ഓരോ തവണയും അധ്യാപകരുടെ കാർ ഗേറ്റ് കടന്നു വരുമ്പോൾ, കുട്ടികൾ അതിനെ നോക്കി സല്യൂട്ട് ചെയ്യുകയും 'ഗുഡ് മോർണിംഗ്' എന്ന് പറയുകയും ചെയ്യുന്നു. ഇങ്ങനെ ഒരു മിനിറ്റിനുള്ളിൽ 10 കാറുകളാണ് കടന്നു പോയത്.
ചൈനയിലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഏറ്റുവാങ്ങുകയാണ് ഇപ്പോൾ ഒരു വീഡിയോ. കിഴക്കൻ ചൈനയിലെ ഒരു പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾ മഞ്ഞുകാലത്ത് രാവിലെ തണുത്തുവിറച്ചുകൊണ്ട് അധ്യാപകരെ സല്യൂട്ട് ചെയ്യുന്നതിന്റെ വീഡിയോയാണ് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, സെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിലുള്ള ജിയാൻക്വിയാവോ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. നൂറിലധികം വർഷം പഴക്കമുള്ള, ഈ സ്കൂൾ ഇവിടുത്തെ അറിയപ്പെടുന്ന, മാതൃകയായി കാണപ്പെടുന്ന ഒരു സ്കൂളാണ്.
ചൈനയിൽ വൈറലായിരിക്കുന്ന വീഡിയോയിൽ, പട്രോൾ ആംബാൻഡ് ധരിച്ച നാല് വിദ്യാർത്ഥികൾ സ്കൂൾ ഗേറ്റിൽ നിൽക്കുന്നത് കാണാം. ഓരോ തവണയും അധ്യാപകരുടെ കാർ ഗേറ്റ് കടന്നു വരുമ്പോൾ, കുട്ടികൾ അതിനെ നോക്കി സല്യൂട്ട് ചെയ്യുകയും 'ഗുഡ് മോർണിംഗ്' എന്ന് പറയുകയും ചെയ്യുന്നു. ഇങ്ങനെ ഒരു മിനിറ്റിനുള്ളിൽ 10 കാറുകളാണ് കടന്നു പോയത്. ഈ 10 കാറുകൾക്കും ഇവർ ഇതുപോലെ സല്യൂട്ട് നൽകുകയും ഗുഡ് മോർണിംഗ് പറയുകയും ചെയ്തുവത്രെ.
ചൈനീസ് കമ്മ്യൂണിസ്റ്റ് യൂത്ത് ലീഗിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ സംഘടനയായ 'യംഗ് പയനിയേഴ്‌സു'മായി ബന്ധപ്പെട്ട ഒരു ചിഹ്നമാണ് അവരുടെ സല്യൂട്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. കാറിലിരിക്കുന്ന ചില അധ്യാപകർ കൈവീശി കാണിക്കുന്നുണ്ടെങ്കിലും ചിലർ കാറിന്റെ വിൻഡോ തുറക്കുന്നത് പോലുമില്ല. അതേസമയം, വീഡിയോ വൈറലായി മാറിയതോടെ വലിയ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. അതോടെ, ഇത് കുട്ടികൾ സ്വമേധയാ ചെയ്യുന്നതാണ് എന്നാണ് ചില അധ്യാപകർ പ്രതികരിച്ചത്. സ്കൂളിലെ സുരക്ഷ ഉറപ്പിക്കുന്നതിനും ഉച്ചഭക്ഷണത്തിന്റെ കാര്യത്തിനുമെല്ലാം പട്രോളിംഗിന് വിദ്യാർത്ഥികളെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും അധ്യാപകർ പറയുന്നു.


