സിംഹക്കുട്ടി എപ്പോഴും ഒരു ജീവനക്കാരന്റെ മേൽനോട്ടത്തിലായിരിക്കും, എന്നാൽ, അതിനോട് ഇടപഴകുമ്പോൾ അതിഥികൾ ജാഗ്രത പാലിക്കണമെന്നും ഹോട്ടൽ പറയുന്നു.
രാവിലെ ഉറക്കമുണരുമ്പോൾ കൂടെയിരിക്കാൻ സിംഹക്കുഞ്ഞുങ്ങളെ കിട്ടുന്ന ഹോട്ടൽ, ചിന്തിക്കാനാവുമോ അങ്ങനെ ഒരു കാര്യം. എന്നാൽ, അങ്ങനെ ഒരു കാര്യം ചെയ്യുന്നതിന്റെ പേരിൽ വലിയ വിമർശനം നേരിടുകയാണ് ചൈനയിലെ ഒരു ഹോട്ടൽ. ജിമു ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം റിസോർട്ടിലെ 20 മുറികളിലാണ് ഈ സേവനം ലഭ്യമാവുക. ഒരു രാത്രിക്ക് 628 യുവാൻ (7,804 രൂപ) ആണ് ഈ പ്രത്യേക സേവനത്തിന്റെ ചാർജ്ജ്. രാവിലെ 8 മുതൽ 10 വരെയാണ് സിംഹക്കുട്ടിയെ കിട്ടുന്ന സർവീസ് ലഭ്യമാവുക. ഓരോ തവണയും ഏകദേശം ഏഴ് മിനിറ്റ് നേരമാണ് സിംഹക്കുഞ്ഞുങ്ങൾക്കൊപ്പം ഇരിക്കാനാവുക.
ഈ സർവീസ് ബുക്ക് ചെയ്യുന്നതിന് ഒരു ഏഷ്യാറ്റിക് ലയൺ വേക്ക്-അപ്പ് സർവീസ് എഗ്രിമെന്റിൽ ഒപ്പിടണം. സിംഹക്കുട്ടി എപ്പോഴും ഒരു ജീവനക്കാരന്റെ മേൽനോട്ടത്തിലായിരിക്കും, എന്നാൽ, അതിനോട് ഇടപഴകുമ്പോൾ അതിഥികൾ ജാഗ്രത പാലിക്കണമെന്നും ഹോട്ടൽ പറയുന്നു. നവംബർ 11 -ന്, ബെയ്ജിംഗ് യൂത്ത് ഡെയ്‌ലിയിൽ വന്ന ഒരു ലേഖനം ഈ സർവീസിനെ വിമർശിച്ചു കൊണ്ടുള്ളതായിരുന്നു. സിംഹക്കുട്ടികളെ ഇങ്ങനെ ഓരോ മുറിയിലേക്കും അയക്കുന്നത് തെറ്റാണെന്നും സിംഹക്കുഞ്ഞിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയർത്തുന്നതാണെന്നും അതിൽ പറയുന്നു. മാത്രമല്ല, മൃഗത്തിന്റെ അവകാശം ലംഘിക്കപ്പെടാനുള്ള സാഹചര്യമുണ്ട് എന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. പിന്നാലെ, ഹോട്ടലിനെതിരെ വലിയ വിമർശനമുയരുകയും ചെയ്തു.
സമാനമായി ജൂണിൽ ചോങ്‌ക്വിംഗിലെ ഒരു ഹോട്ടലും ഇതുപോലെ വിമർശനം നേരിട്ടിരുന്നു. റെഡ് പാണ്ട വേക്ക്-അപ്പ് സർവീസ് ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഇത്. സംഭവം വൈറലായതിന് പിന്നാലെ അന്ന് വന്യമൃഗ സംരക്ഷണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി പ്രാദേശിക വനം വകുപ്പ് ഉടൻ തന്നെ അത് അടച്ചുപൂട്ടുകയായിരുന്നു. ചൈനയിൽ റെഡ് പാണ്ടകൾ സെക്കന്റ് ക്ലാസ് പ്രൊട്ടക്ടഡ് സ്പീഷീസും, അതേസമയം സിംഹങ്ങളും കടുവകളും ഫസ്റ്റ് ക്ലാസ് പ്രൊട്ടക്ടഡ് സ്പീഷീസുമാണ്.


