നീൽ ജാദവിന്‍റെ ലിങ്ക്ഡ്ഇൻ പോസ്റ്റ് പുരുഷന്മാർ അനുഭവിക്കുന്ന നിശബ്ദമായ വൈകാരിക ബുദ്ധിമുട്ടുകളിലേക്ക് വെളിച്ചം വീശുന്നു. സാമ്പത്തികമായി തകർന്നിട്ടും കുടുംബത്തെ പരിപാലിച്ച സുഹൃത്തിന്‍റെ കഥയിലൂടെ അദ്ദേഹം അത് വ്യക്തമാക്കുന്നു. 

ക്തവും ആഴത്തിലുള്ളതുമായ ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ നീൽ ജാദവ് (Neel Jadhav) എന്ന യുവാവ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തി. പല പുരുഷന്മാരും സഹിക്കുന്ന, പലപ്പോഴും ശ്രദ്ധിക്കപ്പെടാത്ത വൈകാരിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് അദ്ദേഹത്തിന്‍റെ ഈ കുറിപ്പ്. കരുത്തിന്‍റെ പുറംതോടിനുള്ളിൽ മറഞ്ഞിരിക്കുന്ന, നിശബ്ദമായ പോരാട്ടങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ചിന്തകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

നിശബ്ദമായ സഹനം

ശമ്പളം കിട്ടാതെ മൂന്ന് മാസം കടന്നുപോയ ഒരു സുഹൃത്തിന്‍റെ കഥയാണ് ജാദവ് വിവരിച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിട്ടും ഈ യാഥാർത്ഥ്യം സുഹൃത്ത് കുടുംബത്തിൽ നിന്ന് മറച്ചുവെച്ചു. സാമ്പത്തിക ഞെരുക്കത്തിനിടയിലും അദ്ദേഹം മെഡിക്കൽ ബില്ലുകൾ, കുട്ടികളുടെ സ്കൂൾ ഫീസ്, വീടിന്‍റെ പെയിന്‍റിംഗ് എന്നിവയ്‌ക്കെല്ലാം പണം നൽകുകയും കുടുംബപരമായ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുകയും ചെയ്തു. പ്രയാസങ്ങളെല്ലാം അദ്ദേഹം രഹസ്യമായി സൂക്ഷിച്ചു. ജാദവിന്‍റെ വാക്കുകൾ ഇങ്ങനെ “അദ്ദേഹത്തിന്‍റെ പ്രായമായ മാതാപിതാക്കളുടെ മെഡിക്കൽ ബില്ലുകൾ അടച്ചു. കുട്ടികളുടെ സ്കൂൾ ഫീസ് അടച്ചു. അദ്ദേഹത്തിന്‍റെ വീട്ടുകാർക്ക് വീട് പെയിന്‍റ് ചെയ്യാനുമായി. അദ്ദേഹം തുടർന്നും സംരക്ഷണം നൽകിയതിൽ 'അഭിമാനിക്കുന്നു'.” എന്നാൽ ആ അഭിമാനത്തിന് പിന്നിൽ ആരും കാണാത്ത ഒരു വലിയ വില കൊടുക്കേണ്ടി വന്നു. പെട്ടെന്നുള്ള മുടി കൊഴിച്ചിൽ, ശരീരഭാരം കൂടുന്നത്, നിശബ്ദമായ ഉൾവലിയൽ, വേഗത്തിലുള്ള വാർദ്ധക്യം എന്നിവ അദ്ദേഹത്തിന്‍റെ ശരീരത്തിലും മാനസികാവസ്ഥയിലും പ്രകടമായി. ഒരു അദൃശ്യ ഭാരത്തിന്‍റെ ലക്ഷണങ്ങളായിരുന്നു ഇതെല്ലാമെന്ന് ജാദവ് പറയുന്നു.

വേണം കുരുതൽ

പുരുഷന്മാരെ തുറന്ന് സംസാരിക്കാൻ പ്രോത്സാഹിപ്പിക്കണമെന്ന് പലരും വാദിക്കുമ്പോൾ, ഈ ഉപദേശം മാത്രം മതിയാകില്ലെന്ന് ജാദവും അഭിപ്രായപ്പെടുന്നു. പകരം, കൂടുതൽ സൂക്ഷ്മമായ ഒരു സമീപനമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്: ആവശ്യപ്പെടാതെ തന്നെ ശ്രദ്ധിക്കുക. ചിലപ്പോൾ, പുരുഷന്മാർക്ക്, ആവശ്യപ്പെടാതെ തന്നെ അവർ ചുമക്കുന്ന ഭാരം ശ്രദ്ധിക്കുന്ന ഒരാളെയാണ് വേണ്ടത്. കാരണം, അവർ ഒരിക്കലും തുറന്ന് പറയില്ല. ഈ പുരുഷന്മാർ കെട്ടുകഥകളിലെ കഥാപാത്രങ്ങളല്ല. അവർ നമ്മുക്ക് ചുറ്റുമുള്ള അച്ഛന്മാരും, സഹോദരന്മാരും, ഭർത്താക്കന്മാരും, മകന്മാരും, സഹപ്രവർത്തകരുമാണെന്നും അദ്ദേഹം വായനക്കാരെ ഓർമ്മിപ്പിക്കുന്നു. കുറിപ്പ് പലരുടെയും മനസ്സിൽ തട്ടി. നിരവധി വായനക്കാർ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചും നന്ദി പ്രകടിപ്പിച്ചും പ്രതികരിച്ചു. ഒരു കമന്‍റ് ഇങ്ങനെയായിരുന്നു: “ഇത് ശരിക്കും ഹൃദയഭേദകമാണ്... നിശബ്ദത എപ്പോഴും സമാധാനമല്ല എന്ന് ഇത് ഓർമ്മിപ്പിക്കുന്നു.” മറ്റൊരു ഉപയോക്താവ് കുറിച്ചു: "പുരുഷന്മാർക്ക് തുറന്ന് സംസാരിക്കാൻ കൂടുതൽ സുരക്ഷിതമായ ഒരിടം ആവശ്യമുണ്ട്."