രാജകീയ ജീവിതം നയിക്കുന്ന സൈബീരിയൻ പൂച്ച- ലിലിബെറ്റ്. ലണ്ടനിലെ ലെൻസ്ബറോ പഞ്ചനക്ഷത്ര ഹോട്ടലിൽ കഴിയുന്ന ലിലിബെറ്റിന്‍റെ ആഡംബര ജീവിതം ആരേയും അമ്പരപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമാണ്. 

'ദി ലേഡി ഓഫ് ദി ലെൻസ്ബറോ' വിശേഷണം കേൾക്കുമ്പോൾ തന്നെ പ്രശസ്തയായ ഒരാളെ കുറിച്ചാണ് എന്ന് തോന്നുമല്ലേ? എന്നാൽ, ഇതൊരു പൂച്ചയെ കുറിച്ചാണ്. വെറും പൂച്ചയല്ല, പൂച്ചകളിലെ രാജകുമാരി. നമുക്ക് പോലും സങ്കല്പിക്കാൻ സാധിക്കാത്ത ആഡംബര ജീവിതമാണ് ‘ലിലിബെറ്റ്’ എന്ന ഈ സൈബീരിയൻ ഇനത്തിൽപെട്ട പൂച്ചയുടേത്. ലണ്ടന്‍ ഹൈഡ് പാർക്കിലെ ലെൻസ്ബറോ എന്ന പ്രശസ്തമായ അത്യാഡംബര പഞ്ചനക്ഷത്ര ഹോട്ടലിലാണ് ലിലിബെറ്റ് എന്ന പൂച്ചയുടെ താമസം.

ഇംഗ്ലണ്ടില്‍ നിന്നും വളരെ കുഞ്ഞായിരുന്നപ്പോഴാണ് ഹോട്ടലുടമകള്‍ അവളെ തങ്ങളുടെ കൂടെ കൂട്ടുന്നത്. ലിലിബെറ്റ് എന്നത് എലിസബത്ത് രാജ്ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേരാണല്ലോ? ഈ ഹോട്ടല്‍ ബക്കിങ്ഹാം കൊട്ടാരത്തിനടുത്താണ് എന്നതിനാൽ തന്നെ പൂച്ചയ്ക്കും ഉടമകൾ 'ലിലിബെറ്റ്' എന്ന് പേര് വിളിച്ചു. ഒരു രാജകുമാരിയെ പോലെ തന്നെയാണ് അവൾ അവിടെ കഴിയുന്നതും. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഭക്ഷണങ്ങളിലൊന്നായ 'കാവിയാർ' ആണ് അവൾ കഴിക്കുന്നത്. കഴുത്തിൽ സ്വർണ ചെയിൻ ധരിച്ചിരിക്കുന്നതും കാണാം. അവളെ പരിചരിക്കാൻ എപ്പോഴും ഒരു സംഘം തന്നെ ഒപ്പമുണ്ട്.

ഹോട്ടലിൽ എവിടെയും ഏത് സന്ദർശകർക്കൊപ്പവും ലിലിബെറ്റിന് സഞ്ചരിക്കാം. എന്നാൽ, ഭക്ഷണശാലയിൽ അവൾ കയറിയിറങ്ങുന്നതിനോട് ചില അതിഥികൾക്കൊക്കെ എതിർപ്പാണ്. അതുകൊണ്ട് തന്നെ അവിടെ അവളെ പ്രവേശിപ്പിക്കാറില്ല. ബാക്കി എല്ലായിടത്തും ഈ പൂച്ച രാജകുമാരിയെ കാണാം. ലിലിബെറ്റിന് ആരാധകരും അനവധിയുണ്ട്. വളരെ പ്രശസ്തയായ ഈ പൂച്ചയെ കാണാനായി മാത്രം ഹോട്ടലിൽ എത്തുന്നവരും ഉണ്ട്. പലരും, അവൾക്കൊപ്പം വീഡിയോയും ചിത്രങ്ങളും ഒക്കെ പകർത്തിയാണ് ഹോട്ടലിൽ നിന്നും പോകാറുള്ളത്. സോഷ്യൽ മീഡിയയിലും ഈ ദൃശ്യങ്ങൾ വൈറലാവാറുണ്ട്.