്നു. 

അങ്ങനെ, പഠനം കഴിഞ്ഞതോടെ തന്നെ അവളുടെ മാതാപിതാക്കള്‍ അവള്‍ക്കായി വിവാഹം ആലോചിച്ചു തുടങ്ങി. വിവാഹമാലോചിച്ചു വരുന്ന വീട്ടുകാരുടെ പ്രതികരണം ഇപ്പോഴും കുലിക്ക് ഓര്‍മ്മയുണ്ട്. അവര്‍ വന്ന് വീടൊക്കെ നോക്കിക്കാണും. കുലി ലിവിംഗ് റൂമില്‍ ഇരിക്കുന്നുണ്ടാവും. അവളെ കാണുന്ന മാത്രയില്‍, 'ഇതിനെയാണോ ഞങ്ങളുടെ മകന്‍ വിവാഹം ചെയ്യേണ്ടത്? ഇതിനെ അവന്‍ വിവാഹം കഴിക്കുമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?' എന്നും ചോദിച്ച് ദേഷ്യപ്പെട്ട് കലിതുള്ളി അവരിറങ്ങിപ്പോവും. ജീവിതകാലമത്രയും അവള്‍ അത് കേട്ടുകൊണ്ടേയിരിക്കുകയായിരുന്നു, ഇവളെ ആര്‍ക്കും വേണ്ടിവരില്ല എന്ന്. ഓരോ വിവാഹാലോചനകളും നിരസിക്കപ്പെടുമ്പോഴും അവള്‍ ആ വാക്കുകളോര്‍ത്ത് വീണ്ടും വീണ്ടും വേദനിച്ചു. എന്നാല്‍, അവള്‍ അവളുടെ എല്ലാ തോന്നലുകളെയും ഒരു കടലാസിലേക്ക് പകര്‍ത്തിവയ്ക്കുന്നുണ്ടായിരുന്നുവെന്ന് അവര്‍ക്കാര്‍ക്കും അപ്പോള്‍ അറിയില്ലായിരുന്നു. സെറിബ്രല്‍ പാള്‍സിയുള്ള ഒരു ഏഷ്യന്‍ പെണ്‍കുട്ടിയുടെ വേദന എത്രത്തോളമാണ് എന്ന് തനിക്ക് ചുറ്റുമുള്ളവര്‍ തിരിച്ചറിയണം എന്ന് അവള്‍ക്ക് തോന്നലുണ്ടായി. അവള്‍ക്ക് സഹതാപം ആവശ്യമില്ലായിരുന്നു, പക്ഷേ അംഗീകരിക്കപ്പെടണമായിരുന്നു. 

പിന്നീടാണ് അവള്‍ അയാളെ കണ്ടുമുട്ടുന്നത്, പിന്നീട് അവളുടെ ഭര്‍ത്താവായിത്തീര്‍ന്ന മനുഷ്യനെ. ഇത്തവണ അയാളുടെ വീട്ടുകാരും അയാളുമാണ് കല്ല്യാണമാലോചിച്ചു വരുന്നതും അവര്‍ക്ക് പെണ്‍കുട്ടിയെ ഇഷ്‍ടപ്പെട്ടുവെന്ന് പറയുന്നതും. എന്നാല്‍, കുലിക്ക് അതില്‍ വലിയ താല്‍പര്യമൊന്നും തോന്നിയിരുന്നില്ല. പക്ഷേ, സമയം കടന്നുപോയപ്പോള്‍ പരസ്‍പരം കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ അവള്‍ക്ക് അയാളോട് പ്രണയം തോന്നി. അവര്‍ അടുപ്പത്തിലായി. തന്‍റെ അവസ്ഥയിലോ സെറിബ്രല്‍ പാള്‍സിയിലോ ശരീരത്തിലോ ഒന്നും ഒരിക്കലും അദ്ദേഹത്തിന് ഒരു പ്രശ്‍നവും തോന്നിയിരുന്നില്ല എന്നും കുലി പറയുന്നു. ഒരു ജോലി കണ്ടെത്തണമെന്ന് തോന്നിയ കുലി പിന്നീട് ഒരു യൂത്ത് ട്രെയിനിംഗ് സ്‍കീമില്‍ ചേര്‍ന്നു. അതിലൂടെ വോള്‍വര്‍ഹാംപ്‍ടണ്‍ സിറ്റി കൗണ്‍സിലില്‍ അവള്‍ക്കൊരു ജോലിയും കിട്ടി. കഴിഞ്ഞ 30 വര്‍ഷമായി അവള്‍ ആ ജോലി ചെയ്യുന്നുണ്ട്. അവള്‍ വിവാഹിതയായി. മൂന്ന് മക്കളുമുണ്ടായി. ചുറ്റുമുള്ളവരെക്കൊണ്ട് തനിക്കും ഇത് കഴിയും എന്ന് അവള്‍ പറയിപ്പിക്കുകയായിരുന്നു. എങ്കിലും അടുക്കളപ്പണികളിലും കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിലുമെല്ലാം അവള്‍ക്ക് ചെയ്യാനാവാത്ത കുറേ ജോലിയുണ്ടായിരുന്നു. അത് അവളില്‍ സമ്മര്‍ദ്ദമുണ്ടാക്കി. 

അപ്പോഴും അവള്‍ എഴുതുന്നുണ്ടായിരുന്നു. ഒരു ദിവസം സിറ്റി കൗണ്‍സിലില്‍ വെച്ച് വോള്‍വര്‍ഹാംപ്‍ടണ്‍ ലൈബ്രറിയില്‍ ലിറ്ററേച്ചര്‍ ഡെവലപ്‍മെന്‍റ് ഓഫീസറായ സൈമണ്‍ ഫ്രെച്ചറെ അവള്‍ കണ്ടു. അവിടെവച്ച് അവള്‍ അദ്ദേഹത്തോട് താന്‍ എഴുതാറുണ്ട് എന്നും പറഞ്ഞു. താനെഴുതിയത് അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. ആ എഴുത്തുകള്‍ സൈമണിനെ വല്ലാതെ സ്‍പര്‍ശിച്ചു. അതില്‍ അവളുടെ വേദനകളും നിരാശകളുമുണ്ടായിരുന്നു. ജീവനുള്ള എഴുത്തുകളായിരുന്നു അതെല്ലാം. 

പിന്നീട് അദ്ദേഹം അവളുടെ മെന്‍റര്‍ തന്നെയായി. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ഓഫ പ്രസ്സില്‍ അവളുടെ എഴുത്ത് പബ്ലിഷ് ചെയ്യാനും തീരുമാനിച്ചു. അവള്‍ക്കും അത് തന്നെയായിരുന്നു ആഗ്രഹം. തന്നെപ്പോലുള്ള അനേകം സ്ത്രീകളുണ്ട് ഈ ലോകത്ത് അവര്‍ക്കായി താനെന്തെങ്കിലും ചെയ്യണം. തനിക്ക് പറയാനുള്ളത് അവര്‍ കേള്‍ക്കണം, അവര്‍ക്ക് പ്രചോദനമാകണം എന്നതായിരുന്നു അവളുടെ ആഗ്രഹം. യുകെ -യില്‍ ജീവിക്കുന്ന തന്നെപ്പോലുള്ള അനേകം പഞ്ചാബി സ്ത്രീകളുണ്ട് അവര്‍ക്കായി കൂടിയാണ് ഞാനെഴുതുന്നതെന്നും കുലി പറയുന്നു. പാചകവും മറ്റുമൊക്കെയാണ് ഒരു സ്ത്രീക്ക് യോജിച്ചത് എന്ന് കരുതുന്നവരാണ് തന്‍റെ സമൂഹത്തിലെ സ്ത്രീകള്‍ എന്ന് കുലിക്ക് അറിയാം. അതിനൊരു മാറ്റം വരുത്താനായി 'പഞ്ചാബി വുമണ്‍സ് റൈറ്റേഴ്‍സ് ഗ്രൂപ്പ്' തുടങ്ങി കുലി. ലൈബ്രറിയില്‍ വെച്ച് എല്ലാ മാസവും അവര്‍ ഒത്തുചേരും. അവിടെ അവര്‍ക്ക് തങ്ങള്‍ക്ക് പറയാനുള്ളതെല്ലാം പറയാം. ഇതിലൂടെ കുലിക്കും ആത്മവിശ്വാസം ഒരുപാട് വര്‍ധിച്ചു. 

അപ്പോഴും സ്റ്റേജില്‍ കയറി ഒരു കവിത ചൊല്ലുക, എന്തെങ്കിലും പറയുക എന്നത് അവളുടെ കയ്യെത്താ ദൂരത്തായിരുന്നു. അങ്ങനെ ചെയ്യേണ്ടി വരുമ്പോള്‍ അവള്‍ തളരും. എന്നാല്‍, അവള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. 2017 -ല്‍ അങ്ങനെ അവര്‍ ഒരു ലൈവ് പെര്‍ഫോര്‍മന്‍സ് നടത്തി. സ്വന്തം കവിതയാണ് വായിച്ചത്. 'എനിക്കൊരു സ്വപ്‍നമുണ്ട്' എന്നതായിരുന്നു കവിതയുടെ പേര്. 40 പേരടങ്ങുന്ന സദസ്സിന് മുന്നില്‍ 15 മിനിറ്റ് അവള്‍ കവിത അവതരിപ്പിച്ചു. സദസ് കയ്യടിച്ച് അവളെ പ്രോത്സാഹിപ്പിച്ചു. 

പിന്നീട്, കുലിയും പഞ്ചാബി റൈറ്റേഴ്‍സ് ഗ്രൂപ്പും ചേര്‍ന്ന് അയണ്‍ബ്രിഡ്‍ജില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് ഇമാജിനേഷനില്‍ ലൈവ് പെര്‍ഫോര്‍മന്‍സ് നടത്തി. ഇപ്പോള്‍ 49 വയസ് കഴിഞ്ഞു കുലിക്ക്. ഒരിക്കല്‍, പുഴയില്‍ എറിഞ്ഞു കളയണമെന്ന് അക്രോശിച്ച സമൂഹത്തിനിടയിലാണ് അവള്‍ വളര്‍ന്ന് ഇവിടെ വരെയെത്തിയത്. അവള്‍ക്ക് പറയാനുള്ളതും അതാണ്. ഭിന്നശേഷിക്കാരെ ആളുകള്‍ അവഗണിക്കുകയാണ്. അവരെ ആരും പ്രോത്സാഹിപ്പിക്കുന്നില്ല. അവരുടെ പ്രശ്‍നങ്ങള്‍ മനസിലാക്കുന്നില്ല എന്ന്. ആ ചിന്താഗതി മാറണമെന്ന്... അതേ കുലിയുടെ ജീവിതം ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്.