Asianet News MalayalamAsianet News Malayalam

നാടിനായി പോരാടാന്‍ സ്‍കൂളുപേക്ഷിച്ച പെണ്‍കുട്ടി, പാവപ്പെട്ടവര്‍ക്ക് താങ്ങായ സ്ത്രീ; ആരാണ് പര്‍ബതി ഗിരി

സ്വാതന്ത്ര്യം കിട്ടിയ ശേഷം, അവർ കൂടുതൽ സമയവും സാമൂഹിക പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. സ്ത്രീകൾക്കും അനാഥകൾക്കുമുള്ള ഒരു ആശ്രമവും, അനാഥർക്കായി ഒരു മന്ദിരവും അവർ നോക്കിനടത്തി. 

life of parbati giri
Author
Thiruvananthapuram, First Published Jul 23, 2020, 4:57 PM IST

പർബതി ഗിരി... 'ഒഡീഷയുടെ മദർ തെരേസ' എന്നാണ് അവര്‍ അറിയപ്പെടുന്നതുതന്നെ. ഒഡിഷ സർക്കാർ അവരോടുള്ള ബഹുമാനാർത്ഥം 7,600 കോടി രൂപയുടെ ഒരു ജലസേചന പദ്ധതി അവരുടെ പേരിൽ സമർപ്പിക്കുകയുണ്ടായി. ഇത്രയൊക്കെ പ്രശംസിക്കുന്ന അവർ ആരാണ് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും? പ്രശസ്‍ത സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‍കര്‍ത്താവുമായിരുന്നു പർബതി ഗിരി. ഒരിക്കൽ ഒഡീഷയിൽ ക്ഷാമം വന്നപ്പോൾ, ഭക്ഷണത്തിനായി പാടുപെടുന്ന ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഗ്രാമം തോറും ഓടിനടന്നവരാണ് അവർ.  വെറും പതിനൊന്ന് വയസ്സുള്ളപ്പോൾ രാജ്യസ്നേഹത്താൽ സ്‍കൂൾ പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ ഇറങ്ങിത്തിരിച്ചവർ. ഒടുവിൽ ജയിൽവാസവും അനുഭവിക്കേണ്ടി വന്നു പർബതിയ്ക്ക്.

1926 ജനുവരി 19 -ന്‌ സ്വാതന്ത്ര്യസമരസേനാനികളുടെ ഒരു കുടുംബത്തിലാണ് അവർ ജനിച്ചത്. അമ്മാവൻ ശ്രദ്ധേയനായ കോൺഗ്രസ് നേതാവ് രാമചന്ദ്ര ഗിരിയായിരുന്നു. ഒഡീഷയിലെ സമലൈപദര്‍ ഗ്രാമത്തിലാണ് പർബതി വളർന്നത്. അവൾ ജനിച്ചപ്പോഴേക്കും, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഉൾപ്രദേശങ്ങളിലേക്ക് കടന്നിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചുള്ള നിരവധി സമ്മേളനങ്ങൾക്കും ചർച്ചകൾക്കും സംവാദങ്ങൾക്കും അവൾ പലപ്പോഴും സാക്ഷിയായിരുന്നു. ഇത് സ്വാഭാവികമായും അവളുടെ താത്പര്യത്തെ വളർത്തി. അവൾക്ക് 11 വയസ്സുള്ളപ്പോൾ, കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ അവളെയും അതിൽ ചേരാൻ അനുവദിക്കണമെന്ന് പിതാവിനോട് അഭ്യർത്ഥിച്ചു, അദ്ദേഹം സമ്മതിച്ചു. അങ്ങനെ തന്റെ പതിനൊന്നാമത്തെ വയസ്സിൽ അവള്‍ വിവിധ ആശ്രമങ്ങളിലേക്ക് യാത്ര ചെയ്തു, അഹിംസയുടെയും നിരാശ്രയത്വത്തിന്റെയും ഗാന്ധിയൻ തത്ത്വചിന്തകൾ ജീവിതത്തിൽ പകർത്തി. താമസിയാതെ, അവൾ ഗ്രാമീണരെ നെയ്ത്ത് പഠിപ്പിക്കാനും, സ്വാതന്ത്ര്യസമരത്തെക്കുറിച്ച് അവബോധം വളർത്താനും ശ്രമിച്ചു.  

ഒടുവിൽ 1942 -ൽ ക്വിറ്റ് ഇന്ത്യാ സമരത്തിലും അവൾ പങ്കെടുത്തു. ഒന്നിലധികം തവണ ജയിലിലടക്കപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതർ അവളെ പ്രായപൂർത്തിയാകാത്തതിന്റെ പേരിൽ വിട്ടയച്ചു. ഒരിക്കൽ അവളും ഒരുകൂട്ടം ആൺകുട്ടികളും ബാർഗഡിലെ ഒരു കോടതിമുറിയിൽ കയറി സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയുണ്ടായി. മറ്റൊരു സംഭവത്തിൽ, മൂന്ന് ആൺകുട്ടികൾക്കൊപ്പം പാർബതിയും അദ്ദേഹമില്ലാത്ത സമയം മജിസ്‌ട്രേറ്റിന്റെ മുറിയിലേക്ക് ചെന്നു. അവൾ മജിസ്‌ട്രേറ്റിന്റെ കസേരയിൽ ഇരുന്നു, ആൺകുട്ടികളിൽ ഒരാൾ പ്യൂണായും മറ്റൊരാൾ അഭിഭാഷകനായും അഭിനയിച്ചു. മജിസ്‌ട്രേറ്റിനെ കയറിൽ കെട്ടിയിട്ട് തന്റെ മുമ്പാകെ ഹാജരാക്കാൻ പാർബതി തന്റെ സഹായികളോട് ആവശ്യപ്പെട്ടു. അപ്പോഴേക്കും പൊലീസ് അവിടെ എത്തി, അവളെ അറസ്റ്റ് ചെയ്തു. ആ ധീരയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചു.  

സ്വാതന്ത്ര്യം കിട്ടിയ ശേഷം, അവർ കൂടുതൽ സമയവും സാമൂഹിക പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. സ്ത്രീകൾക്കും അനാഥകൾക്കുമുള്ള ഒരു ആശ്രമവും, അനാഥർക്കായി ഒരു മന്ദിരവും അവർ നോക്കിനടത്തി. സഹസ്വാതന്ത്ര്യസമര സേനാനി രാമദേവി ചൗധരിയോടൊപ്പം 1951 -ൽ കോരാപുട്ടിൽ ക്ഷാമം അനുഭവിക്കുന്നവർക്ക് ഭക്ഷണവുമായി പർബതി ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് യാത്ര ചെയ്‌തു.  തീർന്നില്ല, അവരുടെ സേവനത്തിന്റെ കഥകൾ. കുഷ്ഠരോഗത്തെ ഉന്മൂലനം ചെയ്യാനും, ഒഡീഷയിലെ ജയിലുകളുടെ അവസ്ഥ മെച്ചപ്പെടുത്താനും അവർ വ്യാപകമായി പ്രവർത്തിച്ചു. അത് മാത്രവുമല്ല, നിയമസഭാ തെരഞ്ഞെടുപ്പിനും രാജ്യസഭാ സീറ്റിനുമുള്ള അവസരം അവർക്ക് ലഭിച്ചിട്ടും അവർ അത് നിരസിക്കുകയാണ് ചെയ്‍തത്. തനിക്ക് ജനങ്ങളെ സേവിക്കാൻ അധികാരത്തിന്റെ പിൻബലം വേണ്ട എന്നവർ പറഞ്ഞു. അവരെ  സംബന്ധിച്ചിടത്തോളം ജീവിതം പാവപ്പെട്ടവർക്കും, നിരാലംബർക്കും വേണ്ടിയുള്ളതായിരുന്നു. 1995 ഓഗസ്റ്റ് 17 -ന് അവരുടെ അവസാന ശ്വാസം വരെയും അത് അങ്ങനെ തന്നെയായിരുന്നു. 

Follow Us:
Download App:
  • android
  • ios