Asianet News MalayalamAsianet News Malayalam

ഞങ്ങള്‍ക്കിന്നും ചായ പ്ലാസ്റ്റിക് ഗ്ലാസുകളില്‍; ശുചീകരണത്തൊഴിലാളികളുടെ ജീവിതം

അപകടകരമായ തൊഴിൽ സാഹചര്യങ്ങൾ രാജ്യത്തെ ശുചീകരണത്തൊഴിലാളികളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു. പുതിയ റിപ്പോർട്ട് അനുസരിച്ച്  ഇന്ത്യയിൽ, 2017 -നും 2018 -നും ഇടയിൽ, ഓരോ അഞ്ച് ദിവസത്തിലും ഒരു ശുചീകരണത്തൊഴിലാളിയെങ്കിലും മരിക്കുന്നുവെന്നാണ് പറയുന്നത്.

life of sanitation workers in india
Author
Mumbai, First Published Nov 21, 2019, 6:09 PM IST

നമ്മുടെ സമൂഹത്തിൽ ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു ജനസമൂഹമാണ് ശുചീകരണത്തൊഴിലാളികള്‍. ഒരു നേരത്തെ ആഹാരത്തിനായി വളരെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജീവൻ പണയംവച്ചും ജോലിചെയുന്നവർ. സമൂഹത്തിന് അവരെ വേണ്ടെങ്കിലും അവരുടെ സേവനങ്ങൾ വേണം. ഓടയുടെ മുന്നിലൂടെ നാം മൂക്കുപൊത്തി കടന്നുപോകുമ്പോൾ ആ ഓടയിൽ അരോചകമായ അന്തരീക്ഷത്തിൽ മാലിന്യകൂമ്പാരങ്ങളിലേക്കിറങ്ങി ജോലിയെടുക്കുന്ന ഒരുകൂട്ടം മനുഷ്യരുണ്ടെന്നത് എത്രപേര്‍ ഓർക്കുന്നുണ്ട്?  

നവംബര്‍ 19 ലോക ടോയ്‍ലെറ്റ് ദിനമായിരുന്നു. ശുചിത്വത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന ദിനം. ശുചീകരണത്തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾ വളരെയാണ്. അപകടകരമായ തൊഴിൽ സാഹചര്യങ്ങൾ രാജ്യത്തെ ശുചീകരണത്തൊഴിലാളികളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു. പുതിയ റിപ്പോർട്ട് അനുസരിച്ച്  ഇന്ത്യയിൽ, 2017 -നും 2018 -നും ഇടയിൽ, ഓരോ അഞ്ച് ദിവസത്തിലും ഒരു ശുചീകരണത്തൊഴിലാളിയെങ്കിലും മരിക്കുന്നുവെന്നാണ് പറയുന്നത്.

ഇതിനെല്ലാം പുറമെ സാമൂഹ്യമായ അവഗണനയും ഇവർക്ക് നേരിടേണ്ടി വരുന്നു. മധ്യപ്രദേശിലെ പന്നയിലെ തോട്ടിപ്പണി ചെയ്യുന്ന വാൽമീകി സമുദായം സ്വന്തം കൈകൊണ്ടു ശൗചാലയങ്ങളിൽ നിന്ന് മലമൂത്ര വിസർജ്ജനം നീക്കം ചെയ്യുന്നവരാണ്. ബെറ്റിബായ് വാൽമികി പറയുന്നു: “ഇവിടെ ഒരു റെസ്റ്റോറന്‍റിലും ചായ കുടിക്കാൻ ഞങ്ങൾക്ക് അനുവാദമില്ല. ഞങ്ങൾ ഒരു ചെറിയ ചായക്കടയിലേക്ക് പോയാൽ പോലും, മറ്റുള്ളവര്‍ക്ക് സാധാരണ ടംബ്ലറുകളിൽ കൊടുക്കുമ്പോള്‍, ഞങ്ങൾക്കു ഡിസ്പോസിബിൾ പ്ലാസ്റ്റിക് ഗ്ലാസുകളിലാണ് ചായ തരുന്നത്." മിക്ക സ്ത്രീകളിലും ആസ്‍ത്മയും മലേറിയയും ഉണ്ട്. എന്നാൽ ആരോഗ്യസംരക്ഷണമില്ല, വയ്യാത്തതിന്റെ പേരിൽ പോകാതിരുന്നാൽ അന്നത്തെ വേതനവും കിട്ടില്ല.

സന്തോഷ്, ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കുമൊപ്പം അമാംഗഞ്ചിൽ ജോലി ചെയ്യുന്ന ആളാണ്. 1992 -ൽ അദ്ദേഹം സഹപ്രവർത്തകർക്കൊപ്പം സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ പോയി. അവരോട് പറഞ്ഞതിനേക്കാൾ വളരെ ആഴത്തിലുള്ളതായിരുന്നു ആ ടാങ്ക്. സന്തോഷ് കഷ്ടിച്ചാണ് അന്ന് മരണത്തിൽ നിന്ന് രക്ഷപെട്ടത്. എന്നാൽ, അവന്റെ കൂടെയുള്ളയാൾക്ക് അന്ന് ആ ടാങ്കില്‍ ജീവന്‍ നഷ്‍ടമായി. സംഭവത്തിൽ സന്തോഷിന് കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. എന്നാൽ, അദ്ദേഹത്തിന് യാതൊരുവിധ നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ല.

മീനാദേവി എന്ന 58 -കാരി റോഹ്താസിലെ ഒരു സ്ഥലത്ത് ഇതുപോലെ ജോലി ചെയുന്നയാളാണ്. 25 വർഷം മുമ്പ് അമ്മായിഅമ്മയ്‌ക്കൊപ്പം മാനുവൽ സ്കാവഞ്ചറായി ജോലി ആരംഭിച്ചതാണവർ. “തുടക്കത്തിൽ എനിക്ക് ഓക്കാനം വരുമായിരുന്നു” അവര്‍ പറയുന്നു. "ഞാൻ നാണകേടുകൊണ്ട് ജോലി ചെയ്യാൻ മടിച്ചു. എന്നാൽ എനിക്ക് ഇപ്പോൾ ദുർഗന്ധം സഹിക്കാനാകും. വിശക്കുന്നവന് മറ്റു മാർഗ്ഗങ്ങളിലല്ലോ!"  

ഇത്തരം മാലിന്യങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഇവരെ കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളാണ്. കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്, പോളിയോ തുടങ്ങിയ രോഗങ്ങൾക്ക് ഇവർ വളരെ എളുപ്പത്തിൽ വിധേയരാകുന്നു. സെപ്റ്റിക് ടാങ്കുകളിലെയും അഴുക്കുചാലുകളിലെയും വിഷവാതകങ്ങൾ ശ്വസിക്കുന്നത് ബോധം നഷ്ടപ്പെടുന്നത്തിനും മരണത്തിനും വരെ കാരണമാകുന്നു. ഇതിനെല്ലാം പുറമെ ശുചീകരണത്തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ, തൊഴിൽ അവകാശങ്ങൾ, സാമൂഹിക സംരക്ഷണം എന്നിവയൊന്നും തന്നെ ലഭിക്കുന്നില്ല. സാമൂഹ്യമായ ഒറ്റപ്പെടലും അവഗണനയും ദാരിദ്രവും മാത്രമാണ് അവരുടെ സമ്പാദ്യങ്ങൾ.

ഗവണ്‍മെന്‍റ് അവർക്കായി സുസ്ഥിരമായ വരുമാനമുള്ള തൊഴിൽ പദ്ധതികളും, സാങ്കേതിക സഹായവും സാമൂഹ്യനീതിയും ഉറപ്പാക്കാനുള്ള കർമ്മ പരിപാടികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. ഇനിയെങ്കിലും ദുർഗന്ധം വമിക്കുന്ന ദാരിദ്ര്യത്തിന്റെ ഓടകളിൽ അവരുടെ  ജീവിതം ആരുമറിയാതെ പൊലിയാതിരിക്കട്ടെ. 

(രണ്ട് പതിറ്റാണ്ടുകളായി മുംബൈയിലെ ശുചീകരണത്തൊഴിലാളികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നയാളാണ് സുധാരാക് ഓല്‍വേ. ബിബിസി -യില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ  ഫോട്ടോസ്റ്റോറിയില്‍ നിന്നെടുത്ത വിവരങ്ങള്‍. കടപ്പാട്: ബിബിസി) 


 

Follow Us:
Download App:
  • android
  • ios