ലിഫ്റ്റ് ഓപ്പറേറ്റർമാരുടെ ജോലി ലോകത്തിലെ ഏറ്റവും പ്രയോജനമില്ലാത്തതാണെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റ്. വൈറലായതോടെ വ്യാപക വിമര്‍ശനം. ഏതൊക്കെ രീതിയിലാണ് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ ഉപകരിക്കപ്പെടുന്നത് എന്നാണ് പലരും കമന്‍റുകള്‍ നല്‍കിയത്.
ലോകത്തിലെ ഏറ്റവും പ്രയോജനമില്ലാത്ത ജോലി ലിഫ്റ്റ് ഓപ്പറേറ്റർമാരുടേതെന്ന് പോസ്റ്റ്. വിവിധ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് വൈറലായതിന് പിന്നാലെ വലിയ വിമർശനമാണ് നേരിടേണ്ടി വരുന്നത്. 'ദ ഡംപസ്റ്റ് ജോബ് ഇൻ ദ വേൾഡ്' (the dumbest job in the world) എന്നാണ് ചിത്രത്തിനൊപ്പം പങ്കുവച്ചിരിക്കുന്ന പോസ്റ്റിൽ പറയുന്നത്. റെഡ്ഡിറ്റിലടക്കം സ്ക്രീൻഷോട്ടുകൾ ഷെയർ ചെയ്തതോടെ വലിയ ചർച്ചയാണ് ഇതേച്ചൊല്ലി നടക്കുന്നത്. നിരവധിപ്പേരാണ് എന്തുകൊണ്ട് ഒരു ലിഫ്റ്റ് ഓപ്പറേറ്ററുടെ ജോലി പ്രധാനമാകുന്നു എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകുന്നത്.
ആശുപത്രികൾ, ഓഫീസ് കെട്ടിടങ്ങൾ, പഴയ കെട്ടിടങ്ങൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ ലിഫ്റ്റുകൾക്ക് ഇപ്പോഴും ഒരാളുടെ മേൽനോട്ടം ആവശ്യമായി വന്നേക്കാം. അതിനാൽ തന്നെ ലിഫ്റ്റ് ഓപ്പറേറ്റർമാർ വളരെ പ്രധാനമാണെന്ന് പലരും ചൂണ്ടിക്കാട്ടി. തിരക്ക് നിയന്ത്രിക്കാനും, പ്രായമായ ആളുകളെ സഹായിക്കാനും, അടിയന്തര സാഹചര്യങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യാനും ലിഫ്റ്റ് ഓപ്പറേറ്റർമാർ സഹായിക്കുന്നുവെന്നും ആളുകൾ അഭിപ്രായപ്പെട്ടു.
ആശുപത്രിയിൽ വച്ച് തനിക്കുണ്ടായ അനുഭവമാണ് ഒരാൾ പങ്കുവച്ചത്. ഒരിക്കൽ ഒരു ലിഫ്റ്റ് ഓപ്പറേറ്റർ ഒരു അടിയന്തരപരിചരണം വേണ്ടുന്ന ഒരു രോഗിയെ കാലതാമസമില്ലാതെ ശരിയായ നിലയിൽ എത്തിക്കാൻ സഹായിച്ചുവെന്നാണ് കമന്റ്. ഇന്ത്യയിൽ ആളുകൾക്ക് സിവിക് സെൻസ് കുറവാണ്. അതിനാൽ തന്നെ അത്തരം പൊതുവിടങ്ങളിൽ ലിഫ്റ്റ് ഓപ്പറേറ്റർമാരെ പോലെയുള്ളവരുടെ ആവശ്യം തീർച്ചയായും ഉണ്ടെന്നായിരുന്നു മറ്റ് ചിലർ ചൂണ്ടിക്കാട്ടിയത്.
എന്തെങ്കിലും പരിമിതികളുള്ള മനുഷ്യർക്ക് കൂടി ചെയ്യാവുന്ന ജോലിയാണിത്. അതിനാൽ, അവർക്ക് തൊഴിലവസരം ഒരുക്കാൻ കൂടി ഈ ജോലി ഉപകരിക്കുമെന്നായിരുന്നു മറ്റ് ചിലർ ചൂണ്ടിക്കാട്ടിയത്. ഒരു ജോലിയെയും അങ്ങനെ അടച്ചാപേക്ഷിക്കരുത് എന്ന് കമന്റുകൾ നൽകിയവരും ഒരുപാടുണ്ടായിരുന്നു.
